മലയാളം വായനയിലെ കഥയും കാര്യവും

കഥയും കാര്യവും

മനുഷ്യമൃഗങ്ങൾ!

അല്പം പൊക്കം കൂടിയപ്പോള്‍ - “അവനു കൊന്നത്തെങ്ങിന്റെ പൊക്കമാണ്"

എപ്പോഴും മറവിയുള്ളവരെ - “അരണയുടെ ബുദ്ധിയാ"

വെയിലുള്ളപ്പോള്‍ മഴ പെയ്താല്‍ മനുഷ്യര്‍ പറയും- “കുറുക്കന്റെ കല്യാണമാണ്"

വെളുത്തവരെ കല്യാണബ്രോക്കര്‍ പറയുന്നത് - “ഗോതമ്പുമണിയുടെ നിറമാ പെണ്ണിന്" “ആപ്പിള്‍ പോലിരിക്കും"

മുഖം വീര്‍പ്പിച്ചു നടന്നാല്‍- “അവളുടെ മുഖത്ത് കടന്നല്‍ കുത്തിയ പോലെ"

ദുഃഖം കയറിയ മുഖം എങ്കില്‍- “കാര്‍മേഘം കേറിയ മോന്തായം"

മണ്ടത്തരം കാട്ടുമ്പോള്‍- “അവന്റെ തലയില്‍ നിറച്ചും കളിമണ്ണാ"

വണ്ണമുള്ള കാലു കണ്ടാല്‍ - “വാഴത്തട പോലത്തെ കാല്"

നീളമുള്ള തലമുടി കണ്ടാല്‍- “അവളുടെ പനങ്കുല പോലത്തെ മുടി"

വലിയ ശാപ്പാടും കഴിഞ്ഞു ഉറങ്ങുന്നവരെ- “പെരുമ്പാമ്പ് ഇര വിഴുങ്ങി കിടക്കുവാ"

സ്ത്രീകളെ മോശമായി നോക്കിയാല്‍ - “കഴുകന്റെ കൊത്തിപ്പറിക്കുന്ന നോട്ടം"

മെലിഞ്ഞ ശരീര പ്രകൃതിയെ - “ഈര്‍ക്കിലി വണ്ണം"

ഭീമാകാരമായ ശരീരമിളകിയുള്ള വരവിനെ - “ദേ...പത്തേമാരി വരുന്നുണ്ട്"

ഒരു കാര്യത്തില്‍ നിന്നും പിന്മാറാതെ ഇരിക്കുന്നവരെ - “ഉടുമ്പ് പിടിച്ചപോലെ"

ഒരാള്‍ മറ്റൊരാളെ തിരിച്ചുകയറാന്‍ പറ്റാത്ത കെണിയില്‍ കുടുക്കിയാല്‍- “അവന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും രക്ഷയില്ല"

ഒട്ടും വേഗമില്ലാത്ത രീതിക്കാരെ - “ഒച്ചിന്റെ വേഗമാ അവന്"

സ്ഥിരം ശത്രുക്കള്‍- “അവര്‍ കീരിയും പാമ്പും പോലെ"

മറവി ബാധിച്ചു തുടങ്ങിയാല്‍ - “ഓര്‍മകളെ ചിതല്‍ അരിച്ചു തുടങ്ങി"

തട്ടിക്കൊണ്ടു പോകുന്നവരെ - “പരുന്തു റാഞ്ചിയപോലെ കൊണ്ടുപോയി"

സംസാരിക്കുമ്പോള്‍ പറഞ്ഞത് ഉറപ്പിക്കാന്‍ - “ദേ...സൂക്ഷം പല്ലി ചൊല്ലി"

പരാജയത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവര്‍- “ഫീനിക്സ് പക്ഷിയെപ്പോലെ"

സ്ഥിരമായ തൊഴില്‍ പാടവം ഉള്ളവരെ- “അണ്ണാനെ മരംകയറ്റം പഠിപ്പിക്കണോ"

സൂത്രത്തില്‍ രക്ഷപെട്ടവരെ പറയുമ്പോള്‍ - “അവനു കുറുക്കന്റെ ബുദ്ധിയാണ്"

എന്തെങ്കിലും കാത്തിരിക്കുന്നവരെ- “മഴ കാത്തിരിക്കുന്ന വേഴാമ്പല്‍"

പ്രതികാരം സൂചിപ്പിക്കാന്‍- “അവന്‍ കരിമൂര്‍ഖനെയാണു നോവിച്ചു വിട്ടിരിക്കുന്നത്..സൂക്ഷിച്ചോ"

ഇരു പക്ഷത്തും നിന്നു സംസാരിക്കുന്നവരെ -”അവന്‍ ഇരുതലമൂരിയാണ്"

അല്പന്‍ അഹങ്കാരം കാട്ടുമ്പോള്‍- “ഞാഞ്ഞൂലിനും സീല്‍ക്കാരമോ?”

