എങ്ങനെ ജീവിതത്തില്‍ സംതൃപ്തി നേടാം? (How to be satisfied with your life)

മലയാളം ഡിജിറ്റൽ ബുക്ക്- സംതൃപ്തിയുള്ള ജീവിതം നേടുക!

1. സംതൃപ്തനായ രാജാവ്

വീരകേശു എന്ന രാജാവ് സില്‍ബാരിപുരംരാജ്യം ഭരിച്ചു വന്നിരുന്ന കാലം. രത്നക്കല്ലുകളുടെ വ്യാപാരത്തിലൂടെ അദ്ദേഹം വളരെയധികം പണം സമ്പാദിച്ചു. എല്ലാ ദിവസവും ഖജനാവിലെ രത്നശേഖരം കാണുന്നത് അദ്ദേഹത്തിനു ഹരമായിരുന്നു. എങ്കിലും, ഇനിയും വിശേഷപ്പെട്ട മരതകവും മാണിക്യവും പുഷ്യരാഗവും കോസലപുരത്തെ രാജാവിന്റെ പക്കല്‍ ഉണ്ടെന്നറിഞ്ഞ് അദ്ദേഹത്തിനു സന്തോഷമൊക്കെ പോയി.

പിന്നെ, കൊട്ടാരം മോടിപിടിപ്പിക്കുന്നതിലായി ശ്രദ്ധ. ഒരുപാടു പണം വാരിയെറിഞ്ഞ് ഗംഭീരമാക്കി. എന്നും രാവിലെ അതിന്റെ ഭംഗി ആസ്വദിക്കുന്നതിലായി സന്തോഷം. എന്നാല്‍, ചിത്തിരപുരംകൊട്ടാരം ഇതിലും മനോഹരമെന്നു കേട്ടപ്പോള്‍ അതും നിര്‍ത്തി.

ഏറ്റവും വലിയ കൊട്ടാര ഉദ്യാനം ഉണ്ടാക്കുന്നതിലായി പിന്നീടുള്ള കമ്പം. എങ്കിലും, കാര്‍ത്തികപുരംരാജ്യത്ത് ഇതിലും വലുതുണ്ടെന്നു വിവരം കിട്ടിയപ്പോള്‍ അവിടേക്കും നോക്കാതായി.

രാജ്യപ്രതാപം വിളിച്ചോതുന്ന ലോകത്തിലെ ഏറ്റവും വലിയ ഗോപുരം ഒരു വര്‍ഷം കൊണ്ട് പണിതു. അതിന്റെ ചുവട്ടില്‍ നിന്ന് മുകളിലേക്കു നോക്കി അഭിമാനം കൊണ്ടു. എന്നാല്‍, കേശവപുരംരാജ്യത്ത് ഇതിലും ഉയരമുള്ള ഗോപുരം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അതും രാജാവിനു തൃപ്തി നല്‍കിയില്ല.

രാജ്യത്തെ ഏറ്റവും സുന്ദരിമാരായ പത്തു യുവതികളെ രാജാവ് വിവാഹം ചെയ്തു. കുറച്ചുനാള്‍ സന്തോഷത്തോടെ കഴിഞ്ഞു. പക്ഷേ, രാജമാണിക്യപുരംകൊട്ടാരത്തിലെ രാജാവിന് അതിസുന്ദരികളായ നൂറു ഭാര്യമാര്‍ ഉണ്ടെന്നു കേട്ടപ്പോള്‍ സന്തോഷമൊക്കെ പോയി. ഇങ്ങനെ പലതും രാജാവ് ചെയ്തുകൂട്ടിയിട്ടും ഒന്നിലും സംതൃപ്തി കിട്ടാതെ നിരാശനായി.

ഒരുദിവസം, വൈകുന്നേരം കൊട്ടാരത്തിന്റെ കിഴക്ക് മാളികയിലൂടെ രാജാവ് ഉലാത്തുമ്പോള്‍ താഴെ രാജപാതയുടെ അപ്പുറത്ത് ഒരു കാഴ്ച കണ്ട് അവിടേക്കു ശ്രദ്ധിച്ചു- ഒരാള്‍ പാട്ടുപാടി ആനന്ദത്തോടെ ചെരുപ്പു തുന്നുകയാണ്.

രാജാവ് ഉടന്‍തന്നെ വിദൂഷകനെ വിളിച്ചുവരുത്തി അതു കാണിച്ചിട്ടു ചോദിച്ചു-

"അവന്റെ മുഖത്ത് ഒന്നിനെക്കുറിച്ചും ആവലാതിയില്ലല്ലോ. ജോലി നന്നായി ചെയ്യുന്നുമുണ്ട്. ആ കുടിലില്‍ ഒന്നിരിക്കാന്‍ പോലും സ്ഥലമില്ല. എന്നിട്ടും അയാള്‍ക്ക് സന്തോഷം ഉണ്ടല്ലോ. എനിക്ക്, എല്ലാം ഉണ്ടായിട്ടും അവന്റെ സംതൃപ്തിയും സുഖവും തോന്നുന്നില്ല. എന്താണു വിദൂഷകന്റെ അഭിപ്രായം?”

“മഹാരാജന്‍, അവന് ആകുലപ്പെടാന്‍ ഒന്നുമില്ല. സമ്പത്ത് ഇല്ലാത്തതിനാല്‍ ഒന്നും പുതുതായി മനസ്സു പുണ്ണാക്കി ആശിക്കാനും ചെയ്യാനുമില്ല. ദിവസവും ഒരേ പണി ചെയ്യുന്നു. അതിന്റെ കൂലികൊണ്ട് ഭക്ഷിക്കുന്നു. അവന്റെ ലോകം വളരെ ചെറുതാണ്. അങ്ങ്, അതുപോലെയല്ലല്ലോ"

പക്ഷേ, രാജാവ് ഇതിനോട് വിയോജിച്ചു. അപ്പോള്‍ വിദൂഷകന്‍ പറഞ്ഞു- “അങ്ങ്, എനിക്ക് 49 സ്വര്‍ണ നാണയം തന്നാലും. പക്ഷേ, കിഴിയുടെ പുറത്ത് '50 സ്വര്‍ണനാണയം' എന്നെഴുതിയിരിക്കണം. അങ്ങനെയെങ്കില്‍, ഞാന്‍ ഇതു തെളിയിച്ചു തരാം, പ്രഭോ"

രാജാവ്‌ അപ്രകാരം ചെയ്ത് കിഴി സമ്മാനിച്ചു. വിദൂഷകന്‍ അത് രാജാവിന്റെ സമ്മാനമായി ചെരുപ്പുകുത്തിയെ ഏല്പിച്ചു. അതിനുശേഷം, രാജാവും വിദൂഷകനും അയാളെ രഹസ്യമായി നിരീക്ഷിച്ചു-

രാജാവ് കൊടുത്തുവിട്ട സമ്മാനം നോക്കി ചെരുപ്പുകുത്തി ആദ്യം സന്തോഷം കൊണ്ട് കുത്തിമറിഞ്ഞു. ഭാര്യയും മക്കളും അതില്‍ പങ്കുചേര്‍ന്നു. 50 സ്വര്‍ണ നാണയംകൊണ്ട് അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു. കുടിലില്‍നിന്നും താമസം മാറണം..സ്വര്‍ണമാലയും പട്ടുചേലയും വാങ്ങണം.. ചെരുപ്പുകട തുടങ്ങണം..എന്നിങ്ങനെ പലതും ചെയ്യാന്‍ വെപ്രാളമായി.

പക്ഷേ, കിഴി തുറന്ന് എണ്ണിനോക്കിയപ്പോള്‍ ഒരു നാണയം നഷ്ടപ്പെട്ടിരിക്കുന്നു! അയാള്‍ വീണ്ടും വീണ്ടും എണ്ണിനോക്കി. 49 മാത്രം. അതോടെ അവരുടെ സന്തോഷമൊക്കെ പോയി. മക്കളോ ഭാര്യയോ മോഷ്ടിച്ചിരിക്കുമെന്നു വിചാരിച്ചു ചെരുപ്പുകുത്തി കോപാകുലനായി. 

അയാള്‍ എല്ലായിടവും അരിച്ചുപെറുക്കിയിട്ടും കിട്ടാതെ വന്നപ്പോള്‍ ചുണ്ടിലെ പാട്ടിനു പകരം ആക്രോശവും ശാപവാക്കുകളും ഉരുവിട്ടുകൊണ്ടിരുന്നു. പണി ചെയ്യാനും ഭക്ഷണം കഴിക്കാനും മറന്നു. വീട് പട്ടിണിയിലായി. അങ്ങനെ, രണ്ടുദിവസം അവരുടെ ജീവിതം നരകതുല്യമായി പിന്നിട്ടപ്പോള്‍ ഭാര്യ സഹികെട്ട് അയാളോടു പറഞ്ഞു- “ചേട്ടാ, ഒരു നാണയമല്ലെ പോയുള്ളൂ. ഉള്ളതുകൊണ്ട് ഓരോന്നും ചെയ്യാന്‍ തുടങ്ങാം"

“പ്ഫ..നായീന്റെ മോളേ..പോയത് ഒരു സ്വര്‍ണനാണയമാ..അത് നിന്റെ തന്ത കൊണ്ടുവന്നു തരുമോ?”

“അതിനു നിങ്ങളെന്തിനാ എന്നോടു ചീറുന്നത്? പോയി വിദൂഷകനോട് ചോദിക്ക്. അയാള്‍ അടിച്ചുമാറ്റിയതായിരിക്കും"

രാജാവ് അറിഞ്ഞാല്‍ കോപിക്കുമെന്നു പറഞ്ഞ്‌ അയാള്‍ ശമിച്ചു. എങ്കിലും, ആ കുടുംബത്തില്‍ സമ്പത്ത് വന്നപ്പോള്‍ അസംതൃപ്തി മൂലം മനസ്സുഖം പോയത് വിദൂഷകന്‍ രാജാവിനു മനസ്സിലാക്കിക്കൊടുത്തു.

ഈ കഥ സൂചിപ്പിക്കുന്ന പോലെ, അസംതൃപ്തി മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്. ഒന്നു കിട്ടിയാല്‍ നൂറു വേണമെന്നും അതു കിട്ടിയാല്‍ ആയിരം വേണമെന്നും ചിന്തിക്കുന്ന അസംതൃപ്തി! അത്, മനസ്സുഖം കളയും. സമ്പത്തിന്‍റെ നടുവിലും ആസക്തികളെ സ്വന്തം വരുതിയില്‍ നിര്‍ത്തുന്ന ജീവിതശൈലി സ്വീകരിക്കുമല്ലോ.

ചെറിയ കാര്യങ്ങളിലും സംതൃപ്തിയോടെയുള്ള മനോനില ശീലിക്കണം. അതേസമയം, വളരാനുള്ള ആഗ്രഹവും ഉയര്‍ച്ചയും എങ്ങനെയാണ് തെറ്റാവുക? പക്ഷേ, അതൊക്കെ നേടുംവരെ നിരാശപ്പെടാതെയുള്ള ജീവിതമതം സ്വീകരിക്കണം. ഓരോ ആളും- തനിക്ക് ഇപ്പോള്‍ ഉള്ളതില്‍ സംതൃപ്തി കണ്ടെത്തി മനസ്സുഖം ആസ്വദിക്കട്ടെ!

2. ഏറ്റവും വേണ്ടപ്പെട്ടവർ!

ഒരു കോളേജില്‍,  അവധിദിനത്തില്‍ മാത്രം നടത്തുന്ന കൗണ്‍സലിങ്ങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ ക്ലാസ് നടക്കുകയായിരുന്നു. അന്‍പത് വിദ്യാര്‍ഥികള്‍  ക്ലാസ്സിലുണ്ട്. കണ്ടിന്യൂയിംഗ് അഡല്‍റ്റ് എജ്യൂക്കേഷന്‍ പ്രോഗ്രാം ആയതിനാല്‍ വിദ്യാര്‍ഥികള്‍ക്ക്  പ്രായപരിധിയില്ല.     

അദ്ധ്യാപകന്‍ മുന്‍നിരയില്‍ ഇരുന്നിരുന്ന പഠിക്കാന്‍ ഏറ്റവും മിടുക്കിയായ സബിത എന്ന നാല്‍പത് വയസ്സുള്ള  വിദ്യാര്‍ഥിനിയെ വിളിച്ചു-

"താങ്കളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഇരുപത് വ്യക്തികളുടെ  പേരുകള്‍ ഈ ബോര്‍ഡില്‍ എഴുത്തണം"

"ഓ.കെ. സാര്‍"

അവള്‍ സന്തോഷത്തോടെ പെട്ടെന്നു തന്നെ ചോക്കെടുത്ത് പേരുകള്‍ എഴുതി. അതില്‍, മാതാപിതാക്കളും സ്വന്തം വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഉണ്ടായിരുന്നു.

പിന്നീട്, അധ്യാപകന്‍ അതിലെ പ്രാധാന്യം കുറഞ്ഞ പത്തുപേരുടെ പേരു മായ്ക്കാന്‍ അവളോട്‌ ആവശ്യപ്പെട്ടു.

സുഹൃത്തുക്കളും ബന്ധുക്കളും അപ്പോള്‍ മാഞ്ഞുപോയി.

"ഇനിയും പ്രാധാന്യം കുറഞ്ഞ അഞ്ചുപേരുടെ പേരുകള്‍ കൂടി  മായിക്കണം"

അതിനു വേണ്ടി സബിത കുറച്ചു സമയം എടുത്തതിനു ശേഷം സഹോദരങ്ങളുടെ പേരുകള്‍ മായിച്ചുകളഞ്ഞു.

ഇപ്പോള്‍, ബോര്‍ഡില്‍ അഞ്ചുപേരുകള്‍ മാത്രം-അപ്പന്‍, അമ്മ, ഭര്‍ത്താവ്, മകന്‍, മകള്‍. സാര്‍ വീണ്ടും രണ്ടുപേരുടെ പേര് മായ്ക്കാന്‍ പറഞ്ഞു.

“സാറെ, ഇനിയുള്ളവര്‍ എല്ലാവരും എനിക്കു വേണ്ടപ്പെട്ടവര്‍തന്നെ. ഞാന്‍ ഗെയിം ക്വിറ്റ്‌ ചെയ്യുന്നു"

പക്ഷേ, സാര്‍ സമ്മതിച്ചില്ല-

“നോ..സബിത..അത് പറ്റില്ല. ഒരു സുപ്രധാന കാര്യം പ്രൂവ് ചെയ്യാനാണ്. ഇതിനെ തമാശയായി കാണരുത്"

അപ്പോള്‍, മറ്റുള്ള കൂട്ടുകാര്‍ അവളുടെ സഹായത്തിനെത്തി- അവര്‍ പലതരം അഭിപ്രായങ്ങള്‍ പറഞ്ഞു. എന്നാല്‍, സാര്‍ വീണ്ടും ഇടപെട്ടു-

“കീപ്‌ സൈലന്റ്സ്..സബിതയുടെ ഡിസിഷന്‍ മാത്രം മതി"

പെട്ടെന്ന്, സബിത അപ്പന്റെയും അമ്മയുടെയും  പേരുകള്‍ മായ്ച്ചു! ഇനിയുള്ളത് ഭര്‍ത്താവും മകനും മകളും മാത്രം!

“നെക്സ്റ്റ്..രണ്ടുപേരുടെ പേരുകള്‍കൂടി കളയൂ"

അപ്പോള്‍, എല്ലാവരും ആശങ്കയിലായി. അവള്‍ ആരെ തെരഞ്ഞെടുക്കും? ഭര്‍ത്താവ്? മകന്‍? അതോ മകളോ?

സബിതയുടെ കണ്ണുകള്‍ നിറഞ്ഞു. ആ മൂന്നുപേരും ഒരുപോലെ തുല്യരെന്ന് അവള്‍ക്കു തോന്നി. ക്ലാസ് കുറച്ചുനേരം നിശബ്ദമായി.  ഒടുവില്‍, സബിത മക്കളുടെ പേരുകള്‍ മായ്ച്ചുകൊണ്ട് ഭര്‍ത്താവിനെ തിരഞ്ഞെടുത്തു!

അതേസമയം, കുറച്ചു വിദ്യാര്‍ഥികള്‍ ഇതിനോടു വിയോജിച്ചു. മാതാപിതാക്കളാണ് കണ്‍കണ്ട ദൈവമെന്നു വാദിച്ചു. ആണ്‍മകനാണ് കുടുംബത്തിന്  ഏറ്റവും തുണയാകുന്നതെന്നു മറ്റു ചിലരും അഭിപ്രായപ്പെട്ടു. എന്നാല്‍, സാര്‍ സബിതയോടു ചില വിശദീകരണങ്ങള്‍ സാവധാനം ചോദിച്ചു മനസ്സിലാക്കിയ ശേഷം ക്ലാസ്സിനു മുന്‍പാകെ ഉച്ചത്തില്‍ പറഞ്ഞു:

“ഞാന്‍ മനസ്സില്‍ കരുതിയ ഉത്തരം തന്നെയാണ് ഇവിടെ സബിതയ്ക്കും പറയാനുള്ളത്. ജന്മം കൊടുത്ത മാതാപിതാക്കള്‍ സബിതയുടെ പ്രായമേറുമ്പോള്‍ ഈ ലോകത്തോടു വിട പറയും. മകളെ മറ്റൊരു വീട്ടിലേക്ക് വിവാഹം ചെയ്തു വിടുമ്പോള്‍ അവളും അകലും. മകന്‍, വിദേശത്തു പോകാന്‍ നഴ്സിംഗ് പഠിക്കുന്നുണ്ട്. അവന്‍ കുടുംബമായി അവിടെ തങ്ങും. പിന്നെയുള്ളത് ഭര്‍ത്താവ്! അദ്ദേഹമായിരിക്കും അവസാനം വരെ കൂടെയുണ്ടാവുക! ഞാന്‍ ഇവിടെ ഇത് പറഞ്ഞത്, ഒരു സുപ്രധാന കാര്യം അവതരിപ്പിക്കാന്‍ വേണ്ടിയായിരുന്നു. അതായത്, പവിത്രമായ ഭാര്യാഭര്‍തൃബന്ധം, സുദീര്‍ഘമായ ദാമ്പത്യജീവിതത്തിന് അത്യാവശ്യമാകയാല്‍ അതീവ ജാഗ്രതയോടെ സമീപിക്കേണ്ട ഒന്നാണ്. ഒരിക്കല്‍, കയ്യില്‍ നിന്നും വഴുതിപ്പോയാല്‍ പളുങ്കുപാത്രം പോലെ അത് പൊട്ടിച്ചിതറും"

അന്നേരം, പുറകിലിരുന്ന ഒരുവന്‍ പറഞ്ഞു-

“സാറെ, പളുങ്ക് എന്നുവച്ചാല്‍ മുത്താണോ?”

“അല്ലെടാ മുത്തേ, ഗ്ലാസ്‌!” 

ആരോ തിരിച്ചടിച്ചതു കേട്ട് ക്ലാസ്സ്‌ ഒന്നാകെ പൊട്ടിച്ചിരിച്ചു.

സാര്‍ തുടര്‍ന്നു-  

 “....യെസ്, ചില്ലുപാത്രം ഒട്ടിച്ചു ചേര്‍ക്കാനാവില്ല. പക്ഷേ, ഫര്‍ണസിലെ അത്യുഗ്രമായ ചൂടില്‍ ലാവ പോലെ മോള്‍ഡില്‍ ഉരുക്കിയൊഴിച്ചു മറ്റൊന്നാക്കാം. പൊട്ടിത്തകര്‍ന്ന ദാമ്പത്യവും ഇതേപോലെയാണ്.  ഉരുകുന്ന മനസ്സുകള്‍...  വേര്‍പിരിയല്‍...വിവാഹമോചനം..കുട്ടികളുടെ ഭാവി.. സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകള്‍... പരദൂഷണം.. എന്നിവയൊക്കെ തരുന്ന വേദനയും ചൂടും  ദുസ്സഹമായിരിക്കും. അതുകൊണ്ട്, പഠനകാലത്തും ജോലിസ്ഥലത്തും അയല്‍പക്കത്തും ഒക്കെ ഭാവിയിലെങ്ങും ദാമ്പത്യജീവിതം തകര്‍ക്കുന്ന യാതൊന്നും ചെയ്യരുത് "

അപ്പോഴും ക്ലാസ്സിലെ ഫോണുകള്‍ വിശ്രമിക്കാതെ, സന്ദേശങ്ങള്‍ വന്നുപോയതിന്റെ പലതരം മുന്നറിയിപ്പുകള്‍ പുറത്തുവിട്ടുകൊണ്ടിരുന്നു.

3. പഴി പറയുന്നവരെ ഒഴിവാക്കണം!

സിൽബാരിപുരം എന്ന നാട്ടുരാജ്യത്തിലെ ഒരു ഗുരുകുലം. അവിടത്തെ ഗുരുവിനെ ആശാൻ എന്നായിരുന്നു എല്ലാവരും സ്നേഹപൂർവം വിളിച്ചിരുന്നത്. അവിടെയെത്തുന്ന കുട്ടികൾ ഗുരുകുലത്തിൽ തുടർച്ചയായി അഞ്ചു വർഷം പഠിക്കണം. അതിനു ശേഷം, ക്രമമായി ഓരോ വർഷവും പത്തു കുട്ടികൾ വീതം പഠനം പൂർത്തിയാക്കി വീടുകളിലേക്കു മടങ്ങുകയാണു  പതിവ്. ചുരുക്കത്തിൽ, മലയാളം എഴുതാനും വായിക്കാനും നന്നായി പഠിപ്പിക്കുമെന്ന് അർത്ഥം. 

എന്നാൽ, അതിലും മൂല്യമുള്ള ഒരു കാര്യം അവിടെ ആശാൻ പഠിപ്പിക്കുന്നുണ്ടായിരുന്നു. എങ്ങനെ നന്നായി ജീവിക്കാമെന്നായിരുന്നു അത്. ചെറിയ കഥകളിലൂടെയും ബുദ്ധിയും യുക്തിയും ചേർന്ന പരീക്ഷണങ്ങളിലൂടെയും ആശാനു  തനതായ ഒരു പാഠ്യശൈലിതന്നെ ഉണ്ടായിരുന്നു.

