(706) ഭാഗ്യമോതിരം
ബിനീഷ് ഒരു പ്രൈവറ്റ് സ്കൂളിലെ അധ്യാപകനായി ജോലി ചെയ്യുന്ന കാലം. ഒരു ദിവസം, അയാൾ ക്ലാസ് എടുക്കുന്ന സമയത്ത് മുൻനിരയിൽ ഇരിക്കുന്ന കുട്ടി ഒട്ടുമേ ശ്രദ്ധിക്കാതെ സ്വന്തം കയ്യിലെ മോതിരത്തിലൂടെ വിരൽ ഉരസിക്കൊണ്ടിരുന്നു.
അധ്യാപകൻ അതു നോക്കി അവനെ സമീപിച്ചു - "നാളെ മുതൽ ഈ മോതിരവുമായി ക്ലാസിൽ വന്നേക്കരുത്. അതെടുത്ത് ബാഗിൽ വച്ചേക്ക്"
അവൻ തലയാട്ടി ബാഗിൽ വച്ചെങ്കിലും അടുത്ത അരമണിക്കൂർ ക്ലാസിലാകെ മുഖം വാടിയിരിക്കുന്നത് സാർ ശ്രദ്ധിച്ചു. ക്ലാസ് കഴിഞ്ഞ് ഇന്റർവെൽ സമയമായി. വരാന്തയിലിറങ്ങിയിട്ട് സാർ അവനെ അടുത്തേക്ക് വിളിച്ചു.
"എന്താ, ഈ മോതിരം ഇത്രമാത്രം നിന്നെ സ്വാധീനിക്കാൻ?"
"സാർ, ഈ മോതിരം .....സ്വാമിജിയുടെ ആശ്രമത്തിൽ നിന്നും പൂജിച്ചു കിട്ടിയതാണ്"
സാർ തുടർന്നു: "നീ മോതിരം കയ്യിൽ നിന്നും മാറ്റിയാൽ എന്താണ് നിനക്ക് ഫീൽ ചെയ്യുന്നത്?"
"സാർ, അത്.... എനിക്കു കോൺഫിഡൻസ് കുറഞ്ഞെന്നു തോന്നും. എന്തോ ഒന്നു മിസ് ചെയ്ത പോലെ"
"ഉം. എങ്കിൽ നിന്റെ ഇഷ്ടം പോലെ. പക്ഷേ, ഞാൻ ഇതൊക്കെ പറഞ്ഞത് എന്താണെന്നു വച്ചാൽ, ഇനിയുള്ള കാലത്ത് മൽസര പരീക്ഷകൾക്കും മറ്റും എക്സാം ഹാളിൽ ഇതു പോലുള്ള യാതൊന്നും കയറ്റാൻ പറ്റില്ല. ഇപ്പോൾത്തന്നെ നീറ്റ് എക്സാമിന് നോക്കൂ. ഡ്രസ് കോഡുണ്ട്. അതുപോലെ ഓർണമെൻസ് യാതൊന്നും പറ്റില്ല"
അല്പനേരത്തെ മൗനത്തിനു ശേഷം അവൻ തുടർന്നു - "സാർ, ഒരു പ്രാവശ്യം ഞാനിത് മാറ്റി നോക്കിയതാണ്. പക്ഷേ, എന്തോ ഒരു അറ്റാച്ച്മെന്റ് തോന്നി"
"ഇതെല്ലാം മനസ്സിന്റെ ഒരു തോന്നലാണ്. നീയൊരു കാര്യം ചെയ്യ്. ഇതു പതിയെ മാറ്റാനാകും. ആദ്യം ഒരാഴ്ച ഏതാനും മണിക്കൂറുകൾ മോതിരം മാറ്റിവയ്ക്കുക. പിന്നെ, ഓരോ ദിവസവും ഇടവിട്ട്. ക്രമേണ, മനസ്സിന്റെ പിടിത്തം വിട്ടു കൊള്ളും"
ആശയം - ചെറുതും വലുതുമായ നിരവധി കാര്യങ്ങൾ ഇങ്ങനെ അലോസരങ്ങൾ സൃഷ്ടിക്കാറുണ്ട്. എന്നാലോ? അതിനെയെല്ലാം മറികടക്കാനുള്ള ശക്തിയും മനസ്സിനു ദൈവം തന്നിട്ടുണ്ട്.
Written by Binoy Thomas, Malayalam eBooks-706-Career guidance-22, PDF -https://drive.google.com/file/d/1apkdqZhjP93mlPiL8ICzBILwCUquwZqQ/view?usp=drivesdk
Comments