(828) ഓ...പിന്നെയാകട്ടെ!

ബിനീഷിന്റെ കോളജ് പഠനകാലത്ത് ബിരുദാനന്തര ബിരുദ കോഴ്സായപ്പോൾ വീട്ടിൽ കൈനറ്റിക് ഹോണ്ടയുടെ സ്കൂട്ടർ എടുത്തിരുന്നു. രാവിലെ കോളജിൽ പോകാൻ താമസിച്ചാൽ സ്കൂട്ടറിൽ പറക്കുന്നതു പതിവായി. ഒരിക്കൽ വാഹനത്തിന്റെ പിറകിലത്തെ ടയർ തേഞ്ഞുതീർന്ന് ടയർ മിനുസമായി. ട്യൂബ് ലെസ് ടയർ അത്ര പ്രചാരത്തിലായിട്ടില്ലാത്ത കാലം.

ടയർ മൊട്ടയായി എന്നു സാരം. ചേട്ടനോട് പറഞ്ഞപ്പോൾ -"ഓ...പിന്നെയാകട്ടെ. കുറച്ചു കൂടി പോട്ടെ"

ബിനീഷും അതിനോട് അനുകൂലിച്ചു. കുറെ ദിവസങ്ങൾ കഴിഞ്ഞ് കോളജിലേക്കു പോകുന്ന വഴി. ഏറ്റുമാനൂർ പാറോലിക്കൽ കവല കഴിഞ്ഞപ്പോൾ പടക്കം പൊട്ടുന്ന ഒച്ചയോടെ ടയർ പൊട്ടി വണ്ടിയുടെ നിയന്ത്രണം ബുദ്ധിമുട്ടായി. അത് പാളി എതിരേ വന്ന പാണ്ടിലോറിയുടെ അടിയിൽ പോകാതെ വെട്ടിച്ച് വീഴാതെ നിർത്തിയതു ഭാഗ്യമായി.

രണ്ടാമത്ത സന്ദർഭം.

ബിനീഷിന്റെ ഹോബി എഴുത്തും വായനയുമാണ്. എന്നാൽ കാര്യമായ വേഗമില്ല എന്നുള്ളതാണ് ഒരു പോരായ്മ. അങ്ങനെ, നല്ല മൂഡ് ഉള്ളപ്പോൾ മാത്രം എഴുതുന്ന രീതിയിൽ ഒരു തിരക്കഥയും തുടങ്ങി. പലപ്പോഴും ഓ...പിന്നെയാകട്ടെ എന്നു മനസ്സു മന്ത്രിക്കും. പക്ഷേ, പകുതി പോലും ആകുന്നതിനു മുൻപ് അതേ ശൈലിയിലുള്ള സിനിമ തീയറ്ററിൽ ഹിറ്റായി.

മൂന്നാമത്തെ സന്ദർഭം.

ബിനീഷിന്റെ ജോലിക്കു കൊണ്ടുപോകുന്ന ബാഗിന്റെ മുൻവശത്തെ നിരയിൽ ചില്ലറത്തുട്ടുകളും ടിക്കറ്റും ബില്ലുകളുമൊക്കെ ഇടുന്നതു പതിവാണ്. സാധാരണയായി എല്ലാ ഞായറും ക്ലീൻ ചെയ്യും.

എന്നാൽ, ഒരിക്കൽ ഓ...പിന്നെയാകട്ടെ എന്നു മനസ്സു പറഞ്ഞു. മൂന്നാഴ്ച കഴിഞ്ഞപ്പോൾ സർക്കാർ ബസിൽ പോയ നേരത്ത്, ടിക്കറ്റ് പരിശോധനയ്ക്കായി ചെക്കർ (ചെക്കിങ് ഇൻസ്പക്ടർ) വന്നു. ബാഗിൽ പരതിയപ്പോൾ ടിക്കറ്റ് തിരിച്ചറിയാൻ പറ്റിയില്ല. പിന്നെ, പത്തു മിനിറ്റ് സമയം ചോദിച്ച് ഓരോന്നും പെറുക്കി വേറെ അറയിലേക്ക് ഇട്ടു വെള്ളം കുടിച്ചെന്നു സാരം. പക്ഷേ, ടിക്കറ്റ് കിട്ടുന്നതു വരെ ആളുകൾ സംശയ ദൃഷ്ടിയോടെ നോക്കിയതിൽ തെറ്റു പറയാനും പറ്റില്ല.

രത്നച്ചുരുക്കം - ഒന്നും പിന്നെയാകട്ടെ എന്ന മട്ടിൽ നീട്ടിവയ്ക്കരുത്. ചെയ്യാനുള്ളത് നാളെയല്ലാ, ഇന്നു തന്നെ ചെയ്യണം.

Written by Binoy Thomas, Malayalam eBooks-828 - Career guidance-33, PDF -https://drive.google.com/file/d/16pd--AQIpFylOdRBQjGw4X9UwVXjtV-Q/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam