എങ്ങും പച്ചപ്പുല്ലു നിറഞ്ഞ കാട്ടിലൂടെ ഒരു കഴുത യഥേഷ്ടം പുല്ലു മേഞ്ഞു നടക്കുന്ന സമയം. അപ്പോഴാണ് ചെന്നായ, തന്നെ ലക്ഷ്യമിട്ട് പതുങ്ങി വരുന്നത് കഴുതയുടെ ശ്രദ്ധയിൽ പെട്ടത്. ഇനി ഓടിയാലും ചെന്നായുടെ വായിൽ അകപ്പെട്ടതു തന്നെ!
പെട്ടെന്ന്, കഴുതയ്ക്ക് ഒരു ഉപായം തോന്നി. അവൻ ഉറക്കെ കരഞ്ഞു- "അയ്യോ! എന്റെ കാലിൽ മുള്ളു തറച്ചേ! എനിയ്ക്കു വേദന സഹിക്കാൻ വയ്യാ!"
ഉടൻ, ചെന്നായ അവനോടു ചോദിച്ചു- "നിന്നെ ഞാൻ തിന്നാൻ പോവുകയാണ്. ഈ വേദനയൊക്കെ എത്ര നിസ്സാരം?"
കഴുത അപ്പോൾ പറഞ്ഞു- "പക്ഷേ, എന്നെ തിന്നുന്ന നിനക്കും കുഴപ്പമുണ്ട്. ഈ വലിയ മുള്ള് നിന്റെ തൊണ്ടയിലും കുടുങ്ങുമല്ലോ. അതുകൊണ്ട്, എന്റെ കാലിലെ മുള്ള് ഊരി കളഞ്ഞതിനു ശേഷം എന്നെ തിന്നുകൊള്ളൂ"
കഴുത പറഞ്ഞതിൽ കഴമ്പുണ്ടെന്ന് ചെന്നായയ്ക്ക് തോന്നി. ഉടൻ, കാലിലെ മുള്ള് കടിച്ചെടുക്കാനായി ചെന്നായ കുനിഞ്ഞപ്പോൾ- കഴുത തന്റെ കാൽ പിന്നോട്ടു വലിച്ച് സർവ ശക്തിയും എടുത്ത് ചെന്നായുടെ മുഖമടച്ച് ആഞ്ഞു തൊഴിച്ചു!
ചെന്നായുടെ പല്ലുകൾ തെറിച്ചു പോയി. അത് ജീവനും കൊണ്ട് ഓടുന്നതിനിടയിൽ പിറുപിറുത്തു- "അമ്മ എന്നെ പരിശീലിപ്പിച്ചത് കഴുതയെ കൊന്നുതിന്നാനാണ്. അല്ലാതെ, ചികിൽസിക്കാനല്ലല്ലോ!"
സാരോപദേശം- ഫലം കൃത്യമായി അറിയാത്ത പുത്തൻ ശൈലി പരീക്ഷിക്കരുത്.
Malayalam digital books-610-Aesop stories-31 PDF file- https://drive.google.com/file/d/14uckYlMtHMR2OhPvagp9W9r1AC955Ilo/view?usp=sharing
Comments