കടപ്പാട് നിറഞ്ഞ ജീവിതം

കടപ്പാട് ഒരു സവിശേഷ ജീവിതശൈലി!

1. അനന്തമായ വ്യാപ്തി

കടപ്പാട് എന്ന വാക്കില്‍ കടയും പാടുമൊന്നും ഒളിച്ചിരിപ്പില്ല; പകരം കഷ്ടപ്പാട്,   നന്ദി, ത്യാഗം എന്നിവയൊക്കെ അതില്‍ അന്തര്‍ലീനമായിരിക്കുന്നു. നാം വിചാരിക്കുന്നതിനേക്കാള്‍ അപ്പുറത്താണ‌ു കടപ്പാടിന്റെ പാദമുദ്രകള്‍. ഏതെങ്കിലും ഒരു പുസ്തകത്തിന്റെ ആദ്യ താളുകള്‍ മറിച്ചാല്‍ ഏറ്റവും കൂടുതല്‍ പുസ്തക സമര്‍പ്പണം കണ്ടുവരുന്നത്‌ ദൈവത്തിനും മാതാപിതാക്കള്‍ക്കും പിന്നെ ഭാര്യയ‌്ക്കും ഗുരുജനങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും. എന്നാല്‍ വാസ്തവം എന്താണ‌്? കടപ്പാട് അവിടെ തീരുന്നുണ്ടോ? മാതാപിതാക്കളോട് കടപ്പെട്ടിരിക്കുമ്പോള്‍ അവരുടെ   അപ്പനപ്പൂന്മാരില്ലെങ്കില്‍ അവരും നമ്മളും ഈ ഭൂമിയില്‍ ഇല്ല. അപ്പോള്‍ പിന്നിലേക്ക് അനന്തമായി നീളുന്ന കടപ്പാട്. സഹോദരങ്ങ‌‌ള്‍, ജീവിതപങ്കാളി, കുട്ടിക‌ള്‍ എന്നിവരും നമ്മെ സഹായിക്കുന്നവരാണ‌്. അതു കൂടാതെ, ഗുരുജനങ്ങളോടും നാം കടപ്പെട്ടിരിക്കുന്നു. ബിരുദാനന്തരബിരുദം വരെ പഠിക്കുന്നവ‌ര്‍ ഏകദേശം നൂറിലേറെ അധ്യാപകരുടെ ശിക്ഷണം കിട്ടിയവരാകും.

ഒരു നെന്മണി- കൃഷിയിടങ്ങള്‍, പണിക്കാര്‍, സംഭരണക്കാ‌ര്‍, വിതരണക്കാ‌ര്‍, കടകള്‍... കടന്നു പാചകവും കഴിഞ്ഞാണ‌ു നമ്മുടെ വായിലെത്തുന്നത്. അതുപോലെ, കൂട്ടുകാര്‍ എല്ലാ വ്യക്തികളുടെയും സ്വഭാവത്തില്‍ പങ്കുപറ്റുന്ന ശക്തിയായിരിക്കും. അതല്ലാതെ, നാം അറിയുക പോലുമില്ലാത്ത എത്രയോ ഗവേഷകരുടെ ഫലമായിട്ടാണ‌് ഇതെനിക്ക് എഴുതാനും നിങ്ങള്‍ക്കു വായിക്കാനും പറ്റുന്നത്? മുറിയിലുള്ള വൈദ്യുതിയും വൈദ്യുത ഉപകരണങ്ങളും കമ്പ്യൂട്ടറും അനുബന്ധസാധനങ്ങളും വീടും മറ്റും ഉണ്ടാക്കിയവരോടും കടപ്പെട്ടിരിക്കുന്നു. പേന, പത്ര-മാസികകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയും ജീവനില്ലാത്തവ ആണെങ്കിലും മനസ്സില്‍ ജീവിക്കുന്നവയാണ‌്. അതിന്റെ പിന്നിലും മറ്റും എത്ര പേരുടെ അധ്വാനമാണുള്ളത്‌.

