സിൽബാരിപുരം നാട്ടിലെ ഒരു വീട്. അവിടത്തെ വീട്ടമ്മ അരി വേവിക്കാനായി അലുമിനിയംകലത്തിൽ ആദ്യമേ വെള്ളം നിറച്ച് അടുപ്പത്തു വച്ചു. അന്നേരം , ഒരു ചെറിയ പച്ചത്തവള തുള്ളിക്കളിച്ചു മുറ്റത്തു കൂടി നടക്കുന്നുണ്ടായിരുന്നു. അത് ചാടി അടുക്കളയിലേക്കു കടന്നു. പിന്നെയും കൂത്താടിയപ്പോൾ കലത്തിലെ വെള്ളത്തിലേക്ക്. അപ്പോൾ വെള്ളത്തിന് ഇളം ചൂടു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ തവള പറഞ്ഞു - " ഹായ്, ഇത് കാട്ടിലെ നീരുറവയുടെ ചൂടു പോലെ. നല്ല രസമുണ്ട് !"
കുറച്ചു കൂടി വെള്ളം ചൂടായപ്പോൾ അവൻ പറഞ്ഞു - " ഈ ചൂടൊക്കെ നിയന്ത്രിക്കാൻ എന്റെ തൊലിക്കു പറ്റുമല്ലോ "
എന്നാൽ, ആ സമയത്ത് വീട്ടമ്മ അടുപ്പിലേക്ക് കുഴലൂതി തീ ആളിക്കത്തിച്ചതിനാൽ വെള്ളം പെട്ടെന്നു ചൂടു കൂട്ടി.
അന്നേരം, തവള ആത്മവിശ്വാസത്തോടെ ചാടിയെങ്കിലും കലത്തിന് അപാരമായ ചൂടായിക്കഴിഞ്ഞിരുന്നു. കയ്യും കാലും പൊള്ളി വെള്ളത്തിലേക്കു തവള വീണു. വീണ്ടും ചാടിയെങ്കിലും ശക്തി ചോർന്നുപോയി. ഏതാനും തവണ കൂടി ചാടി പരാജയപ്പെട്ടു. പിന്നെ, ചോറിനൊപ്പം വെന്തു മലയ്ക്കാനായിരുന്നു ആ തവളയുടെ വിധി!
ചിന്താശകലം - വിദ്യാർഥികളിൽ ഏറിയ പങ്കും ഇങ്ങനെ പരാജയമടഞ്ഞിട്ടുണ്ട്. ഓരോ ദിവസവും പഠിക്കാനുള്ളത് പിന്നെയാകട്ടെ എന്നു നീട്ടി വച്ച് പരീക്ഷയുടെ അടുത്ത ദിവസങ്ങളിൽ അമിതഭാരത്താൽ കൈകാൽ കുഴയുന്നു.
ചില ജോലിക്കാർ മേശമേൽ ഫയൽ കൂമ്പാരങ്ങൾ സൃഷ്ടിച്ചതും ഇതേ വിധത്തിലാണ്.
ഉചിതമായ തീരുമാനം കൈക്കൊള്ളാൻ ഇനിയും നിങ്ങൾ വൈകിക്കൂടാ! തുടക്കത്തിൽത്തന്നെ കലത്തിനു പുറത്തേക്കു ചാടുക!
Malayalam Digital books-589 - Career - 20 PDF file -https://drive.google.com/file/d/1X9e0L1LGb1k-Yb9myK_DKyQ58ykvGV8v/view?usp=drivesdk
Comments