(840) മാമ്പഴ മന്ത്രം!

 ഒരു ജന്മത്തിൽ ചണ്ഡാല വർഗ്ഗത്തിൽ ബോധിസത്വൻ പിറന്നു. അവരുടെ ഇടയിൽ വളർന്ന് വലുതായപ്പോൾ അദ്ദേഹത്തിന് വിശിഷ്ടമായ ഒരു മന്ത്രം വശമായി.

ഏതു മാവിന്റെ സമീപം നിന്ന് ആ മന്ത്രം ജപിച്ചാലും ഉടൻ അതീവ രുചിയുള്ള മാമ്പഴങ്ങൾ മാവ് പൊഴിക്കും!

അതിനായി എല്ലാ ദിവസവും അദ്ദേഹം കാട്ടിലേക്കു പോകും. ആരും കാണാതെ മാവിന്റെ ചുവട്ടിൽ നിന്ന് മന്ത്രം ജപിക്കുമ്പോൾ ഇല പൊഴിച്ച് തളിരില പുതിയതായി വരും. പൂക്കുലയും കണ്ണിമാങ്ങയും പിന്നെ വലിയ മാങ്ങകൾ പഴുത്തു നിലത്തുവീഴും. ഇതെല്ലാം ഏതാനും നിമിഷങ്ങൾ കൊണ്ട് സംഭവിക്കുകയും ചെയ്യും.

ആ മാമ്പഴങ്ങൾ വിറ്റ് കുടുംബ ജീവിതം നന്നായി പോകുന്ന കാലം. പക്ഷേ, നാടെങ്ങും മാമ്പഴം ഇല്ലാത്ത സമയത്ത് കുട്ട നിറയെ മാമ്പഴവുമായി ചന്തയിൽ വരുന്നത് ഒരു ബ്രാഹ്മണ യുവാവ് ശ്രദ്ധിച്ചു - മാവിനുള്ള കാലാവസ്ഥ ഈ ദേശത്തെങ്ങും ഒരുപോലെയാണല്ലോ. പിന്നെ, ഇയാൾക്ക് മാമ്പഴം കിട്ടുന്നതിൽ എന്തോ അത്ഭുതമുണ്ട്. അതു മനസ്സിലാക്കാൻ രഹസ്യമായി യുവാവ് ചണ്ഡാലനെ പിന്തുടർന്നു.

ആ രഹസ്യം യുവാവ് കണ്ടുപിടിച്ചു. പിന്നീട്, അദ്ദേഹത്തിന്റെ വീട്ടിലെത്തി ആ മന്ത്രം പഠിപ്പിച്ചു തരണമെന്ന് അപേക്ഷിച്ചു. എന്നാൽ ബോധിസത്വൻ പറഞ്ഞു - "നിനക്ക് അതു പഠിച്ചാൽ വിവേകത്തോടെ പ്രയോഗിക്കാൻ ആവില്ലാ "

എങ്കിലും നിരാശപ്പെടാതെ യുവാവ് ആ വീട്ടിൽ വേലക്കാരനായി. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഭാര്യയുടെ മനസ്സലിഞ്ഞു. അവൾ അദ്ദേഹത്തെ നിർബന്ധിച്ചപ്പോൾ മന്ത്രം പഠിപ്പിച്ചിട്ട് പറഞ്ഞു - "ആരാണ് നിന്നെ പഠിപ്പിച്ചത് എന്നു ചോദിച്ചാൽ ഒരു ചണ്ഡാലനാണ് എന്നു പറയാൻ ഒരിക്കലും മടിക്കരുത് "

അങ്ങനെ, മന്ത്രം കരസ്ഥമാക്കി യുവാവ് അടുത്ത ദേശത്തേക്കു പോയി. മാമ്പഴങ്ങൾ വിറ്റ് നല്ല സമ്പത്തും പ്രശസ്തിയും നേടി. ഒരു ദിവസം രാജാവിന്റെ അതിഥിയായി കൊട്ടാരത്തിലെത്തി. രാജാവ് ചോദിച്ചു - "നിന്നെ ആരാണ് ഈ മാന്ത്രിക വിദ്യ പഠിപ്പിച്ചത്?"

ഉടൻ, യുവാവ് ആലോചിച്ചു - ഒരു ചണ്ഡാലനാണ് എന്നു പറയേണ്ട. ബ്രാഹ്മണനാണന്നു പറയാം. മന:പാഠമായ മന്ത്രം ഇനി മറന്നു പോകില്ലല്ലോ.

"എന്നെ പഠിപ്പിച്ചത് ഒരു ബ്രാഹ്മണ പണ്ഡിതനാണ്"

ആ നിമിഷം, അവന്റെ മന്ത്രശക്തി നഷ്ടപ്പെട്ടു. കൊട്ടാരമുറ്റത്തെ മാവിൽ നിന്നും പഴുത്ത മാങ്ങകൾ വീഴുന്നതു കാണാൻ നിന്ന രാജാവിനു മുന്നിൽ യുവാവ് ഞെട്ടി! മന്ത്രം ഫലിക്കുന്നില്ല. അവൻ പരവേശപ്പെടുന്നതു കണ്ടപ്പോൾ രാജാവിന് എന്തോ പന്തികേട് തോന്നി.

"ഹും! സത്യം പറയൂ. നിന്റെ ശക്തി എങ്ങനെ പോയി?"

അവൻ സത്യം പറഞ്ഞപ്പോൾ രാജാവ് കോപിച്ചു - "വേപ്പിലോ ആവണക്കിലോ കാഞ്ഞിരത്തിലോ തേനീച്ചകൾ കൂടു വച്ചുവെന്നു കരുതിയാൽ അതിൽ തേനില്ലാതെ വരുമോ? ഗുരുവിനെ നീചജാതിയെന്നു കാണുന്ന നീയാണ് നീചൻ. ഈ രാജ്യത്ത് നിന്നെ മേലിൽ കണ്ടു പോകരുത്"

അവൻ കരഞ്ഞു കൊണ്ട് ചണ്ഡാലന്റെ വീട്ടിൽ ഓടിയെത്തി. അദ്ദേഹം പറഞ്ഞു - "വാക്കു പാലിക്കാൻ കഴിയാത്ത നന്ദിയില്ലാത്ത വെറും പൊങ്ങച്ചക്കാരനാണു നീ. കടന്നുപോകൂ"

അവൻ അലഞ്ഞുതിരിഞ്ഞ് എങ്ങോട്ടോ പോയി.

Written by Binoy Thomas, Malayalam eBooks-840- Jataka tales - 101. PDF -https://drive.google.com/file/d/1PtEgEZSFf9FFTezw75AUSaKgv3nQNGZn/view?usp=drivesdk

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam