Malayalam cinema fans

Malayalam movie fans

ഞാൻ തയ്യൽക്കാരൻ ചന്ദ്രൻ. എന്നേക്കുറിച്ച് നിങ്ങൾക്ക് ഒന്നുമറിയില്ല. എന്നാൽ, എന്റെ സുഹൃത്തിനെ നിങ്ങൾ അറിയും. അല്ലെങ്കിൽ വേണ്ട, വേറൊരു ചോദ്യം ചോദിക്കാം-

കേരളത്തിലെ ഏറ്റവും പ്രശസ്തനായ തയ്യൽക്കാരൻ? എളിമനിറഞ്ഞ സിനിമാതാരം? ശുദ്ധഹാസ്യത്തിന്റെ നിറകുടം?

എന്താ, ഇനിയും മനസ്സിലായില്ലെന്നുണ്ടോ? എന്നാൽ ഞാൻ പറയാം- സാക്ഷാൽ ഇന്ദ്രേട്ടൻ - എന്റെ പ്രിയ സിനിമാ താരം!


ഞാനും അദ്ദേഹവുമായുള്ള ചങ്ങാത്തം ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല. അതിപ്പോൾ പതിനഞ്ചു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ബാവസഹോദരങ്ങളുടെ കഥ പറയുന്ന സിനിമയിലെ 'കൊടക്കമ്പി' എന്ന കഥാപാത്രമാണു വാസ്തവത്തിൽ എന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കി മാറ്റിയതെന്നു വേണമെങ്കിൽ പറയാം. എന്നാലോ? ഇന്നത്തെപ്പോലെ മൊബൈൽഫോൺകുന്ത്രാണ്ടമൊന്നും ഇല്ലാതിരുന്നതിനാൽ ആരാധന മനസ്സിൽത്തന്നെ കൊണ്ടു നടക്കേണ്ട ദുരവസ്ഥയായിരുന്നു. 'തിരോന്തരം' വരെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണാനുള്ള ആഗ്രഹം പഴ്സിലെ കനം കുറഞ്ഞ നോട്ടുകൾ സമ്മതിച്ചതുമില്ല. കാരണം, എന്റെ തയ്യൽക്കടയിലും പറ്റിന്റെ സൂക്കേട് ഉണ്ടായിരുന്നു. മുഖം കറുത്തൊന്നു പറഞ്ഞാൽ, അവരെയൊന്നും പിന്നെ ആ പ്രദേശത്തേക്കൊന്നും കാണില്ലെന്നുമാത്രമല്ല, പിന്നെ ആ വേന്ദ്രന്മാരുടെ കുടുംബത്തിൽ നിന്ന് വർക്കൊന്നും കിട്ടുകയുമില്ല.

ചുരുക്കത്തിൽ, കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞു പോകുന്നു. അത്ര തന്നെ. മുൻപറഞ്ഞ സിനിമയുടെ നൂറാം ദിവസം ആഘോഷിച്ചത് കോട്ടയത്തു വച്ചായിരുന്നു. ഈ പരിപാടിയേക്കുറിച്ച് കുറച്ചു ദിവസങ്ങൾ മുൻപത്തെ പത്രവാർത്ത കണ്ടപ്പോഴാണ് എന്നിലെ ബുദ്ധി ചന്ദ്രഹാസമിളക്കിയത്. ചന്ദ്രാ ടെയിലേഴ്സിൽ നിറഞ്ഞു കിടന്നിരുന്ന വെട്ടു തുണികളെല്ലാം ദൂരെക്കളഞ്ഞു. തുണിക്കടകളുടെ, വള്ളി പറിഞ്ഞ പഴഞ്ചൻ പ്ലാസ്റ്റിക് കൂടുകളെല്ലാം അപ്പുറത്തവന്റെ പറമ്പിലേക്ക് തള്ളി. എല്ലാമൊന്ന് വൃത്തിയാക്കി - പഴഞ്ചൻ കസേരയുടെ ഹാലിളക്കം നിർത്തി. പെയിൻറടിച്ചു. എന്റെയും അണ്ണന്റെയും പേരുകൾ കൂട്ടിച്ചേർത്ത് 'ചന്ദ്രൻസ് ടെയിലേഴ്സ്' എന്ന് പുതിയ ബോർഡും തൂക്കി.