വായുവും വെള്ളവും വെളിച്ചവും തരുന്ന ഈ ഭൂമിയോടും നാം കടപ്പെട്ടിരിക്കുന്നു. ഭൂമിയുടെ ഊര്‍ജസ്രോതസ്സ് എവിടെനിന്നാണ‌്? സൂര്യനില്‍നിന്നും. സൂര്യനുള്‍പ്പെടുന്ന സൗരയൂഥം, ക്ഷീരപഥം കേ(ന്ദമാക്കി ചുറ്റിത്തിരിയുന്നു. milkyway galaxy അതിന്റെ നിലനില്പിനു മറ്റു പ്രപഞ്ച കേ(ന്ദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെ ഈ പ്രപഞ്ചത്തോടും അതിന്റെ സ്രഷ്ടാവായ ദൈവമെന്ന പ്രപഞ്ച ശക്തിയോടും കടപ്പെട്ടിരിക്കുന്നു.

ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീ‌ന്‍ കടപ്പാടിന്റെയും കടമയുടെയും വില മനസ്സിലാക്കിയ ബുദ്ധിമാനായിരുന്നു. അദ്ദേഹം പറഞ്ഞത്:

“എന്റെ ആന്തരികവും ബാഹ്യവുമായ ജീവിതം, മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ അസംഖ്യം ആളുകളുടെ പ്രയത്നങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഞാന്‍ അനുഭവിക്കുന്ന നന്മക‌ള്‍ അതേ അളവില്‍ത്തന്നെ മറ്റുള്ളവര്‍ക്കു പങ്കിടേണ്ടതാണെന്നു ഞാ‌ന്‍ ദിവസവും ഒരു നൂറു തവണയെങ്കിലും ഓര്‍ക്കാറുണ്ട്”

കടപ്പാടും നന്ദിയും പരിഗണനയും തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുന്നവരായിരിക്കും. സ്നേഹശൂന്യത തല പൊക്കുന്നത് ഇതൊക്കെ മറക്കുമ്പോഴാണ‌്. നാം ഈ നിമിഷത്തില്‍ എന്തായിരിക്കുന്നുവോ, അതിന‌് എണ്ണിയാലൊടുങ്ങാത്ത ജീവനുള്ളതും ഇല്ലാത്തതുമായ അനേകം കാര്യങ്ങളുമായി പ്രത്യക്ഷമായും പരോക്ഷമായും കടപ്പെട്ടിരിക്കുന്നു. ഇതൊക്കെ നന്നായി മനസ്സിലാക്കുന്ന ഒരാള്‍ക്ക്‌ തന്റെ മനസ്സിലെ അഹങ്കാരവും അമര്‍ഷവും ധൂര്‍ത്തും സ്വാര്‍ഥതയുമെല്ലാം പോയി സമഭാവനയോടെ സഹജീവികളെ കാണാനുള്ള ഉള്‍കാഴ്ച കിട്ടുന്നതായിരിക്കും.

2. മൺവിളക്ക്

പണ്ട്, വൈദ്യുതി എത്തിയിട്ടില്ലാത്ത കുറവിലങ്ങാട് ഗ്രാമം. നാണിയമ്മ എന്ന വൃദ്ധയുടെ ഭര്‍ത്താവ‌് പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പു മരിച്ചു. കുട്ടികളും ഇല്ലാതിരുന്ന അവര്‍ ആ വീട്ടി‌ല്‍ തനിച്ചായിരുന്നു താമസിച്ചിരുന്നത്. അവരുടെ മനസ്സിനെ സന്തോഷിപ്പിച്ചിരുന്ന പ്രധാന കാര്യമായിരുന്നു സന്ധ്യാസമയത്തുള്ള രാമായണ വായന. ഒരു ദിവസം പതിവുപോലെ വായനയും കഴിഞ്ഞു കഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൊണ്ട് ഒരു കുമ്പി‌ള്‍ കഞ്ഞി കുടിച്ചുകാണും, എവിടെനിന്നോ ഒരു വണ്ട്‌ കഞ്ഞിയിലേക്കു വന്നുവീണു. അതിനെ എടുത്തുകളയാന്‍ ശ്രമിച്ചെങ്കിലും പിടികൊടുക്കാതെ വണ്ട്‌ വീണ്ടും പറന്നുപൊങ്ങി രക്ഷപെട്ടു. ദേഷ്യം കൊണ്ട് നാണിയമ്മ പല്ലില്ലാത്ത മോണ ഞെരിച്ചു.

