(564) ഒരു കണ്ണടയുടെ കഥ

ബിജേഷ് കോളജിൽ ബിരുദത്തിനായി പഠിക്കുന്ന സമയം. അടുത്ത ക്ലാസിൽ പഠിക്കുന്ന മെറിൻ ഒരു ദിവസം റെയ്ബാൻ കൂളിങ്ങ് ഗ്ലാസ് പോലത്തെ കണ്ണടയും വച്ചാണു വന്നത്. കൂട്ടുകാർ എല്ലാവരും രണ്ടാം നിലയുടെ വരാന്തയിൽ ഓരോ കമന്റും പറഞ്ഞു നിൽക്കുമ്പോൾ മെറിന്റെ കാര്യം ആരോ പറഞ്ഞു. ഒരാൾ പറഞ്ഞു - "എന്തെങ്കിലും കാഴ്ചയ്ക്ക് പ്രശ്നം കാണും"

ഉടൻ, അടുത്തവൻ പറഞ്ഞു - "ഉം. പിന്നേ! അതങ്ങു പള്ളീൽ പറഞ്ഞാൽ മതി. ഡോക്ടർ കുറിച്ചത് പവർ ഉള്ള ലെൻസ് ആയിരിക്കും. പക്ഷേ, ഇവൾ കുറച്ചു ഫാഷൻകാരിയാണല്ലോ. അതുകൊണ്ട് ബ്രൗൺ കളർ എടുത്തതായിരിക്കും"

ഭൂരിഭാഗവും അതിനെ ശരിവച്ചു. പിന്നെ, കുറച്ചുപേർ അവളെ കാണുമ്പോൾ ഇതിന്റെ പേരിൽ കമന്റടിക്കാനും തുടങ്ങി.

വർഷങ്ങൾ പലതും പിന്നിട്ടു. ഒരിക്കൽ, കോട്ടയം ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൽ വച്ച് മെറിനെ കണ്ടപ്പോഴേ ബിജേഷിനു മനസ്സിലായി. കാരണം, അപ്പോഴും അവളുടെ മുഖത്ത് ബ്രൗൺ നിറമുള്ള കണ്ണടയുണ്ടായിരുന്നു.

"മെറിൻ, തന്റെ കണ്ണട കാണുമ്പോഴേ എനിക്കു പെട്ടെന്ന് തിരിച്ചറിയാൻ പറ്റി"

"ഓ, ബിജേഷ്, അക്കാലത്ത് നിങ്ങളുടെ ക്ലാസ്സിലെ കുട്ടികൾ എന്നെ കളിയാക്കിയത് ഓർക്കുന്നുണ്ടോ?"

"ഉം. ശരിയാണ്, ഇയാളുടെ ഗ്ലാസ്സിന് ഒരു റെയ്ബാൻ ലുക്ക് ഉണ്ടായിരുന്നു"

ചിരിയോടെ അവൾ തുടർന്നു- "എനിക്കു നല്ല സൺലൈറ്റ് കണ്ടാൽ അപ്പോൾത്തന്നെ തലവേദന തുടങ്ങും. അതുകൊണ്ട് ഡോക്ടർ കുറിച്ച സ്പെക്സ് ആണിത്"

ബിജേഷ് പറഞ്ഞു - "കോളേജ് കാലത്ത് ആരാണു കാര്യമൊക്കെ അന്വേഷിക്കുന്നത്. യാതൊരു വകതിരിവുമില്ലാത്ത സമയം. ഞങ്ങൾക്ക് ദിവസവും ചിരിക്കാൻ എന്തെങ്കിലും കാര്യം വേണം, അത്രതന്നെ!"

ചിന്തിക്കുക... നാം അറിഞ്ഞോ അറിയാതെയോ തെറ്റായ നിഗമനങ്ങളിൽ എത്തിപ്പെടുന്ന സന്ദർഭങ്ങൾ എപ്പോൾ വേണമെങ്കിലും കടന്നു വരാം. നമ്മുടെ നേരമ്പോക്കുകൾ മറ്റുള്ളവരെ നോവിക്കുന്ന ഒന്നായി മാറാതെ ജാഗ്രത പാലിക്കണം.

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam