(561) യോഗാചാര്യൻ ആരാണ്?
യോഗാചാര്യന്മാരെ ഞാനിതുവരെയും ഒരിടത്തും കണ്ടിട്ടില്ല! പകരം, യോഗാ അധ്യാപനത്തിൽ ഒതുങ്ങുന്ന അധ്യാപകരാണ് എനിക്കു കാണാൻ പറ്റിയിട്ടുള്ളത് ഇന്നത്തെ അത്യാധുനിക ലോകത്തിൽ അത് സ്വാഭാവികമാണുതാനും. എന്നാൽ, പേരിനൊപ്പം യോഗാചാര്യൻ, യോഗ ശ്രേഷ്ഠൻ, യോഗ ഗുരു എന്നിങ്ങനെ അനേകം ആളുകൾ തെറ്റിദ്ധരിപ്പിക്കാറുണ്ട്. അതു വഴി ആളുകളെ കബളിപ്പിക്കാറുമുണ്ട്. യോഗാചാര്യൻ എന്നാൽ യോഗയെ ആചരിക്കുന്ന ആളാണ്. അത് ഏതാണ്ട് ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്ന പോലെയാണ്.
യമനിയമാദികളുടെ 10 ഘടകങ്ങൾ പോലും ആചരിക്കുന്ന ആരുണ്ട്? വിശദമായി പറഞ്ഞാൽ പ്രശസ്തി ആഗ്രഹിച്ചാൽ? രോഗസൗഖ്യം സാക്ഷ്യമായി പറയിച്ചാൽ?മതങ്ങളുടെ മറവിൽ ജോലി സമ്പാദിച്ചാൽ? പരസ്പരം അധര സേവയും പാദസേവയും ചെയ്ത് അവാർഡ്, പൊന്നാട, ഷീൽഡ്, കസവ് എന്നിവ സമ്പാദിച്ചാൽ?
ഗ്രൂപ്പിസം കളിച്ച് Open call ഇല്ലാതെ ശിങ്കിടികൾക്ക് മാനദണ്ഡങ്ങൾ കൂടാതെയുള്ള പദവി, ജോലി, വേതനം എന്നിവയുടെ സമ്പാദനം? കൊടുക്കൽ?
യോഗ നാച്ചുറോപ്പതി ചികിൽസ നൽകാൻ അധികാരമുള്ളത് BNYS എന്ന ഡോക്ടർ ബിരുദത്തിൽ യോഗയിലും നാച്ചുറോപ്പതിയിലുമാണ് ബിരുദം നൽകുന്നത്. അപ്പോൾ, അനേകം വ്യാജ വൈദ്യന്മാരുടെ ചികിൽസകൾ?
യോഗയെ പൂർണമായി ആചരിക്കുമ്പോൾ അവിടെ സത്യം, നീതി, മൂല്യബോധം, നിസ്വാർത്ഥത, ധാർമ്മികത, നിഷ്കളങ്കത, സമഭാവന എന്നിങ്ങനെ അനേകം യൂണിറ്റുകൾ മനസ്സിൽ കുടിയിരുത്തേണ്ടി വരും. അതിനായിരുന്നു പൊതുസമ്പർക്കം ഒഴിവാക്കാൻ യോഗാചാര്യന്മാർ കാട്ടിലും ഗുഹയിലും ആശ്രമത്തിലും കുടിയിരുന്നത്!
എന്നാൽ, ഈ ലോകത്തിലെ ധൂർത്തും പ്രശംസ തേടലും അത്യാർത്തിയും ത്യജിക്കേണ്ടതായി വരും. യാത്രകൾക്ക് സ്വന്തം വാഹനം വാങ്ങാതെ പൊതു വാഹനങ്ങളിൽ കയറേണ്ടിവരും. നഗ്നപാദരായി നടക്കണമെന്നുള്ളതിനു വേണമെങ്കിൽ അല്പം ഇളവു തേടാമെന്നു മാത്രം!
