മലയാളം കഥാസാഗരം

Malayalam Kathasagaram eBooks for digital reading

1. ഗുരുകുലം കഥകൾ

പണ്ടുപണ്ട്, സിൽബാരിപുരംരാജ്യത്തിലെ ഒരു ഗുരുകുലം. അവിടെ, ഗുരുജിയുടെ ശിക്ഷണത്തിൽ പത്തു കുട്ടികൾ ഗുരുകുലത്തിൽത്തന്നെ താമസിച്ചായിരുന്നു പഠിച്ചിരുന്നത്. ഈ ഗുരുജിയാകട്ടെ, അക്കാലത്തുണ്ടായിരുന്ന മറ്റുള്ള ഗുരുക്കന്മാരിലും ആശാന്മാരിലും കണ്ടുവന്നിരുന്ന കർക്കശസ്വഭാവമൊന്നും ഇല്ലാത്ത ശാന്തപ്രകൃതിയും സൗമ്യനുമായിരുന്നു. മാത്രമല്ല, തന്റെ ശിഷ്യര്‍ക്ക് നല്ല സ്വാതന്ത്ര്യവും അദ്ദേഹം അനുവദിച്ചു.

പകലത്തെ പഠനത്തിനു ശേഷം, എന്നും വൈകുന്നേരം കുട്ടികളുമായി അദ്ദേഹം അടുത്തുള്ള തോട്ടിൽ കുളിക്കാൻ പോകുക പതിവാണ്. കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യവുമായിരുന്നു അത്. വെള്ളത്തിൽ കുളിക്കുന്നതിനേക്കാൾ അവർ രസം പിടിച്ചത് വെള്ളത്തിൽ കളിക്കാനായിരുന്നു.

ഒരു ദിവസം- അവർ കുളിച്ചു കൊണ്ടിരുന്നപ്പോൾ തോടിന്റെ അക്കരയിൽ കുറച്ചകലെയായി ഉരുണ്ട വലിയൊരു പാറപൊട്ടിക്കാൻ ഒരാൾ ഉരുക്കുകൂടം ഉപയോഗിച്ച് ആഞ്ഞടിക്കുന്നുണ്ടായിരുന്നു. ഒരു കുട്ടി അങ്ങോട്ടു നോക്കിയിട്ട് ഗുരുജിയോട് ചോദിച്ചു:

"അയാൾ കൂടം പൊക്കിയതിനു ശേഷമാണല്ലോ അതിന്റെ മുൻപേ അടിച്ചതിന്റെ ഒച്ച ഇവിടെ നമ്മൾ കേൾക്കുന്നത്? അതെന്താ?"

അദ്ദേഹം പറഞ്ഞു: "നാം കാണുന്ന ആ കാഴ്ച തരുന്ന പ്രകാശം ശബ്ദത്തേക്കാൾ വേഗം കൂടുതലുള്ളവയാണ്. പ്രകാശം അതിവേഗം സഞ്ചരിച്ച്‌ നമ്മുടെ കണ്ണിലെത്തും. അതേസമയം, ശബ്ദം ചെവിയിലെത്താൻ ലേശം താമസിക്കും. എന്താ, നിനക്കു മനസ്സിലായോ?"

"ഉം.. മനസ്സിലായി. എങ്കിലും, ആ മനുഷ്യൻ ഒരു മണ്ടനാണെന്നാണ് എനിക്കു തോന്നുന്നത് "

ഗുരുജി കൗതുകത്തോടെ അവനോടു ചോദിച്ചു:

"എന്താണ് കുട്ടീ.. നിനക്ക് അങ്ങനെ തോന്നാൻ?"

"ഗുരുജി നല്ലതുപോലെ അങ്ങോട്ടു നോക്കിയോ? അയാൾ കൂടംകൊണ്ട് എട്ടു പത്തു തവണ അടിച്ചിട്ടാണ് പാറക്കല്ല് പൊട്ടി മാറുന്നത്. അയാൾക്ക് ശരിക്ക് പണി അറിയില്ല. അവസാനം പൊട്ടുന്ന തരം യഥാർഥ അടി ആദ്യം തന്നെ പ്രയോഗിച്ചാൽ എന്തു നന്നായേനെ"

ഇതു കേട്ട് ഗുരുജി പൊട്ടിച്ചിരിച്ചു-

"ഇതിന്റെ മറുപടി ഞാൻ പിന്നീട് പറയാം"

“ഗുരുജിക്ക്‌ ഉത്തരം മുട്ടിയേ..ഹി..ഹി..”

അവൻ ബഹളംവച്ചുകൊണ്ട് വെള്ളത്തിൽ കൂട്ടുകാർക്കൊപ്പം കുത്തിമറിഞ്ഞു.

പിന്നെയും ദിവസങ്ങൾ പലതും കടന്നു പോയി. മിക്കവാറും ദിവസങ്ങളിലും കുട്ടികൾ വരുന്നതിനു മുൻപേ, കൽപണിക്കാരൻ പണി തീർത്ത് പോയിട്ടുണ്ടാവും.

