മലയാളം ഡിജിറ്റൽ ബുക്സ്-516

കുട്ടിയുടെ കിളിക്കൂട്

പണ്ടുപണ്ട്, സിൽബാരിപുരംരാജ്യം വീരവർമ്മൻ എന്നു പേരായ രാജാവ് ഭരിച്ചു വന്നിരുന്ന കാലം. അളവറ്റ സമ്പത്തു കൊണ്ട് ഖജനാവ് നിറഞ്ഞിരുന്നതിനാൽ അതിന്റെ അഹങ്കാരം രാജാവിന്റെ എല്ലാ കാര്യങ്ങളിലും പ്രതിഫലിച്ചിരുന്നു.

ഒരിക്കൽ, രാജാവിന്റെ പത്തു വയസ്സുള്ള കൊച്ചുരാജകുമാരന് ഒരാഗ്രഹം ഉദിച്ചു. തന്റെ മുറിക്കു മുന്നിൽ കിളിക്കൂടുകൾ കൊളുത്തിയിടണം. കാണാൻ നല്ല ചേലുള്ള കൂടുകൾ വേണംതാനും!

ഉടൻതന്നെ ഭടന്മാർ അടുത്തുള്ള തോട്ടങ്ങൾ അരിച്ചു പെറുക്കി. കൂടുതലും കാക്കയുടെ ചുള്ളിക്കമ്പ് പെറുക്കി വച്ച് കവരക്കമ്പുകൾക്കിടയിൽ ഉണ്ടാക്കിയിട്ടുള്ള കാക്കക്കൂടുകളായിരുന്നു. ഭംഗിയില്ലാത്ത കുറച്ചു കിളിക്കൂടുകൾ കണ്ടെങ്കിലും അതിലൊന്നും അവർക്കു തൃപ്തി വന്നില്ല.

ഒടുവിൽ, അവർ ഒരു മാന്തോപ്പിൽ എത്തിച്ചേർന്നു. അതൊരു ജന്മിയുടേതാണ്. അവിടെ കേശു എന്നൊരു കുട്ടി മാങ്ങാ പറിക്കാൻ മരത്തിന്റെ മുകളിൽ തോട്ടിയുമായി ഇരിപ്പുണ്ടായിരുന്നു. മാങ്ങകൾ നിലത്തു വീഴുന്ന ശബ്ദം കേട്ട് ഭടന്മാർ മുകളിലേക്കു നോക്കി. ഒരു ഭടൻ ആ മാവിന്റെ ചെറു ചില്ലയിൽ ഞാന്നു കിടക്കുന്ന തൂക്കണാം കുരുവികളുടെ ഏതാനും കൂടുകൾ കണ്ടു വിളിച്ചു കൂവി -

"ഹൊ! ഭാഗ്യം! അതി മനോഹരമായ കൂടുകൾ ! എടാ, ചെക്കാ, നീ അതെല്ലാം പറിച്ച് ഞങ്ങൾക്കു വേഗം തരണം. കൊട്ടാരത്തിലെ ഉണ്ണിക്കാണ് "

ഉടൻ വന്നു അവന്റെ മറുപടി - "എനിക്കു പറ്റില്ല"

അപ്പോൾ മുഖ്യ ഭടൻ പറഞ്ഞു - "എടാ, ധിക്കാരീ .. ഞങ്ങൾ മാവിൽ കയറിയാൽ ചെറു ശിഖരങ്ങൾ ഒടിഞ്ഞു വീഴും. അതാണു നിന്നോട് ആവശ്യപ്പെട്ടത് "

എന്നാൽ, കുട്ടി വീണ്ടും ആവശ്യം നിരസിച്ചു.

" ഇറങ്ങി വാടാ താഴേക്ക്"

കുട്ടി ഉടൻ പേടിച്ചുകരയാൻ തുടങ്ങി. താഴെയിറങ്ങിയ നിമിഷം അവന്റെ കൈകൾ ബന്ധിച്ച് കൊട്ടാരമുറ്റത്ത് എത്തിച്ചു. ഈ കാര്യം അറിഞ്ഞ് രാജഗുരുവും കൊട്ടാര പണ്ഡിതരും രാജാവിനൊപ്പം അവിടെയെത്തി.

