(621) ഉപ്പും പഞ്ഞിയും

ഒരു ദേശത്ത്, ഉപ്പു കച്ചവടം നടത്തുന്ന ആൾ ഉണ്ടായിരുന്നു. തൻ്റെ ഉപ്പു ചാക്കുകൾ കഴുതപ്പുറത്ത് കൊണ്ടു പോയി പല ദേശങ്ങളിലും വിറ്റു.

എല്ലാ ദിവസവും ചെറിയ തോട്ടിലെ വെള്ളത്തിലൂടെ മുറിച്ചുകടന്നാണ് ചന്തയിലേക്കു പോകുന്നത്. ഒരു ദിനം, കഴുത ഉപ്പു ചാക്കുമായി തോടു കടക്കവേ, കാലിടറി വെള്ളത്തിൽ വീണു.

കുറെ നേരമെടുത്ത് ഉപ്പുചാക്ക് വീണ്ടും കഴുതപ്പുറത്ത് വച്ചപ്പോൾ കഴുതയ്ക്ക് ഒരുപാട് ഭാരം കുറഞ്ഞതായി അനുഭവപ്പെട്ടു. കാരണം, കുറെ ഉപ്പ് വെള്ളത്തിൽ അലിഞ്ഞു പോയിരുന്നു.

ഇത് നല്ലൊരു ഉപായമായി കഴുതയ്ക്കു തോന്നി. കാരണം, ഭാരം കുറച്ചു ചുമന്നാൽ മതിയല്ലോ. അടുത്ത ദിവസം തോടു മുറിച്ചു കടന്നപ്പോൾ കഴുത മന:പൂർവ്വം ഇടറി വീണു. ഒരു തവണ കൂടി ആവർത്തിച്ചുപ്പോൾ കച്ചവടക്കാരനു കാര്യം പിടികിട്ടി.

അയാൾ ഇതിനുള്ള പോംവഴി ആലോചിച്ച് ഒരു സൂത്രം പ്രയോഗിക്കാൻ തീരുമാനിച്ചു.

അടുത്ത ദിവസം കഴുതയുടെ കാലിടറി വെള്ളത്തിൽ മുങ്ങിപ്പൊങ്ങിയപ്പോൾ അപാരമായ ഭാരം!

കഴുത അന്ധാളിച്ചു. ഇത്തവണ കച്ചവടക്കാരൻ ഉപ്പിനു പകരം പഞ്ഞിയായിരുന്നു ചാക്കിൽ കുത്തിനിറച്ചത്. പഞ്ഞി വെള്ളം കുടിച്ചു ഭാരം കൂട്ടി. പിന്നീട്, കഴുതയ്ക്കു കാൽ ഇടറിയില്ല.

ഗുണപാഠം -മടിയന്മാർ മല ചുമക്കേണ്ടി വരും.

Malayalam eBooks - 621- Aesop - 42 PDF file -https://drive.google.com/file/d/1PGvzM1RoZo11byEhXXKaC6TPtiPZalMW/view?usp=drivesdk

Comments