(531) കഥാസരിത്സാഗരം

Kathasaritsagara

കഥാസരിത്സാഗരം എന്നാൽ ഭാരതത്തിലെങ്ങും വാമൊഴിയായി പ്രശസ്തമായ അനേകം നാടോടിക്കഥകളും മുത്തശ്ശിക്കഥകളും മിത്തുകളും അടങ്ങിയ മഹാ സാഗരമാണ്. അതിൽ ജാതക കഥകളും ഈസോപ് കഥകളും പഞ്ചതന്ത്ര കഥകളും ബീർബൽ കഥകളുമൊക്കെ പല രൂപത്തിൽ ഇഴ ചേർന്നിരിക്കുന്നു. അതിനാൽ സാമാന്യമായി ഒരേ കഥ തന്നെ പല രൂപത്തിലും ഭാവത്തിലും പല ലോക ഭാഷകളിൽ കണ്ടുമുട്ടാം.

ഭാരതത്തിലെ ഏറ്റവും വലിയ കഥാ ശേഖരമായി ഇതിനെ കണക്കാക്കുന്നു. 18 പുസ്തകങ്ങളും 124 അധ്യായങ്ങളും 22,000 ശ്ലോകങ്ങളും അടങ്ങിയ ഇതിൽ 300 കഥകളും അനേകം ഉപകഥകളും അടങ്ങിയിട്ടുണ്ട്. നാം ഇന്നു കാണുന്ന കഥാസരിത്സാഗരത്തിന്റെ രചയിതാവ് സോമദേവനാണ്. ഇതിന്റെ രചന പതിനൊന്നാം നൂറ്റാണ്ടിൽ 1063 - 81 AD കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു. അദ്ദേഹം സംസ്കൃത ഭാഷയിൽ രചിച്ചത് ഗുണാധ്യായന്റെ ബൃഹത്കഥ എന്ന കഥകളുടെ കൂട്ടായ്മയെ അടിസ്ഥാനമാക്കിയാണ്. ബൃഹത്കഥയുടെ മൂലകൃതി രചിക്കപ്പെട്ടത് പൈശാചി എന്ന ഭാഷയിലായിരുന്നു. ഇപ്പോൾ ലഭ്യമല്ലതാനും. കാശ്മീർ രാജാവ് അനന്തന്റെ കൊട്ടാരത്തിലെ കവിയായിരുന്നു ശൈവ ബ്രാഹ്മണനായ സോമദേവൻ.

ഏറെ പ്രശസ്തമായ ഒരു കഥ വായിക്കൂ ..

വ്യാപാരിയായ മൂഷികൻ!

ഒരിക്കൽ, ഒരു ചെറുപ്പക്കാരൻ പണി തേടി അലഞ്ഞു നടക്കുകയായിരുന്നു. നടന്നു നടന്ന് ഒരു ധനികനായ മനുഷ്യന്റെ വീട്ടുമുറ്റത്ത് എത്തി. ആ വീടിന്റെ അകത്തു നിന്നും ഉച്ചത്തിലുള്ള സംസാരം വെളിയിൽ കേൾക്കാമായിരുന്നു. ചെറുപ്പക്കാരൻ തന്റെ ചെവി വട്ടം പിടിച്ചു.

കാര്യം ഇതായിരുന്നു -ധനികന്റെ മകൻ പലതരം കച്ചവടത്തിൽ ഏർപ്പെട്ടെങ്കിലും അതെല്ലാം പരാജയപ്പെട്ടിരിക്കുന്നു. പക്ഷേ, ഇപ്പോൾ പ്രശ്നം അതല്ല. അവന്റെ മുറിയിൽ ഒരു എലി ചത്തു കിടപ്പുണ്ടായിരുന്നു.

"നിനക്ക് വിജയകരമായി കച്ചവടം ചെയ്യാൻ ഈ ചത്ത എലി തന്നെ ധാരാളം " എന്ന് മകനോടു പറഞ്ഞെങ്കിലും അവൻ ഒന്നും മിണ്ടിയില്ല.

ഇതെല്ലാം ഗ്രഹിച്ച ചെറുപ്പക്കാരൻ ഇങ്ങനെ ചിന്തിച്ചു - ഇത്രയും ധനികനായ ആൾ പറഞ്ഞാൽ അതിൽ എന്തെങ്കിലും കാര്യമുണ്ടാകും!

പെട്ടെന്ന്, അവൻ ധനികനോട് എലിയെ തരാമോ എന്നു ചോദിച്ചു. അങ്ങനെ കിട്ടിയ ചത്ത എലിയും കയ്യിൽ തൂക്കിയെടുത്ത് വഴിയിലേക്കിറങ്ങി. പിന്നെ, പല വീടുകളിൽ കയറിയിറങ്ങിയെങ്കിലും പലരും പരിഹസിച്ചു. ഒടുവിൽ അങ്ങനെ, വഴിയിലൂടെ നടക്കവേ, ഒരു മനുഷ്യൻ പൂച്ചയെ ഓമനിച്ചു കൊണ്ട് വീടിന്റെ വരാന്തയിൽ ഇരിപ്പുണ്ടായിരുന്നു. അയാൾ പൂച്ചയ്ക്കു ഭക്ഷണമായ എലിയെ വാങ്ങിയിട്ടു പറഞ്ഞു -

"ഇതിനു പകരമായി ഏതാനും നാണയങ്ങൾ നീ എടുത്തോളൂ"

ചെറുപ്പക്കാരൻ സന്തോഷത്തോടെ നാണയവുമായി പോയി. പിന്നീട്, അതുകൊണ്ട് നിലക്കടല വാങ്ങി വീട്ടിൽ കൊണ്ടുപോയി വറുത്ത് തിരികെയെത്തി. ആ വഴിയിലൂടെ സ്ഥിരമായി വൈകുന്നേരം വിറകും ചുമന്നുകൊണ്ട് ആളുകൾ പോകുന്നുണ്ടായിരുന്നു. അവരെ ലക്ഷ്യമിട്ട് വറുത്ത കടലയും വെള്ളവും വച്ചു. അവർക്ക് അത് വളരെ ഇഷ്ടമായി. പകരമായി വിറകാണ് ചെറുപ്പക്കാരനു വിലയായി കൊടുത്തത്. ഓരോ ദിവസവും അയാൾ വിറക് ചുമന്നുകൊണ്ട് ചായക്കടയ്ക്കു കൊടുത്ത് പണം സമ്പാദിച്ചു. കുറെ മാസങ്ങൾ പിന്നിട്ടപ്പോൾ ചന്തയിൽ ചെറിയൊരു പലചരക്കു കട തുടങ്ങി. കുറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ അയാൾ അനേകം കടകൾ ഉള്ള വ്യാപാരിയായി മാറി. ഒരു എലിയിൽ നിന്ന് സമ്പന്നനായി മാറിയ കഥ അറിഞ്ഞ് 'മൂഷികൻ' എന്ന പേരിൽ ആ വ്യാപാരി അറിയപ്പെട്ടു.

ചിന്താവിഷയം-ഈ കഥയിലേതു പോലെ നമ്മെ ഓർമ്മിപ്പിക്കുന്ന ചൊല്ലാണ് - "വല്ലഭനു പുല്ലും ആയുധം " എന്നുള്ളത്. അതായത്, ഉയരാനുള്ള മനസ്സാണ് നാം ആർജ്ജിക്കേണ്ടത്. ബാക്കിയെല്ലാം പിന്നാലെ വന്നുകൊള്ളും!!

Malayalam eBooks-531 as PDF free online reading-https://drive.google.com/file/d/1isoewjpJoGLkxhNM_61-oso8VDQHmW7G/view?usp=sharing

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam