(794) കുറുക്കനും സ്വർണ്ണവും
ഒരിക്കൽ, കാട്ടിലെ കുറുക്കന് അവിടെയുള്ള ആഹാരമൊക്കെ മടുത്തു തുടങ്ങിയപ്പോൾ നാട്ടിലേക്ക് ഇറങ്ങി. അവിടെ, സ്ഥിരമായി സദ്യ വിളമ്പുന്ന വലിയ ഊട്ടുപുരയുടെ പിറകിലെത്തി. വലിയ സദ്യകൾക്കു ശേഷം ഭക്ഷണം മിച്ചം വരുന്നതു കളയുന്നത് ആ പിന്നാമ്പുറത്തായിരുന്നു.
കുറുക്കന് വളരെയേറെ സന്തോഷം തോന്നി. ആർത്തിയോടെ തിന്നാൻ തുടങ്ങി. എന്നാൽ, വയറു നിറഞ്ഞിട്ടും അവന് തീറ്റ നിർത്താൻ തോന്നിയില്ല. ശ്വാസം മുട്ടുന്നതുവരെ തിന്നു കഴിഞ്ഞ് കാട്ടിലേക്കു നടക്കാൻ ശ്രമിച്ചിട്ടു പറ്റുന്നില്ലായിരുന്നു. പക്ഷേ, നേരം വെളുത്താൽ താൻ മനുഷ്യരുടെ പിടിയിൽ ആകുമെന്ന് അവന് ഉറപ്പാണ്. അതിനായി ഒരു സൂത്രം പ്രയോഗിക്കാൻ കുറുക്കൻ തീരുമാനിച്ചു.
അതിരാവിലെ, ഏതോ ക്ഷേത്രത്തിലേക്കു പോകുകയായിരുന്ന ഒരാൾ അടുത്തെത്തിയപ്പോൾ കുറുക്കൻ പറഞ്ഞു - "ഞാൻ സ്വർണ്ണ നാണയങ്ങൾ അറിയാതെ വിഴുങ്ങിപ്പോയി. അതാണ് എന്റെ വയർ ഇങ്ങനെ വീർത്തിരിക്കുന്നത്. എന്നെ ചുമന്ന് കാട്ടിലെത്തിച്ചാൽ മുഴുവൻ സ്വർണ്ണവും കൂലിയായി അങ്ങേയ്ക്കു നൽകാം"
അത്യാഗ്രഹിയായ ആ മനുഷ്യൻ ഈ പ്രലോഭനത്തിൽ വീണു. അയാൾ കുറുക്കനെ ചുമന്ന് കാട്ടിലെത്തിച്ചു. അന്നേരം, കുറുക്കൻ പറഞ്ഞു - "അങ്ങയുടെ മേൽമുണ്ട് ഇവിടെ വിരിച്ച് കുറച്ചു മാറി നിന്നോളൂ. എന്നിട്ട് സ്വർണ്ണ നാണയങ്ങൾ എടുത്തോളൂ"
അയാൾക്കു സന്തോഷമായി. കുറുക്കൻ തുണിയിൽ കാഷ്ഠിച്ചിട്ട് വേഗം കാട്ടിലൊളിച്ചു. സൂക്ഷിച്ചു നോക്കിയിട്ടും അതിൽ സ്വർണ്ണമില്ലാതെ താൻ പറ്റിക്കപ്പെട്ടുവെന്ന് സ്വയം തിരിച്ചറിഞ്ഞപ്പോൾ കുറുക്കന്റെ പൊടിപോലും അവിടെയില്ലായിരുന്നു.
Written by Binoy Thomas, Malayalam eBooks-794 - Jataka tales - 60, PDF -https://drive.google.com/file/d/1EJNUu8ibfzPdqEPnNPFzT7KW1CLbu6qI/view?usp=drivesdk
Comments