പുസ്തകമേളകൾ (മലയാളം ഇ ബുക്ക്- 517)

കോട്ടയത്തുള്ള ബിജേഷിന്റെ കമ്പനിജോലിയുടെ ശമ്പളത്തിൽ നിന്ന് ചെലവു കഴിഞ്ഞ് മാസാവസാനം കാര്യമായി ഒന്നും ഉണ്ടാവാറില്ല. അയാളുടെ വിനോദം പുസ്തക വായനയാണ്. എന്നാൽ, പുതിയ പുസ്തകങ്ങൾക്കെല്ലാം വലിയ വിലയാണ്. അതുകൊണ്ട് , കാശു വീശാനില്ലാത്ത സാദാ പുസ്തക പ്രേമികൾ ചെയ്യുന്ന പോലെ യൂസ്ഡ് പുസ്തകങ്ങൾ വാങ്ങുകയേ ഇവനും നിവൃത്തിയുണ്ടായിരുന്നുള്ളൂ.

ഒരു ശനിയാഴ്ച വൈകുന്നേരം, ജോലി കഴിഞ്ഞ് ചെറുകഥകളുടെ സമാഹാരം തടയുമോ എന്നറിയാൻ പഴയ പുസ്തകക്കടയിൽ ചെന്നപ്പോൾ അവിടെ കാര്യമായ പുസ്തകങ്ങളൊന്നുമില്ല! കുറെ മാസികകളും കീറിയതും മറ്റുമായ ചിലതു മാത്രം!

"എന്താ, ചേട്ടാ? കട ഒഴിയുകയാണോ?"

" ഏയ്, ഇല്ല മോനേ, രണ്ടു ദിവസം കഴിയുമ്പോൾ ഇതെല്ലാം കൊണ്ടുപോയ ആൾ കാറിൽ ഇവിടെത്തന്നെ എത്തിക്കും "

ബിജേഷിന് കാര്യം മനസ്സിലായില്ലെന്ന് കടക്കാരനു പിടികിട്ടി. അയാൾ തുടർന്നു -

" ദർശന പുസ്തകോൽസവം വകയായി ഒരു സമ്മാനം കൊടുക്കുന്നുണ്ട് - ഏറ്റവും നല്ല വീട്ടു ലൈബ്രറി മൽസരം നടക്കുവല്ലേ? അതിന് അവർ വീട്ടിൽ പരിശോധിക്കാൻ ചെല്ലുമ്പോൾ പുസ്തകങ്ങൾ നിറച്ചു കാണിക്കാൻ ഈ പുസ്തകങ്ങൾ വാടകയ്ക്ക് എടുത്തതാണ് !"

ബിജേഷ് ചിരിച്ചു കൊണ്ടു പറഞ്ഞു - "എത്ര നല്ല ആചാരങ്ങൾ ! ങാ, നടക്കട്ടെ. ഞാൻ അടുത്തയാഴ്ച ഇറങ്ങാം "

ദർശന ഇന്റർനാഷണൽ ബുക്ക് ഫെയർ ഓർക്കുമ്പോൾ മറ്റൊരു അനുഭവ കഥ കൂടി പറയാം -

കോട്ടയത്തെ ഏറ്റവും വലിയ പുസ്തകച്ചന്തയാണ് ദർശന സാംസ്കാരിക കേന്ദ്രം ഒരുക്കുന്നത്. സാധാരണയായി ഡിസംബർ-ജനുവരി മാസത്തിൽ നടത്താറാണു പതിവ്. അനേകം പ്രസാധകർ,  എഴുത്തുകാരുടെ പ്രഭാഷണങ്ങൾ, പുസ്തകപ്രസാധനം, സാഹിത്യ സംവാദം, വായനക്കളരി എന്നിങ്ങനെ ഒട്ടേറെ നല്ല കാര്യങ്ങൾ. ബിജേഷിന് ഇതുപോലത്തെ ബുക്ക് ഫെയറുകളിൽ ഏറ്റവും ഇഷ്ടമുള്ള കാര്യം ഇതാണ് - ഇഷ്ടമുള്ള പുസ്തകങ്ങൾ കയ്യിലെടുത്ത് എത്ര നേരം വേണമെങ്കിലും  ഒറ്റനിൽപ്പിൽ വായിക്കും. നല്ലതെങ്കിൽ വാങ്ങിച്ചാൽ മതിയല്ലോ.

ഏകദേശം, അഞ്ഞൂറ് - ആയിരം രൂപയ്ക്ക് കിട്ടാവുന്ന പരമാവധി ചെറിയ പുസ്തകങ്ങൾ മേടിക്കുന്നതാണ് ബിജേഷിന്റെ രീതി. നോവലുകൾ വാങ്ങാറില്ല. കാരണം, പിന്നീട്, ചെറുകഥകളൊക്കെ മേടിക്കാൻ പണം തികയില്ല.

