മലയാളം ഫിലിം നര്‍മകഥ
ഇനിയും പേരുപോലും ഇടാത്ത സിനിമ. ഓമനപ്പേര‌്-വെറും 'പ്രൊഡക്ഷന്‍ നമ്പര്‍- 9'; ലൊക്കേഷന്‍- കുഞ്ഞുണ്ണിമല; സീന്‍- 23. ഷൂട്ടിംഗ് ടീം നേരത്തേതന്നെ അടുത്തുള്ള സ്ഥലത്തെത്തിയിരുന്നു-ഒരു ലോഡ്ജില്‍ എല്ലാവരും തങ്ങി. നാളെ വെളുപ്പിനെ കോടമഞ്ഞുംകൂടി ക്യാമറയിലാക്കാന്‍വേണ്ടി രാവിലെ വര്‍ക്ക് തുടങ്ങാനുള്ളതാണ‌്.
കുഞ്ഞുണ്ണിമലയുടെ അടിവാരത്തിലുള്ള തേയിലത്തോട്ടത്തിലെ തൊഴിലാളികളായിരുന്ന കൂട്ടുകാരായി പ്രശസ്ത താരങ്ങളായ അമ്പൂട്ടനും ലാലിച്ചനും പ്രാധാന വേഷത്തില്‍ അഭിനയിക്കുന്നു. ഷൂട്ടിംഗ് നടക്കേണ്ടത് ഒരു പൊളിഞ്ഞുവീഴാറായ ലയത്തിലാണ‌്. അവിടന്ന് പത്തുകിലോമീറ്റര്‍ മാറി സിനിമാ നിര്‍മാതാവിന്റെ സുഹൃത്ത് മത്തായിമുതലാളിയുടെ ബംഗ്ലാവിലായിരുന്നു ലാലിച്ചനും അമ്പൂട്ടനും വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്നത്. മറ്റെവിടെയോ ഷൂട്ടിംഗ് കഴിഞ്ഞ് ആ ബംഗ്ലാവിലേക്ക് പാതിരാത്രിയില്‍ ലാലിച്ചന്റെ കാര്‍ എത്തിച്ചേര്‍ന്നു. കൂടെ അമ്പൂട്ടനും അവരുടെ മേക്കപ്പന്‍ശശിയുമുണ്ട്.
ശശിയുടെ രാവിലത്തെ ഒരു മണിക്കൂറിന്റെ പരിശ്രമം കൊണ്ട് രണ്ടു നായകന്മാരും വൃദ്ധരുടെ വേഷത്തിലേക്ക് എത്തിച്ചേര്‍ന്നു. റോഡു വളരെ മോശമായതിനാല്‍ ലാലിച്ചന്റെ കാര്‍ വേണ്ടെന്ന് മത്തായിമുതലാളി തീരുമാനിച്ചു-
"ലാലിച്ചാ, എന്റെ ഔട്ട്‌ഹൗസില്‍ തോട്ടത്തില്‍ പോകാന്‍ ഉപയോഗിക്കുന്ന ജീപ്പ് കെടപ്പൊണ്ട്. പണിക്കാരന്‍ജോയി നിങ്ങളെ അവിടെ കൊണ്ടുവിടും"
അതേസമയം, ജോയി അവിടെ നല്ല ഉറക്കത്തിലായിരുന്നു. തോട്ടത്തിലെ അവന്റെ കൂട്ടുകാരന്‍ വാറ്റിയ 'യമണ്ടന്‍സാധനം' സേവിച്ചു ബോധമില്ലാതെ കിടന്നുറങ്ങിയതാണ‌്.
അപ്പോള്‍, വേലക്കാരി സരള വാതിലില്‍ ആഞ്ഞുതല്ലി:
"എടാ, ജോയിയേ..എഴുന്നേക്കെടാ, നിന്നെ മൊതലാളി തെരക്കുന്നുണ്ട്, ജീപ്പുംകൊണ്ട് ചെല്ലാന്‍"
"ഓ..."
ജോയി പെട്ടെന്നു ഷര്‍ട്ട് ഇട്ടുകൊണ്ട് ഓടി ജീപ്പില്‍ കയറി ബംഗ്ലാവിന്റെ മുറ്റത്ത് നിര്‍ത്തി. പക്ഷേ, അപ്പോഴും അവന്‍ മോന്തിയ ചാരായത്തിന്റെ കെട്ടുവിട്ടിട്ടില്ലായിരുന്നു. അതിന്റെ മണം മുതലാളിയുടെ അടുത്തെത്താതെ അവന്‍ മാറിനിന്നു.
"എടാ, ഇവരെ രണ്ടുപേരെയും ഷൂട്ടിംഗ് നടക്കുന്ന ലയത്തിനടുത്ത് എത്തിക്കണം. പിന്നെ.. തിരിച്ചുവന്നിട്ട്, ഈ ശശിയെ ലോഡ്ജിലും കൊണ്ടാക്കണം, അവിടെങ്ങും കറങ്ങിനടക്കാതെ വേഗം ഇങ്ങുപോരണം"
"ശരി, മൊതലാളീ.."
അവര്‍ ജീപ്പില്‍ കയറുന്നതിനിടയില്‍, ലാലിച്ചന്റെ കാറിന്റെ മുന്‍വശം പല്ലിളിച്ചു കൊഞ്ഞനംകുത്തുന്നതുപോലെ അവനു തോന്നി. വൃദ്ധന്മാരുടെ വേഷം അണിഞ്ഞിരുന്നതുകൊണ്ട് അവരെ രണ്ടുപേരെയും ജോയി സത്യത്തില്‍ തിരിച്ചറിഞ്ഞില്ല!
"സാറന്മാര‌് എന്റെ കൂടെ ഇരുന്നോ, പൊറകില്‍ വല്ലാത്ത കുലുക്കാ"
അവര്‍ അല്പദൂരം ചെന്നപ്പോള്‍ ജോയി ചോദിച്ചു:
"സാറന്മാര‌് ഷൂട്ടിംഗ് കാണാന്‍ പോകുവായിരിക്കും? ആ ജീപ്പ് ഏതാ?"
"അവനാണു മോനെ, ടൊയോട്ട പ്രഡൊ. അരക്കോടി മുടക്കിയത് ഈ കല്ലുവഴി പോകാനല്ല"
"അതെയതെ, പടോന്നു പൊടിയും. വില കൂടിയ ജീപ്പൊക്കെ അങ്ങ് പട്ടണത്തിലേ ചെലവാകൂ, ഇവിടെ എന്റെ മഹീ(ന്ദാ തന്നെ വേണം"
ജോയി ചാരായമണത്തില്‍ പറഞ്ഞത് അവര്‍ കേട്ടതായി ഭാവിച്ചില്ല. തീര്‍ത്തും തകര്‍ന്നു കിടക്കുന്ന വഴി. ഒരു കല്ലില്‍നിന്നു മറ്റൊന്നിലേക്ക്. ചിലപ്പോളൊക്കെ ജീപ്പിന്റെ വളയത്തില്‍ ജോയി തൂങ്ങിക്കിടക്കുകയായിരുന്നുവോ? അമ്പൂട്ടന്‍ സഹികെട്ട് ചോദിച്ചു:
"ഇതെന്താ, ജോയീ, ഈ വഴി ആര്‍ക്കും നന്നാക്കണ്ടേ?"
"എന്റെ സാറേ, ഇതിലേ ബസില്ല. പകരം ട്രിപ്പടിക്കുന്ന ജീപ്പാ ഓടുന്നത്. അവരുടെ വേലയാ ഇതൊക്കെ"
വഴിയുടെ ഒരു വശത്തുകൂടി പുഴ ഒഴുകുന്ന മനോഹര കാഴ്ച ആരംഭിച്ചു. ആറ്റില്‍ മണലൊന്നും കാണാനില്ല; ഉരുളന്‍ കല്ലുമില്ല; ആര്‍ക്കും പൊക്കിയെടുക്കാന്‍ പറ്റാത്ത വലിയവ മാത്രം! പ്ലാസ്റ്റിക് കുപ്പികളും കൂടുകളും ഇല്ലെന്ന ഉപകാരം മാത്രം ഇവിടുള്ള മനുഷ്യര്‍ കാട്ടിയിരിക്കുന്നു.
ജീപ്പ് ചില അവസരങ്ങളില്‍ മുന്നോട്ടു പോകാന്‍ കൂട്ടാക്കാതെ മടികാട്ടി കിതച്ചപ്പോള്‍, ജോയി ഫസ്റ്റ്ഗിയറിട്ട് അതിനെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
കുറച്ചുസമയം കഴിഞ്ഞപ്പോള്‍, പുറകില്‍ ഒരു ഹോണ്‍ കേട്ടു. ഷൂട്ടിംഗ് ബസ് അങ്ങോട്ട് പോകില്ലാത്തതിനാല്‍ TATA-407 ആയിരുന്നു അത്. ജനറേറ്ററും മറ്റും അതില്‍ പൊന്തി നിന്നു. അതിനു മുന്നില്‍ കയറാന്‍മാത്രം വീതിയില്ലാത്ത വഴിയില്‍ എന്തുചെയ്യാന്‍?
"ജോയി, അവര്‍ക്ക് വേഗം പോയിട്ട് കാര്യമുണ്ട്. എവിടാ കുറച്ചു വീതിയുള്ളത്?" അമ്പൂട്ടന്‍ ചോദിച്ചു.
"കൊളുന്ത് തൂക്കുന്ന സ്ഥലത്ത് നല്ല വീതിയുണ്ട്, അവരു സിനിമാക്കാരല്ലേ, കുറച്ചങ്ങു താമസിക്കട്ടെ"
അത്ര സുഖമില്ലാത്ത ജോയിയുടെ മറുപടി കേട്ട് അമ്പൂട്ടന്‍ ചോദിച്ചു:
"എന്താ, ഇയാള്‍ക്ക് സിനിമയോടൊരു രസക്കേട്? ആദ്യം സെന്സുണ്ടാവണം, സെന്‍സിറ്റിയുണ്ടാവണം, അതാവണമെടാ ഒരു സിനിമാ പ്രേമി.."
"ഓ...പിന്നെ..മാങ്ങാത്തൊലി! ഞാന്‍ പഴയ നാടക നടനായിരുന്നു. ഈ സിനിമക്കാരാ നാടകം പൊളിച്ചടുക്കിയത്, ഞാന്‍ സിനിമ കാണാറുമില്ല"
"അതിപ്പോള്‍, പുതിയ കലകള്‍ വികസിച്ചപ്പോള്‍ പഴയതു മാറിക്കൊടുത്തതാ. സ്റ്റേജില്‍ ആകെയുള്ളത് ഒരു മൈക്ക്. അതിനടു ത്തുവന്ന്‍ ഡയലോഗ് കാച്ചാന്‍ ഓരോരുത്തരും മാറിമാറി ഒപ്പന കളിച്ച് നടക്കുന്നതൊക്കെ കാണാന്‍ ഇപ്പോള്‍ ആളെ കിട്ടില്ല"
"ഓ...ഇപ്പോഴത്തെ വലിയ സിനിമാ നടന്മാരൊക്കെ ഒരു കാലത്ത് നാടകം കളിച്ചു നടന്നവരാ, സുപ്രിയനും മണിപിള്ളയും സനോജും വിജീഷും അമ്പൂട്ടനും ലാലിച്ചനുമൊക്കെ. വന്ന വഴി മറക്കരുത്"
ലാലിച്ചന്‍ മലവെള്ളം ഒഴുകിപ്പോകുന്നത് നോക്കിയിരുന്നു. വെള്ളത്തിനു നോവാതിരിക്കാനെന്ന പോലെ വലിയ കല്ലുകള്‍ തന്റെ കൂര്‍ത്ത മുനകള്‍ പായലുകള്‍തേച്ചു മിനുസപ്പെടുത്തിയിരിക്കുന്നു. അക്കൂട്ടത്തില്‍ മൃഗങ്ങളുടെയും മനുഷ്യരുടെയും രൂപം പൂണ്ടതായ കുറെയെണ്ണം കാണാനായി.
"ഇവിടത്തെ നദീജലതര്‍ക്കം പരിഹരിച്ചോ?"
"അയല്‍സംസ്ഥാനത്തിന്റെ പ്രുഷ്ടിപ്രദേശമാന്നാ അവരു പറയുന്നെ"
"ഇയ്യോ..പൃഷ്ഠമല്ല, വൃഷ്ടിപ്രദേശം"
അവരുടെ ചിരിയുടെ മുന്നില്‍ ജോയി ഒന്നു ചമ്മി. പിന്നീട്, കുറച്ചുനേരം ഒന്നും മിണ്ടാതെ അവന്‍ വളയം പിടിച്ചു പലതും ചിന്തിച്ചു. സാധാരണയായി തന്റെ ജീപ്പില്‍ കയറുന്ന സന്ദര്‍ശകര്‍ എന്തെങ്കിലുമൊക്കെ തരാതെ പോകാറില്ല. കിഴവന്മാരുടെ കയ്യില്‍ പൂത്ത കാശ് കാണും. ഇനി തര്‍ക്കിക്കാന്‍ പോകേണ്ട, എങ്ങനയാ ഇവരെ ഒന്നു വളയ‌്ക്കുന്നത്? ഇപ്പോള്‍ അവരു സംസാരിക്കുന്നത് ഇംഗ്ലീഷില്‍, ഒന്നും മനസ്സിലാകുന്നുമില്ല. ഇന്‍കം ടാക്സ് കൊടുക്കുന്ന കാര്യം അവര്‍ രണ്ടുപേരും പറയുന്നതിനിടയില്‍, VAT എന്ന വാക്കും പല തവണ കേട്ട ജോയി വിചാരിച്ചത്-'അമ്പട ഭയങ്കരന്മാരെ..ഇവിടത്തെ സൊയമ്പന്‍ വാറ്റ് കൊണ്ടുപോകാനുള്ള വരവാ ഇത്. ഞാന്‍ മേടിക്കുന്നിടത്തെ സാധനം ഇവരു കഴിച്ചാല്‍ എല്ലാ മാസവും ഈ മലമൂട്ടില്‍ വരുമെന്ന് ഉറപ്പാണ‌്. എനിക്ക് കുശാലായി'
കുറച്ചു വീതിയുള്ള ഒരിടത്ത് ചെന്നതും- ഒന്നും മിണ്ടാതെ ജീപ്പ് ചവിട്ടിനിര്‍ത്തിയ ശേഷം ജോയി വേഗം ഓടി മറഞ്ഞു! ഇതുകണ്ട് അവര്‍ അമ്പരന്നു. ഉടന്‍ ലാലിച്ചന്‍ തന്റെ ചെറുവിരല്‍ ഉയര്‍ത്തിക്കാട്ടി കണ്ണിറുക്കി.
"ലാലിച്ചാ, അതിനാണെങ്കില്‍ വലതുവശത്തെ ആറ്റിറമ്പിലേക്ക് പോയാല്‍ മതിയല്ലോ. കഴിഞ്ഞ വര്ഷം കാട്ടില്‍ ഒരു ഷൂട്ട് ഉണ്ടായിരുന്നപ്പോള്‍ അവിടത്തെ തോട്ടിലെ വെള്ളത്തില്‍ ഇരിക്കാന്‍ എന്തു സുഖമായിരുന്നു..ഇവന്‍ വേറെ എന്തിനോ പോയതായിരിക്കും"
കുറച്ചുനേരത്തിനുശേഷം..
രണ്ടു കുപ്പി വാറ്റുചാരായവുമായി ജോയി തിരികെ ഓടിക്കിതച്ച് എത്തിയപ്പോള്‍ തന്റെ ജീപ്പ് കാണാന്‍ വയ്യാത്ത വിധം ആളുകള്‍ തിക്കും തിരക്കുമുണ്ടാക്കുന്നു. ദൈവമേ! അവര്‍ക്ക് എന്തെങ്കിലും പറ്റിക്കാണുമോ ? താന്‍ കടം മേടിച്ച രണ്ടുകുപ്പി..
"ഒന്നു മാറി നില്‍ക്കടാ എന്റെ വണ്ടിയില്‍നിന്ന്.." ജോയി അലറി.
"നിന്റെയൊരു അ...." മറുപടിയായി ബാക്കി എന്തോ പറഞ്ഞത് ജനക്കൂട്ടത്തിന്റെ ആര്‍പ്പുവിളികളില്‍ മുങ്ങിപ്പോയി -
"സൂപ്പര്‍ സ്റ്റാര്‍ അമ്പൂട്ടന്‍....സൂപ്പര്‍ സ്റ്റാര്‍ ലാലിച്ചന്‍...."
അതിനിടയിലേക്ക് ജോയി ഉന്തിക്കയറാന്‍ ശ്രമിച്ചെങ്കിലും ഏതോ ഒരുവന്റെ ശക്തിയുള്ള തള്ളില്‍ ജോയി അടിപതറി വീണു.
അയാളോടൊപ്പം കുപ്പികളും നിലം പുല്‍കി. അങ്ങനെ സിനിമയുമായുള്ള അവന്റെ ശത്രുത ഒന്നുകൂടി വര്‍ദ്ധിച്ചു.
Comments