(550) ഗുരുവും തോണിയും

സിൽബാരിപുരംദേശത്തെ ഒരു ആശ്രമം. അവിടെ പഠിച്ചിരുന്ന ശിഷ്യർ ഒട്ടും അനുസരണ ശീലമുള്ളവരായിരുന്നില്ല. അതിനാൽ ഗുരുവിന് രാവിലെയുള്ള ധ്യാനത്തിന് പലപ്പോഴും തടസ്സം നേരിട്ടു.

ഒരു ദിവസം, പുലർച്ചെ നാലു മണിക്ക്, ഗുരു തോണിയിൽ കയറി കായലിലൂടെ തുഴഞ്ഞ് വിജനമായ കിഴക്കൻതീരത്തേക്കു പോയി. ശുദ്ധമായ വായുവും കിളികളുടെ മധുരതരമായ ശബ്ദങ്ങളും കേട്ട് അദ്ദേഹം ധ്യാനത്തിൽ മുഴുകി. പെട്ടെന്ന് മറ്റൊരു വള്ളം ഗുരുവിന്റെ ചെറുതോണിയുടെ പിറകിലായി വന്ന് ഇടിച്ചു.

ഗുരു ഞെട്ടി ഉണർന്നു. തന്റെ ധ്യാനത്തിനു ഭംഗം വരുത്തിയ തോണിക്കാരനെ ഉഗ്രകോപത്തോടെ ശപിച്ചു - "ഇവിടെപ്പോലും എനിക്കു സ്വൈരം തരാത്ത നീ അലഞ്ഞുതിരിഞ്ഞ് സ്വസ്ഥത കിട്ടാതെ നരകിച്ചു മരിക്കട്ടെ!"

നിലാവിന്റെ അരണ്ട വെളിച്ചത്തിൽ കണ്ട നിഴൽ രൂപം ഈ അലർച്ച കേട്ടിട്ടും ഒന്നും മിണ്ടാത്തതിനാൽ കണ്ണു രണ്ടും തിരുമ്മി ഒന്നുകൂടി നോക്കിയപ്പോൾ കാര്യം വ്യക്തമായി. അത് സ്വന്തം നിഴലായിരുന്നു! എവിടെ നിന്നോ കെട്ടഴിഞ്ഞു പോന്ന അലഞ്ഞുതിരിയുന്ന തോണി!

സ്വന്തം നിഴലിനോടു കോപിച്ച് സ്വയം ശപിച്ചിരിക്കുന്നു! തന്റെ മനസ്സ് കെട്ടഴിഞ്ഞ തോണി പോലെ ഒഴുകി നടക്കുന്നുവോ?

ഉടൻതന്നെ, ഗുരു തോണിയുമായി തിരികെ തുഴഞ്ഞു.

ചിന്താശകലം - മിക്കവാറും കോപിക്കുന്നതിന്റെ ബലിയാട് കോപിക്കുന്ന ആൾ മാത്രമാകും. കാരണം, മതിയായ കാരണമില്ലാത്ത സ്വന്തം പിടിപ്പുകേടും വിശകലനത്തിലെ പിഴവും നിമിത്തം സ്വന്തം  കോശങ്ങളെ ശിഥിലീകരിക്കുന്ന ജൈവപ്രക്രിയ ഇതിലൂടെ നടക്കുന്നുണ്ട്.

Malayalam digital book series- 550- folk tales- 37 as PDF file for free online reading- https://drive.google.com/file/d/1057vigMWEJBzVqToTWwjuRcimU0naSG8/view?usp=sharing

Comments