(688) സൗഹൃദ മൽസരം

 പണ്ടു പണ്ട്, സിൽബാരിപുരംദേശം കൊടും കാടായിരുന്നു. അവിടെ ആനയും കുരങ്ങനും ചങ്ങാതികളായി കഴിഞ്ഞു പോന്നു. എന്നാൽ, ഇവരുടെ സൗഹൃദം കുറുക്കന് ഇഷ്ടമായില്ല. ഇവരെ, എങ്ങനെ അടിച്ചു പിരിക്കാം എന്നായി അവൻ്റെ ചിന്ത.

ഒടുവിൽ, കുറുക്കൻ ഇതിനായി ഒരു സൂത്രം കണ്ടു പിടിച്ചു. അവരുടെ മുന്നിലെത്തി പറഞ്ഞു - "നിങ്ങളിൽ ആർക്കാണ് കൂടുതൽ കഴിവ്? ഏറ്റവും ആദ്യം പോയി നദിക്കപ്പുറത്തുള്ള ആൽമരത്തിൻ്റെ മുകളിലത്തെ ശിഖരത്തിലുള്ള തേനട ഇവിടെ കൊണ്ടുവരാൻ പറ്റുന്നത് ആരാകും?''

അന്നേരം, കുരങ്ങനും ആനയും അത് വാശിയോടെ ഏറ്റെടുത്തു. അവർ വേഗം പോകുന്നതു കണ്ട് കുറുക്കൻ. പറഞ്ഞു - "ഇവന്മാരിൽ ഒരാൾ തോറ്റാൽ അതോടെ മറ്റവൻ പിരിഞ്ഞു പോകും. അല്ലെങ്കിൽ തേൻ കുടിക്കാനായി വഴക്കാകും. ഇനി, തേനീച്ചകളുടെ കുത്തു കിട്ടി കുരങ്ങൻ ചാകാനും ഇടയുണ്ട് "

കുരങ്ങനും ആനയും നദിക്കരയിലെത്തി. അന്നേരം കുരങ്ങൻ പറഞ്ഞു - "ഞാൻ ഇപ്പോഴേ തോറ്റു. ഇത്രയും ഒഴുക്കുള്ള വെള്ളത്തിൽ ഞാൻ ഒഴുകിപ്പോകും"

പക്ഷേ, ആന കുരങ്ങനെയെടുത്ത് ആനപ്പുറത്തു വച്ച് അക്കരെയെത്തി. കുറെ ദൂരം പോയപ്പോൾ ആൽമരം കണ്ടു. ആന ഒരുപാടു ശ്രമിച്ചിട്ടും ഉയരത്തിലുള്ള ശിഖരം താഴ്ത്താൻ പറ്റിയില്ല.

അപ്പോൾ, കുരങ്ങൻ ചാടി മരത്തിൻ്റെ ഉയർന്ന ശിഖരത്തിലെ തേനീച്ചകളെ അവഗണിച്ച് തേനട അടർത്തിയെടുത്ത് അതിവേഗം താഴേക്കു ചാടി.

പുഴ തിരികെ കടന്ന് അവർ കുറുക്കൻ്റെ സമീപമെത്തി. ആനയുടെ തുമ്പിക്കയ്യിൽ തേനട ഇരിക്കുന്നതു കണ്ട് കുറുക്കൻ കുരങ്ങനെ പരിഹസിച്ചു - "എനിക്ക് ആദ്യമേ അറിയാമായിരുന്നു നീ വെറും മരംചാടിയാണെന്ന് ''

അന്നേരം, ആന പറഞ്ഞു - "ഏയ്, ഞാനല്ലാ അവനാണ് തേനട കിട്ടിയത് "

ഉടൻ, കുറുക്കൻ കുരങ്ങിൻ്റെ പക്ഷം ചേർന്നു - "അല്ലെങ്കിലും നിൻ്റെ പൊണ്ണത്തടി കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?"

കുരങ്ങൻ പെട്ടെന്ന് പറഞ്ഞു - "എൻ്റെ ചങ്ങാതിയുടെ വലിപ്പം കൊണ്ട് പ്രയോജനമുണ്ട്. എനിക്ക് പുഴ കടക്കാൻ ഇവൻ ഇല്ലെങ്കിൽ പറ്റില്ലായിരുന്നു"

കുറുക്കൻ ചമ്മിയത് പുറത്തറിയിക്കാതെ നീട്ടി ഓരിയിട്ടു കൊണ്ട് ഓടിപ്പോയി.

ചിന്തിക്കുക - യഥാർഥ സൗഹൃദത്തിലും സ്നേഹത്തിലും തുല്യമായ ജയപരാജയങ്ങളേ ഉണ്ടാവൂ. അവിടെ മേൽക്കോയ്മയും അപകർഷവും പരാതികളും കാണാനാവില്ല.

Written by Binoy Thomas, Malayalm eBooks - 688- Nanmakal - 34, PDF -https://drive.google.com/file/d/1jutFMPB2ODMvYeVkPppdB2zjLrStUV5F/view?usp=drivesdk

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam