ഏതാണ്ട്, മുപ്പതു വർഷങ്ങൾക്കു മുൻപുള്ള ബിനീഷിന്റെ സ്കൂൾ പഠനകാലം. ഹൈസ്കൂളിൽ പഠിക്കാൻ പോകുന്നത് നിറയെ മനം നിറയ്ക്കുന്ന കാഴ്ചകൾ കൊണ്ടു സമ്പന്നമായ ചെമ്മൺ പാതയിലൂടെയാണ്. ആ വഴി പോകുന്നത് പ്രധാനമായും ഒരുപാട് ഏക്കർ പറമ്പുള്ള മൂന്ന് ധനികരായ തറവാട്ടുകാരുടെ സ്ഥലത്തിലൂടെ.
അവിടെ അനേകം മാവുകൾ, വാഴകൾ, പാഷൻ ഫ്രൂട്ട്, അമ്പഴം, ചാമ്പ, കൈതച്ചക്ക, റമ്പൂട്ടാൻ, ചക്ക അങ്ങനെ അനേകം പ്രകൃതിവിഭവങ്ങൾ കാണാനാകും. പൂവൻ പഴമൊക്കെ പഴുത്തു നിൽക്കുന്നതു കണ്ടാൽ അത് ഇരിഞ്ഞു തിന്നിട്ടേ കുട്ടികൾ പോകൂ.
ഒരിക്കൽ പാതയോരത്തു നിന്ന വലിയ മൂവാണ്ടൻമാവിന്റെ സീസൺ വന്നു. നിലത്തു വീണു കിടക്കുന്ന മാങ്ങായൊന്നും ഫ്രഷ് അല്ലെന്ന കാരണത്താൽ എടുക്കില്ല. എറിഞ്ഞുതന്നെ താഴെ വീഴിക്കുന്നതിലാണു മിടുക്ക്. ചിലപ്പോൾ , രാവിലെയും വൈകുന്നേരവും കൂട്ടുകാർ എറിയും.
ഒരു ദിവസം വൈകുന്നേരം, അവർ മടങ്ങുന്ന വഴി എറിയാൻ കല്ലു നോക്കിയിട്ട് ഒരെണ്ണം പോലുമില്ല. ഇനിയിപ്പോൾ എന്താ ചെയ്ക?
ഉടൻ, ബിനീഷിന് ഒരു ബുദ്ധിയുദിച്ചു - "നമ്മൾ എറിഞ്ഞ കല്ലുകൾ മാവിന്റെ അപ്പുറത്ത് വീണു കിടപ്പുണ്ടാകും. ആദ്യം കല്ലു പെറുക്കാം. പിന്നെ, മാങ്ങാ പെറുക്കാം"
അവർ പറമ്പിനുള്ളിൽ കയറി കല്ലുകൾ ഒരുപാട് പെറുക്കിയെടുത്തു. പിന്നെ, ഏറിന്റെ പൂരമായിരുന്നു. മാങ്ങാക്കുലകൾ ചിതറി വീണു!
ചിന്താവിഷയം-
ഇതുപോലെ, ലക്ഷ്യത്തിൽ എത്താതെ പോയ പാഴായ അനേകം കല്ലുകളും നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകും. അവ നമ്മുടെതന്നെ ഉയർച്ചയ്ക്കായി വീണ്ടും പെറുക്കിയെടുക്കണം. ഇങ്ങനെ, പാഴായ കല്ലുകളും പ്രയോജനപ്പെടുന്ന പാഠങ്ങളാണ്. മറ്റുള്ളവർക്ക് അതൊക്കെ പറഞ്ഞു കൊടുത്താൽ ആ നെഗറ്റീവ് കാര്യങ്ങൾ പോസിറ്റീവ് ആയി മാറും!
Malayalam eBooks-553-career guidance-18 PDF file- https://drive.google.com/file/d/10DHRI--HRIZ8ND-QbHzIhF8CjGznhehi/view?usp=sharing
Comments