“നാശം പിടിച്ച വെളക്ക്..” 

തല്‍ക്ഷണം അവരു വിളക്കെടുത്ത് മുറ്റത്തേക്ക് ഒരേറു കൊടുത്തു! ആ മ‌ണ്‍വിളക്ക് ചെറുകഷണങ്ങളായി പൊട്ടിച്ചിതറി. കുറച്ചുനേരം എന്തൊക്കയോ പിറുപിറുത്തുകൊണ്ടിരുന്നു. നേര്‍ബുദ്ധി തിരിച്ചുകിട്ടിയപ്പോള്‍ കരച്ചിലായി പിന്നെ.

“യ്യോ..എന്റെ വിളക്ക്..ഞാനെങ്ങനാ എന്റെ രാമായണം..” തൊണ്ടയില്‍ വാക്കുക‌ള്‍ കുരുങ്ങി.

പത്തുവര്‍ഷം മുന്‍പു കുറുപ്പന്തറ ചന്തയില്‍നിന്നു മേടിച്ച മ‌ണ്‍വിളക്കായിരുന്നു അത്. അതിന്റെ വെളിച്ചത്തി‌ല്‍ ഇത്രയും കാലം രാമായണ പാരായണം ചെയ‌്‌ത‌ു സന്തോഷിച്ചിരുന്നത് ഒരു നിമിഷം കൊണ്ടു മറന്നു. വിളക്ക് വണ്ടിനെ വിളിച്ചുവരുത്തിയ പോലെയാണ‌ു നാണിയമ്മ പ്രതികരിച്ചത്. പാവം വിളക്കെന്തു പിഴച്ചു? വര്‍ഷങ്ങളായി വിളക്കിന്റെ നെഞ്ചിനുള്ളി‌ല്‍ ചൂടായിരുന്നു. എണ്ണ ചരടിലൂടെ വലിച്ചുകയറ്റി പ്രകാശം പരത്തി അതിന്റെ കടമ നന്നായി നിര്‍വഹിച്ചു.

ഇതുപോലെ പ്രകാശമേകുന്ന അനേകം വ്യക്തിക‌ള്‍ നമുക്കു ചുറ്റുമുണ്ട്. അവസാന തുള്ളി എണ്ണയും കത്തിച്ചുതീര്‍ന്നിട്ട് ആരും എണ്ണ പകരാനുമില്ലാതെ കരിന്തിരി കത്തിയപോലെ അവസാനം വീടിന്റെ ഒരു കോണിലേക്ക് ചില മാതാപിതാക്ക‌ള്‍ വലിച്ചെറിയപ്പെടുന്നു. മറിച്ചും സംഭവിക്കാം- മൂത്ത മകളെ നഴ്സ് ജോലിക്കു വിദേശത്തേക്കു വിട്ടിട്ടു കുടുംബം ധൂര്‍ത്തി‌ല്‍ മുഴുകി, ഒരു കറവപ്പശു കണക്കെ വിവാഹം ബോധപൂര്‍വം വൈകിക്കുന്ന മാതാപിതാക്കളും അനേകമുണ്ട്. എരിഞ്ഞുതീരാന്‍ വിധിക്കപ്പെട്ടവര്‍ നിരവധിയാണ‌്. കടപ്പാടു മറന്ന് പല ബന്ധങ്ങളും തകര്‍ത്തുകളഞ്ഞിട്ട് പിന്നെ വിലപിച്ചിട്ടു കാര്യമില്ല. മ‌ണ്‍വിളക്കുപോലെ ഒന്നും പൊട്ടിച്ചിതറാതെ നോക്കണം.

