(817) ചങ്ങാതിയുടെ ബുദ്ധി

 ഒരു ദേശത്ത്, പണക്കാരനായ ഒരു വ്യാപാരിയുണ്ടായിരുന്നു. അയാൾക്കു നല്ല മനസ്സുണ്ടെന്നു മാത്രമല്ല, അനേകം കൂട്ടുകാരും ഉണ്ടായിരുന്നു. ഒരിക്കൽ, എല്ലും തോലുമായി മെലിഞ്ഞിരിക്കുന്ന ഒരു മനുഷ്യൻ അദ്ദേഹത്തെ കാണാനെത്തി. ഉടൻ, വ്യാപാരി അപരിചിതനെ തിരിച്ചറിഞ്ഞു - "ഇത്..എന്റെ സഹപാഠി കാലകർണ്ണി അല്ലേ? പ്രിയ കൂട്ടുകാരാ എന്റെ വീട്ടിലേക്ക് സ്വാഗതം"

കാലകർണ്ണിക്കു വലിയ സന്തോഷമായി. അയാൾ പറഞ്ഞു - "ഞാൻ പലയിടങ്ങളിൽ ജോലി ചെയ്തപ്പോൾ എല്ലാവരും കാലകർണ്ണി എന്ന എന്റെ പേര് കേൾക്കുമ്പോൾ അപശകുനമാണെന്നും കാലക്കേട് കൊണ്ടുവരുമെന്നും പറഞ്ഞ് പണിയിൽ നിന്നും ഒഴിവാക്കും"

വ്യാപാരി പറഞ്ഞു - "ഞാൻ നിന്റെ ചങ്ങാതിയായി കുറെ വർഷങ്ങൾ നടന്നപ്പോൾ യാതൊരു പ്രശ്നവും വന്നിട്ടില്ല. ഇതൊക്കെ അന്ധവിശ്വാസമാണ്. നീ എങ്ങും പോകേണ്ട. എന്നെ സഹായിച്ച് ഇവിടെ കൂടിക്കോളൂ"

കാലകർണ്ണിക്കു സന്തോഷമായി. പക്ഷേ, കച്ചവടക്കൂട്ടുകാർ പറഞ്ഞു - "എടാ, നിന്റെ പഴയ ചങ്ങാത്തം പോലെ ഇപ്പോഴും അവനെ വിശ്വസിക്കുന്നത് മണ്ടത്തരമാണ് "

പക്ഷേ, വ്യാപാരി അതിലൊന്നും കുലുങ്ങിയില്ല. ഒരു ദിവസം, വ്യാപാരിക്ക് ഒരാഴ്ച നടപ്പു യാത്രയുള്ള സ്ഥലത്തേക്കു പോകണമായിരുന്നു. യാത്ര പറഞ്ഞ് ഇറങ്ങുന്നത് ചില കള്ളന്മാർ മറഞ്ഞിരുന്ന് കേട്ടു. അന്നു രാത്രിതന്നെ അവിടെ കൊള്ള ചെയ്യാൻ പദ്ധതിയിട്ട കാര്യം കാലകർണ്ണി മതിലിന് അപ്പുറത്ത് നിന്നപ്പോൾ കേട്ടു.

കൊള്ളക്കാർ വീടു കൊള്ളയടിച്ചാൽ അത് തന്റെ അറിവോടെ ആയിരിക്കുമെന്ന് എല്ലാവരും സംശയിക്കുമെന്ന് കാലകർണ്ണി പേടിച്ചു. അയാൾ ഒരു തന്ത്രം പ്രയോഗിക്കാമെന്നു തീരുമാനിച്ചു.

വ്യാപാരിയുടെ ബന്ധുക്കളായ നാലു വൃദ്ധജനങ്ങൾ ആ മാളികയിലുണ്ടായിരുന്നു. അന്നു രാത്രിയായി. അവരോട്, എല്ലാ മുറികളിലും ദീപം തെളിയിക്കാൻ പറഞ്ഞു. ഒരു ചെണ്ടയും ചേങ്ങലയും കൈമണിയും മറ്റും രാത്രിയിൽ ഉറങ്ങാതിരുന്ന് കൊട്ടിപ്പാടി ബഹളം ഉണ്ടാക്കിക്കൊണ്ടിരുന്നു.

അർദ്ധരാത്രിയിൽ കള്ളന്മാർ ആയുധങ്ങളുമായി വന്നപ്പോൾ വീടിനുള്ളിൽ നിറയെ പ്രകാശവും ബഹളവും. അന്നേരം, കൊള്ളത്തലവൻ പറഞ്ഞു - "അയാളുടെ ദൂരയാത്ര മുടങ്ങി വീട്ടിൽ വന്ന് ഏതോ ആഘോഷം തുടങ്ങിയിരിക്കുന്നു. അയാൾ ആഘോഷ രാവിന്റെ കാര്യം യാത്രക്കിടയിലാകും ഓർത്തത്. ഇവിടെ ഇനി രക്ഷയില്ല. ആയുധങ്ങൾ ഉപക്ഷിച്ച് നമുക്ക് അയൽ രാജ്യത്തേക്കു പോകാം"

ഒരാഴ്ച കഴിഞ്ഞ് വ്യാപാരി വന്നപ്പോൾ കാര്യം അറിഞ്ഞ് സന്തോഷിച്ചു. കൂട്ടുകാർക്കും കാലകർണ്ണിയെ വിശ്വാസമായി.

Written by Binoy Thomas, Malayalam eBooks-817- Jataka tales - 81, PDF -https://drive.google.com/file/d/16n5EjSm2fhRoG9Yp2w_u9mX3TC0ydwA1/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam