(825) അച്ഛനെ ഉപേക്ഷിച്ച മകൻ

 വാരാണസിയിലെ ഒരു ഗ്രാമത്തിലുള്ള കുടുംബം. അവിടെ പ്രായമായി കിടപ്പിലായ അച്ഛനുണ്ടായിരുന്നു. കൂടാതെ, മകനും ഭാര്യയും കൊച്ചു മകനും അടങ്ങുന്ന വീട്. മകനും കൊച്ചു മകനും നല്ല രീതിയായിരുന്നുവെങ്കിലും മകന്റെ ഭാര്യ ഒരു ദുഷ്ടയായിരുന്നു.

ഭാര്യയ്ക്ക് ആ വൃദ്ധനെ ഒട്ടും ഇഷ്ടമല്ലാത്തതിനാൽ എങ്ങനെയും അയാളെ ഒഴിവാക്കാൻ തന്റെ ഭർത്താവിനെ നിർബന്ധിച്ചു കൊണ്ടിരുന്നു. എന്നാൽ, ക്രമേണ അവളുടെ സംസർഗ്ഗം മൂലം അയാളും അച്ഛനെ എവിടെയെങ്കിലും ഉപേക്ഷിക്കാമെന്നു സമ്മതിച്ചു.

ഭാര്യ പറഞ്ഞു - "ആരും കടന്നുവരാത്ത കാടുപിടിച്ചു കിടക്കുന്ന ചുടുകാട്ടിൽ കുഴിയെടുത്ത് അതിൽ മൂടാം. നാളെ രാവിലെ കാളവണ്ടിയിൽ കിടത്തി രഹസ്യമായി കൊണ്ടുപോകണം"

ഈ സംസാരം കുട്ടിയായ കൊച്ചുമകൻ കേട്ടു. അവന് അപ്പൂപ്പനെ വളരെ ഇഷ്ടമായിരുന്നു. അടുത്ത ദിവസം രാവിലെ കുട്ടി, അപ്പൂപ്പന്റെ ഒപ്പം ചെന്നു കിടന്നു. കാളവണ്ടിയിൽ അവനും വരണമെന്നു പറഞ്ഞ് ഉച്ചത്തിൽ കരയാൻ തുടങ്ങിയപ്പോൾ ആരും ബഹളം കേൾക്കാതിരിക്കാൻ വേണ്ടി അയാൾക്കു സമ്മതിക്കേണ്ടി വന്നു.

അപ്പനും മകനും, അപ്പൂപ്പനെ കാളവണ്ടിയിൽ കിടത്തി ചൂടുകാട്ടിൽ ചെന്നു. അപ്പൻ തൂമ്പ കൊണ്ട് കുഴിയെടുത്തു. അപ്പൂപ്പനെ അതിലേക്ക് ഇടുന്നതിന് തൊട്ടു മുൻപ് കുട്ടി തൂമ്പയുമായി തൊട്ടടുത്തായി പുതിയ കുഴി കുത്താൻ തുടങ്ങി.

അപ്പന് ആശ്ചര്യമായി - "മകനേ, നീ എന്താണ് ഈ കാണിക്കുന്നത് ?"

കുട്ടി പറഞ്ഞു - "ഞാൻ അച്ഛനു വേണ്ടി നേരത്തേ ഒരെണ്ണം ഉണ്ടാക്കാൻ തുടങ്ങിയതാണ്. അപ്പൂപ്പന്റെ കുഴിയേക്കാൾ നല്ലതു വേണം"

അയാൾ അതു കേട്ട് ഞെട്ടി! തന്റെ ഗതിയും ഇതു തന്നെയോ? പെട്ടെന്ന് അച്ഛനെ കാളവണ്ടിയിലേക്ക് തിരികെ കിടത്തി അവർ വീട്ടിലേക്കു തിരിച്ചു പോന്നു.

വീട്ടിൽ കയറിയ പാടേ, അയാൾ അലറി - "എടീ, ദുഷ്ടയായ നീ ഇവിടെ ഉണ്ടെങ്കിൽ ഞാൻ ഇനിയും ദുഷ്ടത്തരം പ്രവർത്തിച്ചെന്നു വരാം"

അയാൾ, അവളെ വീട്ടിൽ നിന്നും അടിച്ചോടിച്ചു. മകനുമായി നന്നായി തുടർന്നു ജീവിച്ചു.

Written by Binoy Thomas, Malayalam eBooks-825 - Jataka tales-88, PDF -https://drive.google.com/file/d/1UH5IrMxPUlHGiL1c3Tuai8qA_CB0E92k/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

പഞ്ചതന്ത്രം കഥകള്‍ -1

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1