(600) അധിക യോഗ്യത!

ബിനിൽ വലിയൊരു കമ്പനിയിൽ ഇരുപത് വർഷങ്ങൾക്കു മുൻപ് ജോലി ചെയ്യുന്ന സമയം. അവിടെ അഞ്ചു പേരുടെ ജോലി ഒഴിവു വന്നപ്പോൾ പത്രത്തിൽ പരസ്യം വന്നു. നൂറു കണക്കിന് അപേക്ഷകൾ പതിവുപോലെ ഹ്യൂമൻ റിസോഴ്സ് ഡിപാർട്ട്മെൻ്റിലേക്ക് ഇരമ്പിയെത്തി.

അവരുടെ അപേക്ഷകൾ പരിശോധിച്ച് മികച്ചതെന്നു തോന്നിയ നൂറു പേരെ പരീക്ഷയ്ക്കു വിളിച്ചു. പിന്നീട്, കൂടുതൽ മാർക്കു കിട്ടിയ പതിനഞ്ച് ഉദ്യോഗാർഥികൾ അഭിമുഖത്തിനെത്തി.

അതിൽ, ബിനിലിൻ്റെ സുഹൃത്ത് പ്രകാശും ഉണ്ടായിരുന്നു. ഇൻ്റർവ്യൂ നടക്കുന്ന ദിവസം അവർ ജോലിക്കാര്യങ്ങളൊക്കെ സംസാരിച്ചതുമാണ്. അതും കഴിഞ്ഞ് നിയമനം കൊടുക്കേണ്ട അഞ്ചു പേരെ റാങ്ക് ചെയ്യുന്ന അവസാന ഘട്ടത്തിലേക്ക്.

രണ്ടാഴ്ച കഴിഞ്ഞ് പുതിയ അഞ്ചുപേർ ജോലി സ്ഥലത്ത് സ്വയം പരിചയപ്പെടുത്തി മുന്നിലൂടെ നടക്കുമ്പോഴാണ് പ്രകാശിന് നിയമനം കിട്ടിയില്ലല്ലോ എന്ന് ബിനിൽ  ഓർത്തത്. അവൻ്റെ വീട്ടിലെ ഫോൺ നമ്പർ, കാടുപോലത്തെ ഒരു ബുക്കിൽ മുൻപെങ്ങോ കുറിച്ചെങ്കിലും ബിനിലിന് അത് തപ്പിയെടുക്കാനായില്ല.

ഏകദേശം, മൂന്നു മാസം എങ്കിലും മുന്നോട്ടു പോയിക്കഴിഞ്ഞപ്പോൾ ഒരു വൈകുന്നേരം- കോട്ടയം മാർക്കറ്റിലെ കോഫീ ഹൗസിൽ വച്ച് അവിചാരിതമായി ബിനിൽ അയാളെ കണ്ടുമുട്ടി.

"പ്രകാശേ, നമ്മൾ ലാസ്റ്റ് കണ്ടത് നീ ഇൻ്റർവ്യൂവിനു വന്നപ്പോഴാ. നിനക്കത് ഉറപ്പായും കിട്ടുമെന്നാണ് ഞാൻ കരുതിയത്"

തെല്ലു നിരാശയുടെ ഒത്താശയോടെ അവൻ പറഞ്ഞു- "ഹാ, ഇവിടെ അല്ലെങ്കിൽ വേറൊരിടത്ത്. ഒത്തിരി സ്ഥലത്ത് ജോലി ചെയ്തിട്ടുണ്ടെങ്കിലും സ്ഥിരം തട്ടകമാക്കാൻ പറ്റുന്ന നല്ല ജോലിയൊന്നും ഇതുവരെയും കിട്ടിയില്ലെന്നുള്ളതാണു വാസ്തവം"

മസാലദോശ കഴിക്കുന്നതിനിടയിൽ ആ ജോലി പോയതിനുള്ള കാരണവും അയാൾ ചവച്ചുതള്ളി-

പ്രകാശിൻ്റെ കസിൻ ആ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. അങ്ങനെ യഥാർഥ വിവരങ്ങൾ അറിയാനുള്ള വഴിയിലൂടെ സഞ്ചരിച്ച് വിവരങ്ങൾ മനസ്സിലാക്കി. അന്നത്തെ ഇൻ്റർവ്യൂവിൽ അഞ്ചുപേരിൽത്തന്നെ മുന്നിൽ വരേണ്ടതായ പ്രകാശിനെ റിക്രൂട്ട്മെൻ്റ് ഡയറക്ടർ ആയിരുന്നു ഒഴിവാക്കിയത്!

കാരണമായി അദ്ദേഹം നോട്ട് എഴുതിയത് - 'He is overqualified!' എന്നു വച്ചാൽ, അധിക യോഗ്യത! അതായത്, പലതരം കോഴ്സുകളും ജോലികളും ചെയ്തിട്ടുള്ള ആൾക്ക് ഈ ജോലിയിലും ശ്രദ്ധിക്കാൻ കഴിയില്ലത്രെ! മാത്രമല്ല, അധികമായ അറിവ് ജോലിക്കിടയിൽ അപകർഷവും നിരാശയും കല്ലുകടിയും അമർഷവും വരുത്തിയേക്കാം! ചിലപ്പോൾ മേലധികാരിക്ക് പ്രകാശിൻ്റെ വിദ്യാഭ്യാസ യോഗ്യത ഇല്ലെന്നും വരാം. ധിക്കാരവും തുടർന്ന്, ജോലി വലിച്ചെറിഞ്ഞ് പോകാനും സാധ്യതയേറെ!

ചിന്താവിഷയം - ഒരേ സമയം, അനേകം വിഷയങ്ങളിൽ ഉന്നത പഠന യോഗ്യതകൾ ഉള്ളവരെ നാം സാധാരണയായി ബഹുമാനിക്കും. എന്നാൽ, ഇതിൽ തലതിരിഞ്ഞ മറ്റൊരു സത്യവും കൂടിയുണ്ട് - കൂടുതൽ അറിവാണ് ഒരാൾ ആഗ്രഹിക്കുന്നതെങ്കിൽ ഒരേ വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ബിരുദം, ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി, സയൻ്റിസ്റ്റ്, തുടർ ഗവേഷണം എന്നിങ്ങനെയൊക്കെ ആഴത്തിൽ പോകണം.

പല വിഷയങ്ങളിൽ പോയി ഒളിഞ്ഞു നോക്കുന്ന സർട്ടിഫിക്കറ്റ്, ഡിപ്ലോമ, സെമിനാറുകൾ എന്നിവ കൊണ്ടൊന്നും ശക്തിയുള്ള പ്രയോജനം കിട്ടില്ല. പ്രൊഫൈൽ പേജിൽ ഒരു പേജ് 'അയോഗ്യതകൾ' എഴുതി നിറയ്ക്കാമെന്നു മാത്രം! എന്നാൽ, പ്രശസ്തിയും പൊങ്ങച്ചവും കിട്ടുമെന്ന് കരുതാം.

ഉദാഹരണത്തിന്, ഹാർവഡ് യൂണിവേഴ്സിറ്റിയുടെ (USA) രണ്ടു മണിക്കൂർ ഓൺലൈൻ കോഴ്സിൻ്റെ സർട്ടിഫിക്കറ്റുകൾ വരെ മലയാളികൾ സോഷ്യൽ മീഡിയയിലൂടെ വിളംബരം ചെയ്യുന്നതും പതിവു കാഴ്ച!

Malayalam eBooks-600-career guidance-21-PDF file-https://drive.google.com/file/d/1PbOnepzbFRMtjqNtEqtu0VU3Dr-Zn8RW/view?usp=sharing

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam