(529) സർക്കാർ സ്വകാര്യ ജോലികൾ!

ഒന്നാമത്തെ കഥ- പതിനഞ്ച് വർഷങ്ങൾക്കു മുൻപ്, വലിയൊരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ബിജേഷ്, ഒരു ദിവസം അവൻ പനി വച്ചു കൊണ്ട് ജോലിക്കു പോകാൻ ഒരുങ്ങവേ ഭാര്യ തടഞ്ഞു - " ലീവ് സൂപ്പർവൈസറോട് വിളിച്ചു പറയ്. ഇന്ന് പാരസെറ്റാമോൾ കഴിച്ചെന്നു പറഞ്ഞ് കാര്യമില്ല. റെസ്റ്റ് എടുത്തില്ലെങ്കിൽ പ്രശ്നമാകും"

"എടീ, ഒരു ഗുളിക ബാഗിൽ ഇട്ടിട്ടുണ്ട്. പോയിട്ട് അടുത്ത ദിവസത്തേക്ക് ലീവ് എടുക്കാം. വിളിച്ചു പറഞ്ഞാൽ അയാൾക്ക് ഇഷ്ടപ്പെടില്ല"

ഭാര്യ അത്ര രസിക്കാത്ത മട്ടിൽ പറഞ്ഞു - " അതെന്താ, ആ മനുഷ്യൻ പനി വരാത്ത സൂപ്പർമാനാണോ? കാഷ്വൽ ലീവ് പതിനഞ്ചിൽ വെറും നാലെണ്ണം മാത്രമേ ഈ വർഷം എടുത്തിട്ടുള്ളൂ "

വിഷയം മാറ്റാനായി ബിജേഷ് പറഞ്ഞു - " അമ്പടീ മിടുക്കീ ഞാൻ പോലും ലീവെടുത്തത് മറന്നിരിക്കുവായിരുന്നു "

ആ സുഖിപ്പിക്കൽ കേൾക്കാത്ത മട്ടിൽ അവൾ മുഖം വീർപ്പിച്ച് അകത്തേക്കു പോയി.

അയാൾ അവിടെ ചെന്ന് ജോലി സ്ഥലത്തെ തടിയൻകംപ്യൂട്ടറിനു മുന്നിൽ ബാഗു വച്ചയുടൻ ലീവ് ഫോമുമായി സൂപ്പർവൈസറെ കണ്ടു - "സാർ , എനിക്കു പനിയാണ്. നാളെ ഒരു ലീവ് വേണമായിരുന്നു "

ഉടൻ, സൂപ്പർ ഏമാൻ എല്ലാവരും കേൾക്കാൻ പാകത്തിന് ഉച്ചത്തിൽ പറയുകയാണ് - "നിങ്ങൾ എല്ലാവരും കേട്ടോ ? നാളെ ബിജേഷിന് പനിയാണെന്ന് !"

അതു കേൾക്കേണ്ട താമസമേ വന്നുള്ളൂ, ആ ഹാൾ മുഴുവനും ആക്കിച്ചിരിയിൽ മുങ്ങി ! എന്നിട്ട്, ലീവ് അനുവദിച്ച് ഫോമിൽ ഒപ്പിടുകയും ചെയ്തു.

രണ്ടാമത്തെ സംഭവ കഥ ചിക്കുൻ ഗുനിയ കേരളത്തിൽ പടർന്നു പിടിച്ച കാലത്തെ കാര്യമാണ്. ബിജേഷിന്റെ സമീപ പ്രദേശത്തുള്ള ഒരു സാധുവായ മനുഷ്യൻ പട്ടണത്തിലെ കടയിൽ സെയിൽസ്മാനായി ആറുവർഷം എങ്കിലും പിന്നിട്ടിരിക്കുന്ന കാലം. ആ സമയത്ത് കൊതുകിന്റെ വക പകർച്ചവ്യാധിയായ ചിക്കുൻ ഗുനിയ വന്ന് ഈ ജോലിക്കാരനെ രോഗിയാക്കിയത്. കാൽമുട്ട് നിവർത്തി നടക്കാൻ വയ്യാതെ കടയുടമയോട് രണ്ടു ദിവസം അവധി ചോദിച്ചപ്പോൾ ആ മുതലാളി പറഞ്ഞു -

"പ്ഫ... നിന്റെ പണി ഞാൻ ചെയ്തോളാം. നീ വീട്ടിലിരുന്നോടാ . മേലിൽ കടയുടെ ഈ പരിസരത്തേക്കു കണ്ടു പോകരുത്""

ആറുവർഷം കടയിൽ സെയിൽസ്മാനായി നിന്ന അവന്റെ പണി തെറിച്ചു! അയാൾ അതിനു ശേഷം, സമീപ പ്രദേശങ്ങളിലൂടെ ലോട്ടറിയുമായി പതിയെ നടന്നുനീങ്ങി. ഇതുവരെയും വലിയ സമ്മാനങ്ങളുടെ കമ്മീഷനൊന്നും അനുഭവിക്കാൻ യോഗമുണ്ടായിട്ടില്ല. ഇപ്പോഴും നടക്കുമ്പോൾ മുട്ടിന്റെ പ്രയാസങ്ങൾ ഉണ്ടെന്നു നടക്കുന്നതു കാണുമ്പോൾ മനസ്സിലാക്കാം.

മൂന്നാമത്തെ കഥ- ഒരു ദിവസം വൈകുന്നേരം ബിജേഷ് ജോലി കഴിഞ്ഞ് കോട്ടയത്തിനടുത്തുള്ള പ്രശസ്തമായ പള്ളിയിലേക്ക് നടന്നു പോകുകയായിരുന്നു. നല്ല മഴ ഒരെണ്ണം പെയ്തു പോയിരിക്കുന്നു. ജൂലൈ മാസം ആകയാൽ നല്ല സുഖമുള്ള തണുത്ത കാലാവസ്ഥ. സാമാന്യം വലിയൊരു ഹോട്ടലിന് മുന്നിലൂടെ കടന്നു പോയപ്പോൾ പാതയോരത്ത് ടൊയോട്ട ഇന്നോവ കാർ സ്റ്റാർട്ട് ആയി കിടപ്പുണ്ട്. അതിനുള്ളിൽ ഡ്രൈവർ സീറ്റ് പിറകിലേക്ക് വിടർത്തി സുഖമായി എസി തണുപ്പിൽ കിടന്നുറങ്ങുന്നു! 

ഒരു ലിറ്റർ പെട്രോളിന് വെറും പത്ത് കിലോമീറ്റർ ഇന്ധനക്ഷമത ഉള്ള ആഡംബര കാറിൽ സ്വന്തം കാശു മുടക്കി കാർ വാങ്ങിയവന് എങ്ങനെയും അത് ഉപയോഗിക്കാമല്ലോ. എന്നാൽ, ഇവിടെ ഇതൊരു സർക്കാർ വാഹനമാകുന്നു!  പദവിയുടെ പേര് നമ്പർ പ്ലേറ്റിന് മുകളിൽ ചുവന്ന അക്ഷരത്തിൽ എഴുതിയിട്ടുണ്ട്- ഊണി-വാർ-സിറ്റിയുടെ വാഹനമാണ്. ഉദ്യോഗസ്ഥൻ ജോലിസമയം കഴിഞ്ഞ് ഹോട്ടൽ പരിപാടിക്ക് വന്നതാണ്. ഡ്രൈവർ അവന് പറ്റിയതുപോലെ ലൈഫ് ആസ്വദിക്കുന്നു!

ചിന്താവിഷയം - ഒരു സർക്കാർ ജോലിക്കാരന് ജോലിയുമായി യാതൊരു ബന്ധവുമില്ലാത്ത Trekking expedition എന്ന കാര്യത്തിൽ 30 ദിവസത്തെ കാഷ്വൽ ലീവ് അനുവദിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാർ ഉത്തരവ് കണ്ടപ്പോൾ ഇത്രയും എഴുതാൻ നിമിത്തമായി. അതായത്, സർക്കാർ ജോലിക്കാരുടെ സേവന വേതന വ്യവസ്ഥകൾ, ആനുകൂല്യങ്ങൾ, അവധികൾ, സുരക്ഷ, പെൻഷൻ മുതലായവ സ്വകാര്യ മേഖലയുമായി താരതമ്യപ്പെടുത്തിയാൽ കടുത്ത വിവേചനവും അസമത്വവും കൊടികുത്തി വാഴുന്നതു കാണാനാവും. ഇത് വെറുമൊരു ഓർമ്മപ്പെടുത്തൽ മാത്രം. ഒരു വെള്ളരിക്കാപട്ടണ രാജ്യത്ത് അന്ധവിശ്വാസങ്ങളിലും വിവേചനങ്ങളിലും അരാജകത്വങ്ങളിലും കഴിവതും പെടാതെ ഒഴിഞ്ഞുമാറാൻ വായനക്കാർ ശ്രമിക്കുമല്ലോ.

Labels: Inequality of government job and private sector job. leave sanction, Kerala state service, central government job.

Malayalam eBooks-529 as free PDF online reading- https://drive.google.com/file/d/18BII-skam30a4CitpYXlyNG3vNntfFnR/view?usp=sharing

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam