ഒരു കാട്ടിൽ, കുറുക്കനും കുറുക്കച്ചിയും സുഖമായി കഴിഞ്ഞു വരികയായിരുന്നു. ഒരിക്കൽ, ആ പ്രദേശത്തേക്ക് ഒരു കൂട്ടം ആടുകൾ മേയാനെത്തി. പിന്നീട്, അവർ അവിടെ സ്ഥിരതാമസമാക്കി.
പിന്നീട്, കുറുക്കൻകുടുംബത്തിന് ഇവറ്റകളെ മുഴുവൻ എങ്ങനെ തിന്നാമെന്നായി ചിന്ത. സൂത്രത്തിൽ രണ്ടു പേരും ചേർന്ന് ഓരോ ആടിനെയും കൂട്ടം തെറ്റിച്ച് ഒറ്റപ്പെടുത്തി ആരുമറിയാതെ കൊന്നു തിന്നു തുടങ്ങി.
ക്രമേണ, ആടിന്റെ എണ്ണം കുറഞ്ഞു വന്നു. ഒടുവിൽ, ഒരു പെണ്ണാട് മാത്രം അവശേഷിച്ചു. അവൾ ബുദ്ധിമതി ആയതിനാൽ ഇവരുടെ പല കെണികളെയും അതിജീവിച്ചു.
കുറുക്കച്ചി പറഞ്ഞു - "നമുക്ക് ഈ ആടിനെ തിന്നാൻ വേറിട്ട രീതിയിൽ എന്തെങ്കിലും സൂത്രം ചെയ്തേ മതിയാകൂ"
ഒടുവിൽ, കുറുക്കൻ പറഞ്ഞു - "നീ ആടുമായി ചങ്ങാത്തം കൂടുക. വിശ്വാസം നേടിയെടുത്തു കഴിഞ്ഞ് വഴിയിൽ ഞാൻ ചത്തതു പോലെ കിടന്ന് സൂത്രത്തിൽ എന്റെ അടുക്കലേക്കു കൊണ്ടുവന്നാൽ ഞാൻ ചാടി വീണ് കൊന്നു കൊള്ളാം"
കുറുക്കച്ചി ആടുമായി ചങ്ങാത്തത്തിലായി. ഒരു ദിനം, വഴിയിൽ കിടക്കുന്ന കുറുക്കനെ നോക്കി കുറുക്കച്ചി നിലവിളിച്ചു - "ഓടി വരണേ. ഞങ്ങളെ രക്ഷിക്കണമേ!"
പക്ഷേ, ആട് നല്ല ജാഗ്രതയിലായിരുന്നു. കാരണം, കുറുക്കരുടെ വംശം ചതിയന്മാരെന്ന് കാടെങ്ങും ശ്രുതിയുണ്ട്. ആട് പതിയെ വന്നപ്പോൾ കുറുക്കൻ എവിടെ വരെ എത്തിയെന്ന് നോക്കി.
ആ നിമിഷം തന്നെ ആട്, തിരികെ കുതിച്ചുപാഞ്ഞു. കുറുക്കച്ചി കുറുക്കനോട് ദേഷ്യപ്പെട്ടു - "നിങ്ങളുടെ അത്യാർത്തിയാണ് പ്രശ്നമായത് "
കുറുക്കൻ : "നീ വേറെ എന്തെങ്കിലും സൂത്രം പറഞ്ഞ് ആടിനെ വീണ്ടും കൊണ്ടു വരണം"
കുറുക്കച്ചി ആടിനെ തേടിപ്പിടിച്ചു പറഞ്ഞു - "ഹോ! നിന്റെ ശക്തി അപാരമാണ്! നീ വന്നപ്പോഴാണ് ബോധം കെട്ടു കിടന്ന എന്റെ കുറുക്കച്ചൻ കണ്ണു തുറന്നത്. നിന്നോടു നന്ദി പറയാൻ അങ്ങോട്ടു വരാൻ പറഞ്ഞു"
പക്ഷേ, പെണ്ണാടിന് ആ കുബുദ്ധി മനസ്സിലായി. ആട് പറഞ്ഞു - "അങ്ങനെ എങ്കിൽ, എന്റെ കൂട്ടുകാരെയും കൂടി വിളിക്കട്ടെ?"
ആട്ടിൻ കൂട്ടങ്ങളെന്ന് ധരിച്ച് കുറക്കച്ചി സമ്മതം പറഞ്ഞ് സന്തോഷിച്ചു. എന്നാൽ, ആട് കുറെ ചെന്നായ്ക്കളുടെ ശ്രദ്ധ ആകർഷിച്ച് ഒഴിഞ്ഞുമാറി. അങ്ങോട്ടു പാഞ്ഞു വന്ന ചെന്നായ് കൂട്ടങ്ങൾ കുറുക്കനെയും കുറുക്കച്ചിയെയും വളഞ്ഞു കടിച്ചു കീറി!
Written by Binoy Thomas, Malayalam eBooks-765- Jataka tales - 37. PDF -https://drive.google.com/file/d/1iw9FnHlpBL86I8WhzyKdEQBZ3eM40r1I/view?usp=drivesdk
Comments