അശക്തനായ ശത്രുവെങ്കിലും ജാഗ്രത വേണമെന്ന്- “നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും"

ദുര്‍ബലന്‍ ആസക്തിയും ആര്‍ത്തിയും കാട്ടുമ്പോള്‍ - "കന്നിനെ കയം കാണിക്കരുത്'

സൗന്ദര്യം കുറഞ്ഞവരെ പരിഹസിക്കുന്ന വാക്കുകള്‍ -

“ആ വേട്ടാവളിയന്‍....”

"പോടാ, മരപ്പട്ടിത്തലയാ..”

"എടീ, കുട്ടിത്തേവാങ്കേ..”

"എടാ, മരമാക്രീ..”

“ഒരു കാട്ടുമാക്കാന്‍...”

സന്ദര്‍ഭങ്ങള്‍ക്കു ചേരുംവിധം മനുഷ്യനെ പ്രകൃതിയിലെ പലതരം സസ്യങ്ങളുടെയും ജന്തുക്കളുടെയും പേരു ചേര്‍ത്ത് വിളിക്കാറുണ്ട്. ചില പ്രയോഗങ്ങള്‍!

നന്ദിയില്ലാത്ത മനുഷ്യനെ- “നായീന്റെ മോനെ..”

ദേഷ്യം വന്നാല്‍- "എടാ..പട്ടീ..”

ബുദ്ധിയില്ലാത്തവനെ - “എടാ, കഴുതേ..”

സംസാരം കുറഞ്ഞവരെ - “ഡാ, മൂങ്ങേ..”

സ്വഭാവം ശരിയല്ലാത്തവരെ - “എടീ..കോഴീ..”

വൃത്തിയില്ലാത്തവരെ - “ഡാ..പന്നീ..”

വെറുതെ കിടന്നുറങ്ങുന്ന ആളുകളെ- “എണീക്കടാ പോത്തേ..”

പക്വതയില്ലാത്ത പെരുമാറ്റം കാണുമ്പോള്‍ - “കുരങ്ങെ"

ഗൗരവമുള്ള മുഖം കണ്ടാല്‍- “അവന്‍ കടുവയാ"

ലേശം മിടുക്ക് കൂടുതല്‍ ഉള്ളവരെ- "യെവനാള് പുലിയാ"

അഭിപ്രായം തോന്നുംപോലെ മാറ്റിയാല്‍ -”ഓന്തിന്റെ സ്വഭാവമാ"

മദ്യം സേവിച്ചു വഴിയില്‍ കിടന്നാല്‍ - “പാമ്പായി കിടക്കുവാ"

കാലിനു വണ്ണം കുറഞ്ഞാല്‍ - "കുളക്കോഴീടെ കാലാ"

വണ്ണം കൂടിപ്പോയാല്‍- "ശീമപ്പന്നി"

തീരെ മെലിഞ്ഞവരെ - “നീര്‍ക്കോലീ.. "

നിസ്സാര കാര്യത്തിനു കരഞ്ഞാല്‍ - "അവളുടെ ഒരു മുതലക്കണ്ണീര്..”

ഏതു നേരവും പുസ്തകം വായിക്കുന്നവള്‍ - “പുസ്തകപ്പുഴു"

ഒന്നും ചെയ്യാതെ ബഹളം വയ്ക്കുന്നവര്‍- “വെറുതെ കാള കളിച്ചു നടക്കുവാ"

എല്ലാം അലങ്കോലമാക്കുന്നവര്‍- “ആന ചെന്നു കരിമ്പിന്‍കാട്ടില്‍ കയറിയ പോലായി"

ഏതു നേരവും ചിലയ്ക്കുന്ന സംസാരം- “കരിയിലപ്പിടയുടെ ചിലപ്പാണവള്‍ക്ക്"

വന്‍കിട നിക്ഷേപമുള്ള മുതലാളിമാര്‍- “അവനൊരു വമ്പന്‍ സ്രാവാ"

എപ്പോഴും ശല്യമാകുന്ന വര്‍ത്തമാനം - “അവള്‍ ചീവീടാണ് "

ഇടയ്ക്കു കയറി ശല്യം ചെയ്യുന്നവന്‍ - “പാഷാണത്തില്‍ കൃമി"

എതിരാളി ദുര്‍ബലനെന്നു പ്രഖ്യാപിക്കാന്‍ - “അവന്‍ വെറും കീടം"

നല്ല ഭംഗിയുള്ള നടപ്പുള്ളവള്‍ എങ്കില്‍ - “അന്നനടയാണ്"

കാണാന്‍ ചേലുള്ള പെണ്ണിനെ - “നല്ല കിളി പോലത്തെ പെണ്ണ്‍"

കൂടുതല്‍ വെളുത്ത നിറമുള്ളവളെ - “വെളിരു പോലെ വെളുത്തതാ"

ഒരേസമയം പലരെയും പ്രേമിക്കുന്നവള്‍ - “ആളൊരു പഞ്ചവര്‍ണക്കിളിയാണ്"

തലതിരിവ് 

കഴുത്തിനു നീളമുള്ള ആളിനെ - “ജിറാഫ് പോലെ തല നീട്ടും"

മേലോട്ടു നോക്കി നടക്കുന്ന ഓവര്‍സീയര്‍ എന്ന സര്‍ക്കാര്‍ ജോലി!

മുഖത്തുനോക്കി നിന്നാല്‍ പൂവാലന്‍!

പോസ്റ്റില്‍ കയറുന്നവന്‍ ലൈന്‍മാന്‍!

പോസ്റ്റില്‍ കയറാതെ ലെറ്റര്‍ കൊടുക്കുന്നവന്‍ പോസ്റ്റ്‌മാന്‍!

മന്ത്രം പഠിച്ചവന്‍ തന്ത്രി!

തന്ത്രം പഠിച്ചവന്‍ മന്ത്രി!

അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള നൈട്രജനെ സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും ശ്വസിക്കാന്‍ വേണ്ട!

സര്‍ക്കാര്‍ജോലി കിട്ടാന്‍ പ്രായപരിധിയുണ്ട്, എന്നാല്‍, മന്ത്രി ആകാന്‍ പ്രായം പ്രശ്നമല്ല!

കത്തുന്ന വാതകമായ ഹൈഡ്രജനും കത്താൻ സഹായിക്കുന്ന വാതകമായ ഓക്സിജനും കൂടിയാൽ കിട്ടുന്നത്‌ തീ അണയ്ക്കുന്ന വെള്ളം!

നായ്ക്കള്‍ നന്ദിയുള്ളവര്‍ എങ്കിലും നന്ദി ഇല്ലാത്ത മനുഷ്യരെ "നായീന്റെ മോനേ..!” എന്നു ചിലര്‍ വിളിക്കും.

മക്കള്‍ നന്നായാല്‍ അത് പാരമ്പര്യഗുണം! ചീത്തയെങ്കില്‍ കൂട്ടുകെട്ടിന്‍റെ ദോഷം!

ഏതു ദുഷ്ടനും നല്ലതെന്നു കേള്‍ക്കുന്നത് എപ്പോള്‍? അയാളുടെ ചരമപ്രസംഗത്തില്‍!

ഒറ്റ രൂപാ എല്ലാ ദിവസവും ആരാധനാലയങ്ങളില്‍ പോകുമായിരുന്നു, നൂറു രൂപയാകട്ടെ ദിവസവും ബാറിലും ഷാപ്പിലുമൊക്കെ പോയതിനാല്‍ ഒന്നാമന്‍ സ്വര്‍ഗത്തിലും രണ്ടാമന്‍ നരകത്തിലും പോയി.

ശശിക്ക് ജോലി കിട്ടണമെങ്കിൽ എക്സ്പീരിയൻസ് വേണം പോലും! അതിനാല്‍, എക്സ്പീരിയൻസ് കിട്ടാൻ അയാള്‍ ജോലിക്കു പോയിത്തുടങ്ങി!

പെണ്ണുങ്ങൾക്കു ശ്രീകൃഷ്ണനെ ഇഷ്ടമെങ്കിലും ഭർത്താവിനെ ശ്രീകൃഷ്ണൻ എന്നു വിളിച്ചാല്‍..!

പട്ടികൾക്ക് വേണ്ടി ശബ്ദിക്കാൻ ഒരുപാട് മനുഷ്യരുണ്ട്. പക്ഷേ, മനുഷ്യനു വേണ്ടി ശബ്ദിക്കാൻ ഒരു പട്ടിയുമില്ല!

ദാരിദ്ര്യത്തില്‍ പിറന്ന ദൈവങ്ങളെ കൊട്ടാരത്തില്‍ തടവുകാരാക്കിയപ്പോള്‍ എല്ലാവരും അവിടം വിട്ടോടി!

പണ്ട്, പ്രീഡിഗ്രി കഴിഞ്ഞു ഉടന്‍ ഡിഗ്രിക്കു ചേര്‍ന്നില്ലെങ്കില്‍ കഴിവുകെട്ടവര്‍!

ഇന്ന്, പ്ലസ്‌ ടൂ കഴിഞ്ഞു കോച്ചിംഗ് പോയില്ലെങ്കില്‍ കഴിവുകെട്ടവര്‍!

Comments