(795) തലതിരിവ്

 വൈകുന്നേരം, പതിവു സമയത്തു തന്നെ പട്ടണ പരിഷ്കാരിയായ ഇരുതലയൻമെമു ട്രെയിൻ ഓടിക്കിതച്ചു തീവണ്ടിത്തിണ്ണയിൽ വന്നു പറ്റിച്ചേർന്നു. ബിനീഷ് അതിനുള്ളിൽ കയറിപ്പറ്റി. വൈകുന്നേരം നാലിനുള്ള മെമുവിന് തിരക്ക് നന്നേ കുറവാണ്.

അവൻ, ട്രെയിൻ പോകുന്ന ദിശയിലുള്ള സീറ്റിൽ മാത്രമേ ഇരിക്കാറുള്ളൂ. എന്നാലോ? ഇരിക്കാൻ സീറ്റൊന്നും കിട്ടിയില്ലെങ്കിൽ മാത്രം വിപരീതമായ ഇരിപ്പിലും ആശ്വാസം കണ്ടെത്തും.

അതേസമയം, വിപരീത സീറ്റിൽ എഴുപതുവയസ്സു തോന്നുന്ന ഒരാൾ ഇരിപ്പുണ്ട്. അയാളുടെ വലതു വശത്തായി ഒരു വി.ഐ.പിയേപ്പോലെ തോന്നിക്കുന്ന ഒരുവനും മൂടുറപ്പിച്ചിട്ടുണ്ടായിരുന്നു.

ഏതാണ്ട്, പത്തു മിനിറ്റുകൾ മുന്നോട്ടു പോയപ്പോൾ ആ മുതിർന്ന പൗരൻ ചില വിമ്മിട്ടങ്ങൾക്കായി മുതിരുന്നതു കണ്ടു. കണ്ടിട്ട് തലകറക്കത്തിന്റെ ലക്ഷണം പോലെ തോന്നുന്നുണ്ട്.

പ്രത്യേകിച്ച്, ഒന്നും ചെയ്യാതെ ഓരോന്ന് ആലോചിച്ച് ഇരിക്കാനുള്ള മൂഡിലായിരുന്നു ബിനീഷ്. അതുകൊണ്ടുതന്നെ അവൻ ആ പ്രായമായ മനുഷ്യനോടു ചോദിച്ചു - "എന്താ, അങ്കിളേ, എന്തെങ്കിലും ബുദ്ധിമുട്ടു തോന്നുന്നുണ്ടോ?"

ചത്ത മീനിന്റെ കണ്ണുകൾ പോലെ തോന്നിയ മുഖത്തിൽ നിന്നും അയാൾ പിറുപിറുത്തു - "ങാ, ന്റെ തലയ്ക്ക് ഒരു പെരുപ്പു പോലെ"

ഉടൻ, ബിനീഷ് ചോദിച്ചു - "ഷുഗർ താഴ്ന്നതാണോ?"

"ഇല്ലാ. എനിക്ക് ഷുഗറുമില്ല, പ്രഷറുമില്ല"

"എന്നാൽ, അങ്കിളൊരു കാര്യം ചെയ്യ്. എന്റെ സീറ്റിലേക്ക് ഇരുന്നോ. ഓടുന്ന വണ്ടിയിൽ എതിരേ ഇരുന്നിട്ടു തല ചൊരുക്കിയതാവും"

അത്രയും നേരം, വല്ലാത്ത അഹങ്കാരത്തള്ളലിൽ ഇരുന്ന ആ വി.ഐ.പി. അന്നേരം, വായ തുറന്നു - "അങ്ങനെയാണെങ്കിൽ പിന്നെ ട്രെയിനിൽ ഒരു വശത്തേയ്ക്കു മാത്രം സീറ്റ് പിടിപ്പിച്ചാൽ മതിയായിരുന്നല്ലോ?"

അന്നേരം, ബിനീഷ് നോക്കിയത് പ്രായമായ ആളിന്റെ പ്രതികരണമായിരുന്നു. ആ മനുഷ്യൻ നല്ല "ലുക്കുള്ള" വി.ഐ.പി യോടു മനസ്സു ചേർത്ത് ആ സീറ്റിൽത്തന്നെ ഇരുന്നു!

സിനിമാ നടൻ സലീംകുമാർ പറഞ്ഞ ഡയലോഗ് ബിനീഷിന്റെ മനസ്സിനെ തൽസമയം സ്വയം ഓമനിച്ചു - "കണ്ടാൽ ഒരു ലുക്ക് ഇല്ലന്നേയുള്ളൂ. ഭയങ്കര ബുദ്ധിയാ!"

താൻ ഇവിടെ അപ്രസക്തനായെന്നു തോന്നിയതിനാൽ ബിനീഷ് തന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് പഴയ വാട്സാപ് സന്ദേശങ്ങളൊക്കെ കളഞ്ഞ് ഫോൺ ശുദ്ധീകരണ കർമ്മം തുടങ്ങി.

എന്നാൽ, വി.ഐ.പിക്ക് കീഴടങ്ങുന്ന മറുപടി കിട്ടാഞ്ഞിട്ടാകാം അയാൾ നയതന്ത്രപരമായ ഒരു ചോദ്യം ബിനീഷിന്റെ മുഖത്തേക്കു വലിച്ചെറിഞ്ഞു - "ഇയാൾ എന്തു ചെയ്യുന്നു?"