അങ്ങനെ, ഒരു വേനൽക്കാലം വന്നു ചേർന്നു. പത്തു കുട്ടികൾ പഠനകാലം കഴിഞ്ഞ് വീടുകളിലേക്കു മടങ്ങാൻ ഒരുങ്ങി. ഇത്തവണത്തെ കുട്ടികൾ നിസ്സാരക്കാരല്ല. എല്ലാവരും നാട്ടുരാജാവിന്റെ നാലു രാജപത്നിമാരുടെ പുത്രന്മാരാണ്!

ആശാന്റെ പാദങ്ങളിൽ നമസ്കരിച്ചതിനു ശേഷം പള്ളയും പടർപ്പും കുറ്റിച്ചെടികളും വന്മരങ്ങളും നിറഞ്ഞ സ്ഥലങ്ങൾക്കിടയിലൂടെയുള്ള ഒറ്റയടിപ്പാതയിലൂടെ കൊട്ടാരത്തിലേക്കു പത്തുപേരും യാത്രയായി. അവർ കുറെ ദൂരം മുന്നോട്ടു പോയപ്പോൾ പാതയുടെ വശത്തുണ്ടായിരുന്ന ഒരു കുന്ന് ഇടിഞ്ഞു  വഴിയടഞ്ഞിരിക്കുന്നു! മണ്ണും കല്ലുമെല്ലാം നിറഞ്ഞു പാതയുണ്ടോ എന്നുപോലും കാണാൻ പറ്റില്ലായിരുന്നു. 

അപ്പോൾ ഒന്നാമൻ പറഞ്ഞു:

"ദാ.. ആ കാണുന്ന മരക്കൊമ്പിലൂടെ ഊർന്നിറങ്ങി താഴത്തെ പാതയിലേക്ക് ചാടാം"

"എങ്കിൽ, അങ്ങനെയാകട്ടെ.."

പലർക്കും അതു സമ്മതമായി. എന്നാൽ, കൂട്ടത്തിൽ ഇളയവനായ കേശു എന്ന കുട്ടി പറഞ്ഞു -

"നമ്മുടെ ആശാൻ വല്ലപ്പോഴുമൊക്കെ നടക്കുന്ന വഴിയല്ലേ ഇത്? നമ്മൾ പത്തുപേരും കൂടി ശ്രമിച്ചാൽ ഈ കല്ലും മണ്ണുമൊക്കെ കുറച്ചൊക്കെ മാറ്റാൻ പറ്റും. അന്നേരം, കുറച്ചു ബുദ്ധിമുട്ടിയാലും ആൾക്കാർക്ക് ഇതിലൂടെ പോകാമല്ലോ?"

ഇതു കേട്ട് മറ്റുള്ളവർക്ക് ചിരിയാണു വന്നത്. രണ്ടാമൻ പറഞ്ഞു:

"എടാ, മരമണ്ടാ, നമ്മുടെ പഠനം കഴിഞ്ഞതോടെ ആശാനുമായുള്ള ബന്ധമൊക്കെ തീർന്നു. പഠിപ്പിച്ചതിന്റെ കൂലിയായ സ്വര്‍ണനാണയങ്ങളും കൊട്ടാരത്തില്‍നിന്നും മുന്‍പേ കൊടുത്തു. ഇനി ആശാനെ നമ്മൾ കാണുക പോലുമില്ല!"

ഉടൻ മൂന്നാമൻ പറഞ്ഞു: "എടാ, കേശൂ.. നീയിവിടെ മണ്ണുവാരിക്കളിച്ചോണ്ടു നിന്നോ, ഞങ്ങളു പോകുവാ"

അവർ ഒൻപതുപേരും മരത്തിലൂടെ പിടിച്ചിറങ്ങി നടന്നുപോയി. എന്നാൽ, ഇതിനിടയിൽ മണ്ണുവീഴ്ച ഉണ്ടായ കാര്യം ആശാനെ ആരോ അറിയിച്ചിരുന്നു. ആശാൻ, പാറപ്പുറത്തുനിന്ന് അകലെയുള്ള അവിടേക്ക് നോക്കിയപ്പോൾ കേശു ഒറ്റയ്ക്ക് മണ്ണു വാരുന്നതു കണ്ടു. എന്നാൽ, വൈകാതെ തന്നെ അവനും മരക്കൊമ്പിലൂടെ ഊർന്നിറങ്ങി താഴേക്കു നടന്നുപോയി!

കുറച്ചു മാസങ്ങൾക്കു ശേഷം - കൊട്ടാരത്തിൽ അടുത്ത കിരീടാവകാശിയെ തെരഞ്ഞെടുക്കുന്ന സമയമായി. കാരണം, അവനു മാത്രമായി കൂടുതൽ യുദ്ധതന്ത്രങ്ങളും പോരാട്ടമുറകളും പഠിപ്പിക്കേണ്ടതായിട്ടുണ്ട്.

എന്നാലോ? ഒരുപാടു മക്കളുള്ളതിനാൽ ഭാര്യമാർ പരസ്പരം വഴക്കു തുടങ്ങി. രാജാവ് തന്റെ കൊട്ടാരത്തിലെ പണ്ഡിതരോടും ജ്യോതിഷിയോടും മന്ത്രിമാരോടും മറ്റും  ശ്രേഷ്ഠനായ പുത്രനെ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടു. എന്നാലും അവരെയൊക്കെ രാജാവിന്റെ ഭാര്യമാർ സ്വർണനാണയങ്ങൾ കൊടുത്ത് സ്വാധീനിച്ചിരുന്നതിനാൽ രാജാവ് നിരാശനായി.

ഒടുവിൽ രാജാവ് മറ്റൊരു നിർദേശം മുന്നോട്ടുവച്ചു -

"എന്റെ പത്തുപുത്രന്മാരെയും ഏറ്റവും നന്നായി മനസ്സിലാക്കിയിട്ടുണ്ടാവുക അവരെ പഠിപ്പിച്ച ആശാനായിരിക്കും. അതിനാൽ, സത്യസന്ധനായ അദ്ദേഹം പറയുന്ന പുത്രനായിരിക്കും കിരീടാവകാശിയാവുക"

നാല് അമ്മമാരുടെയും മക്കൾ പഠനകാലത്തെ വീരകൃത്യങ്ങൾ വിളമ്പിയപ്പോൾ സാധ്യത തങ്ങൾക്കു തന്നെയെന്നു നാലുപേരും കരുതി.

കൊട്ടാരത്തിലെത്തിയ ആശാനെ രാജാവ് ബഹുമാനപുരസ്സരം സ്വീകരിച്ച്‌ യോഗ്യനായ മകനെ ചൂണ്ടിക്കാട്ടാൻ ആവശ്യപ്പെട്ടു.

അപ്പോൾ പിറകിലായി ഒളിച്ചു നിന്ന ഇളയ പുത്രൻ കേശുവിനെ വിളിച്ച് അദ്ദേഹം ചോദിച്ചു -

"നീ എന്തുകൊണ്ടാണ് പാതയിലെ മണ്ണ് അല്പം മാത്രം മാറ്റിയിട്ട് അവിടം വിട്ടു പോന്നത്?"

അതുകേട്ട് മറ്റുള്ള ഒൻപതു പേരും ഞെട്ടി.

അപ്പോൾ കേശു പറഞ്ഞു -

"ആശാനെ, എന്നോടു ദയവായി ക്ഷമിച്ചാലും. ഞാൻ മണ്ണു മാറ്റിത്തുടങ്ങിയപ്പോൾ കയ്യിലൊരു മുള്ളു തറച്ചു കയറി ചോര വന്നു. അന്നേരം, ഞാൻ മറ്റുള്ളവരുടെ പിറകേ ഓടിപ്പോന്നു"

ഉടൻ, ആശാൻ രാജാവിനോട് ഉണർത്തിച്ചു -

"അങ്ങയുടെ മക്കളിൽ കേമൻ കേശുതന്നെ!"

ഉടൻതന്നെ, കാര്യഗൗരവം മനസ്സിലാക്കിയ മറ്റുള്ള ഒൻപതു മക്കളും ബഹളം വച്ചു-

"കേശു എങ്ങനെ കേമനാകും? കേവലം, ഒരു ചെറിയ മുള്ളു കൊണ്ടപ്പോൾ അവൻ ദൗത്യം പൂർത്തിയാക്കിയില്ലല്ലോ!"

അതിനുള്ള മറുപടിയും ആശാൻ പറഞ്ഞു -

"അന്ന്, ആ സത്കർമ്മം പൂർത്തിയാക്കാൻ അവനു പറ്റിയില്ലെങ്കിലും അത് അല്പമെങ്കിലും ചെയ്ത കേശു തന്നെയാണു  ഭാവിയിൽ ഈ രാജ്യം നയിക്കേണ്ടത്!"

രാജാവ് സന്തോഷത്തോടെ ആ കല്പന വിളംബരം ചെയ്തു.

ഇനി അല്പം കാര്യം- സാധാരണക്കാരായ എഴുത്തുകാരെ കളിയാക്കുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. എനിക്ക്, വായനക്കാരുടെ നല്ലതും ചീത്തയുമായ അനേകം മെസ്സേജുകള്‍ വരാറുണ്ട്. വെബ്സൈറ്റില്‍ ആദ്യമൊക്കെ കമന്റ്‌ ബോക്സ്‌ ഉണ്ടായിരുന്നു. എന്നാല്‍, ചിലര്‍ യാതൊരു നിലവാരവുമില്ലാത്ത കമന്റുകള്‍ ഇടാന്‍ തുടങ്ങി. ഞാന്‍ അതിനു പ്രതികരിച്ചില്ലെങ്കില്‍ മറ്റുള്ളവര്‍ വിചാരിക്കും അതെല്ലാം ശരിയെന്ന്. അങ്ങനെ മറുപടി കൊടുത്ത് സമയം കളയാതിരിക്കാന്‍ കമന്റ് ബോക്സ്‌ കളഞ്ഞു. എങ്കിലും അഭിപ്രായ സ്വാതന്ത്ര്യം നല്ലതെന്ന് കരുതി വീണ്ടും വച്ചു. മെസ്സേജ് നല്ലതിന് തിരികെ നന്ദി അറിയിക്കാറുണ്ട്. അഴുക്കായ കാര്യങ്ങള്‍ക്ക് പ്രതികരിക്കാറുമില്ല. ഒരിക്കല്‍, ഒരു സ്ത്രീ എന്റെ ബുക്കുകളെ പരിഹസിച്ച് മെസേജ് അയച്ചത് ഇപ്രകാരമാണ്-

"മൂന്നു പുസ്തകം നോക്കിയാൽ ആര്‍ക്കും എന്താണ് എഴുതാൻ പറ്റാത്തത്? വെറും ഉച്ചക്കിറുക്ക്."

ഇവിടെ ഒരു എഴുത്തുകാരന് പുസ്തകം നോക്കിത്തന്നെ എഴുതേണ്ടി വരുന്ന പുനരാഖ്യാനങ്ങളും സമ്പാദനങ്ങളും ഒട്ടേറെയുണ്ട്. ഉദാഹരണത്തിന്- ജാതക, ഈസോപ്, ഹോജോ, ബീർബൽ, പഞ്ചതന്ത്ര, ബൈബിൾകഥകളൊക്കെ ആരും കാണാതെ പഠിച്ച് എഴുതാറില്ല! അതിന്റെ ആവശ്യവുമില്ല! അന്നത്തെ കഥാപാത്രങ്ങളുടെ കാലത്ത് ജീവിച്ച് എഴുതാനും പറ്റില്ല!

അതേസമയം, എഴുത്തുകാരന്റെ സ്വന്തം ഭാവനകളാണ് ചെറുകഥകൾ, നോവലുകൾപോലുള്ളത്. എനിക്ക്, ഒരുപാടു സമയം റഫറന്‍സ് വേണ്ടിവന്ന  എത്രയോ ബുക്കുകള്‍ എന്റെ സൈറ്റിലുണ്ട്! മാത്രമല്ല, ഡിജിറ്റല്‍ സാങ്കേതിക തകരാറുകള്‍ എത്രയോ സമയം അപഹരിച്ചിരിക്കുന്നു!  

ശ്രദ്ധിക്കുക- നോക്കിയാണെങ്കിലും ഒരു വരിപോലും എഴുതാൻ കഴിയാത്ത ആളുകൾ വെറുതെയങ്ങ് കുറ്റം പറഞ്ഞുകൊണ്ടേയിരിക്കും. കല്ലിനു ഗര്‍ഭമുണ്ടെന്നു പറയുന്നതും പറന്നുപോകുന്ന കാക്കയെ വരെ കുറ്റം പറയുന്നതും മലയാളിയുടെ  'ചുമ്മാ' ദുശ്ശീലങ്ങള്‍!

ആയതിനാല്‍- പുതിയതും  അപ്രശസ്തരുമായ എഴുത്തുകാര്‍, പരിഹാസങ്ങളിലും നെഗറ്റീവ് കമന്റുകളിലും ഊര്‍ജശോഷണം വരുത്താതെ ധൈര്യമായി ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകണം. സംതൃപ്തി ജീവിതത്തിൽ കൈവരിക്കണം.

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1