(596) പ്രാർഥന മഹാസമ്മേളനം

ബിനീഷിൻ്റെ അയൽപക്കത്തുള്ള ദമ്പതികൾ ഒരു ദിവസം വീട്ടിലേക്കു കടന്നു വന്നു. ആദ്യം കുശലാന്വേഷണം നടത്തിയെങ്കിലും അവരുടെ ലക്ഷ്യം മറ്റൊന്നായിരുന്നു - ഒരു മിനിബസ് നിറയെ ആളുകളെ ആൾദൈവത്തിൻ്റെ പ്രാർഥനയുടെ മഹാസമ്മേളനത്തിന് എത്തിക്കുക!

പക്ഷേ, ബിനീഷ് തൻ്റെ നയം വ്യക്തമാക്കി - "എനിക്ക് ഇത്തരം കാര്യങ്ങളിൽ യാതൊരു താൽപര്യവുമില്ല"

എന്നാൽ, ഈ മറുപടിയിലൊന്നും അവർ തോൽക്കാൻ തയ്യാറായില്ല. അതിനായി അവർ പല വേലത്തരങ്ങളും പുറത്തെടുത്തു തുടങ്ങി - "മരിച്ചാൽ സ്വർഗ്ഗത്തിൽ പോകണമെങ്കിൽ....സാറിൻ്റെ വചനം കേൾക്കണം"

"ഞാൻ ഞങ്ങളുടെ സഭയുടെ ഞായറാഴ്ചയുള്ള കുർബാനയ്ക്ക് പള്ളിയിൽ പോകാറുണ്ട്. എനിക്കതു മതി"

"പള്ളീലെ മാതാവിലൊന്നും വിശ്വസിച്ചിട്ട് യാതൊരു കാര്യവുമില്ല. സാറിൻ്റെ സ്പീച്ച് ഒരു തവണ ഒന്നു കേട്ടു നോക്കണം. ബിനീഷിൻ്റെ സകലമാന തെറ്റിദ്ധാരണയും മാറിക്കിട്ടും"

ഉടൻ, ബിനീഷിന് ദേഷ്യം വന്നു - "ഈശോയുടെ അമ്മ പരിശുദ്ധമാതാവിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്ന ആളാണ്. നിങ്ങൾ പറയുന്ന ഈ സാറ്, കോളജ് പ്രഫസറായി റിട്ടയർ ചെയ്ത ആളാണല്ലോ. യു.ജി.സി ശമ്പളം കിട്ടിക്കൊണ്ടിരുന്നപ്പോൾ അതായിരുന്നു സുവിശേഷ പ്രചാരണത്തേക്കാൾ വലുത്.  സ്വന്തം ജോലിയേക്കാൾ പ്രാധാന്യം വചന പ്രഘോഷണത്തിന്  ആയിരുന്നെങ്കിൽ പണ്ടേ രാജി വച്ച് ഇതിന് ഇറങ്ങാമായിരുന്നില്ലേ? അന്നേരം, ഭാരിച്ച ശമ്പളം വേണമായിരുന്നു"

അപ്പോൾ ദമ്പതികൾ സ്വരം മാറ്റി കുറെ വാദഗതികൾ വെപ്രാളത്തോടെ അവതരിപ്പിച്ചു. ബിനീഷ് ഒട്ടും അയഞ്ഞില്ല - "ഈ സാറിൻ്റെ വകയായി വലിയൊരു കമ്പനി ഉണ്ടല്ലോ. കോടികൾ സമ്പാദിക്കുന്ന അതൊക്കെ ഉണ്ടായത് ഈ സുവിശേഷവേലയിൽ നിന്നാണ്"

അതിനും മറുവാദം വന്നു -"ഏയ്, അത് സാറിൻ്റെയല്ല, ബന്ധുവിൻ്റെയാണ്"

ബിനീഷ്: "അതിനാണ് ബെനാമി എന്നു പറയുന്നത്"

കുറെ നേരം പിന്നെയും വാഗ്വാദം നടത്തി ദമ്പതികൾ പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങി.

ചിന്തിക്കുക: ആൾദൈവങ്ങളുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുന്ന അനേകം കുൽസിത ബുദ്ധികൾ നമുക്കു ചുറ്റുമുണ്ട്. കുടുംബ സുഹൃത്തുക്കളെയും കരുതിയിരിക്കുക.

മലയാളം ഡിജിറ്റൽ ബുക്കുകൾ-596-ദൈവിശ്വാസം-20 PDF-https://drive.google.com/file/d/13q9B8IOGSZLHi0WAtm034ZoBK38nld0o/view?usp=sharing

Comments

Popular posts from this blog

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

List of Antonyms in Malayalam

ചെറുകഥകള്‍