സുഖാന്വേഷികൾക്ക് യോഗാചാര്യൻ, യോഗഗുരു, യോഗ ശേഷ്ഠൻ എന്നിങ്ങനെയുള്ള പദങ്ങൾ ചേരില്ല. ലോകമെങ്ങും യോഗാ കച്ചവടക്കാരാണ് പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്നത്. യോഗ വച്ച് ബ്രാൻഡ് ചെയ്ത് കോടിക്കണക്കിനു വാർഷിക വരുമാനം ലഭിക്കുകയും ചെയ്യുന്നു. സ്വന്തമായി കറൻസി വരെ ഉള്ള ആശ്രമങ്ങൾ ലോകമെങ്ങും കാണാം! സൂപ്പർ ലക്ഷ്വറി കാറുകളിലും വിമാനയാത്രകളും പതിവാക്കിയവർ! എ/സി ആശ്രമങ്ങളിൽ ഇരുന്ന് ധ്യാനിക്കുന്നവർ! അതു ദുർമാതൃകയാക്കി മറ്റുള്ളവർ മഠങ്ങളും ആശ്രമങ്ങളും പണിത് വളരാൻ അത്യാഗ്രഹിക്കുന്നു!
ഇനി മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ മുൻ വൈസ് ചാൻസിലർ, കാർഡിയോളജിസ്റ്റ്, ഡോ.ബി.സി.റോയ് നാഷണൽ അവാർഡ്, പത്മഭൂഷൺ, പത്മവിഭൂഷൺ- ജേതാവ് എന്നിങ്ങനെയുള്ള ഡോ.ബി.എം. ഹെഗ്ഡെ ചെയ്ത പ്രസംഗത്തിലെ രത്നച്ചുരുക്കം ശ്രദ്ധിക്കുക-
1. യോഗയിലെ പ്രാണായാമം, ഓം, ധ്യാനം, യോഗാസനങ്ങൾ എന്നിവ ചെയ്തു കഴിഞ്ഞാലും ഇതൊന്നുമല്ലാത്ത 23 മണിക്കൂർ ഒരു ദിവസം യോഗയിൽ ജീവിക്കാൻ അവശേഷിക്കുന്നു.
2. യോഗി നല്ലൊരു മനുഷ്യനാവണം, സംസ്കാരമുണ്ടാവണം.
3. മതമല്ലാത്ത സനാതന ധർമ്മം പാലിച്ച് സജ്ജനങ്ങളാവണം. ദുർജ്ജനങ്ങൾ സജ്ജനങ്ങളായി മാറുന്നതാണ് യോഗയുടെ റോൾ.
4. ചിരിക്കാൻ ശ്രമിക്കുമ്പോൾ 172 ശരീര ചെറുഭാഗങ്ങൾ പങ്കെടുക്കുന്നു.
5. ഹൃദ്രോഗത്തിന്റെ ഏറ്റവും വലിയ കാരണം വിദ്വേഷം / അമർഷം ആണ്. കോളസ്ട്രോൾ അല്ല. അത് ശരീരത്തിന്റെ സുഹൃത്താണെന്ന് അമേരിക്കയും ഈ കാർഡിയോളജിസ്റ്റും പറയുന്നു.
6. ഏറ്റവും നല്ല മതം സ്നേഹമാണ്. എല്ലാവരും സഹോദരീ സഹോദരന്മാരായി കാണുക.
7. അദ്വൈതം പാലിക്കുക. (അതായത്, ദൈവവും നാമും രണ്ടല്ല, ഒന്നാണ് എന്ന സിദ്ധാന്തത്തിൽ ജീവിക്കണം)
8. യോഗി ശമ്പളം നോക്കാതെ പരോപകാരി ആവുക
9. യോഗയും വിദ്യാഭ്യാസവും കൊണ്ട് കണ്ണിന്റെ കാഴ്ചക്കപ്പുറം ഉൾക്കാഴ്ച നേടുക.
10. യോഗയിലൂടെ ആന്തരിക വികാസം നേടാൻ ശ്രമിക്കുക.
Comments