കോട്ടയത്ത്, അനുപമ തീയറ്ററിലെ പരിപാടി കഴിഞ്ഞയുടൻ ഞാൻ ഇന്ദ്രേട്ടനെ സമീപിച്ച് 'ചന്ദ്രൻസി'ന്റെ ഉദ്ഘാടന കാര്യം പറഞ്ഞു. യാതൊരു മടിയും കൂടാതെ എന്റെ സ്കൂട്ടറിന്റെ പിറകിലിരുന്ന് നാട്ടിലേക്ക് വന്നു. ആളുകൾ കുടക്കമ്പിയെന്നും അയ്യപ്പണ്ണാ എന്നുമൊക്കെ വിളിച്ചെങ്കിലും അദ്ദേഹം അതൊക്കെ ആസ്വദിച്ചു. അതിനുശേഷം കോട്ടയത്തിനടുത്ത് എവിടെങ്കിലും ഷൂട്ട് ഉണ്ടെങ്കിൽ ഞാനവിടെ അണ്ണനെ കാണാൻ പോകാറുണ്ട്. ഇതൊന്നും എന്റെ ഭാര്യയ്ക്ക് അത്ര സുഖിക്കുന്ന പണിയല്ല. അവളുടെ പേര് സുലോചന എന്നാണെങ്കിലും എന്തു കണ്ടാലും കുറ്റവും കുറവും മാത്രമേ ആ കണ്ണിൽ തെളിയൂ- ശരിക്കും ഒരു 'ദുര്‍ലോചന' തന്നെ.

ഞങ്ങളുടെ കിടപ്പുമുറിയുടെ ഭിത്തിയിൽ ഒരു ഫോട്ടോ തൂക്കിയിട്ടുണ്ട് - കടയുടെ ഉദ്ഘാടന ദിനത്തിൽ ഞാനും അണ്ണനും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ. ആ ഫോട്ടോ കാണുമ്പോഴെല്ലാം സുലോചന പിറുപിറുക്കുന്നതു കാണാം.

"ദേവേന്ദ്രനും ഇന്ദ്രാണിയും നില്‍ക്കണതു കണ്ടേച്ചാലും മതി”

എന്റെ ശ്രദ്ധക്കുറവുകൊണ്ട് ഞങ്ങളുടെ കല്യാണ ഫോട്ടോ പൂപ്പലു പിടിച്ചു പോയതാണു കാര്യം. അതു കിടന്ന ആണിയിൽത്തന്നെയാണ് ഈ ഫോട്ടോ തൂങ്ങുന്നത്. അങ്ങനെ, എന്റെ ഓരോ ദിനവും പലതരം തുണികളെ വരച്ചും വെട്ടിയും കുത്തിയും പിന്നെ തുന്നിപ്പിടിപ്പിച്ചും മുന്നോട്ടു പോയി.

ഒരു ദിവസം - സ്കൂൾയൂണിഫോംതയ്യലിന്റെ തള്ളൽ ഉണ്ടായിരുന്നതിനാൽ ഞാൻ വീട്ടിലെത്തിയപ്പോൾ രാത്രിയായിരുന്നു. കിടക്കാൻനേരം, പ്രഭാതപത്രം അന്തിപ്പത്രം പോലെ ഓടിച്ചു വായിച്ചു. അപ്പോഴാണ് അമേരിക്കയിലെ ഒരു കമ്പനിയാകട്ടെ, നാസയുമായി സഹകരിച്ച് ചൊവ്വയിലേക്ക് ടൂറിസ്റ്റുകളെ കൊണ്ടു പോകുന്നുവെന്ന വാർത്ത ഞാൻ ശ്രദ്ധിച്ചത്. പ്രചരണാർഥം, ഇന്ത്യയിലെ ഒരു സിനിമാ താരത്തിനും അയാൾ പറയുന്ന ഒരു സുഹൃത്തിനും ചൊവ്വയിൽ പോയി തിരികെ വരാം. പരസ്യ കമ്പനികൾ സ്പോൺസർ ചെയ്യുന്ന വകയിൽ രണ്ടു കോടി രൂപയും കിട്ടുമത്രെ. മറ്റു താളുകൾ മറിക്കുന്നതിനു മുന്നേ ചന്ദ്രൻ ഉറങ്ങിപ്പോയി. സുലോചന പത്രമെടുത്ത് കട്ടിലിനടിയിലേക്ക് തള്ളി.

ഭാഗ്യമെന്നു പറയട്ടെ, ചൊവ്വാ ലോട്ടറിയടിച്ച ഇന്ദ്രേട്ടൻ സുഹൃത്തായ എന്നെയും കൂട്ടി അമേരിക്കയിലേക്കു പറന്നു. നാസ കേന്ദ്രത്തിൽ ട്രെയിനിങ്. ഇന്ദ്രേട്ടന്റെ വണ്ണക്കുറവ് അവിടെയും ചിരിയുണർത്തി. സ്പേസ് സ്യൂട്ടിന് അധികഭാരം കൊടുത്ത് അണ്ണനെ പറന്നു പോകാതെ ചൊവ്വാ വാഹനത്തിൽ നേരേചൊവ്വേ നിർത്തി.

പ്രകാശവേഗത്തിൽ വാഹനം ചൊവ്വയെ നോക്കി കുതിച്ചു. ഉറങ്ങാനുള്ള മരുന്ന് തന്നിരുന്നതിനാൽ സമയം, കാലം എന്നീ ബോധങ്ങളൊക്കെ ഞങ്ങൾക്കു നഷ്ടപ്പെട്ടു. ഞങ്ങൾ കണ്ണു തുറന്നു നോക്കുമ്പോൾ ഒരു ചുവന്ന ഗോളം അടുത്തു വരുന്നതായി തോന്നി. കുറച്ചു സമയത്തിനു ശേഷം വാഹനം സുരക്ഷിതമായി ചൊവ്വയിൽ ഇറങ്ങി.

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് -മറ്റുള്ള പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നുള്ളവർ പതാകയുമായി ആദ്യമിറങ്ങി പ്രശസ്തി പിടിച്ചുപറ്റാൻ തർക്കം തുടങ്ങിയിരിക്കുന്നു. ഭൂമിയിലെ അതേ പരിപാടിതന്നെ. അവാർഡ് കൊതിയില്ലാത്ത ഇന്ദ്രൻസും ഞാനും ഒതുങ്ങി മാറി നിന്നെങ്കിലും ഒരു റഷ്യക്കാരൻ ഇന്ദ്രേട്ടനെ ഒരു തള്ള് !

ഹെന്ത്!... എന്റെ അണ്ണനെ തള്ളാൻമാത്രം റഷ്യക്കാരൻ വളർന്നോ?

തടിയൻ ബൂട്സിട്ട് അവന്റെ പിറകിൽ ഞാൻ ആഞ്ഞു ചവിട്ടി!

"ഹമ്മേ! ഈ കാലമാടൻ എന്നെ കൊന്നേ..."

എന്ത്? റഷ്യക്കാരൻ മലയാളത്തിൽ, സ്ത്രീ ശബ്ദത്തിൽ കരയുന്നോ? എനിക്ക് വിശ്വസിക്കാനായില്ല.

ഈ സമയത്ത് ചവിട്ടു കൊണ്ട് നിലത്തു വീണ സുലോചന ദേഷ്യംകൊണ്ട് പഴഞ്ചൻ കട്ടിൽ മറിച്ചിടാൻ വിഫലശ്രമം നടത്തി. അയാള്‍ ഞെട്ടിയുണർന്ന് അരണ്ട വെളിച്ചത്തില്‍ ചുറ്റും മിഴിച്ചുനോക്കിയെങ്കിലും കൂടെ അന്തിയുറങ്ങിയ സുലോചനയെ കണ്ടില്ല.

അയാള്‍ ആശ്വാസത്തോടെ മൊഴിഞ്ഞു:

"ഹാവൂ.. ഭാഗ്യം.. എന്റെ കെട്ട്യോള് ചൊവ്വായില് എത്തിയില്ലല്ലോ.."

"അതേ, മനുഷ്യാ.. നിങ്ങള് ഒരിക്കലും ചൊവ്വായിപ്പോകത്തില്ല"

നിലത്തു കുത്തിയിരുന്ന് അവൾ മാറത്തടിച്ചു കരഞ്ഞു.

അപ്പോൾ, വഴിയിൽ ഒരു ടിപ്പർലോറി നിർത്താതെ അലറി വിളിച്ചു, ഒപ്പം -

"എടാ, വാസൂ.. എടാ.."

"നാശം പിടിക്കാനായിട്ട്.. ഏതവനാ ഇത്ര വെളുപ്പിന് "

വീടിനുള്ളിൽനിന്ന് ശാപവാക്കുകൾ വീണ്ടും മുഴങ്ങിക്കേട്ടു.

"മടേലോട്ട് പോണന്ന്.. ലോഡൊണ്ടടാ.. മൊതലാളീടെ തെറി രാവിലെ കേൾക്കണോ?"

"യ്യോ, ഞാൻ ദാ, എത്തീ.."

ലുങ്കിയും തോർത്തുമെടുത്ത് വാസു പുറത്തേക്ക് ഓടി.

വിനോദത്തിനുള്ള പ്രാധാന്യം

ഒരു യന്ത്രം തുടര്‍ച്ചയായി പണിയെടുക്കുമ്പോ‌ള്‍ ചൂടാകും, തേയ‌്മാനം ഉണ്ടാകും, ഘര്‍ഷണം മൂലം കാര്യക്ഷമത കുറയും. അപ്പോള്‍, നാം എന്തു ചെയ്യും? വിശ്രമം അനുവദിച്ച് ഗ്രീസും ഓയിലും മറ്റും ഇട്ടുകൊടുക്കും, കൃത്യമായി അറ്റകുറ്റപ്പണികള്‍ചെയ്യും. ഇന്ന്, ഭൂമിയിലെ ഏറ്റവും മഹത്തരമായ യ(ന്തമാണ‌് മനുഷ്യനെന്ന മഹായന്ത്രം. കാര്യക്ഷമമായ ജീവിതത്തിന‌്, തിരക്കുപിടിച്ച നമ്മുടെ ജീവിതത്തിനു സുഗമമായി മുന്നോട്ടു പോകാന്‍, വിശ്രമവും വിനോദവും അത്യാവശ്യമാണ‌്.

ഓരോ ദിവസത്തോടുമുള്ള മല്‍പിടുത്തത്തിനു ശേഷം ക്ഷീണിക്കുന്ന മനസ്സും ശരീരവും വിശ്രമിക്കുന്ന സമയമാണ‌് ഉറക്കം. ആറുമുതല്‍ എട്ടുമണിക്കൂ‌ര്‍ വരെ കിട്ടുന്ന നല്ല ഉറക്കം ഏവര്‍ക്കും ആവശ്യമാണ‌ുതാനും. ഉറക്കം പൂര്‍ണ വിശ്രമം ആകയാ‌ല്‍ പിന്നെ മറ്റൊരു വിശ്രമത്തിന്റെ ആവശ്യമില്ല. എന്നാ‌ല്‍, ശരീരത്തിന്റെ വയ്യാത്ത അവസ്ഥകളില്‍ ഇതൊന്നും ബാധകമല്ല, ചിലപ്പോ‌ള്‍ മാസങ്ങളോളം വിശ്രമിക്കേണ്ടിവരും. വിശ്രമമെന്നാ‌ല്‍ വെറുതെ ഇരിക്കുക എന്നല്ല അര്‍ത്ഥമാക്കുന്നത്. അലസത, വിരസത, മടി എന്നൊക്കെയാണ‌് വെറുതെ സമയം കൊല്ലുന്നതിനെ പറയുന്നത്. ‘അലസന്റെ മനസ്സ് ചെകുത്താന്റെ പണിപ്പുരയാണ‌്’ എന്നുകൂടി ചേര്‍ത്തുവായിക്കണം.

വിനോദത്തിന്റെയും സന്തോഷത്തിന്റെയും അനന്തമായ സാദ്ധ്യതകളുള്ള ദിനങ്ങളിലൂടെയാണ‌ു നാം ഇന്നു കടന്നുപോകുന്നത്. ടി.വി., ഇന്റര്‍നെറ്റ്‌, സ്മാര്‍ട് ഫോ‌‌ണ്‍, കംപ്യൂട്ടറുകള്‍, ഹോം തീയറ്റര്‍ എന്നിവയിലൂടെ സംഗീതം, സിനിമ, തമാശകള്‍, ലോക കാഴ്ചകള്‍...എന്നിങ്ങനെ അഭിരുചിയറിഞ്ഞു സന്തോഷിപ്പിക്കാന്‍ സാങ്കേതിക വിദ്യ വളരെയേറെ പുരോഗമിച്ചിരിക്കുന്നു. വിനോദത്തില്‍ ഏര്‍പ്പെടുമ്പോ‌ള്‍ ഒരാളുടെ ക്രിയാത്മകമായ പങ്കാളിത്തമില്ല, വെറും ആസ്വാദനം മാത്രമേയുള്ളൂ. അവിടെയാണ‌ു ഹോബികളുടെ പ്രാധാന്യം.

എന്താണ് ഹോബി?

