(716) മരംവെട്ടുകാരനും ജലദേവതയും

 വനത്തോടു ചേർന്നു കിടക്കുന്ന ഗ്രാമമായിരുന്നു അത്. ആ നാട്ടിലെ മരം വെട്ടുകാരൻ ഒരു ദിവസം പതിവു പോലെ നദിക്കരയിലുള്ള ഒരു മരം വെട്ടാനായി തീരുമാനിച്ചു. അതിനിടയിൽ മഴു വീശിയപ്പോൾ കൈയിൽ നിന്നും വഴുതി ആഴമുള്ള നദിയിലേക്കു വീണു!

ആ സാധു മനുഷ്യന് ആകെ ഉണ്ടായിരുന്ന മഴു ആയിരുന്നു അത്. വെറെ വാങ്ങാനുള്ള നാണയവും ഇല്ലായിരുന്നു. ഉടൻ, അയാൾ നദിക്കരയിൽ ഇരുന്ന് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി.

അന്നേരം, ജലദേവത വെള്ളത്തിൽ നിന്നും ഉയർന്നു വന്നു.

"നീ എന്തിനാണ് കരയുന്നത്?"

അയാൾ തന്റെ കോടാലി നഷ്ടപ്പെട്ട വിവരം പറഞ്ഞു. പെട്ടെന്ന്, ദേവത മുങ്ങി നിവർന്നപ്പോൾ കയ്യിൽ ഒരു വെള്ളിക്കോടാലി ഉണ്ടായിരുന്നു.

"ഇതാണോ നിന്റെ കോടാലി?"

"അല്ല!" അയാൾ പറഞ്ഞു. വീണ്ടും ദേവത മുങ്ങി നിവർന്നപ്പോൾ ഒരു സ്വർണ്ണക്കോടാലി ആയിരുന്നു കയ്യിലുണ്ടായിരുന്നത്. 

ആ കോടാലി ഉയർത്തി ദേവത പിന്നെയും അവനോടു ചോദിച്ചു - "ഇതല്ലേ, നിന്റെ കാണാതായ കോടാലി?"

"ഏയ്, ഇതൊന്നുമല്ല, എന്റെ കോടാലി ഇരുമ്പു കോടാലിയാണ്"

വീണ്ടും ജലദേവത മുങ്ങിയിട്ടു പൊങ്ങിയത് അയാളുടെ ഇരുമ്പു കോടാലിയുമായിട്ടായിരുന്നു. അയാൾ സന്തോഷത്തോടെ വിളിച്ചു കൂവി - "അതെ. ഇതു തന്നെയാണ് എന്റെ കോടാലി!"

അന്നേരം, ജലദേവത പറഞ്ഞു - "ഹേയ്! സത്യസന്ധനായ മനുഷ്യാ, ഇനിയുള്ള ജീവിതം നീ കഷ്ടപ്പെടാതെ സുഖമായി ജീവിക്കാൻ സ്വർണക്കോടാലിയും വെള്ളിക്കോടാലിയും കൂടി നിനക്കു ഞാൻ തരുന്നു!"

അയാൾ സന്തോഷത്തോടെ മൂന്നു കോടാലിയുമായി വീട്ടിലേക്ക് ഓടി. വെള്ളിയും സ്വർണ്ണവും വിറ്റ് നല്ല വീടും പണിത് സുഖമായി ജീവിക്കാൻ തുടങ്ങി. അതേസമയം, ഇതെല്ലാം കണ്ട് അയൽപക്കത്തുള്ള ഒരു അത്യാഗ്രഹിയായ മനുഷ്യൻ ഈ അത്ഭുതകാര്യം ചോദിച്ചറിഞ്ഞു.

ഉടൻ, അയാൾ ദുരാഗ്രഹത്തോടെ ഇരുമ്പു കോടാലിയുമായി നദിക്കരയിലേക്ക് ഓടി. കോടാലി പുഴയിലേക്ക് എറിഞ്ഞ് ഉച്ചത്തിൽ നിലവിളിച്ചു. അപ്പോൾ, ജലദേവത സ്വർണ്ണക്കോടാലിയുമായി ഉയർന്നുവന്നു.

"ഇതാണോ നിന്റെ കാണാതായ കോടാലി?"

അയാൾ ആവേശത്തോടെ പറഞ്ഞു- "ഇതു തന്നെയാണ് എന്റെ മഴു. അതിങ്ങു തന്നേക്കൂ!"

എന്നാൽ, ജലദേവത ഒന്നും മിണ്ടാതെ വെള്ളത്തിൽ താണു. അയാൾ കുറെ നേരം കള്ളക്കരച്ചിൽ നടത്തിയെങ്കിലും ജലദേവത പിന്നെ വന്നില്ല. സ്വന്തം മഴു പോലും കിട്ടാതെ നിരാശനായി അയാൾ തിരികെ നടന്നു.

ആശയം- അത്യാർത്തിയും ദുരാഗ്രഹവും ദീർഘകാല അഭിവൃദ്ധി കൊണ്ടു വരുമെന്ന് വിചാരിക്കരുത്.

Written by Binoy Thomas, Malayalam eBooks-716-Aesop story series-111, PDF-https://drive.google.com/file/d/1S4nRQlHDXBzmcebRkzlZtM7OhzQLgFjo/view?usp=drivesdk

Comments

MOST POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

Opposite words in Malayalam

(533) പുല്ലിംഗം, സ്ത്രീലിംഗം

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1