മൂന്നാഴ്ച കഴിഞ്ഞപ്പോഴുള്ള ഒരു സായാഹ്നം-

കുട്ടികൾ തോട്ടിൽ കുളികഴിഞ്ഞ് അവിടുള്ള മരത്തണലിൽ എല്ലാവരെയും ഇരുത്തിയിട്ട് ഗുരുജി പറഞ്ഞുതുടങ്ങി-

"മൂന്നാഴ്ച മുൻപ് വരെ അക്കരയിൽ വലിയൊരു ഉരുളൻപാറ ഉണ്ടായിരുന്നത് ഇപ്പോൾ അവിടെയുണ്ടോ?"

കുട്ടികൾ തലതിരിച്ച് അങ്ങോട്ടു നോക്കിയിട്ട് ഒന്നടങ്കം പറഞ്ഞു-

"ഇല്ല"

ഗുരുജി തുടർന്നു- "മിടുക്കനായ ഒരു കൽപ്പണിക്കാരൻ അത് പൊട്ടിച്ചത് കൊട്ടാരത്തിലെ മതിൽക്കെട്ട് പണിയാൻ വേണ്ടിയാണ്. ഇന്നലെ അയാൾ അവസാനം പൊട്ടിച്ച കല്ലും എടുത്തു കൊണ്ടുപോയി"

അപ്പോൾ, കുട്ടികൾ ആശ്ചര്യത്തോടെ ചോദിച്ചു-

''അതൊരു വലിയ പാറയായിരുന്നല്ലോ. അയാൾ ഒറ്റയ്ക്ക് എങ്ങനെ അതു ചെയ്തു?"

ഗുരുജി പറഞ്ഞു-

"അയാൾ ദീർഘക്ഷമയോടെ ഒരു കഷണം കല്ലിനായി പത്തു തവണയെങ്കിലും കൂടം കൊണ്ട് പാറയിലടിക്കും. ആദ്യത്തെ അടിയിൽത്തന്നെ കല്ല് വിണ്ടു മാറില്ല. എന്നാൽ, ഒന്നാമത്തെ അടിയും പത്താമത്തെ അടിയും ഒരുപോലെ പ്രധാനപ്പെട്ടതാണ്. കാരണം, ഒന്നാമത്തെ അടിയോടെ അയാള്‍ പേടിക്കാതെ അക്കാര്യം തുടങ്ങിവയ്ക്കുന്നു. പിന്നെയുള്ള ഓരോ തവണയും, കൂടത്തിന്റെ പ്രഹരം കല്ലിനെ ദുർബലമാക്കുന്നു. എന്നിട്ടോ? അയാള്‍ മടുത്ത് ഒന്‍പതാമത്തെ അടിയില്‍ പിന്‍വാങ്ങിയിരുന്നെങ്കിലോ? അയാള്‍ പരാജയം നേരിടും. പകരം, പത്താമത്തെ അടിയിലൂടെ ഒടുവിൽ പാറ പരാജയം സമ്മതിച്ച് വീണ്ടുകീറുന്നു. മുൻപ് നേരത്തേ, നിങ്ങളില്‍ ഒരു കുട്ടി പറഞ്ഞതുപോലെയല്ല, കീറുന്നതിനു മുൻപുള്ള അടികൾ ഒന്നുപോലും വെറുതെ പാഴാവുന്നില്ല!”

ഇതിനിടയില്‍, രണ്ടു കുട്ടികള്‍ പരസ്പരം പിറുപിറുക്കുന്നത് ശ്രദ്ധിച്ച് ഗുരുജി പറഞ്ഞു:

“പ്രധാനമായും നിങ്ങള്‍ക്കു വേണ്ടിയാണ് ഇക്കാര്യം പറഞ്ഞത്. അടുത്ത വര്‍ഷം പഠിക്കാനുള്ള മന്ത്രങ്ങളും ശ്ലോകങ്ങളും പഠിക്കാന്‍ പേടിയായിട്ട് ഈ വര്‍ഷം കഴിയുമ്പോള്‍ രണ്ടുപേരും വീട്ടിലേക്ക് മടങ്ങുമെന്ന് എനിക്ക് സൂചന കിട്ടിയിട്ടുണ്ട്!"

അന്ന് രാത്രിയില്‍, കുട്ടികള്‍ രണ്ടുപേരും ഗുരുജിയുടെ പാദങ്ങള്‍ തൊട്ടു വന്ദിച്ചു ക്ഷമ ചോദിച്ചു. അഞ്ചുവര്‍ഷംകൂടി അവിടെ പഠിച്ചു. അനന്തരം, മിടുക്കരായി സ്വന്തം വീടുകളിലേക്ക് അവര്‍ മടങ്ങുകയും ചെയ്തു.

ആശയത്തിലേക്ക്..

ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായവും പഠനവും സിലബസും- എല്ലാം ഒന്നിനൊന്ന് കഠിനമായ മല്‍സരമായിരിക്കുന്നു. കുട്ടികള്‍ക്ക് പലപ്പോഴും അത് ബാലികേറാമലയായി തോന്നിയേക്കാം. ഓരോ ദിവസവും ക്രമമായും ചിട്ടയായും വേണ്ട സമയത്ത് പാഠങ്ങള്‍ ചെയ്താല്‍, കുട്ടികള്‍ക്ക് മുന്നിലെ കഠിനമായ പാറപോലെയുള്ള വെല്ലുവിളികള്‍ വെണ്ണപോലെ അലിയും!

കുട്ടികള്‍ ജനിക്കുമ്പോള്‍തന്നെ മുന്‍കൂട്ടി രചിച്ച തിരക്കഥ പോലെ അവരുടെ ജോലിയും മേഖലയുമെല്ലാം ചില മാതാപിതാക്കള്‍ നിര്‍വചിക്കുന്നു. ഫലമോ?അഭിരുചിയില്ലാത്ത രംഗങ്ങളില്‍ കുട്ടികള്‍ നരകിക്കേണ്ടിയും വരുന്നു. അവസാനം, മാതാപിതാക്കളെ അവര്‍ വെറുത്തെന്നും വരാം.

2. രാജകുമാരനും കാട്ടുചെടിയും

പണ്ടുപണ്ട്, സിൽബാരിപുരംരാജ്യത്തിന്റെ പകുതിയോളം ഭാഗം വനഭൂമിയായിരുന്നു. വീരഭദ്രൻ എന്ന രാജാവായിരുന്നു രാജ്യം ഭരിച്ചിരുന്നത്. ഒന്നിനും ഒരു കുറവുമില്ലാത്ത രാജ്യം. എങ്കിലും, രാജാവിനും രാജ്ഞിക്കും ദുഃഖിക്കാൻ ഒരു കാര്യം ഉണ്ടായിരുന്നു- വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും സന്താനഭാഗ്യമില്ല! ഇതിനിടയിൽ പച്ചമരുന്നുചികിൽസകൾ പലതും ചെയ്തപ്പോൾ അവർക്കൊരു കിരീടാവകാശി പിറന്നു.

പിന്നെയും ദുഃഖിക്കാൻ രാജദമ്പതികൾക്ക് ഒരു കാരണമുണ്ടായി- ആ കുഞ്ഞിന്റെ തലയ്ക്ക് ഇടയ്ക്കിടെ ഒരു വിറയൽ! അതിനു വേണ്ടിയും പല തരത്തിലുള്ള ചികിൽസകൾ ചെയ്തെങ്കിലും യാതൊന്നും പ്രയോജനപ്പെട്ടില്ല.

അങ്ങനെയിരിക്കെ, അന്യദേശത്ത് ഒരു മഹാവൈദ്യൻ ഉണ്ടെന്നും അയാൾക്ക് കുഞ്ഞിന്റെ രോഗം ഭേദമാക്കാൻ കഴിയുമെന്നും രാജാവിന് വിവരം ലഭിച്ചു. രാജാവിന്റെ അഭ്യർഥന മാനിച്ച് അദ്ദേഹം കൊട്ടാരത്തിൽ എത്തിച്ചേർന്നു. വൈദ്യൻ കുഞ്ഞിനെ നന്നായി പരിശോധിച്ചു. എന്നിട്ട്, തന്റെ കൈവശമുണ്ടായിരുന്ന താളിയോല ഗ്രന്ഥങ്ങൾ മറിച്ചു നോക്കിയിട്ട് പറഞ്ഞു:

"ഓരോന്നായി പലതരം ചികിൽസകൾ പരീക്ഷിക്കേണ്ടി വരും. ഏതാണ് കുഞ്ഞിന് ഫലിക്കുകയെന്ന് മുൻകൂട്ടി പറയാനാകില്ല. ആദ്യമായി കുമാരനു മണചികിത്സ ഞാൻ പ്രയോഗിച്ചു നോക്കട്ടെ. അതിനായി വനത്തിലെ മലയടിവാരത്ത് വളരുന്ന ഔഷധമണമുള്ള പൂക്കൾ കൊണ്ടുവരണം"

ഭടന്മാർക്ക് ചെടിയുടെ വിവരണം കൃത്യമായി അദ്ദേഹം പറഞ്ഞു കൊടുത്തു.