3. അലയുന്നവൻ

പാലായിലുള്ള റോയിയുടെ വീട്ടില്‍ great dane ഇനത്തി‌ല്‍ പെട്ട നായയെ വളര്‍ത്തുന്നുണ്ട്. ഒരു ദിവസം അയാള്‍ കുടുംബ സഹിതം ഒരു കല്യാണത്തി‌ല്‍ പങ്കെടുക്കാനായി പോയപ്പോ‌ള്‍ വീടു പൂട്ടിയെങ്കിലും പട്ടിക്കൂട് പൂട്ടാന്‍ മറന്നു. നായ വീടിന്റെ പിന്നിലൂടെ ഓടി റോഡിലേക്ക്. പിന്നെ, സ്കൂള്‍ വിട്ട നേരത്ത് കുട്ടിക‌ള്‍ നില്‍ക്കുന്നിടത്തേക്ക് കുതിച്ചെത്തി. കരിമ്പുലി പോലുള്ള അത് കുട്ടികളെ വിറപ്പിച്ചുകൊണ്ട്‌ അവരുടെ ചുറ്റും ഓടിനടന്നിട്ട് ചിലരുടെ ദേഹത്തേക്ക് ചാടിക്കയറാന്‍ ശ്രമിച്ചു. അവരെല്ലാം ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും ആരും അടുത്തേക്കു വന്നില്ല. പെട്ടെന്നാണതു സംഭവിച്ചത്:

“പോടാ, എടാ, വീട്ടീപ്പോടാ..ഹി..ഹീ..ഹീ..ഹി..”

അവിടെ അലഞ്ഞുതിരിഞ്ഞിരുന്ന ഒരാള്‍, നായയുടെ പുറത്ത് കൈകൊണ്ട് ഒരടി വച്ചു കൊടുത്തു! അടികിട്ടിയതും നായ തിരിച്ചു വീട്ടിലേക്കു പാഞ്ഞു. ചിരിനിര്‍ത്താതെ അയാ‌ള്‍ നടന്നുപോയി.

“ഹോ.. ആ... വട്ടന്‍... വന്നില്ലായിരുന്നെങ്കില്‍....” ഒരു കുട്ടി വിക്കിവിക്കി പറഞ്ഞു. കുട്ടികള്‍ അയാളെ കാണുമ്പോഴൊക്കെ കളിയാക്കി ചിരിക്കുക പതിവായിരുന്നു. എങ്കിലും അയാ‌ള്‍ എപ്പോഴും ചിരിയുടെ വിഭ്രമലോകത്താണ‌്. ഈ സംഭവത്തിനു ശേഷം കുട്ടികളാരും ആ രക്ഷകനെ കളിയാക്കിയില്ല. ആ കുട്ടികളും ഒരു ടീച്ചറും മുന്നിട്ടിറങ്ങിയതുകൊണ്ട് ഇപ്പോ‌ള്‍ ആ മനോരോഗി ഒരു പുനരധിവാസ കേ(ന്ദത്തിലാണ‌്.

ഈ മനോരോഗി കഴിഞ്ഞ ഒരു വര്‍ഷമായി അവിടെ അലഞ്ഞുതിരിഞ്ഞിട്ടും ചിലര്‍ പരിഹസിച്ചു, മറ്റു ചിലര്‍ സഹതപിച്ചു, ഒരുകൂട്ടര്‍ കണ്ടില്ലെന്നു നടിച്ചു. ഇപ്പോഴാണ‌് സഹായഹസ്തമെത്തിയത്. ഒരു വിധത്തിലും മുന്‍വിധി നടത്താനാവാത്ത കടപ്പാടും സമര്‍പ്പണവും നന്ദിയും വന്നേക്കാവുന്ന അവസരങ്ങള്‍ ഓരോ ജീവിതത്തിലുമുണ്ടാകും. അവയെ കണ്ടില്ലെന്നു നടിക്കരുത്.

4. കുറിപ്പടി

മനോജ്‌ ഒരു അനുശോചന സമ്മേളനത്തി‌ല്‍ പങ്കെടുക്കവെ, തന്റെ അടുത്തിരുന്ന ആ‌ള്‍ ഒരു ചെറുകഷണം കടലാസ്സി‌ല്‍ എന്തൊക്കെയോ കുത്തിക്കുറിക്കുന്നതു കണ്ടു. എന്തോ കോഡ് ഭാഷ പോലെ. അതിനുശേഷം ബസ്സില്‍ കയറിയപ്പോ‌ള്‍ അയാ‌ള്‍ മനോജിന്റെ സീറ്റിലാണു വന്നിരുന്നത്. കുശലാന്വേഷണത്തിനിടയ‌്ക്ക്-

“ചേട്ടനെന്താ ആ പരിപാടിക്കിടെ കടലാസ്സില്‍ മറുഭാഷ എഴുതുന്നതു കണ്ടത്?”

