നിലാവുള്ള രാത്രിയിൽ വെള്ളം കുടിക്കാനായി കുളത്തിനു മുന്നിൽ എത്തിയ സമയത്ത്, മൂങ്ങ തന്റെ രൂപം വെള്ളത്തിൽ കണ്ടു. തന്റെ സൗന്ദര്യം കണ്ട് മൂങ്ങയ്ക്ക് ലേശം അഹങ്കാരമായി. അങ്ങനെയിരിക്കെ, ഗരുഡന്റെ മകളെ കല്യാണം കഴിച്ചാലോ എന്നു തോന്നി.
അതിനായി ചങ്ങാതിയായ കാക്കയെ കണ്ട് മൂങ്ങ കാര്യങ്ങൾ അവതരിപ്പിച്ചു. ഒട്ടും വൈകാതെ കാക്ക ഗരുഡന്റെ സമീപമെത്തി. ഈ വിവരം ഗരുഡൻ കേട്ടപ്പോൾ പുറമെ ഒട്ടും ഭാവവ്യത്യാസമില്ലാതെ പറഞ്ഞു - "എന്റെ മകളെ മൂങ്ങ യുവാവിനു വിവാഹം ചെയ്തു കൊടുക്കുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. ഇന്ന് ഉച്ച സമയത്ത്, അവൻ മകളെ വന്നു കാണട്ടെ"
കാക്ക ഈ വിവരം മൂങ്ങയെ അറിയിച്ചതു മുതൽ അവൻ സന്തോഷത്തിൽ മതിമറന്നു. പകൽ നേരത്ത് തനിക്കു കണ്ണു കാണില്ല എന്നുള്ള കാര്യം പോലും മറന്ന് നട്ടുച്ചയ്ക്ക് ഗരുഡന്റെ മരത്തിനടുത്തേക്ക് വ്യക്തമായ കാഴ്ചയില്ലാതെ മൂങ്ങ പറന്നു.
ആ നേരത്ത്, ഗരുഡനും മകളും ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു. മൂങ്ങ അവരുടെ അടുത്തേക്ക് പറന്നുപൊങ്ങിയപ്പോൾ സൂര്യന്റെ കിരണങ്ങൾ കാരണം മൂങ്ങയുടെ കാഴ്ച മങ്ങി. എന്നാൽ, ഗരുഡന്റെ മകൾക്കു മുന്നിൽ തോൽക്കാൻ അവനു മനസ്സു വന്നില്ല.
അതേസമയം, മൂങ്ങയെ ഒരു പാഠം പഠിപ്പിക്കാനായി രണ്ടു പക്ഷികളും വീണ്ടും ഉയർന്നുപൊങ്ങിയപ്പോൾ, അവൻ പരവേശപ്പെട്ടു. അല്പ നേരം കഴിഞ്ഞപ്പോൾ മൂങ്ങ പാറപ്പുറത്തേക്ക് തലകറങ്ങി വീണു!
അവന് ഒരു ദിവസം കഴിഞ്ഞപ്പോൾ ബോധം വീണ്ടുകിട്ടി. അതോടെ ആ കല്യാണ മോഹം മൂങ്ങ ഉപേക്ഷിച്ചു.
ഗുണപാഠം - സ്വന്തം കഴിവിന് അനുസരിച്ചു മാത്രമേ ആഗ്രഹവും വളർത്താവൂ. അല്ലെങ്കിൽ നിരാശയാകും ഫലം.
Written by Binoy Thomas, Malayalam eBooks-723- Aesop story - 118, PDF -https://drive.google.com/file/d/12uYpnZGye7IagStKU_Gi1BLYKEjMivWN/view?usp=drivesdk
Comments