അന്നേരം, ബിനീഷ് അന്ധനും ബധിരനും മൂകനുമായി ഒരേ സമയം അഭിനയിച്ചു. പിന്നെയും അയാൾ മറ്റൊരു ചോദ്യമെറിഞ്ഞു - "എവിടെയാണു ജോലി?"

അതിനും പ്രതികരണമില്ലെന്ന് തോന്നിയപ്പോൾ ബിനീഷിന്റെ അവഗണനരോഗം അയാൾക്കു പിടി കിട്ടി. തുടർന്ന്, എന്തോ ഇംഗ്ലീഷിൽ പിറുപിറുത്തത് ട്രെയിൻശബ്ദം തട്ടിയെടുത്തു.

കുറച്ചു കഴിഞ്ഞ് ഫോൺ കയ്യിലുള്ള കാര്യം പോലും മറന്ന് തന്റെ കുട്ടിക്കാലത്തേക്ക് ഓർമ്മകൾ ഇരമ്പിപ്പാഞ്ഞു.

ഏതാണ്ട്,  പത്തുവയസ്സുള്ളപ്പോൾ താൻ അറിഞ്ഞ കാര്യം എഴുപതു വയസ്സുകാരനു പറഞ്ഞു കൊടുക്കുന്നത് ഒരു സത്കർമ്മമല്ലേ?

പണ്ട്, ഒന്നുരണ്ടു മാസം കൂടുമ്പോൾത്തന്നെ അമ്മവീട്ടിൽ പോകാൻ കൊതിയാണ്. ഊഞ്ഞാൽ കെട്ടി ആടാൻ പറ്റിയ ഒരുപാടു മരങ്ങൾ അവിടെയുണ്ട്. ഒട്ടേറെ മാവും മാങ്ങയും ഒക്കെയുണ്ട്. ഇവിടെയാണെങ്കിലോ? പറമ്പു നിറയെ റബർ മരങ്ങൾ വച്ചുപിടിപ്പിച്ചതിനാൽ മാമ്പഴങ്ങൾക്കു ദാരിദ്ര്യമായിരുന്നു. അമ്മവീട്ടിൽ ചെന്നാൽ ആ പറമ്പിൽ നിന്ന് കണ്ണടച്ച് കല്ലെറിഞ്ഞാലും ഏതെങ്കിലും മാമ്പഴം വീഴുമെന്നുറപ്പ്!

കിളിച്ചുണ്ടൻ, മൂവാണ്ടൻ, നാട്ടുമാങ്ങ, പ്ലാത്തി എന്നിങ്ങനെ പറമ്പു നിറയെ മാവിന്റെ തേരോട്ടമായിരുന്നു.

അങ്ങനെ, ഒരു തവണ ക്രിസ്മസ് അവധിക്ക് അമ്മയും ബിനീഷും പോയപ്പോൾ അമ്മയ്ക്ക് ഇരിപ്പിടമായി കിട്ടിയത് ഏറ്റവും മുന്നിലുള്ള പെട്ടിപ്പുറമായിരുന്നു. എന്നുവച്ചാൽ, ബാറ്ററി ഉള്ളിൽ ഒതുക്കിയ സീറ്റിന്റെ വലിപ്പമുള്ള തടിപ്പെട്ടി ഒരു വശത്തേക്കു തള്ളി ഉറപ്പിച്ചിട്ടുണ്ട്.

മറ്റു സീറ്റുകളിലെല്ലാം ആളുകൾ നിറഞ്ഞതിനാൽ അതിന്മേൽ ഇരിക്കാമെന്ന് അവൻ പറഞ്ഞിട്ടും അമ്മ ഇരുന്നില്ല. ബസിൽ നിന്നിറങ്ങി അമ്മവീട്ടിലേക്കു നടക്കുമ്പോൾ അവൻ വീണ്ടും ചോദിച്ചു - "എന്താ, അമ്മേ തടിപ്പെട്ടിയില് ഇരിക്കാഞ്ഞത്? പേടിയായിട്ടാ?"

"ഏയ്, അതല്ല. എനിക്ക് ജീപ്പിലായാലും ബസിലായാലും ചെരിഞ്ഞോ പുറകോട്ടോ ഇരുന്നാൽ തല കറങ്ങും"

"ആ, അമ്മേ, അതു പോസ്റ്റും മരവും പുറകോട്ട് ഓടുന്നതു കണ്ടിട്ടാ"

പിന്നീട്, കണ്ണിലൂടെ പായുന്ന കാഴ്ചകളുടെ ദിശയും തലകറക്കവും തമ്മിൽ ബന്ധമുണ്ടെന്ന് കേളേജ് പഠനകാലത്താണ് മനസ്സിലാക്കിയത്. എങ്കിലും അനുഭവങ്ങൾ നൽകുന്ന പാഠമാണ് പുസ്തകങ്ങളിലെ പാഠത്തേക്കാൾ നല്ലതെന്ന്  ബിനീഷിന്റെ മനസ്സിൽ വീണ്ടും പ്രകാശിച്ചു.

ഇതിനിടയിൽ ട്രെയിൻ കോട്ടയത്തെത്തി ചൂളം വിളിച്ചു. ബിനീഷ് ഇറങ്ങി നടന്നു. അപ്പോഴും, പ്രായമേറിയ മനുഷ്യൻ കിറുങ്ങി വിപരീത പദമായിക്കൊണ്ടിരുന്നു.

Written by Binoy Thomas, Malayalam eBooks-595- Short stories- 10, PDF -https://drive.google.com/file/d/1ttEEz2oHnSmIXhGLG-TANvbg8v2HWcog/view?usp=drivesdk

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam