(526) School Yoga Teacher Interview


യോഗയുടെ ജോലിക്കാര്യം അറിയാൻ പലപ്പോഴും വൈകാറുള്ളതു സ്വാഭാവികമാണ്. കാരണം, മറ്റുള്ള വിഷയങ്ങളേപ്പോലെ അധികം ഒഴിവുകളും സ്ഥലങ്ങളും പ്രശസ്തിയും ഇല്ലല്ലോ. അതുകൊണ്ട് ഏതു പാതിരാ സമയത്തും ഏതു ഇന്റർവ്യൂ സ്ഥലത്തേക്കും ഓടാൻ പാകത്തിന് ബിജുക്കുട്ടൻ തന്റെ ഫയൽ തയ്യാറാക്കി വച്ചിരിക്കും.

അങ്ങനെ ഒരു ദിനം - ഇന്ത്യ മുഴുവൻ പടർന്നു പന്തലിച്ചു കിടക്കുന്ന വിദ്യാലയ സമൂഹത്തിന്റെ കേരളത്തിലെ പ്രശസ്തമായ ശാഖയിലേക്ക് യോഗ അധ്യാപനത്തിന് വോക്ക് ഇൻ ഇന്റർവ്യൂ വിളിച്ചിരിക്കുന്നു.

ശമ്പളം നോക്കാനായി ഔദ്യോഗിക വെബ് സൈറ്റിൽ കയറിയപ്പോൾ ചെന്നത് സ്ഥിരം അധ്യാപകരുടെ പുലിമടയിൽ. അവർക്ക് 60, 80, 1 ലക്ഷം വരെയൊക്കെ വരുന്നതിനാൽ ബിജുക്കുട്ടൻ അത്തരം സ്കൂളുകളെ കേന്ദ്രപ്പൻ സ്കൂൾ എന്നാണു പറയാറ്. അതിനു താഴെയായി ഒരു വർഷത്തേക്കുള്ള യോഗാ കരാർ നിയമനത്തിന് പ്രതിമാസം 21,500 രൂപയും.

കൃത്യസമയത്തിനു അര മണിക്കൂർ മുൻപുതന്നെ ബിജുക്കുട്ടൻ സ്ഥലത്തെത്തി. അവിടെ മുപ്പതോളം ഉദ്യോഗാർഥികൾ. മിക്കവരും യോഗ ജോലി ചെയ്യുന്ന അധ്യാപരാണ്. ദിവസ വേതനക്കാരും ചെറിയ സ്കൂളിലുള്ളവരും ഉണ്ട്.

അടുത്തിരുന്ന അധ്യാപികയെ ബിജുക്കുട്ടൻ പരിചയപ്പെട്ടു. മറ്റൊരു കേന്ദ്രപ്പൻ അധ്യാപികയാണ്. പക്ഷേ, ആ ടീച്ചറിന്റെ സ്കൂളിൽ ഇന്റർവ്യൂ കഴിഞ്ഞെങ്കിലും യാതൊരു ഉറപ്പുമില്ലത്രെ. കാരണം, അഭിമുഖത്തിൽ കൂടുതൽ പ്രകടനം കാഴ്ച വയ്ക്കുന്നവർ ആരായാലും അവർ എടുക്കും. കാരണം, യോഗ അധ്യാപനത്തിന് ഒരാൾ മതിയല്ലോ. സെലക്ഷൻ പാനലിൽ രണ്ടാമത് വന്നാലും രക്ഷയില്ലാ. ആ ടീച്ചറിന്റെ മുഖത്തു നിന്നും നിരാശ വായിച്ചെടുക്കാൻ പറ്റുന്നുണ്ടായിരുന്നു.

അതിനിടയിൽ, ഒരാൾ വിയർത്തൊലിച്ച് അങ്ങോട്ടു വന്ന് എല്ലാവരെയും ഒന്നു വീക്ഷിച്ച് കുറച്ചുനേരം അവിടെ നിന്നു. അതിനു ശേഷം ബിജുക്കുട്ടൻ യോഗയുടെ ഒരു ബുക്കു വായിക്കുന്നതു കണ്ട്, അടുത്തുള്ള കസേരയിൽ വന്നിരുന്ന് അലസമായ ഭാവത്തിൽ പറഞ്ഞു -

"ഇവിടെ ഇന്റർവ്യൂ ചെയ്യുന്നവർക്ക് യോഗയുടെ എബിസിഡി അറിയാൻ വയ്യ, അതുകൊണ്ട് അത്തരം ചോദ്യമൊന്നും ആരും ചോദിക്കാൻ പോകുന്നില്ല "

ബിജുക്കുട്ടൻ ചിരിച്ചു തലയാട്ടി കൊണ്ട് അവന്റെ പരിഭ്രാന്തിയുള്ള കണ്ണിലേക്കു നോക്കിയപ്പോൾ ഇവിടെയുള്ള നിലവിലെ യോഗാധ്യാപകൻ അയാളു തന്നെയെന്ന് പിടികിട്ടി.

അന്നേരം, ആ ടീച്ചർ പറഞ്ഞു -

"ഇപ്പോൾ വന്നിട്ടു പോയ ആളാണ് ഇവിടത്തെ സാറ്. എന്റെ സ്കൂളിലും ഇന്റർവ്യൂവിന് വന്നിട്ടുണ്ടായിരുന്നു "

പുറത്തുള്ള വരാന്തയിൽ കിടന്നിരുന്ന കസേരകളിൽ വിളിക്കുന്ന ക്രമം അനുസരിച്ച് ആളുകൾ ഇരുന്നപ്പോൾ ആ അധ്യാപകൻ അവിടെയും അടുത്ത ചെയറിൽ വന്നിരുന്നു. മുറിയിലിരുന്നപ്പോൾ താൻ പഠിക്കുന്നതു കണ്ടപ്പോൾ ജോലി സാധ്യതയുടെ ലക്ഷണം കണ്ടതിനാൽ നിരുൽസാഹപ്പെടുത്താൻ വന്നതാണ് അയാളെന്നു ബിജുവിനു മനസ്സിലായിരുന്നു. പക്ഷേ, ഇപ്പോളും ടെൻഷൻ നിറഞ്ഞ മുഖവുമായി ഒന്നും മിണ്ടാതെ വെറുതെയിരുന്ന അയാളിൽ നിന്നും ഇനിയും തന്ത്രങ്ങൾ വന്നേക്കാമെന്ന് ബിജു കരുതിയിരുന്നു.

ഇന്റർവ്യൂവിന് ബിജു കയറുന്നതിന് തൊട്ടു മുൻപ് അയാൾ പറഞ്ഞു -

"ഇന്റർവ്യൂ ചെയ്യുന്ന പ്രിൻസിപ്പാള് യോഗയുടെ ഉസ്താദാണ് !"

അപ്പോഴും ബിജു ചിരിച്ചു കൊണ്ട് തലയാട്ടി. പക്ഷേ, മനസ്സിൽ പറഞ്ഞു -

" അവന്റെയൊരു സൈക്കോളജിക്കൽ മൂവ് ! ത്ഫൂ..."

ഇന്റർവ്യൂ ഹാളിൽ പ്രവേശിച്ചു. ആദ്യം തന്നെ വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിച്ചു. റെകോർഡ് ബുക്കിലെ യോഗാസനങ്ങൾ ചെയ്യുന്ന ഫോട്ടോകൾ തിരിച്ചും മറിച്ചും നോക്കി ബോധ്യപ്പെട്ടു.

അഭിമുഖത്തിൽ, ചില പ്രായോഗിക സമീപനങ്ങൾ ബിജു ചെയ്യാറുണ്ട്.

ഒന്ന് - യോഗ്യതകൾ ക്രമമായി അടുക്കിയ ഫയൽ ഷീറ്റുകളിൽ നിന്ന് വെളിയിലെടുത്ത് കൈമാറി കളിക്കാൻ അനുവദിക്കാത്ത ഫയൽ. കാരണം, അവർ തിരികെ വച്ചില്ലെങ്കിൽ പണി പാളും. മാത്രമല്ല, ചായ, വെള്ളം, സ്നാക്സ് എന്നിവ പിടിച്ച കൈ കൊണ്ട് അലക്ഷ്യമായി ഡീൽ ചെയ്യാനും സാധ്യതയേറെ.

രണ്ടാമത് - യോഗാസനങ്ങൾ ചെയ്തു കാണിക്കാൻ പറയുമ്പോൾ വഴങ്ങുന്ന സ്ട്രെച്ചബിൾ കോട്ടൺ പാന്റ് ഉപയോഗിക്കും. കൂടാതെ, പഴ്സ്, കാർഡുകൾ, വാഹനത്തിന്റെ കീ, അങ്ങനെ യാതൊന്നും പൊഴിയാൻ ഇടയാകരുത് എന്നു കരുതി അവ ബാഗിലേക്ക് മാറ്റും. സ്ട്രെച്ചബിൾ ജീൻസ് നല്ലതാണെങ്കിലും ഇന്റർവ്യൂ മതിപ്പ് കിട്ടില്ല. (സ്ത്രീകൾക്കും ഷാൾ ഇല്ലാതെ നന്നായി ചലനങ്ങൾക്കു വഴങ്ങുന്ന വസ്ത്രങ്ങൾ യോഗാസനങ്ങൾക്കു വേണം )

ആ പ്രിൻസിപ്പലിനു യോഗയിലെ മെഡിറ്റേഷൻ ആയിരുന്നു താൽപര്യം. കുറെ ചോദ്യങ്ങൾ ചോദിച്ചു. നന്നായി ഉത്തരവും പറഞ്ഞു. യോഗാസനങ്ങൾ പത്താം ക്ലാസിന് എടുക്കുന്ന രീതിയിൽ ചെയ്തു കാണിക്കാൻ പറഞ്ഞു. നന്നായി ചെയ്തു. എന്തെങ്കിലും അങ്ങോട്ടു ചോദിക്കാനുണ്ടോ എന്നു ചോദിച്ചെങ്കിലും ബിജുവിന് സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും അപ്രീതി ഒഴിവാക്കാൻ ഒന്നും ചോദിച്ചില്ല. അവർ പിന്നീട് വിവരം അറിയിക്കാമെന്നു പറഞ്ഞു പിരിഞ്ഞു.

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ, പ്രിൻസിപ്പൽ ബിജുവിനെ ഫോണിൽ വിളിച്ചു. ജോലിയിൽ പ്രവേശിക്കാൻ നാളെ സ്കൂളിൽ വരണമെന്നു പറയാൻ. ഏകദേശം പത്തു മിനിറ്റോളം ഈ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഒടുവിൽ, ജോലി വേണ്ടെന്ന് തീരുമാനിച്ചു.

1. പരീക്ഷ നടക്കുന്ന സമയത്തും ഓണം, ക്രിസ്മസ് പോലുള്ള അവധി സമയത്തും ശമ്പളം ഇല്ല!

2. വലിയ പരീക്ഷ കഴിഞ്ഞുള്ള രണ്ടു മാസം ശമ്പളമില്ല !

3. ഓരോ വർഷവും ഇന്റർവ്യൂ പങ്കെടുക്കണം. യാതൊരു മുൻഗണനയുമില്ല. കഴിവുള്ള ആരെങ്കിലും വന്നാൽ ജോലി പോയി!

4. തുടർച്ചയായി മിടുക്കു തെളിയിച്ചാലും 3 തവണയിൽ കൂടുതൽ അടുപ്പിച്ച് എടുക്കില്ല. അതായത്, സ്ഥിരമാക്കണമെന്ന് കേസു വന്ന് പല തവണ വിവിധ സംസ്ഥാനങ്ങളിൽ പ്രിൻസിപ്പൽ ഉൾപ്പെടെ നിയമ നൂലാമാലകളിൽ പെട്ടുവത്രെ!

5. സർക്കാർ സ്ഥിരനിയമന പരീക്ഷ എഴുതി അധ്യാപകർ എത്തിയാൽ ആ ദിവസം തന്നെ ജോലി പോകുന്നത് ഇത്തരം താൽക്കാലിക അധ്യാപകർക്ക്!

രത്നച്ചുരുക്കം -

21500 മാസശമ്പളത്തിൽ നിന്നും അവധിയും വെക്കേഷനും ഉൾപ്പെടെ 3 മാസം എങ്കിലും ശമ്പളമില്ലാത്തതിനാൽ മാസശമ്പളം വാർഷിക ഫലത്തിൽ 16, 125 മാത്രമേ വരികയുള്ളൂ!

ആയതിനാൽ, ഇതിലും കുറഞ്ഞ ശമ്പളം ഉള്ളവരും ജോലി അസ്ഥിരത ഉള്ളവരും ഈ ജോലിക്കായി മൽസരിക്കുക. കുറച്ചു ശമ്പളം കുറഞ്ഞാലും ഓരോ വർഷവും ജോലി നഷ്ടപ്പെടുമെന്ന് പേടിക്കേണ്ടാത്തവർ കേന്ദ്രപ്പനിലേക്കു ചാടി കാലുളുക്കരുത്!

Malayalam eBooks-526-PDF file-https://drive.google.com/file/d/1jBV8kG2pr2R-saTy9llnSWpF9s79D55J/view?usp=sharing

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam