(869) ആടിനെ പട്ടിയാക്കിയ കഥ

 നമ്മുടെ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലുള്ള നാടോടിക്കഥകൾ ലോകമെങ്ങും പ്രശസ്തി പിടിച്ചു പറ്റിയിട്ടുണ്ട്.

അതിൽ, ശ്രദ്ധേയമായ ഒരു പ്രയോഗമാണ് - "ആടിനെ പട്ടിയാക്കുക" എന്നുള്ള വാചകം. പലരും അറിഞ്ഞും അറിയാതെയും സംസാരത്തിൽ ഇടകലർത്തി പറയുമെങ്കിലും ഇതിന്റെ ഉറവിടം നമ്മുടെ കേരളമാണ്! അതായത്, നമ്മുടെ സ്വന്തം നാടോടിക്കഥ!

എന്നാൽ, ഈ കഥ നമ്മുടെ നാട്ടിൽ നിന്നും ലോകമെങ്ങും പറന്നു പോയി പലതരം പരിണാമങ്ങൾ വന്ന സാമ്യമുള്ള കഥകൾ പിന്നീടു വരികയും ചെയ്തു. ആ കഥയിലേക്ക്...

പണ്ടുപണ്ട്, ഒരു സാധുവായ ബ്രാഹ്മണന്റെ കുടുംബം. അയാളുടെ കുട്ടി ആട്ടിൻപാല് വേണമെന്നു വാശി പിടിച്ചു കരഞ്ഞു. അയൽപക്കത്തു നിന്നും മേടിച്ചു കൊടുത്തു കൊണ്ടിരുന്നു.

ഒരു ദിവസം, അവർക്കു തോന്നി - ഒരാടിനെ ചന്തയിൽ നിന്നും വാങ്ങി വളർത്തി വലുതാക്കിയാൽ അതിനെ എന്നും കറന്ന് ശുദ്ധമായ പാൽ കുട്ടിക്കു കൊടുക്കാമെന്ന്.

അങ്ങനെ, ബ്രാഹ്മണൻ ചന്തയിൽ നിന്നും ലക്ഷണമൊത്ത നല്ലൊരു ആടിനെ വാങ്ങി തോളിൽ വച്ചു വീട്ടിലേക്കു നടന്നു വരികയായിരുന്നു.

അതേസമയം, നാലു കള്ളന്മാർ ഇതു കാണാൻ ഇടയായി. അവരുടെ കുബുദ്ധി ഉണർന്നു പ്രവർത്തിച്ചു.

നാലു പേരും വേഗം പോയി ബ്രാഹ്മണൻ നടന്നു വരുന്ന വഴിയിൽ നാലിടത്തായി നിന്നു.

ഒന്നാമൻ ഒരു വഴിപോക്കനെപ്പോലെ എതിരെ നടന്നു വന്നപ്പോൾ അദ്ദേഹത്തോടു ചോദിച്ചു - "നിങ്ങൾ ഈ പട്ടിയുമായി എവിടെ പോകുകയാണ്?"

ഉടൻ, അദ്ദേഹം ദേഷ്യത്തോടെ പറഞ്ഞു - "തനിക്കെന്താ, കണ്ണു കണ്ടുകൂടെ? നല്ല വില കൊടുത്തു വാങ്ങിയ ആടാണ്"

കുറെക്കൂടി മുന്നോട്ടു പോയപ്പോൾ രണ്ടാമത്തെ കള്ളൻ എതിരെ വന്നു - " താങ്കൾ, ഈ പട്ടിയെ എനിക്കു തരുന്നോ? നല്ല വില തരാം"

ബ്രാഹ്മണന് സംശയമായി. അദ്ദേഹം ആടിനെ നോക്കിയിട്ടു പറഞ്ഞു - "എന്റെ ആടിനെ ആർക്കും വിൽക്കുന്നില്ല"

പിന്നെയും അദ്ദേഹം മുന്നോട്ടു പോയി. മൂന്നാമൻ എതിരെ വന്നു പറഞ്ഞു - "എന്താ, ഈ പട്ടിയെ വൈദ്യനെ കാണിക്കാൻ പോകുകയാണോ?"

അന്നേരം, അദ്ദേഹത്തിന് ആകെ ആശയക്കുഴപ്പമായി. തന്റെ കാഴ്ചയ്ക്കും ബുദ്ധിക്കും എന്തെങ്കിലും സംഭവിച്ചുവോ? യാതൊരു മറുപടിയും പറഞ്ഞില്ല.

കുറെക്കൂടി മുന്നോട്ടു പോയപ്പോൾ നാലാമൻ നടന്നു വന്നു നിസ്സാരമായ മട്ടിൽ പരിഹസിച്ചു - "എടോ, താൻ ആ പട്ടിയെ ചുമന്നുകൊണ്ടു പോകാതെ അതിനെ നടത്തി കൊണ്ടു പോകാൻ വയ്യേ?"

ബ്രാഹ്മണൻ തന്റെ തെറ്റ് പൂർണ്ണമായെന്ന് ബോധ്യപ്പെട്ടതിനാൽ ആടിനെ തോളിൽ നിന്നും താഴേക്ക് എറിഞ്ഞു - "പോ! എന്റെ കുട്ടിക്കു വേണ്ടത് ആട്ടിൻ പാലാണ്!"

അദ്ദേഹം നിരാശയോടെ വീട്ടിലേക്കു നടന്നു. അന്നേരം, നാലു കള്ളന്മാരും ആടിനെയുമായി അവിടം വിട്ടു!

Written by Binoy Thomas, Malayalam eBooks-869 - folk tales - 54, PDF -https://drive.google.com/file/d/1IdfpbCOTxsOm10eRe9HTgLv4RvsBjnGy/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

പഞ്ചതന്ത്രം കഥകള്‍ -1

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1