രാജാവ് കോപിച്ചു - " നമ്മുടെ ഉണ്ണിയുടെ ആവശ്യം നിരസിച്ച ഇവനെ മുക്കാലിയിൽ കെട്ടി വള്ളിച്ചൂരൽ കൊണ്ട് പത്തടി വച്ചു കൊടുക്കുക "

കുട്ടി വാവിട്ടു നിലവിളിച്ചു. ഉടൻ, രാജാവ് പല്ലു ഞെരിച്ച് അലറി- "നിനക്ക് എങ്ങനെ ഇതിനുള്ള ധൈര്യം വന്നു?"

കുട്ടി ഏങ്ങലടിച്ച് ഇപ്രകാരം പറഞ്ഞു - " ആ കിളിക്കൂടുകളിൽ ചിലതിൽ മുട്ടയുണ്ട്. കുറെയെണ്ണത്തിൽ കുഞ്ഞുങ്ങളുമുണ്ട്. അത് ഞാൻ പറിച്ചെടുത്താൽ വൈകുന്നേരം അമ്മക്കിളികളുടെ കരച്ചിൽ എനിക്കു കാണാൻ വയ്യ. ഉണ്ണിയെ ആരെങ്കിലും കൊണ്ടുപോയാൽ അമ്മറാണി കരയില്ലേ?"

ഇതു കേട്ട് എല്ലാവരും ഒന്നടങ്കം ഞെട്ടി! രാജാവ് അല്പനേരം മൗനം പാലിച്ചു. എന്നിട്ടു പറഞ്ഞു - "എന്നോട് ധിക്കാരം പറഞ്ഞ ഇവന് ശിക്ഷ ഇരട്ടിയാക്കിയിട്ടുണ്ട് . ഹും! ആരവിടെ ! മുക്കാലിയിൽ ഇവനെ കെട്ടുക ! "

മുക്കാലിയിൽ കെട്ടിയപ്പോഴും അവൻ കരഞ്ഞു കൊണ്ടിരുന്നു. ഭടൻ ചൂരൽ ഉയർത്തിയപ്പോൾ രാജാവ് കല്പിച്ചു -

" നിർത്ത്! ആ കുട്ടിയുടെ കെട്ടഴിച്ച് എന്റെ അരികിലേക്ക് വിടുക "

എല്ലാവരും പരസ്പരം മുഖത്തോടു മുഖം നോക്കി പലതും പിറുപിറുത്തു -

" ഒരു പണിക്കാരൻ ചെക്കൻ പോലും ഇങ്ങനെ രാജ്യത്തിന് എതിരായി സംസാരിച്ചാൽ എല്ലാവർക്കും ഇതിലപ്പുറവും ചെയ്യാൻ വളമാകും"

അനന്തരം, രാജാവ് അവനെ ആശ്ലേഷിച്ചു കൊണ്ട് പറഞ്ഞു-

"എന്റെ അഹങ്കാരത്തെ കളഞ്ഞ  നീ നിസ്സാരക്കാരനല്ല. വിദ്യ അഭ്യസിക്കാത്ത നിനക്ക് ഇത്രയും വിവേകം ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല!"

അനന്തരം, രാജാവ് എല്ലാവരോടുമായി പറഞ്ഞു -

" ഈ കുട്ടിയുടെ ശിക്ഷ ഞാൻ മന:പൂർവ്വമായി ഇരട്ടിയാക്കിയിട്ടും ഒരാൾ പോലും എന്നെ തിരുത്തിയില്ല. ഈ കുട്ടിയെ വീരമണിഗുരുജിയുടെ ഗുരുകുലത്തിൽ പഠിക്കാൻ വിടുക. അതിനു ശേഷം കൊട്ടാരജോലിയിൽ പ്രവേശിക്കട്ടെ"

ചിന്തിക്കുക -

അറിവും വിവേകവും രണ്ടുതരമാണ്. സാമാന്യമായി അറിവ് തിരിച്ചറിവായി മാറി അത് വിവേകപൂർവ്വമായ തീരുമാനങ്ങളിൽ എത്തിക്കും. എന്നാൽ, ഉയർന്ന വിദ്യാഭ്യാസവും വിജ്ഞാനവും നേടിയ ചിലരുടെ വിവേകശൂന്യമായ പെരുമാറ്റം നമ്മെ നിരാശപ്പെടുത്താറുണ്ട്. നിങ്ങൾ ഈ സമയം സ്വയം അവലോകനം നടത്തുമല്ലോ.

PDF file of Malayalam digital books-516- https://drive.google.com/file/d/1b5EgTNaCwlvA0SoUN8FE7RBPDHhTxNb_/view?usp=sharing

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam