4 മലയാളം കഥകള്‍ (MALAYALAM EBOOK
KATHAKAL)
1. നാടോടിയുടെ ഭാണ്ഡക്കെട്ട്
പണ്ടുപണ്ട്, സിൽബാരിപുരം രാജ്യത്തിലെ ഗ്രാമത്തിലേക്ക് നാടോടികളായ ഒരു കുടുംബം വന്നു ചേർന്നു. അവരുടെ കുലത്തൊഴിൽ തെങ്ങുകയറ്റമാണ്. അച്ഛനും മകനും തങ്ങളുടെ തൊഴിലിൽ മിടുക്കർതന്നെ. മഴക്കാലത്ത്, തെങ്ങ് തെന്നിക്കിടന്നാലും പട്ടിണി ഒഴിവാക്കാൻ എങ്ങനെയും അതിൽ വലിഞ്ഞുകയറും. അച്ഛന്റെ കയ്യിലൊരു വലിയ ഭാണ്ഡക്കെട്ടുമുണ്ട്. ഈ ഗ്രാമത്തിൽ ഒരുപാട് തെങ്ങിൻതോപ്പുകൾ ഉണ്ടെന്നറിഞ്ഞ് എത്തിയതാണ്. തെങ്ങുകൾ അനേകമുണ്ടെങ്കിലും ദിവസവും കുറച്ചു തെങ്ങുകൾ മാത്രമേ കയറാൻ പറ്റിയിരുന്നുള്ളൂ. കാരണം, ഇവിടത്തെ തെങ്ങുകൾക്കെല്ലാം മാനംമുട്ടുന്ന ഉയരമാണ്! ഭൂരിഭാഗം തെങ്ങുകള്‍ക്കും വല്ലാത്ത ഉയരവും കായ്ഫലം കുറവുമാകയാല്‍ കൊന്നത്തെങ്ങുകളെന്ന പേരു നന്നായി ചേരും.
അതുകൊണ്ടെന്താ? പെട്ടെന്ന് ക്ഷീണിച്ചു പരവേശപ്പെടുകയും ചെയ്യും. എന്തായാലും, കൂലി കുറവെങ്കിലും പട്ടിണി കൂടാതെ അവർ അവിടെ താമസമാക്കി. ഒരു ദിവസം - അച്ഛൻ ഭാണ്ഡക്കെട്ടു തുറന്ന് തുണിയെടുക്കുന്ന വേളയിൽ തുണിയിൽ പൊതിഞ്ഞ ഒരു കിഴി മകന്റെ കണ്ണിൽപ്പെട്ടു-
"അഛാ, പാണ്ടക്കെട്ടിനകത്ത്.. കിഴി.. അതിനുള്ളിൽ എന്താ?"
പിതാവ് പരിഭ്രമത്തോടെ പറഞ്ഞു -
"നമ്മുടെ മുതുമുത്തഛന്മാരു തൊട്ട് കൈമാറി വരുന്ന ഭാഗ്യക്കിഴിയാണിത്. ഇതിനുള്ളിൽ എന്താണെന്ന് ഒരിക്കലും തുറന്നു നോക്കാൻ പാടില്ലത്രെ. പക്ഷേ, പട്ടിണി കിടന്ന് മരിക്കുമെന്നു തോന്നിയാൽ മാത്രം തുറക്കാം"
മകൻ ചോദിച്ചു -
"അഛനോട് ആരാണിതു പറഞ്ഞത്?"
"ഒട്ടും സംശയിക്കേണ്ട, എന്റെ അഛൻതന്നെയാണ് പറഞ്ഞത്.
ഇതു വെറുതെ തുറന്നാൽ പിന്നെ തെങ്ങുകയറുമ്പോൾ അപകട മരണം സംഭവിക്കും. നമ്മുടെ പിതാക്കൾക്ക് കുലത്തൊഴിലായ തെങ്ങുകയറ്റംകൊണ്ട് ഒരിക്കലും പട്ടിണി കിടക്കേണ്ടി വന്നില്ലാത്തതുകൊണ്ട് ആരും ഇതുവരെ തുറന്നിട്ടില്ല"
മകൻ അതു വിശ്വസിച്ചു.
രണ്ടു മാസം കഴിഞ്ഞപ്പോൾ, അച്ഛനു പകർച്ചപ്പനി പിടിപെട്ടു ദിവസങ്ങൾക്കുള്ളിൽ അയാൾ മരണമടഞ്ഞു. പിന്നീട്, കുടുംബം പുലർത്തേണ്ട ഭാരിച്ച ചുമതല മകനിൽ വന്നു ചേർന്നു. അതോടെ ജീവിതം ദുസ്സഹമായി. തുഛമായ കൂലികൊണ്ട് കുട്ടികൾക്ക് നാലുനേരവും കഴിക്കാൻ കൊടുക്കാൻപോലും അവൻ വിഷമിച്ചു.
ഒരു ദിവസം ഭാര്യ പറഞ്ഞു-
"നമുക്ക് അച്ഛന്റെ പാണ്ടക്കെട്ട് തുറന്നു നോക്കാം. അതിൽ നാണയങ്ങൾ വല്ലതുമുണ്ടെങ്കിലോ?''
അയാൾ ഒന്നും മിണ്ടിയില്ല. അവൾ അതിനുള്ളിൽ പരിശോധിച്ചപ്പോൾ ചെറിയ തുണിക്കിഴി കിട്ടി. പെട്ടെന്ന്, അവൻ അത് തട്ടിപ്പറിച്ചുകൊണ്ട് ദേഷ്യപ്പെട്ടു. അച്ഛൻ പറഞ്ഞ ഭാഗ്യക്കിഴിയുടെ കാര്യങ്ങൾ അവളോടു പറഞ്ഞു.
പക്ഷേ, ഭാര്യ ബുദ്ധിമതിയായിരുന്നു-
"ചേട്ടനൊരു മണ്ടൻതന്നെ, ചേട്ടന്റെ പണിക്കൂലി കാരണം, പട്ടിണികൊണ്ട് ചാകത്തില്ല, എന്നാലും നമ്മൾ നരകിച്ചു ജീവിച്ച് എപ്പോഴെങ്കിലും ചാകും. അതു കൊണ്ട് കിഴിയിലെന്താന്നു നോക്കാം"
"എടീ... ഞാൻ തെങ്ങിൽനിന്നു വീണു ചാകുന്നത് നിനക്കു കാണണം അല്ലേ?"
അവൾക്കു തോൽക്കാനുള്ള ഭാവമില്ലായിരുന്നു -
"ചേട്ടൻ ഞാൻ പറയുന്നത് കേൾക്ക്. കിഴിയിൽ സ്വർണനാണയമുണ്ടെങ്കിലോ? പിന്നെ, ഒരിക്കലും തെങ്ങിൽ കയറാതിരുന്നാൽ മതിയല്ലോ. ഇനി ഇതിൽ വിലയില്ലാത്ത സാധനമാണെങ്കിൽ പിന്നെയുള്ള കാലം മുഴുവൻ ഞാൻ തെങ്ങിൽ കയറിക്കോളാം"
അവൻ അവളുടെ നിർബന്ധത്തിനു മുന്നിൽ സമ്മതിച്ചു.
അവൾ കിഴി അഴിച്ചപ്പോൾ അതിലൊരു ചെറിയ തടിപ്പെട്ടി. അത് തുറന്നപ്പോൾ അവർ ഞെട്ടിത്തരിച്ചു!
ഒരു വലിയ രത്നക്കല്ല് !
സന്തോഷത്തിനു പകരം, രണ്ടുപേരും പേടിച്ചു വിറയ്ക്കുകയാണു ചെയ്തത്.
രാജ്യത്തെ നിയമപ്രകാരം- പുഷ്യരാഗം, മരതകം, വൈഡൂര്യം, മാണിക്യം, ഇന്ദ്രനീലം തുടങ്ങിയ രത്നങ്ങള്‍ സാധാരണ പ്രജകൾ കൈവശം വയ്ക്കാൻ പാടില്ല. ഇവ ലഭിച്ചാൽ ഉടൻ കൊട്ടാരത്തിൽ ഏല്പിക്കണം. രഹസ്യമായി വിൽക്കാൻ ശ്രമിച്ചാൽ വധശിക്ഷയാണ്!
രത്നക്കല്ല് ലഭിച്ച വഴി തങ്ങൾ പറഞ്ഞാൽ രാജാവ് വിശ്വസിക്കുമോ?
അവർ വല്ലാത്ത വിഷമത്തിലായി. ഒളിപ്പിച്ചു വയ്ക്കാമെന്നു വിചാരിച്ചാല്‍ വീട്ടിലെ കുട്ടികളും ഇതിനോടകം അറിഞ്ഞിരിക്കുന്നു. അവറ്റകളുടെ മനസ്സില്‍ ഒന്നും ഇരിക്കില്ലതാനും.
എങ്കിലും, നാടുകടത്തൽശിക്ഷ ലഭിച്ചാലും വേണ്ടില്ല, കുടുംബസമേതം അയൽരാജ്യത്തേക്കു പോകാമെന്നു കരുതി എല്ലാവരും കൊട്ടാരമുറ്റത്ത് എത്തിച്ചേർന്നു. ഭടന്മാർ അവരെ രാജാവിന്റെ മുന്നിലെത്തിച്ചപ്പോള്‍ നിലവിളിച്ചു കൊണ്ട് സത്യം ബോധിപ്പിച്ചു.
ഉടൻ, രാജാവ് കല്പിച്ചു -
"ഇത്രയും വലിയ രത്നക്കല്ല് ഞാൻ ആദ്യമായിട്ടാണു കാണുന്നത്. എന്റെ സ്വർണകിരീടത്തിന്റെ നടുവിലായിരിക്കും ഇനി ഇതിന്റെ സ്ഥാനം!
ഖജനാവില്‍നിന്ന് ഇവർക്ക് ആയിരം സ്വർണനാണയങ്ങൾ കൊടുക്കുക!"
കഥയിലെപ്പോലെ, രത്നങ്ങളാകുന്ന പലതരം അറിവിന്റെയും തൊഴിലിന്റെയും ഭാഗ്യത്തിന്റെയും കഴിവിന്റെയും ഭാണ്ഡക്കെട്ടുകള്‍ തോളിലേറ്റിയാണ് എല്ലാവരും നടക്കുന്നത്. എന്നാൽ, അന്ധവിശ്വാസം, മുൻവിധി, മടി, പാരമ്പര്യം, പേടി, അപകർഷം, ഭാഗ്യസമയം.... എന്നിവയൊക്കെ കാരണം തങ്ങളുടെ രത്നങ്ങൾ കണ്ടെത്താനോ വിൽക്കാനോ കഴിയാതെ ജീവിതയാത്ര ദുരിതമാക്കുന്നു! ആയതിനാല്‍, ഓരോ കരിയര്‍പാതകളും അനുയോജ്യമാണോ വജ്രതുല്യമായ കാര്യങ്ങള്‍ വീണ്ടെടുക്കാനുണ്ടോ എന്നു നിഷ്പക്ഷമതികളും അഭ്യുദയകാംക്ഷികളും ആയിരിക്കുന്ന വിശിഷ്ട വ്യക്തികളോടു ചോദിക്കാം. അല്ലെങ്കില്‍, മികച്ച അധ്യാപകരോടും കൌണ്‍സിലര്‍മാരോടും ചോദിക്കാം.
2. നന്ദികേട്!
രാജേഷിന്റെ അയൽപക്കത്തെ വീട്ടിലുള്ള അങ്കിൾ ഒരു മാന്യനാണ്. കേന്ദ്ര സർക്കാരിന്റെ ജോലിയിൽ ഇരുന്നപ്പോൾ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ജോലി ചെയ്തിട്ടുള്ള ഒരുപാട് അറിവും അനുഭവങ്ങളും ഉള്ള മാന്യൻ. ഏതു കാര്യത്തിലും നല്ല വ്യക്തമായി സംസാരിക്കുന്ന ശൈലിയെ രാജേഷിനും നല്ല ബഹുമാനം. രാജേഷിന്റെ പറമ്പിൽ വിളയുന്ന പഴം-പച്ചക്കറികള്‍ തുടങ്ങിയവയൊക്കെ ഇടയ്ക്ക് മേൽപറഞ്ഞ അങ്കിളിനു കൊടുക്കാറുമുണ്ട്.
ഇനി കാര്യത്തിലേക്കു വരാം-
കുറച്ചു ദിവസങ്ങളായി രാജേഷിന്റെ വീടിന്റെ ഗേറ്റിനു മുന്നിലുള്ള വഴിയരികിൽ മറുവശത്ത് ചീഞ്ഞളിഞ്ഞ ഭക്ഷണ പദാർഥങ്ങളുടെയും മറ്റും വേസ്റ്റ്, പ്ലാസ്റ്റിക് കവറിൽ കെട്ടി എറിയാൻ ആരോ തുടങ്ങിയിട്ടുണ്ട്. വഴിക്കണ്ണുമായി പല സമയങ്ങളിലും അവനും വീട്ടുകാരും നോക്കിയിരുന്നിട്ടും ആരാണ് എറിയുന്നതെന്നു പിടികിട്ടിയില്ല. ചിലപ്പോൾ, അർദ്ധരാത്രിയിൽ അകലെ നിന്നുള്ള വാഹനസഞ്ചാരികൾ ആയിരിക്കാം ചെയ്യുന്നത്.
ഒരു ദിവസം- രാജേഷ് വെളുപ്പിനെ എഴുന്നേറ്റ് നോക്കിയപ്പോൾ നടക്കാനിറങ്ങിയതെന്നു തോന്നിയ ഒരാൾ കയ്യിലൊരു പ്ലാസ്റ്റിക് കാരിബാഗ് കെട്ടി പതിവു സ്ഥലമായപ്പോൾ ഒരേറ്! പക്ഷേ, ഇരുട്ടിൽ മുഖം വ്യക്തമായില്ല.
അയാൾ കുറച്ചു കൂടി മുന്നോട്ട് നടന്ന് സ്ട്രീറ്റ് ലൈറ്റിന്റെ താഴെ വന്നപ്പോൾ -
ഭൂലോക തത്വം വിളമ്പുന്ന അയലത്തെ അദ്ദേഹം!
ത്ഫൂ...
യാതൊരു ഉപദ്രവങ്ങളും ചെയ്തില്ലെന്നു മാത്രമല്ല, ഇടയ്ക്ക് വാഴപ്പഴവും മത്തങ്ങയും ചേനയും മാങ്ങയുമൊക്കെ കൊടുക്കുകയും ചെയ്തതിന്റെ സ്നേഹപ്രകടനങ്ങളാണ്ഇതൊക്കെ! എന്തായാലും, വെറുതെ ഒരു കശപിശ വേണ്ടെന്നു കരുതി അവന്‍ വാർഡ് കൗൺസിലറെ കണ്ട് ആരുടെയും പേരൊന്നും പറയാതെ കാര്യം ബോധിപ്പിച്ചു.
അതോടെ, രാജേഷ് മറ്റൊന്നു കൂടി തീരുമാനിച്ചു- ഒരു കറിവേപ്പില പോലും അയലത്തുകാര്‍ക്കു കൊടുക്കരുതെന്ന്!
എല്ലാവരും ഇങ്ങനെയല്ലെങ്കിലും, നാം ഉപകാരങ്ങൾ ചെയ്തവർ തിരിഞ്ഞുനിന്ന് ഉപദ്രവങ്ങൾ ചെയ്യുമ്പോൾ നമ്മിൽ അമർഷവും അസ്വസ്ഥതകളും ഉണ്ടാവുന്നത് സർവസാധാരണമാണ്. അതുകൊണ്ടായിരിക്കാം- ഇപ്പോൾ കടപ്പാടും നന്ദിയും മറക്കുന്ന ലോകത്ത്, ഉപകാരങ്ങളും നന്മകളും എങ്ങും കുറഞ്ഞു വരികയാണ്!
മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങൾ എന്തെങ്കിലും മാറുമോ?
ഏയ്.. ഒരിക്കലുമില്ല! എത്ര പഴയ ചരിത്രം നോക്കിയാലും മനുഷ്യൻ എക്കാലത്തും ക്രൂരതയുടെ പര്യായമായിരുന്നുവെന്നു കാണാം. പ്രാചീന അറിവും മഹര്‍ഷിമാരും ഗുരുക്കന്മാരും ഗ്രന്ഥങ്ങളുമൊക്കെ അവിടെ നിഷ്പ്രഭമായി എന്നു തെളിയിക്കുന്ന വിധത്തില്‍ വര്‍ഷങ്ങള്‍ നീളുന്ന ഘോരയുദ്ധങ്ങൾ പണ്ടുമുണ്ടായിരുന്നു.
പക്ഷേ, എക്കാലത്തും മനുഷ്യനിലെ ദുഷിച്ച മനസ്സിനെ വെള്ളവും വളവും കൊടുത്തു വളർത്തിയതിൽ അധികാരത്തിനും പ്രശസ്തിക്കും അന്ധവിശ്വാസങ്ങള്‍ക്കും...പലതിനും പങ്കുണ്ട്. എന്തായാലും, സാധുക്കളും സാത്വികരായ ചെറിയ ശതമാനം വരുന്ന ആളുകളും ശ്വാസം മുട്ടുകയാണ്.
എന്നാലോ? ഇതിനെതിരെയുള്ള പ്രതികരണവും തര്‍ക്കങ്ങളും മത്സരങ്ങളും വിവരാവകാശവും നിയമപോരാട്ടവും നിങ്ങളുടെ സമയവും പണവും ഊര്‍ജവും ചോര്‍ത്തിക്കളയും. വെറുതെ ശത്രുക്കള്‍ പെരുകി കഷ്ടനഷ്ടങ്ങള്‍ വന്നേക്കാനും ഇടയാകും.
ഇനി, അതൊക്കെ കണ്ടിട്ട് എന്തു ചെയ്യാനാണ്?
ഒന്നും ചെയ്യാനല്ല. പക്ഷേ, ഏറ്റവും ചുരുങ്ങിയത് വഴിമാറിയെങ്കിലും സഞ്ചരിക്കാമല്ലോ. സാമാന്യബുദ്ധികൊണ്ട് ഇന്നത്തെ ചൂഷണങ്ങൾ നമുക്കു കാണാനാവില്ല. ഓരോ ആളും നമുക്കു കാണാനാവാത്ത അദൃശ്യ മുഖംമൂടിയുമായി നടന്നു വിലസുന്നു. കാര്യങ്ങളെ വെറുതെയങ്ങ് നോക്കിക്കണ്ടാൽ പോരാ. ജാഗ്രത ഏതു രംഗത്തും നാം പുലർത്തണം. എന്താ കാര്യം? നാം നമ്മുടെ രണ്ടു കണ്ണു കൊണ്ട് കാണുന്നതല്ല യഥാർഥ ലോകം! നമ്മുടെ മൂന്നാം കണ്ണ് എന്ന തൃക്കണ്ണ് അല്ലെങ്കിൽ അകക്കണ്ണ് തുറന്നു കാണണം! അപ്പോൾ മാത്രമേ, നമ്മെ പറ്റിക്കുന്ന ചൂഷകരുടെയും പാപികളുടെയും കടപ്പാടില്ലാത്ത നന്ദികേടിന്റെ മുഖം എല്ലാവർക്കും ദൃശ്യമാകൂ..
3. നീന്തല്‍ അറിയാത്ത പണ്ഡിതന്‍
സിൽബാരിപുരംരാജ്യത്തിലെ ഒരു ഗ്രാമം. അവിടെ ഒരു ഗുരുകുലം നടത്തി വരികയായിരുന്നു ആശാൻ. തിരക്കു കാരണം, കുട്ടികൾക്ക് അവിടെ പ്രവേശനം ലഭിക്കാൻ തന്നെ വലിയ ബുദ്ധിമുട്ടായിരുന്നു. ഒരിക്കല്‍, അദ്ദേഹത്തിന്റെ ഇടതു കൈ വാതരോഗം വന്നു തളർന്നുപോയി. അതോടെ, ഗുരുകുലത്തിന്റെ പ്രതാപകാലമൊക്കെ അസ്തമിച്ചു. കുട്ടികൾ തീരെ കുറഞ്ഞു. മാത്രമല്ല, അവർക്ക് ആശാനെ പേടിയുമില്ലാതായി. ഒരിക്കൽ, ആശാൻ കുട്ടികളെ നീന്തൽ പഠിപ്പിക്കാനായി അടുത്തുള്ള തോട്ടിൽ കുട്ടികളെ ഇറക്കി ഒരു കയ്യുംകൊണ്ട് വിഷമിച്ച് പരിശീലിപ്പിച്ചു.
അതേസമയം, ഒരു കുട്ടി മാത്രം ശ്ലോകങ്ങൾ ഉരുവിട്ട് അത് മനഃപാഠമാക്കാൻ കരയിലിരുന്നു. അതു ശ്രദ്ധിച്ച ആശാൻ, അവനോട് വെള്ളത്തിൽ ഇറങ്ങാൻ പറഞ്ഞു -
"ആശാനേ, എനിക്കു കൊട്ടാരപണ്ഡിതൻ ആകാനാണ് ആഗ്രഹം. ഞാൻ കടത്തുകാരനോ, മീൻപിടിത്തക്കാരനോ, കക്കാ വാരാനോ പോകുന്നില്ല. എനിക്കു നീന്തല്‍ പഠിക്കേണ്ട "
കുട്ടികളിൽ ഏറ്റവും മിടുക്കനായ വിദ്യാർഥിയായതിനാൽ ആശാൻ ഒന്നും മറുത്തു പറഞ്ഞതുമില്ല. വർഷങ്ങൾ കടന്നു പോയി. ആ കുട്ടിയുടെ ആഗ്രഹം സഫലമായി. പ്രഗൽഭനായ കൊട്ടാര പണ്ഡിതൻ എന്ന സൽകീർത്തി അയൽരാജ്യമായ കോസലപുരംരാജകൊട്ടാരത്തിലുമെത്തി. തർക്കശാസ്ത്രം പഠിപ്പിക്കാനായി പണ്ഡിതനെ അവിടത്തെ രാജാവ് ഒരിക്കൽ ക്ഷണിച്ചു.
കോസലപുരത്തേക്ക് എത്താനുള്ള എളുപ്പമാർഗം നദിയിലൂടെയുള്ള ജലയാത്രയാണ്. പണ്ഡിതനു പോകാനായി കൊട്ടാരംവക തോണിയും തോണിക്കാരനും കടവത്ത് സജ്ജമായി. തോണിക്കാരൻ, പണ്ഡിതന്റെ ഗുരുകുലത്തിലെ സഹപാഠിയായിരുന്നു. രണ്ടുപേർക്കും പരസ്പരം മനസ്സിലായെങ്കിലും ഭയ-ബഹുമാനം കൊണ്ട് തോണിക്കാരൻ പരിചയം പുതുക്കാൻ ശ്രമിച്ചില്ല. പണ്ഡിതനും തോണിക്കാരനോട് ഒന്നും മിണ്ടിയില്ല. സമയം കളയാൻവേണ്ടി അദ്ദേഹം സംസ്കൃത പദ്യങ്ങൾ പാടിക്കൊണ്ടിരുന്നു.
തോണിക്കാരൻ അതു കേട്ട് കണ്ണു മിഴിച്ചു -
"ഇതെന്തു കാര്യമാണ് അങ്ങ് പറയുന്നത്?"
പണ്ഡിതൻ പുച്ഛത്തിൽ പറഞ്ഞു -
"തനിക്കു പറഞ്ഞാൽ മനസ്സിലാവില്ല"
"അങ്ങു പറഞ്ഞതു ശരിയാണ്. ആശാൻ അക്ഷരങ്ങൾ പഠിപ്പിച്ചപ്പോൾ ഞാൻ കളിച്ചു നടന്നു. എഴുതാനും വായിക്കാനും ഇപ്പോഴും അറിയില്ല. ആശാൻ നീന്താൻ പഠിപ്പിച്ചതുകൊണ്ട് ഈ പണിയെങ്കിലും കിട്ടി"
"ഉം... നീ വെള്ളത്തിൽ കളിച്ചു നടന്നു. മറ്റുള്ള സഹപാഠികളെല്ലാം കൊട്ടാരത്തിലെ പലതരം ഉദ്യോഗങ്ങളിൽ പ്രവേശിച്ചു"
"അങ്ങ്, കൊട്ടാരത്തിന്റെ അകത്തു തന്നെയാണോ താമസിക്കുന്നത്? അകത്തളം കാണാൻ നല്ല ചേലാണെന്ന് എല്ലാരും പറയണ്"
"ഹും...ഇനി നിന്നോടു സംസാരിച്ചാൽ ശരിയാവില്ല. എന്നോടുള്ള പണ്ടത്തെ പരിചയം പറഞ്ഞു മുതലെടുത്ത് കൊട്ടാരത്തിലേക്ക് വന്നു പോകരുത്!"
അതു കേട്ടതോടെ തോണിക്കാരന്റെ വായടഞ്ഞു. കൊട്ടാരത്തിലെ ഭക്ഷണം കഴിച്ചു പണ്ടത്തെ ചങ്ങാതി ഇപ്പോള്‍ ഒരു പൊണ്ണത്തടിയനായി മാറിയത് അവന്‍ നോക്കിക്കൊണ്ട് അമര്‍ഷത്തോടെ തോണി തുഴഞ്ഞു.
കുറെ ദൂരം കൂടി പോയപ്പോൾ, ദൂരെയുള്ള മലഞ്ചെരുവിൽനിന്നുള്ള തോട് നദിയിൽ സന്ധിക്കുന്ന സ്ഥലമായി. മലയിൽ എവിടെയോ കനത്ത മഴ പെയ്തിരുന്നതിനാൽ ചെളിനിറമുള്ള ശക്തമായ ഒഴുക്ക് നദിയിൽ വന്നു പതിക്കുന്നുണ്ടായിരുന്നു. തൽഫലമായി ചെറുതും വലുതുമായ കുറെ ചുഴികള്‍ നദിയിൽ രൂപം കൊണ്ടു!
തോണിക്കാരൻ അതിൽ നിന്നും രക്ഷപെടാനായി തുഴ കൊണ്ടു വളളം വെട്ടിച്ചു മാറ്റിക്കൊണ്ടിരുന്നു. എങ്കിലും, വലിയൊരു ചുഴിയിൽ അവർ അകപ്പെട്ടു. വള്ളം മറിഞ്ഞു രണ്ടു പേരും വെളളത്തിലേക്കു തെറിച്ചു വീണു!
നീന്തല്‍ വശമില്ലാത്ത പണ്ഡിതന്‍ ഉച്ചത്തില്‍ നിലവിളിച്ചത് പച്ചമലയാളത്തിലായിരുന്നു-
"എന്റമ്മച്ചിയേ..ഞാനിപ്പം ചാകുവേ..”
ഉടന്‍, തോണിക്കാരൻ ഉടുമുണ്ട് ഉരിഞ്ഞു പണ്ഡിതനു നേർക്ക് ഒരറ്റം വലിച്ചെറിഞ്ഞ് അലറി -
"പിടിച്ചോടാ..പന്നീ.."
പണ്ഡിതന്‍ ആ കച്ചിത്തുരുമ്പില്‍ പിടിച്ചു ചുഴിയില്‍നിന്നു ജീവിതത്തിലേക്ക് തിരിച്ചുകയറി. വളരെ ബുദ്ധിമുട്ടിയാണെങ്കിലും തോണിക്കാരന്‍ പണ്ഡിതനുമായി നീന്തി കരയിലെത്തി. വെള്ളം കുടിച്ചു പള്ള വീര്‍ത്ത അയാളുടെ കുടവയറിലെ വെള്ളം ഞെക്കി വായിലൂടെ പുറത്തു കളഞ്ഞു.
ബോധം വന്നപ്പോള്‍ പണ്ഡിതന്‍ വിറയലോടെ പറഞ്ഞു-
"വേണമെങ്കില്‍, നിനക്ക് എന്നെ ചുഴിയില്‍ ഉപേക്ഷിച്ചു പോകാമായിരുന്നു. സ്നേഹത്തിന്റെ ഭാഷയാണ് ഈ ലോകത്തിലെ ഏറ്റവും വലുതെന്നുള്ള സത്യം ഇന്നാണ് എനിക്ക് മനസ്സിലായത്!”
ആശയം..
അറിവിന്റെ മഹത്വം സന്ദർഭത്തെ ആശ്രയിച്ചിരിക്കും. സാധാരണയായി മലയാളികൾ ചെയ്യുന്ന ദുഷിച്ച പ്രവണത എന്തെന്നാൽ, ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ ഉയര്‍ന്ന തസ്തികയില്‍ അല്ലെങ്കില്‍, ഉന്നത വിദ്യാഭ്യാസമുള്ളവർ കയ്യടിയും അവാർഡും അംഗീകാരവും നേടുമ്പോൾ മറ്റുള്ളവരുടെ ആവശ്യമേ ഈ ഭൂമിയിൽ ഇല്ലെന്ന് ധരിക്കും. എല്ലാത്തരം അറിവും ഒത്തുചേരുമ്പോഴാണ് മനുഷ്യജീവിതം ഈ ഭൂമിയിൽ സുഗമമാവുന്നത്. എല്ലാവരുടെയും അറിവിന് ഉതകുന്ന ചെറുതും വലുതുമായ റോളുകൾ എപ്പോഴെങ്കിലും എവിടെയെങ്കിലും വന്നു ചേരും. അതിനാൽ, ആരും മോശക്കാരല്ല!
4. ആശാന് കിട്ടിയ വേതനം
സിൽബാരിപുരംരാജ്യം വീരകേശു രാജാവ് ഭരിച്ചിരുന്ന കാലത്തെ കഥ. ഒരു ദിവസം വൈകുന്നേരം- കൊട്ടാരവളപ്പിൽ രാജാവ് ഉലാത്തുകയായിരുന്നു. അപ്പോൾ മാണിക്യം എന്നു പേരുള്ള പണ്ഡിതൻ അങ്ങോട്ടു കടന്നുവന്നു.
"തിരുമനസ്സേ, നമ്മുടെ കൊട്ടാരത്തെ പണ്ടു സേവിച്ചിരുന്ന പണ്ഡിതന്മാർക്കു മാസം തോറും കൊടുത്തു വരുന്ന 50 വെള്ളിനാണയങ്ങൾ, ഒരാൾ അർഹതയില്ലാതെ വർഷങ്ങളായി വാങ്ങിവരികയാണ്. അങ്ങ്, ദയവായി അതു ശ്രദ്ധിച്ചാലും"
അപ്പോൾ രാജാവ് പുഞ്ചിരിച്ചു -
"എനിക്കത് നേരത്തേ അറിയാവുന്നതാണ്. താങ്കൾ സൂചിപ്പിച്ചത് നാട്ടുമൈതാനത്തിന്റെ അടുത്തെങ്ങോ താമസിക്കുന്ന ആശാന്റെ കാര്യമായിരിക്കും?"
"അങ്ങുന്നേ..അതേ..ഒരു ആശാന് എങ്ങനെയാണു പണ്ഡിതന്മാരുടെ ആനുകൂല്യങ്ങൾക്കുള്ള അർഹത ലഭിക്കുന്നത്?"
"എടോ, മാണിക്യം, എന്റെ പിതാവിന്റെ ഭരണകാലത്ത് ഏർപ്പെടുത്തിയ പണം ഞാനെങ്ങനെയാണ് നിർത്തലാക്കുന്നത്?"
രാജാവ് പിന്നീട് കുറച്ചു നേരം ആലോചിച്ചിട്ടു പറഞ്ഞു -
"ഇപ്പോൾ, ആശാൻ സാമ്പത്തികമായി നല്ല ചുറ്റുപാടിലാണെങ്കിൽ പണം നിർത്തലാക്കുന്ന കാര്യം ആലോചിക്കാം. എന്തായാലും, നമുക്ക് ഇപ്പോൾത്തന്നെ അവിടം വരെ ഒന്നു പൊയ്ക്കളയാം "
രാജാവും മാണിക്യവും നാട്ടുമൈതാനത്തിനു സമീപമെത്തി. അപ്പോൾ ആശാൻ മൈതാനിയിൽ ഉണക്കാനിട്ടിരുന്ന തുണികൾ മടക്കിവയ്ക്കുകയായിരുന്നു.
വൃദ്ധനായ ആശാൻ, രാജാവിനെ കണ്ടപ്പോൾ താണുവണങ്ങി സ്വയം പരിചയപ്പെടുത്തി.
രാജാവ് പണ്ഡിതനോടു പറഞ്ഞു -
"താങ്കൾക്ക് ആശാനോട് എന്തു വേണമെങ്കിലും ചോദിക്കാവുന്നതാണ്"
അന്നേരം പണ്ഡിതൻ ആശാനോടു ചോദിച്ചു-
"താങ്കൾക്ക് സംസ്കൃതത്തിലോ തമിഴിലോ പാണ്ഡിത്യമുണ്ടോ?"
"ഇല്ല, എനിക്ക് മലയാളം മാത്രമേ അറിയൂ"
"എന്നിട്ടും, കൊട്ടാരത്തിൽനിന്ന് പണ്ഡിതർക്കു കൊടുക്കുന്ന പണം, മാസം തോറും കൈപ്പറ്റുന്നത് എന്തിനാണ്?"
"അടിയൻ ചോദിച്ചിട്ടു തരുന്നതല്ല. അഛൻതിരുമനസ്സ് കല്പിച്ചു തന്നതാണ്. അക്കാലത്ത്, പണ്ഡിതസഭ തുടങ്ങിയ മുഖ്യപണ്ഡിതനെ കുഞ്ഞായിരുന്നപ്പോൾ നിലത്തെഴുത്ത് പഠിപ്പിച്ചത് അടിയനായിരുന്നു"
"ഓഹോ.. അപ്പോൾ അതാണു സംഗതി. എന്നാലും, ഭൃത്യന് യജമാന പദവി കല്പിച്ച പോലെയുള്ള അബദ്ധമായി"
പണ്ഡിതന്റെ വാക്കുകളിലെ പരിഹാസം ആശാനു മനസ്സിലായി.
അന്നേരം, അവരുടെ അരികിലൂടെ ഒരാൾ ഒരു മല്ലൻകാളയെ പിടിച്ചുവലിച്ച് എങ്ങോട്ടോ കൊണ്ടുപോകുന്നുണ്ടായിരുന്നു. അതിനെ നോക്കിക്കൊണ്ട് ആശാൻ പണ്ഡിതനോടു ചോദിച്ചു -
"അവിടെ ആരാണ് യജമാനൻ?"
"സംശയമെന്താ, കയറു പിടിച്ചിരിക്കുന്ന മനുഷ്യൻ. അയാൾ കാളയെ നിയന്ത്രിക്കുന്നു"
കാളയെ മരത്തിൽ കെട്ടിയ ശേഷം അയാൾ വെള്ളം കുടിക്കാനായി കിണറരികിലേക്ക് നടന്നപ്പോൾ ആശാൻ കാളയുടെ കയറിന്റെ കെട്ട് അഴിച്ചുവിട്ടു!
കാള മുക്രയിട്ടു കൊണ്ട് മൈതാനത്തിലൂടെ ഓടി. അന്നേരം, ആ മനുഷ്യന്‍ തിരികെയെത്തി കാളയുടെ കയറിൽ പിടുത്തം കിട്ടാനായി പിറകേ പാഞ്ഞു!
അപ്പോൾ ആശാൻ പണ്ഡിതനോടു ചോദിച്ചു -
"ഇപ്പോൾ ആരാണ് യജമാനൻ?"
രാജാവ് അതു കേട്ടു പൊട്ടിച്ചിരിച്ചു. പണ്ഡിതൻ ലജ്ജയോടെ പറഞ്ഞു-
"കാള!"
എങ്കിലും, മാണിക്യത്തിന്റെ അഹങ്കാരം മങ്ങിയില്ല. കുറച്ചു കുട്ടികൾ അവിടെ പട്ടം പറത്തി കളിക്കുന്നുണ്ടായിരുന്നു. അതു ചൂണ്ടിക്കാട്ടി ആശാൻ ചോദിച്ചു -
"ആരാണ് ആകാശത്തിൽ പൊങ്ങിപ്പറക്കുന്ന പട്ടത്തിന്റെ യജമാനൻ?"
ഇത്തവണ അമളി പറ്റാതിരിക്കാൻ അല്പനേരം മാണിക്യം ആലോചിച്ചു. ആ കുട്ടിയെന്നു പറഞ്ഞാൽ ആശാൻ നൂലു പൊട്ടിച്ചു വിടും. മുൻപ്, തോറ്റതു പോലെ വീണ്ടും സംഭവിക്കും. അയാള്‍ പറഞ്ഞു-
"കാറ്റ്!''
അപ്പോൾ, ഏറ്റവും ഉയർന്ന് ആകാശത്തിൽ തുള്ളിക്കളിച്ചു നിൽക്കുന്ന പട്ടത്തിന്റെ നൂല് ആശാൻ പൊട്ടിച്ചുവിട്ടു. പട്ടം പൊടുന്നനെ ആടിപ്പറന്ന് നിലത്തു വീണു!
"കാറ്റ് യജമാനൻ അല്ല. ആയിരുന്നെങ്കിൽ, പട്ടം നിലത്തു വീഴാതെ കാറ്റ് നോക്കുമായിരുന്നു. ഇവിടെ യജമാനൻ നൂലാണ്. നൂൽ ഇല്ലാതെ മനുഷ്യന് പട്ടം പറത്താൻ പറ്റില്ല. അതിന്റെ നിയന്ത്രണത്തിലാണ് പട്ടത്തിന്റെ ഗതി"
പണ്ഡിതൻ വീണ്ടും തോറ്റു. രാജാവിനു മുന്നിലുള്ള നാണക്കേട് ഒഴിവാക്കാനുള്ള ഉപായം അദ്ദേഹം ഉടൻ കണ്ടുപിടിച്ചു. അതുവഴി ഉന്തുവണ്ടിയിൽ നിറയെ, പലതരം പൂക്കളുമായി ഒരു പെൺകുട്ടി വരുന്നുണ്ടായിരുന്നു. പണ്ഡിതന് വല്ലാത്ത സന്തോഷം തോന്നി. കാരണം, കൊട്ടാരത്തിലേക്കുള്ള പൂക്കളാണ് കൊണ്ടു പോകുന്നത്. ഇതിൽ അന്യനാട്ടിലെ ഏറ്റവും മുന്തിയ പൂക്കൾ തനിക്കു മാത്രമേ അറിയൂ.
പണ്ഡിതൻ ആശാനോടു പറഞ്ഞു- "ഇവയിൽ ഏറ്റവും വിശിഷ്ടമായ പൂവ് രാജാവിനു സമ്മാനമായി നൽകണം. എനിക്കും ആശാനും ഒന്നു വീതം എടുക്കാം"
പണ്ഡിതൻ വിടർന്നു നിൽക്കുന്ന ഏറ്റവും വില കൂടിയതും സുഗന്ധമുള്ളതുമായ പൂവ് രാജാവിനു സമ്മാനിച്ചു. അതേസമയം, ആശാൻ ഒരു പൂമൊട്ട് രാജാവിനു സമ്മാനിച്ചു.
അപ്പോൾ രാജാവ് അതിശയത്തോടെ ആശാനോടു ചോദിച്ചു-
"എന്താ, ആശാൻ നല്ല പൂക്കൾ പലതുണ്ടെങ്കിലും എടുക്കാതിരുന്നത്?"
"അല്ലയോ, തിരുമനസ്സേ, പണ്ഡിതൻ പറഞ്ഞത് ഏറ്റവും വിശിഷ്ടമായത് എടുക്കാനാണ്. ഈ പൂക്കളിൽനിന്ന് വണ്ടുകളും തേനീച്ചകളും കയറി നിരങ്ങി തേൻ മോഷ്ടിച്ചു കൊണ്ടുപോയിരിക്കുന്നു. അതേസമയം, പൂമൊട്ട് ഒന്നും നഷ്ടപ്പെടാത്തതിനാൽ വിശിഷ്ടമാണ്!"
അതോടെ, മാണിക്യത്തിന്റെ പണ്ഡിതൻ എന്നുള്ള അഹങ്കാര ഭാവം അസ്തമിച്ചു. ആശാന്റെ പാദങ്ങളിൽ തൊട്ടു നമസ്കരിച്ച് അനുഗ്രഹം വാങ്ങുകയും ചെയ്തു.
ആശയം:
പാരമ്പര്യം, അനുഭവം, വിദ്യാഭ്യാസം, കര്‍മമണ്ഡലം, പ്രവൃത്തിപരിചയം.. എന്നിവയൊക്കെ നല്‍കുന്ന അറിവുകള്‍ പലരിലും വ്യത്യസ്തമായിരിക്കും. ഒരറിവ് അല്ലെങ്കില്‍ ഒരു ജോലി മറ്റൊന്നിനേക്കാള്‍ നല്ലതെന്നോ മോശമെന്നോ കരുതുന്നതില്‍ അര്‍ത്ഥമില്ല. സന്ദര്‍ഭങ്ങളെ ആശ്രയിച്ച് ചെറിയ അറിവും ജോലിയുമൊക്കെ അമൂല്യമായെന്നു വരാം. അഹങ്കാരത്തിന്റെ വകഭേദമായ വലിപ്പച്ചെറുപ്പം നോക്കി അന്യായം അരുത്!
Comments