വാരാണസിയിലെ രാജാവായി ബ്രഹ്മദത്തൻ ഭരിച്ചിരുന്ന കാലം. അദ്ദേഹത്തിന് ഒരു മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവൾ കൊട്ടാരവളപ്പിലൂടെ കളിച്ചു വളർന്നത് അനന്തരവന്റെ കൂടെയായിരുന്നു. അവർ യുവതീയുവാക്കൾ ആയപ്പോൾ പ്രണയവുമായി.
രാജാവിനും ഏറെ സന്തോഷമായി. വിവാഹം നടത്താൻ തീരുമാനിച്ചപ്പോൾ മറ്റൊരു ചിന്ത അദ്ദേഹത്തിന്റെ മനസ്സിൽ കയറിക്കൂടി. മകളെ അയൽ രാജാവിന്റെ മകനുമായി നടത്തിയാൽ ആ രാജ്യവും എന്റെ സ്വന്തമാകും. മാത്രമല്ല, അനന്തരവനെ മറ്റൊരു ദേശത്തെ രാജാവിന്റെ മകളുമായി വിവാഹം ചെയ്യിച്ചാൽ ആ രാജ്യത്തിലും തനിക്ക് ഒരു ശക്തി ലഭിക്കും.
അതിനാൽ, രാജാവ് ഈ പ്രണയ വിവാഹത്തെ എതിർത്ത് രാജകുമാരിയെ മുറിക്കു പുറത്തു പോകാൻ അനുവദിച്ചില്ല. അനന്തരവൻ ഒരു തോഴിയുമായി ആലോചിച്ചു - "രാജകുമാരിക്ക് പ്രേത ബാധയുണ്ടെന്ന് പ്രചരിപ്പിച്ച് ശ്മശാനത്തിലെ ശവത്തിന്റെ പുറത്തു കിടത്തി മന്ത്രവാദം ചെയ്യണം. അന്നേരം, മുളകുപൊടി ഞാൻ ശവമായി കിടക്കുന്ന വിരിപ്പിൽ നീ തൂവിയതിനാൽ ഞാൻ തുമ്മും. അന്നേരം, നീ "പ്രേതം" എന്നു വിളിച്ചു കൂവി മറ്റുള്ള തോഴിമാരുമായി ഓടണം. അപ്പോൾ, ഞാനും കുമാരിയും രക്ഷപ്പെട്ടു കൊള്ളാം"
അവർ അങ്ങനെ പ്രേതബാധ അഭിനയിച്ച് ശ്മശാനത്തിലെത്തി. മുളകുപൊടി ശ്വസിച്ച് പ്രേതമായി അഭിനയിച്ച അനന്തരവൻ തുമ്മിയ നേരത്ത് തോഴിമാരെല്ലാം പേടിച്ചോടി. അയാൾ രാജകുമാരിയുമായി ഓടുകയും ചെയ്തു!
ഈ വിവരം അറിഞ്ഞപ്പോൾ രാജാവ് കോപിച്ചില്ല. തന്റെ കുബുദ്ധിയെ പരാജയപ്പെടുത്തിയ അനന്തരവനെയും മകളെയും തിരികെ കൊട്ടാരങ്ങിലെത്തിച്ചു. രാജാവ് പറഞ്ഞു - "നിങ്ങൾ ഒന്നിക്കേണ്ടവർ തന്നെയാണ്. അതാണ് നീതി. ഞാൻ വളഞ്ഞ വഴിയിലൂടെ ചിന്തിച്ചതു തെറ്റായിപ്പോയി"
അവരുടെ വിവാഹം ആർഭാടമായി രാജാവ് നടത്തി.
Written by Binoy Thomas, Malayalam eBooks-834- Jataka Kathakal -96, PDF -https://drive.google.com/file/d/150SfclwAKTw56lsKZJIaKhcr2zfZ6sMQ/view?usp=drivesdk
Comments