നിത്യവും ചെയ്യുന്ന സന്തോഷവും ആസ്വാദനവും നിറഞ്ഞ ഒരു ശീലത്തെ ഹോബിയെന്നു വിളിക്കാം. അതായത്, മനസ്സിന് ഇണങ്ങിയ പ്രവൃത്തി. പണ്ട്, പ്ലാസ്റ്റിക്കിന്റെയും ലോഹത്തിന്റെയും കളിപ്പാട്ടങ്ങള്‍ ഇല്ലാതിരുന്ന കാലത്ത്, കുട്ടികള്‍ കളിക്കാന്‍ വേണ്ടി വലിയ മരക്കുതിരകളെ ഉണ്ടാക്കിയിരുന്നു. അതിനെ 'ഹോബി' എന്നായിരുന്നു വിളിച്ചുവന്നിരുന്നത്. അത് ക്രമേണ ക്രിയാത്മക വിനോദമെന്ന ഹോബിയായി അറിയപ്പെട്ടു തുടങ്ങി.

ഹോബികള്‍ നല്‍കുന്ന പ്രയോജനങ്ങള്‍?

ഓരോ മനുഷ്യന്റെയും ജീവിതത്തില്‍, പട്ടുമെത്തയും ശരശയ്യയും ഒരുപോലെ കണ്ടേക്കാം. പ്രാണവായുവില്‍ സുഗന്ധപൂരിതം മാത്രമല്ല, ചിലപ്പോള്‍ ദുര്‍ഗന്ധവും ശ്വസിക്കേണ്ടി വരാം. ഇളംകാറ്റ് മാത്രമേ വീശാവൂ എന്ന് വാശി പിടിച്ചാലും കൊടുങ്കാറ്റും നിര്‍ദയം വീശാന്‍ ഇടയുണ്ട്- എല്ലാ കാലാവസ്ഥാ പ്രവചനത്തിനും മീതെ. ചുരുക്കത്തില്‍, സുഖ-ദുഃഖ സമ്മിശ്രമായ ജീവിത നാടകം ആടിത്തീര്‍ക്കാതെ അരങ്ങൊഴിയാന്‍ പറ്റില്ലെന്ന് പ്രകൃതിയുടെ നിയമം. ഇവിടെ, പ്രതിസന്ധി ഘട്ടങ്ങളെ അടിച്ചുപരത്താന്‍ ഹോബികള്‍ വളരെ നല്ലതായിരിക്കും. സന്തോഷവും ഉണര്‍വും അറിവും ആദായവും നല്‍കാന്‍ ശേഷിയുള്ള ഇതിനെ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തണമെന്നു മാത്രം.

കുട്ടികളെ നല്ല ഹോബികളില്‍ കുടുക്കിയാല്‍ അവര്‍ വലുതാകുമ്പോള്‍ ദുശ്ശീലങ്ങള്‍ തേടി പോകാതിരിക്കാന്‍ അത് സഹായിക്കും. നീന്തല്‍ പോലുള്ള ഹോബികള്‍ വളരെയധികം ജീവനുകളെ രക്ഷിച്ചതു നാം അറിഞ്ഞിട്ടുണ്ട്. വെറും തമാശയ്ക്ക് വരച്ചുകൂട്ടിയ ചിലരുടെ പെയിന്റിംഗ് ലക്ഷങ്ങളുടെ ലേലത്തില്‍ പങ്കെടുത്തതും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ടല്ലോ. അതുപോലെ, വീട്ടമ്മമാര്‍ ഓമനിച്ചു വളര്‍ത്തിയ മൃഗങ്ങളും പക്ഷികളും ഹോബി എന്ന രീതിയില്‍നിന്ന് ഉയര്‍ന്ന് അവരുടെ മുഖ്യ വരുമാന മാര്‍ഗമായി മാറിയ വിജയ ഗാഥകള്‍ നാം പലയിടത്തും വായിച്ചിട്ടില്ലേ? എന്തായാലും, പിരിമുറുക്കം കൂട്ടുന്ന ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഹോബികള്‍ വലിയ ആശ്വാസം കൊടുക്കുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ഏതെങ്കിലും ഒരു സംഗീതോപകരണം വായിക്കുന്നവരുടെ തലച്ചോറിലെ corpus callosum ഉത്തേജനം കിട്ടി ബലവത്താകുന്നു. വ്യായാമം ചെയ്യുന്നവര്‍ക്കും ഓര്‍മശക്തി, ഏകാഗ്രത, കാര്യഗ്രഹണശേഷി എന്നിവയൊക്കെ വര്‍ധിച്ചു പലതരത്തിലും ആ വ്യക്തി മികച്ച പ്രകടനം പുറത്തെടുക്കും.

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam