ഒരു ദേശത്ത്, വൃദ്ധയായ സ്ത്രീ രണ്ടു അനാഥ പെൺകുട്ടികളെ കൂടെ താമസിപ്പിച്ചിരുന്നു. എന്നും രാവിലെ അഞ്ചു മണിക്ക് ആ വീട്ടിലെ പൂവൻകോഴി കൂവുന്നതു കേട്ട് വൃദ്ധ ഉണരും. അതിനു ശേഷം, പെൺകുട്ടികളെ ജോലികൾ ചെയ്യുന്നതിനായി വിളിച്ച് എണീപ്പിക്കും.
അങ്ങനെ, കുറെക്കാലം കഴിഞ്ഞപ്പോൾ പെൺകുട്ടികൾ ഒരു ദിവസം പറഞ്ഞു - "ആ നശിച്ച പൂവൻകോഴി എന്നും അഞ്ചു മണിക്ക് കൂവുന്നതുകൊണ്ടാണ് നമുക്ക് അന്നേരം പണി തുടങ്ങേണ്ടി വരുന്നത്"
കുറച്ചു നേരം ഈ കാര്യത്തേക്കുറിച്ചു സംസാരിച്ചപ്പോൾ ഒരു കടുത്ത തീരുമാനത്തിലെത്തി - കോഴിയെ ആരും അറിയാതെ കൊന്നുകളയണം.
അതിനുള്ള അവസരം അവർ നോക്കിയിരുന്നു. ഒരിക്കൽ, വൃദ്ധ അകലെയുള്ള ചന്തയിൽ പോയ ദിവസം പൂവൻകോഴിയെ കഴുത്തു പിരിച്ചു കൊന്ന് മണ്ണിനടിയിൽ മൂടി.
വൃദ്ധ തിരികെ എത്തിയപ്പോൾ കോഴിയെ കണ്ടില്ല. ആരെങ്കിലും മോഷ്ടിച്ചിരിക്കാം എന്ന് ഊഹിക്കുകയും ചെയ്തു.
പെൺകുട്ടികൾ ഉറങ്ങാൻ നേരം പരസ്പരം സന്തോഷത്തോടെ പറഞ്ഞു - "ഹാവൂ! നാളെ രാവിലെ ഏറെ വൈകി എണീറ്റാൽ മതി. അമ്മൂമ്മയ്ക്ക് സമയം അറിയാൻ പറ്റില്ല"
അവർ ഉറങ്ങാൻ കിടന്നു. പക്ഷേ, പാതിരാത്രിയിൽ അമ്മൂമ്മ അവരെ തല്ലി വിളിച്ചു. എന്നിട്ട്, പറഞ്ഞു - "നമ്മളെ രാവിലെ എണീപ്പിക്കാൻ കോഴിയില്ലെന്ന് ഓർമ്മ വേണം. അതു കൊണ്ട് ഞാൻ ഒന്നുറങ്ങി എണീറ്റപ്പോൾ വിളിച്ചതാണ്"
പിന്നീട്, പതിവായി അമ്മൂമ്മ പാതിരാവിൽ അവരെ വിളിച്ച് എഴുന്നേൽപ്പിക്കാൻ തുടങ്ങി. പെൺകുട്ടികൾ വല്ലാതെ വലഞ്ഞു. അവർ സങ്കടപ്പെട്ടു - " ആ പൂവൻകോഴി എത്ര ഭേദമായിരുന്നു? അഞ്ചു മണിക്ക് എണീറ്റാൽ മതിയായിരുന്നു. ഇപ്പോൾ, പാതിരാത്രിയിൽ എഴുന്നേൽക്കണം!"
ഗുണപാഠം - ചെറിയ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാനായി കുബുദ്ധി പ്രവർത്തിപ്പിച്ച് വലിയ പ്രതിസന്ധിയിലേക്ക് ചെന്നു ചാടരുത്.
Written by Binoy Thomas, Malayalam eBooks - 687- Aesop-96 PDF-https://drive.google.com/file/d/193PI6xVKZGY8NAluVYMrphKWN3RQhvZa/view?usp=drivesdk
Comments