“ആ...അതു മോനെ, എനിക്കു വിദ്യാഭ്യാസം കുറവാ. എഴാംതരത്തില്‍ പഠിക്കുമ്പോ പഠിത്തം നിര്‍ത്തി. ഇപ്പൊ, കുറച്ചു സാമൂഹ്യ പരിപാടിയൊക്കെ ഉണ്ട്. ഇവിടിപ്പൊ പ്രസംഗിച്ചത് കോശിഡോക്ടറാ, അതു ഞാ‌ന്‍ കുറിച്ചെടുത്തതാ ഇത്. അല്ലെങ്കി മറന്നുപോകും. എനിക്ക് എവിടെങ്കിലുമൊക്കെ സംസാരിക്കാന്‍ ഉപകരിക്കും”

അറിവുള്ളവരെ മാതൃകയാക്കുന്നതും ആശ്രയിക്കുന്നതും ഒരു നല്ല കാര്യമാണ‌്. ഇന്റര്‍വ്യൂ നടക്കുമ്പോ‌ള്‍ ചോദിക്കുന്ന ഒരു പ്രധാന ചോദ്യമാണ‌്, ആരാണ‌ു താങ്കളുടെ റോള്‍ മോഡ‌ല്‍ എന്ന്. മൂല്യങ്ങളും ആദര്‍ശങ്ങളും പാലിക്കാ‌ന്‍ നല്ലൊരു മാതൃക സ്വീകരിക്കുക.

5. മഹത്തായ വചനങ്ങള്‍:

“എന്റെ ദൗര്‍ബല്യങ്ങള്‍ക്കായി ഞാ‌‌ന്‍ ദൈവത്തെ സ്തുതിക്കുന്നു. അവയിലൂടെ ഞാന്‍ എന്നെത്തന്നെയും എന്റെ കടമയെയും, ദൈവത്തെയും കണ്ടെത്തി” (ഹെലന്‍ കെ‌ല്ലര്‍)

“സ്നേഹം ആത്മസമര്‍പ്പണംകൊണ്ടു മാത്രമേ നേടാ‌ന്‍ കഴിയൂ” (കബീര്‍)

“കൃതജ്ഞത കുലീനവും സൗഭാഗ്യ ഹൃദയത്തിന്റെ ലക്ഷണവുമാണ‌്”(സെക്കര്‍)

പ്രവര്‍ത്തിക്കാ‌‌ന്‍:

ചെറിയ കടപ്പാടും നന്ദിയും പോലും മറന്നുപോകാതെ ഡയറിയില്‍ കുറിച്ചിടുക. കിട്ടിയ അളവി‌ല്‍ കൊടുക്കാനും നമ്മെ അത് ഓര്‍മ്മിപ്പിക്കും. ഇതൊക്കെ സ്നേഹത്തിന്റെ രൂപഭേദങ്ങള്‍ തന്നെ. അവിടെ അഹങ്കാരമൊക്കെ ഓടിയൊളിക്കും. സന്തോഷം വിരിയും. അതിനാല്‍, എന്റെ എല്ലാ പുസ്തകത്തിന്റെയും കടപ്പാട് “പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളോടും..” എന്നാവട്ടെ.

എവിടെയെങ്കിലും നന്ദിയും കടപ്പാടും മറന്നു നിങ്ങ‌ള്‍ പ്രവര്‍ത്തിച്ചുവോ? ചിന്തിക്കുക. അങ്ങനെയെങ്കി‌ല്‍, സ്വയം തിരുത്തുക. ആനന്ദിക്കുക.

Comments

Popular Posts

പഞ്ചതന്ത്രം കഥകള്‍ -1

Best 10 Malayalam Motivational stories

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1