പിന്നെയുള്ളത് എല്ലാ വർഷവും നടത്തുന്ന ലൈബ്രറി കൗൺസിൽ  പുസ്തകമേളയും ഡിസി ബുക്സിന്റെ ബുക്ക് ഫെയറുമാണ്. ഇനി കാര്യത്തിലേക്കു വരാം. ഒരിക്കൽ , ദർശനയുടെ മേളയിൽ രണ്ടു മൂന്നു മണിക്കൂർ ചെലവിട്ടപ്പോൾ പലതരം പുസ്തകങ്ങൾ വാങ്ങിയത് പേപ്പർ ബാഗുകളിൽ നിറഞ്ഞു. ഏകദേശം 800 രൂപയുടെ അനേകം പുസ്തകങ്ങൾ. വേറൊരു ശാസ്ത്ര ലേഖനം വേണമോ വേണ്ടയോ എന്നു വായിച്ചു ശങ്കിച്ചു നിൽക്കുന്ന സമയം.

കട്ടിക്കണ്ണടയും നരച്ച ചെറു താടിയുമുള്ള ഒരു സീനിയർ വായനക്കാരൻ എന്നോടു ചോദിച്ചു -

" ഇത്തവണ സൈകതം വന്നിട്ടില്ലേ?"

"ഉണ്ടല്ലോ. അവര് പടിഞ്ഞാറ് അറ്റത്തുള്ള സ്റ്റാളിലാണ് "

ആ പ്രസാധകരുടെ ഒട്ടേറെ നല്ല പുസ്തകങ്ങൾ എന്റെ വീട്ടിലുണ്ട്. ആ താൽപര്യത്തോടെ ഞാൻ അദ്ദേഹത്തോടു ചോദിച്ചു -

"സാർ, ഇതുവരെ ഒന്നും വാങ്ങിയില്ലെന്നു തോന്നുന്നു. ആ സ്റ്റാളിൽ ചില നല്ല ടൈറ്റിൽസ് ഉണ്ട് "

അദ്ദേഹം എന്റെ പുസ്തകക്കൂട്ടത്തിലേക്ക് നോക്കിയ ശേഷം പറഞ്ഞു -

"ഞാൻ പണ്ടൊക്കെ ഒരുപാട് നല്ല പുസ്തകങ്ങൾ ഇങ്ങനെ മേടിക്കുമായിരുന്നു. മേടിച്ചു വച്ചതല്ലാതെ ഭൂരിഭാഗവും വായിക്കാതെ ഷെൽഫിൽ ഉറക്കമാണ് "

"സാർ , മടി കൊണ്ടാണോ അതോ തിരക്കായതാണോ?"

"ഏയ്, ഇതു രണ്ടുമല്ല. മേടിച്ചു കൂട്ടിയ പുസ്തകങ്ങളുടെ എണ്ണക്കൂടുതലാണ് പ്രശ്നം. പല സമയത്തുള്ള വായനയല്ലേ? ഇപ്പോൾ വായിക്കുന്ന നോവൽ എന്റെ മേശപ്പുറത്ത് കുറച്ചു മാസങ്ങളായിട്ടും തീർന്നിട്ടില്ലാ "

അപ്പോൾ , സ്പീക്കറിലൂടെ ആരുടെയോ പ്രസംഗം തുടങ്ങിയത് കേട്ട് അദ്ദേഹം പെട്ടെന്ന് അങ്ങോട്ടു വച്ചു പിടിച്ചു. അതിനാൽ പരിചയപ്പെടാനും പറ്റിയില്ല.

അന്ന്, വീട്ടിൽ ചെന്നയുടൻ, തന്റെ രണ്ടായിരത്തോളം വരുന്ന ഹോം ലൈബ്രറിയിലെ പുസ്തകങ്ങൾ ഓടിച്ചു പരിശോധിച്ചു.

ബിജേഷ് സ്വയം മന്ത്രിച്ചു - "ആ സാർ പറഞ്ഞത് എത്രയോ പച്ചയായ സത്യമാണ്?"

അപ്പോൾത്തന്നെ അവൻ ഒരു സുപ്രധാന തീരുമാനമെടുത്തു

- നേരത്തേ വാങ്ങിയ പുസ്തകങ്ങൾ വായിച്ചു തീരാതെ പുതിയത് വാങ്ങുന്നില്ല.

- ഇപ്പോൾ വർഷങ്ങൾ പിന്നിട്ടെങ്കിലും പലവിധ സമയതടസ്സങ്ങളാൽ പുസ്തകങ്ങൾ തീർന്നുമില്ല! ഇപ്പോൾ ബുക്ക് ഫെയറിൽ പോകാറുമില്ല!

Malayalam eBooks-517 is for PDF reading- https://drive.google.com/file/d/1K5udGyyMzHXIHL6A_TsiKaDPV3cQv4cw/view?usp=sharing

Comments