അവർ കുതിരപ്പുറത്ത് വനത്തിൽ എത്തിച്ചേർന്നു. ചുവന്ന നിറമുള്ള രൂക്ഷമണമുള്ള പൂക്കൾ പറിക്കുന്നതിനിടയിൽ ഭടൻമാർ കൊട്ടാരത്തിലെ കാര്യങ്ങൾ പലതും പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു. ഭടൻമാർ പോയിക്കഴിഞ്ഞപ്പോൾ ആ ചെടികൾ അടുത്തു നിന്നിരുന്ന കുറ്റിപ്പാണൽചെടിയോടു ഗർവ്വോടെ പറഞ്ഞു:

"എന്റെ പൂക്കളുടെ ഒരു ഭാഗ്യം! കൊട്ടാരത്തിലെ കുഞ്ഞിന്റെ ചികിൽസയ്ക്കായി കൊണ്ടുപോയല്ലോ. ഞങ്ങളുടെ പ്രശസ്തി അങ്ങു ദൂരെ കൊട്ടാരത്തിലും എത്തിയിരിക്കുന്നു! "

ഇതു കേട്ട്, പാണലിനു വിഷമമായി. തന്റെ പൂക്കൾ ആരും ഇതുവരെ പറിച്ചിട്ടില്ല. കാരണം, മണവും വലിപ്പവുമില്ലാത്ത ചെറു വെള്ളപ്പൂക്കൾ. അങ്ങനെ അത് സ്വയം സമാധാനിച്ചു.

ഭടന്മാർ കൊട്ടാരത്തിലെത്തി പൂക്കൾ രാജ്ഞിയെ ഏൽപ്പിച്ചു. വൈദ്യൻ ചുവന്ന പൂക്കൾ രാജകുമാരനെ മണപ്പിച്ചപ്പോൾ അവൻ തുമ്മാൻ ഇടങ്ങി. രണ്ടു ദിവസം കൊണ്ട് കുട്ടിക്ക് വല്ലാത്ത മൂക്കൊലിപ്പ്‌. മാത്രമോ? വിറയൽ മാറിയതുമില്ല. ചുവന്ന പൂക്കൾ നോക്കി കോപം കൊണ്ട് രാജാവിന്റെ മുഖം ചുവന്നു. എങ്കിലും വൈദ്യനു മുന്നിൽ അദ്ദേഹം പ്രതീക്ഷയോടെ ശാന്തനായി.

രണ്ടാമതായി- കാട്ടുറോസച്ചെടി വേരോടെ പിഴുതു കൊണ്ടുവരാൻ വൈദ്യൻ ആവശ്യപ്പെട്ടു. വീണ്ടും കാട്ടിലെ പഴയ സ്ഥലത്തു തന്നെ ഭടന്മാർ എത്തിച്ചേർന്നു. ഏതാനും ചെടികൾ പിഴുത് അവർ തിരികെ പോന്നു.

അപ്പോൾ, അവിടെയുണ്ടായിരുന്ന ഒരു കാട്ടുറോസച്ചെടി പാണൽചെടിയോടു വീമ്പുപറഞ്ഞു:

"നേരത്തേ പോയ ചുവന്ന പൂക്കൾകൊണ്ടൊന്നും കാര്യമില്ല. ഞങ്ങൾക്കു മാത്രമേ രാജകുമാരന്റെ രോഗം മാറ്റാൻ കഴിയൂ"

പാണൽചെടിക്ക് വീണ്ടും ലജ്ജ തോന്നി. അത് നിരാശയോടെ മുഖം കുനിച്ചു.

വൈദ്യന്റെ മുന്നിൽ കാട്ടുറോസാച്ചെടികൾ സമർപ്പിക്കപ്പെട്ടു. എന്നാൽ, ഇതിനിടയിൽ എപ്പോഴോ കൊച്ചുരാജകുമാരന്റെ കൈവിരലിൽ ഒരു റോസമുള്ള് തറച്ചു കയറി! കുട്ടി കരയാനും തുടങ്ങി. ഇത്തവണയും ചികിൽസ പരാജയപ്പെട്ടു. രാജാവിനു പിന്നെയും കോപം വന്നെങ്കിലും തുടർചികിത്സയെ ഓർത്ത് ശാന്തനായി.

വൈദ്യൻ മൂന്നാമത്തെ ചികിൽസാ സമ്പ്രദായത്തിനായി നിർദ്ദേശിച്ചത് കാട്ടിലെ മലമടക്കുകളിൽ മാത്രം കാണപ്പെടുന്ന പെരുന്തേനീച്ചയുടെ കാട്ടുതേൻ കൊണ്ടുവരാനായിരുന്നു.

വൈദ്യൻ ഒരു നിബന്ധനയും വിധിച്ചു -

"ഒരു തേനീച്ചയുടെ ശാപം പോലും ചികിൽസയ്ക്ക് ദോഷമായി വരാൻ പാടില്ല. അതിനാൽ ഈച്ചകൾക്ക് ജീവഹാനി വരാതെ പ്രത്യേകം ശ്രദ്ധിക്കണം. കുറ്റിപ്പാണലിന്റെ ഇല കൊണ്ട് തേനീച്ചകളെ അകറ്റി നിർത്താമല്ലോ"

അതിനു വേണ്ടി ഒരു സംഘം ഭടൻമാർ പുറപ്പെട്ടു. അവർ വീണ്ടും കാട്ടിലെ പഴയ സ്ഥലത്ത് എത്തിച്ചേർന്നു. പാണലിന്റെ ഇലകൾ പറിച്ചെടുത്ത് ഭടന്മാർ ദേഹം മുഴുവൻ ഉരച്ചു. മലമടക്കിലേക്ക് കയറി ഇലകൾകൊണ്ട് പുകയിടുകയും ചെയ്തപ്പോൾ തേനീച്ചകൾ കുത്താതെ മാറിനിന്നു. അനന്തരം, തേൻകുടങ്ങളുമായി കൊട്ടാരത്തിലെത്തി. കുറച്ചു ദിവസങ്ങൾ നീണ്ട ചികിൽസയ്ക്ക് ഫലം കണ്ടുതുടങ്ങി. കുമാരന്റെ വിറയൽ കുറഞ്ഞുവന്നു. ഒരുമാസംകൊണ്ട് പൂർണമായും രോഗശമനമുണ്ടായി!

രാജാവും രാജ്ഞിയും സന്തോഷത്താല്‍ മതിമറന്നു. കൊട്ടാരം മുഴുവൻ ആഹ്ലാദത്തോടെ അതൊരു ആഘോഷമാക്കി മാറ്റി. രാജ്യമെങ്ങും ഉൽസവംപോലെ തോന്നിച്ചു. കൊട്ടാരത്തിലെ സമ്മാനദാനവും അന്നദാനവും പ്രജകൾക്ക് ഏറെ പ്രിയങ്കരമായി. ഇതിനെല്ലാം കാരണമായ മഹാവൈദ്യന് ആയിരം സ്വർണനാണയങ്ങൾ രാജാവ് സമ്മാനിച്ച് ഗംഭീര യാത്രയയപ്പ് നല്‍കി.

വൈദ്യൻ പോകുന്നതിനു മുൻപ് തേനിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് രാജാവിനു പലതും പറഞ്ഞു കൊടുക്കുകയും ചെയ്തു.

ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജാവ് ഒരു കല്പന വിളംബരം ചെയ്തു:

"രാജകുമാരന്റെ രോഗം കൂടാൻ ഇടയാക്കിയ ചുവന്ന പൂക്കൾ ഉളള ചെടിയും കയ്യിൽ മുള്ളു തറച്ച കാട്ടു റോസച്ചെടിയും ഈ രാജ്യത്ത് മേലിൽ വളരാൻ പാടില്ല. ഇവ രണ്ടിനെയും നശിപ്പിക്കാൻ രാജ്യമെമ്പാടും സൈന്യത്തെ അയയ്ക്കും.

രാജകുമാരന്റെ രോഗം മാറ്റിയത് തേനിന്റെ ഔഷധഗുണമാണ്. അതിനാൽ, രാജ്യത്തെ എല്ലാ ഭവനങ്ങളിലും മൺകലങ്ങളിൽ തേനീച്ച വളർത്തൽ പ്രോൽസാഹിപ്പിക്കും.

തേനീച്ചകളെ രാജ്യത്തിലെ കര്‍ഷകരുടെ മിത്രമായി പ്രഖ്യാപിച്ചിരിക്കുന്നു.

തേനീച്ചകൃഷിക്കും തേന്‍ വില്പനയ്ക്കും കൊട്ടാരത്തില്‍നിന്നും സഹായം ലഭിക്കും"

ഉടന്‍ തന്നെ, കൽപനപ്രകാരം അനേകം ഭടൻമാർ കാട്ടിലേക്ക് കുതിരപ്പുറത്ത് കയറി പാഞ്ഞു പോയി. അവർ രണ്ടു ചെടികളെയും തെരഞ്ഞുപിടിച്ച് നശിപ്പിച്ച് പഴയ കുറ്റിപ്പാണൽചെടിയുടെ സമീപമെത്തി. ഭടൻമാരുടെ സംസാരത്തിൽനിന്ന് കാര്യം ഗ്രഹിക്കാന്‍ ചെടി തന്റെ ചെവി വട്ടംപിടിച്ചു. എന്നാല്‍, അവര്‍ പറഞ്ഞത് രാജ്യമെങ്ങും പടര്‍ന്ന തേനിന്റെ മഹാത്മ്യവും തേനീച്ചകളുടെ പ്രശസ്തിയും ആയിരുന്നു. രാജകല്പനയില്‍മാത്രമല്ല, ഒരു വാക്കുപോലും തന്നെക്കുറിച്ച് ഇവരും പറഞ്ഞില്ലല്ലോ എന്നോര്‍ത്ത് അതിനു നിരാശയും ദുഃഖവും തോന്നി. അന്ന് രാത്രിയില്‍ കൂടുതല്‍ നേരം പ്രാര്‍ത്ഥിച്ചപ്പോള്‍ പാണല്‍ചെടിയുടെ മുന്‍പാകെ വനദേവത പ്രത്യക്ഷപ്പെട്ടു-

“നീ എന്തിന് വിഷമിക്കണം? നിന്റെ കര്‍മ്മം വിലയില്ലാത്ത ഒന്നല്ല. കൊട്ടാരത്തിലെ ചികിത്സയില്‍ സുപ്രധാന പങ്കാളി നീയായിരുന്നു. പക്ഷേ, അത് എല്ലാവരും വിസ്മരിച്ചു. മാത്രമല്ല, അവിടുള്ള മനുഷ്യരുടെ പരസ്പരമുള്ള അവഗണനയും നന്ദികേടും അവര്‍ക്കുതന്നെ ഇപ്പോള്‍ വിനയായിരിക്കുന്നു! നാട്ടിലെ ചെടികളുടെയും മരങ്ങളുടെയും അംഗീകാരം കാട്ടിലുള്ളതിനു കിട്ടാറില്ല എന്നുള്ളതു സത്യം. എങ്കിലും, ഇവിടെയുള്ളവര്‍ പൂക്കുകയും കായ്ക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു!"

ആ ചെടി തന്നിൽ ഒളിച്ചിരുന്ന മാഹാത്മ്യം മനസ്സിലാക്കി സന്തോഷിച്ചു.

ഗുണപാഠം-

പ്രകൃതിലെ ഏതെങ്കിലും ഒരു സസ്യജാലമോ ജീവിവർഗമോ പ്രയോജനമില്ലാത്തതായി പ്രപഞ്ചസ്രഷ്ടാവ് രൂപകൽപന ചെയ്തിട്ടില്ല. ചിലതൊക്കെ, പ്രത്യക്ഷത്തിൽ ദോഷങ്ങളെന്നു തോന്നിയാലും അവയ്ക്ക് ഇനിയും മനുഷ്യർക്ക് മനസ്സിലാകാത്ത എന്തെങ്കിലും പ്രയോജനം കണ്ടേക്കാം.

ഓരോ മനുഷ്യനും ഒരുപറ്റം കഴിവുകളും കഴിവുകേടുകളുംകൊണ്ട് സമ്പന്നമായിരിക്കും. ചിലര്‍ സ്വന്തം കഴിവ് അറിയാതെയോ ഉപയോഗിക്കാതെയോ ജീവിതം കഴിക്കുന്നു. കാരണം, സാഹചര്യമോ, ഭാഗ്യമോ, ദൈവനിയോഗമോ എല്ലാവര്‍ക്കും ഒത്തുവരണമെന്നില്ലല്ലോ. അതിനാല്‍, അപകര്‍ഷബോധം ആര്‍ക്കും തോന്നേണ്ട കാര്യമില്ല. നിങ്ങള്‍ക്ക് ഇപ്പോള്‍ ലഭ്യമായ കൊച്ചുകൊച്ചു കഴിവുകളിലും നേട്ടങ്ങളിലും ആനന്ദം കണ്ടെത്തുക!

3. ചാണക്യന്‍

രാഷ്ട്രതന്ത്രവും സാമ്പത്തിക ശാസ്ത്രവും കൂര്‍മബുദ്ധിയും ഒരേ പോലെ തിളങ്ങി നിന്ന പ്രതിഭയായിരുന്നു ചാണക്യന്‍. 350-283 B.C കാലഘട്ടത്തില്‍ മൗര്യ വംശത്തിലെ രാജാവായിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയും ഉപദേശിയും ആയിരുന്നു അദ്ദേഹം. തക്ഷശില അല്ലെങ്കില്‍ മഗധയില്‍ ആയിരിക്കാം അദ്ദേഹത്തിന്റെ ജനനം എന്നു കരുതപ്പെടുന്നു. കുടല വംശത്തില്‍ പിറന്നതിനാല്‍ കൗടില്യന്‍ എന്നും ചണകദേശവാസി ആയതിനാല്‍ ചാണക്യന്‍ എന്നും വിഷ്ണുഗുപ്തന്‍ എന്നും അദേഹത്തിന് പേരുണ്ട്. അര്‍ഥശാസ്ത്രം, നീതിസാരം, ചാണക്യനീതി എന്നിവ പ്രധാന കൃതികള്‍.

ജവഹര്‍ലാല്‍നെഹ്‌റു അദ്ദേഹത്തെ 'ഇന്ത്യന്‍ മക്യവെല്ലി' എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ചാണക്യന്‍ നേര്‍ബുദ്ധി മാത്രമല്ലാതെ വളഞ്ഞ വഴികളും വിജയത്തിനായി സ്വീകരിച്ചിട്ടുണ്ട്. ജോലിസമയം മാത്രം നോക്കാതെ, ചെയ്യുന്ന പണിക്കനുസരിച്ചു കൂലി കൊടുക്കുന്ന രീതിയും സ്ത്രീക്ഷേമവും അദ്ദേഹം നടപ്പിലാക്കി. ഇന്നും തന്ത്രങ്ങള്‍ മെനയുന്ന ആളുകളെ നാം 'ചാണക്യന്‍' എന്നു വിളിക്കാറുണ്ട്. അദ്ദേഹത്തിന്റെ തന്ത്രങ്ങളും ആശയങ്ങളും 'ചാണക്യസൂത്രങ്ങള്‍' എന്ന പേരില്‍ പ്രശസ്തമാണ്.

1. കുട്ടികളെ പഠിപ്പിക്കാന്‍ വിടാത്ത രക്ഷിതാക്കൾ കുട്ടികളുടെ ശത്രുക്കൾ ആയിരിക്കും.

2. സുഹൃത്തെന്നു കരുതി നിങ്ങളുടെ രഹസ്യങ്ങളെല്ലാം അറിയിക്കരുത്. അവര്‍ പിന്നീട്, പിണങ്ങിയാൽ പ്രശ്നമാകും.

3. നിലവില്‍, കൈയിലുള്ള ഉറപ്പുള്ളതിനെ ഉപേക്ഷിച്ച്, വലുതാണെന്നു തീർച്ചയില്ലാത്തതിനെ തേടിപ്പോകുന്നവർക്കു രണ്ടും നഷ്ടപ്പെട്ടുവെന്നു വന്നേക്കാം.

4. സൗന്ദര്യം കണ്ടു മയങ്ങി, സ്വഭാവഗുണമില്ലാത്തവളെ വിവാഹം ചെയ്യരുത്.

5. അധികാരികളെയും നദികളെയും അതിരുവിട്ടു വിശ്വസിക്കരുത്. എപ്പോഴാണ് അവ തിരിയുകയെന്നു നിശ്ചയമില്ല.

6. വിഡ്ഢികളെ ഉപദേശിക്കുന്നയാൾ കുഴപ്പത്തിലാകും.

7. ധര്‍മം ഇല്ലാത്തവന്‍ ജീവിച്ചിരുന്നാലും മരിച്ചതിനു തുല്യം. ധര്‍മത്തെ സംരക്ഷിക്കുന്നവന് മരണമേയില്ല.

8. മുഖത്തു നോക്കി പുകഴ്ത്തുകയും ചതിക്കാൻ അകത്ത് ആലോചിക്കുകയും ചെയ്യുന്നയാളെ ഒഴിവാക്കണം. അടിയിൽ വിഷം നിറച്ച്, മുകളിൽ പാലൊഴിച്ച കുടം പോലെയാകുന്നു അയാള്‍.

9. നിങ്ങൾക്കു പ്രതിസന്ധി വരുമ്പോൾ യഥാര്‍ത്ഥ ബന്ധുക്കളെ തിരിച്ചറിയാം.

10. എല്ലാ കാട്ടിലും ചന്ദനമരം പ്രതീക്ഷിക്കരുത്.

11. എല്ലാം തികഞ്ഞവരായി ആരുമില്ല.

12. ഉണങ്ങിയ മരത്തെ പക്ഷികൾ ഉപേക്ഷിക്കും.

13. സമന്മാരുമായുള്ള സൗഹൃദം നന്ന്.

14. എല്ലാ ദിവസവും എന്തെങ്കിലും പഠിക്കണം.

15. ദുഷ്ടൻ, പാമ്പ് ഇവയിലൊന്നിനെ സ്വീകരിക്കേണ്ടി വന്നാൽ പാമ്പിനെ സ്വീകരിക്കുക. സ്വയരക്ഷയ്ക്കല്ലാതെ പാമ്പ് ആക്രമിക്കില്ല.

16. പ്രളയസമയത്തു കടൽപോലും കരകവിയും. സജ്ജനങ്ങൾ ഒരിക്കലും പരിധി വിടില്ല.

17. കുയിലിന്റെ സൗന്ദര്യം നാദത്തിലാണ്. വിരൂപന്റെ സൗന്ദര്യം വിദ്യയിലും.

18. നിങ്ങളുടെ നാവു നിയന്ത്രിച്ചാൽ കലഹം കുറയ്ക്കാം.

19. കൂടുതൽ ദാനം ചെയ്ത് മഹാബലി കുഴപ്പത്തിലായി. ഒന്നും അതിരുകടക്കരുത്.

20. ഒരൊറ്റ മരത്തിലെ പൂമണം മതി കാടു മുഴുവൻ സുഗന്ധപൂരിതമാക്കാൻ.

21. ദമ്പതികൾ കലഹിക്കാത്തിടത്ത് ഐശ്വര്യമുണ്ടാകും

22. ധ്യാനത്തിന് ഒരാൾ മതി. സേനയ്ക്കു പലർ വേണം.

23. കാലമേത്, മിത്രങ്ങളാര്, നാടേത്, വരവുചെലവുകളെങ്ങനെ, ശത്രുക്കളാര്, ഞാനാര്, എന്റെ ശത്രുക്കളാര് എന്നിവ വീണ്ടും വീണ്ടും ചിന്തിക്കുക.

24. ജ്ഞാനത്തിൽക്കവിഞ്ഞ സുഖമില്ല.

25. ജനിക്കുന്നതും മരിക്കുന്നതും ഒറ്റയ്ക്ക്. നിങ്ങളുടെ ചെയ്തികളുടെയെല്ലാം ഉത്തരവാദിത്തവും നിങ്ങൾക്ക് മാത്രം.

26. ആനയെ തോട്ടികൊണ്ടു നിയന്ത്രിക്കാം. പക്ഷേ ദുഷ്ടനെ നേരിടാൻ വാൾ വേണം.

27. ശത്രുവിന്റെ ശക്തി നോക്കി അനുസരിക്കുകയോ അനുസരിപ്പിക്കുകയോ പ്രീണിപ്പിക്കുകയോ തരംപോലെ വേണ്ടിവരും.

28. ഏറ്റവും കുറഞ്ഞ സമയം മാത്രം ജീവിച്ചാലും നന്മ ചെയ്യുക. ആയിരം വര്‍ഷം പാപം ചെയ്തു ജീവിക്കുന്നതിനേക്കാള്‍ നല്ലത് അതാകുന്നു.

29. അത്യാഗ്രഹിക്കു സത്യം മാത്രം പറയാനാവില്ല.

30. പാലും നെയ്യും ഇട്ടു വളർത്തിയാലും വേപ്പിന്റെ ഇല മധുരിക്കില്ല.

31. ദേവാലയത്തിൽ പോയതുകൊണ്ട് ദുഷ്ടന്റെ മനസ്സു മാറില്ല.

32. ലോകത്തിന്റെ മുഴുവൻ സ്നേഹം കൈവരാൻ ഒന്നു മാത്രം മതി- ആരെപ്പറ്റിയും മോശമായി പറയാതിരിക്കുക

33. സ്നേഹിക്കുന്ന കുടുംബവും, ഉള്ള പണത്തിൽ തൃപ്തിയുള്ള മനസ്സുമുണ്ടെങ്കിൽ ഈ ഭൂമി സ്വർഗമാകും.

34. വിഷമില്ലാത്ത പാമ്പും തലപൊക്കി പേടിപ്പിക്കാൻ നോക്കും.

35. ഒരു കാര്യം ചെയ്യുന്നതിന് മുന്‍പ്- അത് എന്തിന്? അതിന്റെ ഫലം? അതില്‍ വിജയിക്കുമോ? എന്നുള്ള ഉത്തരങ്ങള്‍ കിട്ടിയതിനു ശേഷം മുന്നോട്ടു പോകുക.

36. യുവത്വവും സ്ത്രീസൗന്ദര്യവും ലോകത്തെ ഏറ്റവും വലിയ ശക്തികള്‍ ആകുന്നു.

37. ഒരു കാര്യം ചെയ്താല്‍ അതില്‍ തോല്‍ക്കുമോ എന്ന ഭയമാണ് ആദ്യം ഉപേക്ഷിക്കേണ്ടത്. അല്ലാതെ ആ കാര്യം ഉപേക്ഷിക്കരുത്.

38. ബുദ്ധിയില്ലാത്തവന് പുസ്തകം കൊടുക്കുന്നത് അന്ധന് കണ്ണാടി കൊടുക്കുന്നപോലെ നിഷ്ഫലം ആകുന്നു.

39. ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്നവര്‍ ശരിക്കും സന്തോഷം അനുഭവിക്കുന്നവര്‍ ആയിരിക്കും.

40. മറ്റുള്ളവരുടെ തെറ്റില്‍നിന്നാണ് പഠിക്കേണ്ടത്. കാരണം, നിങ്ങളുടെ ജീവിതത്തില്‍ അതെല്ലാം സ്വയം ചെയ്യാന്‍ കഴിയില്ല.

41. കാറ്റുള്ള ദിശയില്‍ പൂക്കളുടെ സുഗന്ധം വീശുന്നു. എന്നാല്‍, ഒരാളുടെ നന്മ എല്ലാ ദിശയിലും വ്യാപിക്കുന്നു.

42. ദൈവം വിഗ്രഹങ്ങളില്‍ അല്ല കുടികൊള്ളുന്നത്. നിങ്ങളുടെ വികാരങ്ങളാകുന്നു നിങ്ങളുടെ ദൈവം. നിങ്ങളിലെ ആത്മാവ് യഥാര്‍ത്ഥ ക്ഷേത്രവും.

43. സ്ത്രീക്ക് പുരുഷനേക്കാള്‍- നാണം നാല് മടങ്ങും പേടി ആറു മടങ്ങും അത്യാഗ്രഹം എട്ടു മടങ്ങും കൂടുതലായിരിക്കും.

44. എല്ലാ സൗഹൃദങ്ങളുടെ പിറകിലും സ്വാര്‍ത്ഥതയുടെ ചെറിയ താല്പര്യമെങ്കിലും ഉണ്ടായിരിക്കും. അതൊരു കയ്പുള്ള യാഥാര്‍ത്ഥ്യം ആകുന്നു.

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam