(560) തീയറ്റർ ആർട്ടിസ്റ്റ്
ഇംഗ്ലണ്ടിലെ കെന്റ് പ്രവിശ്യയിൽ നടന്ന സംഭവം.
ഒരിക്കൽ, ആറു വയസ്സുള്ള പെൺകുട്ടിയുടെ അമ്മയെ സ്കൂളിലേക്ക് പ്രധാന അധ്യാപിക വിളിച്ചു വരുത്തി ശകാരിച്ചു -
" ഈ കുട്ടിയെ ഏതെങ്കിലും സ്‌പെഷൽ സ്കൂളിൽ ചേർക്കുക. കാരണം, ഇവൾക്ക് ക്ലാസ്സിൽ ശ്രദ്ധയുമില്ല, എല്ലാവരെയും ശല്യം ചെയ്യുന്നുമുണ്ട് "
അമ്മ കുട്ടിയെ ചൈൽഡ് സൈക്കോളജിസ്റ്റിനെ കാണിച്ചു. അവർ നിരീക്ഷിച്ചതിനു ശേഷം, കുട്ടിയെ അടുത്ത പൂന്തോട്ടത്തിലേക്കു കൊണ്ടുപോയി. റേഡിയോ ഗാനം കേൾപ്പിച്ചു. ആ കുട്ടി പൂക്കളും ചെടികളും ആസ്വദിച്ചു കൊണ്ട് മതിമറന്നുള്ള ഡാൻസ് ചെയ്തു.
അന്നേരം, ഡോക്ടർ അമ്മയോടു പറഞ്ഞു - " ഈ കുട്ടിയെ നൃത്തം പഠിപ്പിക്കുന്ന സ്കൂളിൽ ചേർക്കുക "
അമ്മ അങ്ങനെ ചെയ്തു. ആ കുട്ടി പിന്നീട് പ്രശസ്തയായ ഡാൻസർ , തിയറ്റർ ആർട്ടിസ്റ്റ് കൊറിയോഗ്രാഫർ എന്നിങ്ങനെ ആയി മാറുകയും ചെയ്തു. പേര് - ഗില്ലിയൻ ബാർബറ ലിനെ! ( Gillian Barbara Lynne, English actress, ballerina, dancer, theatre artist, choreographer)
ചിന്താശകലം - നാം മനുഷ്യർ അനേകം കഴിവുകളുമായി ഈ ഭൂമിയിൽ പിറന്നുവീഴുന്നു. ചിലർക്ക് കഴിവുണ്ടെന്ന് ഒരു ജന്മം കൊണ്ടു പോലും മനസ്സിലാക്കാൻ കഴിയാറില്ല. മറ്റു ചിലർക്ക് കഴിവു കണ്ടെത്തിയാലും അവസരവും സാഹചര്യവും ഒത്തുവരാറില്ല.
വേറെ ചിലരാകട്ടെ, യാതൊരു കഴിവുമില്ലാതെ വളഞ്ഞ വഴിയിലൂടെ വലിയ സ്ഥാനങ്ങളിൽ എത്തി അതെല്ലാം ദുർവിനിയോഗം ചെയ്യാറുമുണ്ട്.
Comments