(827) രാജാവിന്റെ കടപ്പാട്
ഒരിക്കൽ, കാശിരാജാവിന്റെ കൊട്ടാരത്തിലേക്ക് ഒരു സന്യാസി കടന്നുവന്നു. ഉടൻ, രാജാവ് തന്റെ സിംഹാസനത്തിൽ നിന്നും എണീറ്റ് വണങ്ങി സന്യാസിയെ ആ സിംഹാസനത്തിൽ ഇരുത്തി. അന്നേരം, കൊട്ടാരവാസികൾ അമ്പരന്നു.
രാജാവ് പറഞ്ഞു - "വേഗം, അമൃതേത്തിനുള്ള ഒരുക്കങ്ങൾ നടത്തുക"
വീണ്ടും സമീപമുണ്ടായിരുന്നവർ ഞെട്ടി. സാധാരണയായി സന്യാസിമാർക്ക് ഊട്ടുപുരയിലെ ഇരിപ്പിടത്തിലാണ് സദ്യ കൊടുക്കാറു പതിവ്. അവിടെയും കാര്യങ്ങൾ തീർന്നില്ല.
രാജാവ് കല്പിച്ചു - "എന്റെ കിടപ്പറയ്ക്കു തുല്യമായ രീതിയിൽ സന്യാസിക്ക് ഉറങ്ങാനുള്ള സൗകര്യം ഒരുക്കുക"
ഉടനെ, ആളുകൾ പലതും പിറുപിറുക്കാൻ തുടങ്ങി - "എന്തൊക്കയോ ദുരൂഹത തോന്നുന്നുണ്ട്"
ഇത്തരം അടക്കം പറച്ചിലുകൾ രാജകുമാരൻ അവിചാരിതമായി കേട്ടു. അവൻ രാജാവിനെ വിവരം അറിയിച്ചു.
രാജാവ് പറഞ്ഞു - "ഞാൻ കുറച്ചു വർഷങ്ങൾക്കു മുൻപ് യുദ്ധത്തിൽ പരിക്കേറ്റ് വസ്ത്രങ്ങൾ പോലും ഇല്ലാതെ ഓടി അവശതയായി ചെന്നു വീണത് ഏതോ ഒരു മുറ്റത്തായിരുന്നു. ഞാൻ ആരെന്നോ ഏതെന്നോ എന്നു ചോദിക്കാതെ മുറിവെല്ലാം വച്ചുകെട്ടി മരുന്നും തന്ന് കുറെ ദിവസങ്ങൾ കഴിഞ്ഞിട്ടാണ് വിട്ടത്. ആ സന്യാസിയെ നിങ്ങൾക്കു പരിചയപ്പെടുത്തുന്നതിനു മുൻപേ വേണ്ടത് ചെയ്യണം. എന്താ, അതു ശരിയല്ലേ?"
കുമാരൻ പറഞ്ഞു - "തീർച്ചയായും. ജീവൻ രക്ഷിച്ച ആ കടപ്പാടിന് ആരുടേയും അഭിപ്രായം ചോദിക്കേണ്ടതില്ല"
Written by Binoy Thomas, Malayalam eBooks-827 - Jataka story Series - 90, PDF -https://drive.google.com/file/d/14Cp3rV4m_rW4bod8afP4c07csCnIwThn/view?usp=drivesdk
Comments