എങ്ങനെ കുടുംബജീവിതം മെച്ചപ്പെടുത്താം?
ഓൺലൈൻമലയാളത്തിലെ മികച്ച 6 കുടുംബ കഥകൾ
1. ഒരു പൂവ് മതി!
ഒരു ഗുരുവിന്റെ ആശ്രമത്തിൽ ദമ്പതികൾക്കായുള്ള സെമിനാർ നടത്തി. അവിടെ ഒട്ടേറെ ആളുകൾ എത്തിച്ചേർന്നു. രാവിലെ ക്ലാസിന്റെ ഇടവേളയിൽ ഗുരു പറഞ്ഞു-"എന്റെ പൂന്തോട്ടത്തിൽ അനേകം പൂക്കളുണ്ട്. അവിടെ കയറി എല്ലാവർക്കും ഓരോ പൂവ് പറിയ്ക്കാം"
എല്ലാവരും തങ്ങളുടെ മനസ്സിന് ഇഷ്ടപ്പെട്ട പൂവ് കരസ്ഥമാക്കി. വീണ്ടും സെമിനാർ തുടങ്ങി. എന്നാൽ, ഗുരു പൂവിനേപ്പറ്റി ഒന്നും പിന്നെ മിണ്ടിയില്ല. കുടുംബ ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പലതും പറഞ്ഞ് ഉച്ചയൂണിനു സമയമായി. ലഞ്ച് ബ്രേക്കും കഴിഞ്ഞ് എല്ലാവരും വർത്തമാനം പറഞ്ഞ് ഒരു മണിക്കൂർ ചെലവഴിച്ചു. പിന്നീട്, ഗുരു ഹാളിലേക്ക് വന്നു തന്റെ പ്രഭാഷണം തുടങ്ങി.
"എല്ലാവരും സ്വന്തം കയ്യിലുള്ള പൂക്കൾ കാണിക്കുക"
അനന്തരം, ഗുരു ഓരോ ആളിന്റെയും അടുക്കൽ വന്ന് പൂവ് പരിശോധിച്ചു വിവരങ്ങൾ തിരക്കി. അതിനു ശേഷം പീഠത്തിൽ വന്നിരുന്ന് അദ്ദേഹം പറഞ്ഞു തുടങ്ങി -
"ചിലർ ചന്തം നോക്കി പറിച്ച പൂവ് വാടിയപ്പോൾ വലിച്ചെറിഞ്ഞു"
"കിട്ടിയ പൂവിന്റെ മണം പോയപ്പോൾ ചിലർ ഉപേക്ഷിച്ചു”
"മറ്റു ചിലർ പൂക്കളെ പരസ്പരം കൈമാറി”
"വേറൊരു കൂട്ടർ അടുത്തയാളിന്റെ പൂവിനെ സ്വന്തമാക്കാൻ ആഗ്രഹിച്ചു”
"ഒരാൾ ആദ്യത്തെ പൂവ് ചവിട്ടിയരച്ചിട്ട് രണ്ടാമതും പൂന്തോട്ടത്തിൽ കയറി രഹസ്യമായി ഒരു പൂവ് പറിച്ചു”
"രണ്ടു പേർ തങ്ങൾക്ക് പൂവിന്റെ ആവശ്യമില്ലെന്ന് ശഠിച്ച് പൂ പറിച്ചില്ല”
"ചിലർ ഞാന്‍ എന്തോർക്കുമെന്ന് വിചാരിച്ച് മനസ്സില്ലാ മനസ്സോടെ പൂവ് വെറുതെ കയ്യിൽ പിടിച്ചിരിക്കുന്നു”
"ഇനി മറ്റുള്ള ചിലർ കിട്ടിയ പൂവിനെ നോക്കുകയോ മണക്കുകയോ ചെയ്യാതെ പുത്തൻ പൂവു പോലെ വച്ചിരിക്കുന്നു”
"ഒടുവിൽ, ഒരാളോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു, ഗുരുജിക്ക് എത്ര രൂപ വേണമെങ്കിലും തരാം, അയാൾക്ക് ആ പൂന്തോട്ടം മുഴുവൻ വേണമെന്ന്!”
"എങ്കിലും, കുറച്ചു പേർ തങ്ങൾ ഇഷ്ടപ്പെട്ടു തിരഞ്ഞെടുത്ത പൂവിനെ സ്നേഹിച്ചും ആരാധിച്ചും വിശിഷ്ടമായി പരിഗണിച്ച് കയ്യിൽ വച്ചിരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്!"
എല്ലാവരും നല്ലൊരു തമാശ കേട്ട പോലെ ചിരിച്ചു. അപ്പോൾ വീണ്ടും ഗുരുജി പുഞ്ചിരിയോടെ തുടര്‍ന്നു പറഞ്ഞു - "പൂവ് എന്നാൽ ജീവിതപങ്കാളി എന്ന സങ്കല്പത്തിൽ ഞാൻ ഇപ്പോൾ പറഞ്ഞ കാര്യം കൂട്ടി വായിക്കുക!"
പെട്ടെന്ന്, പലരുടെയും ചുണ്ടിൽ ചിരികൾ നിലച്ചു! ആശയം- ഇന്നു ലോകത്തില്‍, കുടുംബങ്ങളെ ഏറ്റവും കൂടുതല്‍ ദ്രോഹിക്കുന്ന വിഷയമാകുന്നു അവിഹിത ബന്ധങ്ങള്‍. അതിനോട് അനുബന്ധിച്ചുള്ള മറ്റനേകം പ്രശ്നങ്ങളും പാപങ്ങളും ക്രൂരകൃത്യങ്ങളും കടന്നുവരുന്നു. നാണക്കേട് ഭയന്നുകൊണ്ട് ഇതിനെല്ലാം രഹസ്യ സ്വഭാവമാകയാല്‍ ഭൂരിഭാഗം ഇടപാടുകളും പൊതുജനം അറിയുന്നില്ല. എന്നിരുന്നാലും- മൊബൈല്‍ഫോണ്‍, സോഷ്യല്‍മീഡിയ, ടിവി, പത്രം, സിസിടിവിക്യാമറകള്‍ എന്നിവയൊക്കെ ചിലതു പരസ്യമാക്കുന്നു! കുടുംബഭദ്രത കാത്തുസൂക്ഷിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ!
2. എപ്പോൾ വേണമെങ്കിലും രൂപം മാറാം!
ഉണ്ണിക്കുട്ടന്റെ കൂടെ നാണിയമ്മ അത്താഴം കഴിക്കുമ്പോള്‍ അവന്‍ പറഞ്ഞു-
“വല്യമ്മച്ചീ..ഇന്നു ക്ലാസ്സില്‍ വിനുമോന്‍ കീറിയ ഷര്‍ട്ട് ഇട്ടോണ്ട് വന്നതിന് എല്ലാവരും കൂടി അവനെ കളിയാക്കി നാശമാക്കി"
“എന്താ, കുട്ടാ, അങ്ങനെയാണോ കുട്ടികള്‍ ചെയ്യേണ്ടത്? എല്ലാം ഉള്ളവന് അതൊക്കെ പോകാനും ഒന്നും ഇല്ലാത്തവന് എല്ലാം കിട്ടാനും ഭഗവാന് നിമിഷനേരം മതി. ആ കൊച്ചിനു മാറ്റം വരുമ്പോള്‍ എല്ലാവരും ഇഷ്ടപ്പെട്ടു തുടങ്ങും. അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാലോ”
അന്നു രാത്രി കിടക്കാന്‍നേരം ഉണ്ണിക്കുട്ടന് കഥ കേള്‍ക്കേണ്ട സമയമായി..നാണിയമ്മ പറഞ്ഞു തുടങ്ങി..
സില്‍ബാരിപുരംഗ്രാമത്തിലെ ഒരു ആശ്രമം. ഒരു ദിവസം, ആൽമരച്ചുവട്ടിലിരുന്ന് ഗുരു ശിഷ്യന്മാരോടു സംവദിക്കുകയായിരുന്നു. അപ്പോൾ ആലില ഒരെണ്ണം കാറ്റിൽ പറന്ന് ശിഷ്യന്റെ മടിയിൽ വന്നു വീണു.
"യ്യേ..'' എന്നു ശബ്ദം പുറപ്പെടുവിച്ച് അവൻ ഇല ദൂരേക്കെറിഞ്ഞു. ഇല എറിയുന്നത് ശ്രദ്ധിച്ചു കൊണ്ട് ഗുരു ചോദിച്ചു-
“നീ എന്താണ് അപ്രകാരം ചെയ്തത്?”
അവന്‍ പറഞ്ഞു- "ഇലയുടെ അടിയിൽ ഒരു വൃത്തികെട്ട പുഴുവുണ്ടായിരുന്നു"
ഗുരു ഒന്നും മിണ്ടാതെ സംവാദം തുടർന്നു. ആലിന്റെ വേരിനിടയിൽ പലതരം ചെറിയ പാഴ്ച്ചെടികൾ വളർന്നു നിൽപുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അവിടമാകെ ചില പൂമ്പാറ്റകള്‍ വട്ടമിട്ടു പറന്നു. ആ പൂക്കളുടെ തേൻ നുകരാൻവേണ്ടി മനോഹരമായ ചിത്രശലഭം ഒരെണ്ണം ശിഷ്യനെ തൊട്ടുരുമ്മി വന്നിരുന്നു. പെട്ടെന്ന്, ശിഷ്യൻ അതിനെ കൈക്കുള്ളിലാക്കി.
"ഹായ്!” അവന്‍ വാൽസല്യത്തോടെ പ്രതികരിച്ചു. അപ്പോൾ, ഗുരു എല്ലാവരോടുമായി മൊഴിഞ്ഞു-
"കുറച്ചു മുൻപ്, ഈ ശിഷ്യൻ അറപ്പോടെ പുഴുവിനെ വലിച്ചെറിഞ്ഞു. എന്നാൽ, അത്തരത്തിലുള്ള പുഴുക്കൾ രൂപാന്തരപ്പെട്ട് പൂമ്പാറ്റയായപ്പോൾ അവൻ താലോലിക്കുന്നു. മനുഷ്യരും ഇതുപോലെ. ചിലർ എന്നും പുഴുവായി ഇലയ്ക്കടിയിൽ ഉറങ്ങാമെന്നു നിർബന്ധം പിടിക്കുന്നു. പരിണാമം വന്ന്‍ ഫലം പുറപ്പെടുവിക്കുന്നില്ല. അപ്പോൾ ആളുകൾ അറപ്പോടെ കണ്ടെന്നിരിക്കും. നിങ്ങളും ഇതുപോലെ മനോഹരമായി രൂപാന്തരപ്പെടുക. അപ്പോള്‍, അംഗീകാരവും ഇഷ്ടങ്ങളും പരിഗണനയും നിങ്ങളെ തേടി വരും"
4. കഴുതയും കുറെ മനുഷ്യരും!
സിൽബാരിപുരംഗ്രാമത്തിലെ സാധുവായ ഒരു കൃഷിക്കാരനായിരുന്നു കിട്ടു. അയാളും ഭാര്യയും നന്നായി അധ്വാനിച്ചു ജീവിച്ചു വരികയായിരുന്നു. കാർഷിക ഉൽപന്നങ്ങൾ ചന്തയിൽ കൊണ്ടുപോയി വിൽക്കുകയും മറ്റു സാധനങ്ങൾ വാങ്ങുകയും ചെയ്യുമ്പോഴുള്ള ചുമടുതാങ്ങാനായി അവർക്കൊരു കഴുതയും ഉണ്ടായിരുന്നു.
ഒരു ദിവസം - നടന്നു ക്ഷീണിച്ച ഭാര്യയെ കഴുതപ്പുറത്ത് ഇരുത്തി കിട്ടു ചന്തയിലേക്കു നടന്നപ്പോൾ പാതയോരത്തുള്ള ആലിൻചുവട്ടിലെത്തി. അവിടെ പണിയൊന്നും ചെയ്യാതെ കുറച്ചു പേർ കുത്തിയിരിപ്പുണ്ടായിരുന്നു.
ഒരുവൻ പറഞ്ഞു - "ദേ.. നോക്കൂ.. ഒരു പെൺകോന്തൻ വരുന്നതു കണ്ടോ. ഭാര്യയെ കഴുതപ്പുറത്തു കയറ്റി അവൻ നടന്നു പോകുന്നു"
കിട്ടുവും ഭാര്യയും അതു കേട്ടിട്ടും ഒന്നും മിണ്ടാതെ നടന്നു പോയി. എങ്കിലും അവർ വീട്ടിലെത്തിയപ്പോൾ ഇക്കാര്യം തിരുത്താമെന്ന് ഉറപ്പിച്ചു. അടുത്ത ദിവസം താൻ കോന്തനല്ലെന്ന് അറിയിക്കാനായി കിട്ടു കഴുതപ്പുറത്തു കയറി. ഭാര്യ ഒപ്പം നടന്നു. അപ്പോൾ ആലിൻചുവട്ടിലെ ഒരാൾ പറഞ്ഞു -
"ഹൊ! ഇവനെന്തു സാധനമാണ്! ക്ഷീണിച്ച ഭാര്യയെ നടത്തിയിട്ട് കേമനായിട്ട് കഴുതപ്പുറത്തു കയറിയിരിക്കുന്നു"
ഇതു കേട്ട് അടുത്ത ദിവസം അവർ രണ്ടു പേരും കൂടി കഴുതപ്പുറത്തു കയറി ചന്തയിലേക്കു പോയി. അന്നേരം, വഴിയിൽ ഒരാൾ പറഞ്ഞു -
"കഷ്ടം! ഒരു സാധു കഴുതയുടെ പുറത്ത് രണ്ടും കൂടി പോകുന്നതു കണ്ടില്ലേ? ഇവർക്കു നടന്നു പോകാൻ പാടില്ലേ?"
കിട്ടുവും ഭാര്യയും പിന്നെയും അങ്കലാപ്പിലായി. ഇനിയെന്തു ചെയ്യും? അടുത്ത ദിനം അവർ കയ്യിലൊന്നും പിടിക്കാതെ ചുമടുമാത്രം കഴുതപ്പുറത്തു വച്ചു നടന്നു. ആലിൻചുവട്ടിലെ ഒരാൾ പറഞ്ഞു -
"ആ സാധു മൃഗത്തിനു മാത്രം ഇത്രയും ചുമടു കൊടുക്കാതെ രണ്ടു പേർക്കും കൂടി കുറച്ചെങ്കിലും ചുമക്കാൻ വയ്യേ ?"
അതുകേട്ട് കിട്ടുവും ഭാര്യയും വീണ്ടും കുഴങ്ങി. അടുത്ത ദിവസം -
കിട്ടുവും ഭാര്യയും ഓരോ ചുമടുവീതം തലയിൽ വച്ചു കൊണ്ട് നടന്നു പോയി. ഒപ്പം കഴുത വെറുതെ നടന്നു. ആളുകൾ ഇല്ലാത്ത സ്ഥലം വരുമ്പോൾ മാത്രം ചുമടു കഴുതപ്പുറത്തു വയ്ക്കാമെന്നും കരുതി. പക്ഷേ, ആലിൻചുവട്ടിലെ ഒരുവൻ വിളിച്ചു പറഞ്ഞു -
"ഹ..ഹ.. മണ്ടശിരോമണികൾ! കഴുതയെ വെറുതെ നടത്തിയിട്ട് ചുമടു സ്വയം ചുമക്കുന്ന രണ്ടു മരക്കഴുതകൾ"
അപ്പോഴും അവരൊന്നും മിണ്ടാതെ നടന്നുപോയി. അടുത്ത ദിവസം രാവിലെ ചന്തയിലേക്ക് അവർ പോയില്ല. കാരണം, ആളുകളുടെ ഏഷണികളെ കിട്ടുവും ഭാര്യയും പേടിച്ചു തുടങ്ങി. അന്ന്, പകൽ കഴുതയ്ക്ക് ഏതോ ദീനം പിടിപെട്ടു. ആഹാരമൊന്നും കഴിക്കാൻ കൂട്ടാക്കാതെ അതു തളർന്ന് അന്നു രാത്രിയിൽത്തന്നെ ചത്തുപോയി. രണ്ടു ദിവസങ്ങൾക്കു ശേഷം കിട്ടുവും ഭാര്യയും ചന്തയിലേക്കു നടന്നപ്പോൾ ആലിൻചുവട്ടിൽ നാലഞ്ചു പേർ ഇരുന്നു വർത്തമാനം പറയുന്നുണ്ടായിരുന്നു.
ഒരുവൻ പറഞ്ഞു - "ഇവരുടെ കഴുതയെ കാണുന്നില്ലല്ലോ. ചിലപ്പോൾ അതിനെ കണ്ടമാനം പണിയെടുപ്പിച്ചപ്പോൾ ചത്തുപോയിക്കാണും"
ഉടൻ , മറ്റൊരുവൻ അഭിപ്രായപ്പെട്ടു - "ഏയ്, അതായിരിക്കില്ല, കാര്യം - ഇവറ്റകൾക്ക് തലയ്ക്ക് യാതൊരു വെളിവുമില്ല. ചില ദിവസം രണ്ടു പേരും കൂടി കഴുതപ്പുറത്തു കയറി പോകുന്നതു കാണാം. ചിലപ്പോൾ ചുമടുമുഴുവൻ അതിന്റെ മേൽ വച്ച് അവരു രണ്ടും കയ്യും വീശി നടന്നു പോകും. എന്തായാലും, കഴുത ചത്ത കാര്യം നാടുവാഴി അറിഞ്ഞാൽ ഇവർക്കു ശിക്ഷ കിട്ടും "
ഇത്രയും കേട്ടതോടെ കിട്ടുവിനും ഭാര്യയ്ക്കും ഭയം കൂടിക്കൂടി വന്നു. മറ്റൊരു വഴിയിലൂടെ നടന്ന് വേഗം വീട്ടിലെത്തി. അത്യാവശ്യം വേണ്ടതൊക്കെ ഭാണ്ഡക്കെട്ടിലാക്കി ആരുമറിയാതെ മറ്റൊരു നാടുവാഴിയുടെ ദേശത്തേക്ക് യാത്രയായി.
കുറെ ദൂരം നടന്നു തളർന്നപ്പോൾ അവർ വലിയൊരു ആൽമരച്ചുവട്ടിൽ വിശ്രമിച്ചു. അവിടെ ഒരു സന്യാസി കിടന്നുറങ്ങുന്നുണ്ടായിരുന്നു. കിട്ടുവും ഭാര്യയും പരസ്പരം സങ്കടം പറയുന്നതു കേട്ട് സന്യാസി ഉണർന്നു. അവരുടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കുറച്ചു നേരത്തെ മൗനത്തിനു ശേഷം സന്യാസി പറഞ്ഞു തുടങ്ങി -
"നിങ്ങൾക്ക് ഒരു ആൽത്തറയിലെ ആളുകളുടെ ദൂഷണം മാത്രമേ കേൾക്കേണ്ടി വന്നുള്ളൂ. ഞാൻ ധർമ്മ പ്രചാരണത്തിനായി നാടോടിയായി അനേകം ദേശങ്ങളിലെ ആൽത്തറകളിൽ അന്തിയുറങ്ങിയപ്പോൾ എന്തുമാത്രം ദോഷങ്ങൾ കണ്ടു കേട്ടിരിക്കുന്നു? നിങ്ങൾ എവിടെപ്പോയാലും അവിടെ ആൽമരവും ആൽത്തറയും പരദൂഷണക്കാരും കാണും. എല്ലാവരെയും എക്കാലവും സുഖിപ്പിച്ച് നല്ലതു കേള്‍ക്കാമെന്നും നല്ലതു പറയിക്കാമെന്നും വിചാരിക്കരുത്. അതുകൊണ്ട്, അടുത്ത ദേശത്തു ചെന്നാലും ഇത്തരം കാര്യങ്ങളെ അവഗണിക്കാൻ പഠിക്കുക. അല്ലെങ്കിൽ മനസ്സമാധാനമില്ലാതെ ദേശദേശാന്തരം ഓടേണ്ടി വരും!"
അനന്തരം, സന്യാസി ഇരുവരെയും അനുഗ്രഹിച്ചു. അദ്ദേഹത്തിൽനിന്നും ഊർജം സ്വീകരിച്ച് അവർ സന്തോഷത്തോടെ സ്വദേശത്തേക്ക് മടങ്ങി.
5. ഒരു സിനിമയുടെ തിരക്കഥ!
ഏഴു വർഷങ്ങൾക്കു മുൻപ്, ബിജേഷിന്റെ മനസ്സിൽ താലോലിച്ചു നടന്ന ഒരു തിരക്കഥയുടെ പ്രമേയം ഉണ്ടായിരുന്നു. വെറുതെ ആലോചിച്ചു നടന്ന് എഴുതാൻ തുടങ്ങാൻ താമസിച്ചു. എന്നാല്‍, സ്വപ്നങ്ങള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടായില്ല. മുന്‍നിര നക്ഷത്ര താരങ്ങള്‍ക്കുള്ള കാറുകളിലും വീടുകളിലും വിദേശ യാത്രകളിലും മെഗാ ഷോയിലും മനസ്സു പറന്നുനടന്നു.
അയാൾ എഴുത്തു തുടങ്ങി ഏകദേശം മുപ്പതു ശതമാനത്തോളം ആയപ്പോഴാണ് കുറച്ചു ജോലിത്തിരക്കും മറ്റും വന്ന് അതങ്ങ് ഉഴപ്പി നീങ്ങിയത്.
'ബാക്കി പിന്നെയാവട്ടെ', 'മൂഡ് വരട്ടെ', 'സമയം ഇനിയും ഉണ്ടല്ലോ' എന്നൊക്കെ സ്വയം ബോധിപ്പിക്കാൻ ശ്രമിച്ചു. കുറച്ചു മാസങ്ങൾ ആ വഴിക്കും പോയിക്കിട്ടി. എന്നാൽ, ആ വർഷം അവസാനമിറങ്ങിയ ഒരു സിനിമ ബിജേഷ്, തിയറ്ററില്‍ ഇരുന്നു കണ്ടപ്പോള്‍ നടുങ്ങി! ഏസിയുടെ തണുപ്പില്‍ ശരീരത്തിനൊപ്പം മനസ്സും മരവിച്ചു- യാദൃശ്ചികമായി അവന്റെ മനസ്സിലെ കഥ തന്നെ ആ സിനിമയിൽ!
ആ സിനിമ പൊട്ടിയിരുന്നെങ്കില്‍ ഇത്രയും വിഷമം ഉണ്ടാകില്ലായിരുന്നു. അതിനു പകരം, അതങ്ങു കത്തിക്കയറി മെഗാ ഹിറ്റ് ആവുകയും ചെയ്തിരിക്കുന്നു!
എന്താണു പോംവഴി? സാധാരണയായി സാമ്യം വരുന്ന സ്ക്രിപ്റ്റ് ചെയ്യാൻ സംവിധായകരും നിർമ്മാതാവും തയ്യാറാകില്ല. കഥയിൽ തിരുത്തു വന്നാൽ ആ കഥയൊട്ട് ശരിയാകുകയുമില്ല.
അങ്ങനെ, ബിജേഷിന്റെ ഭാവിജീവിതകഥയിൽത്തന്നെ ട്വിസ്റ്റ് വരുത്താമായിരുന്ന സ്ക്രിപ്റ്റിന്റെ കഥ അവിടെ തപ്പിത്തടഞ്ഞു നിൽക്കയാണ്.
ഈ കൊച്ചുകഥ പറയുന്ന പോലെ, സമയത്തിന്റെ ചിലപ്പോഴത്തെ വില നമുക്കു വിലയിടാൻ പറ്റാത്തതാണ്. പല വഴിയിലൂടെയും ഊർജ നഷ്ടവും സമയച്ചോർച്ചയും ഉണ്ടാകുന്നത് തടയാൻ ഏകാഗ്രത, ജാഗ്രത, മുൻഗണനക്രമം, സമയവിതരണം എന്നിവയൊക്കെ പരിശീലിക്കാൻ നമുക്ക് എല്ലാവർക്കും ഇടയാകട്ടെ.
6. കല്ലുകൊത്ത്
നൂറു വർഷത്തിനുമേൽ പഴക്കമുള്ള ഒരു കെട്ടുകഥ/സംഭവകഥ-സിൽബാരിപുരംരാജ്യത്തെ മലയിടുക്കുകളും പാറക്കെട്ടുകളും അടിവാരങ്ങളുമൊക്കെയുള്ള ഒരു ഗ്രാമത്തിൽ, ആശ്രമം നടത്തിയിരുന്ന ഗുരുജിക്ക് രണ്ടു പ്രധാന ശിഷ്യന്മാരുണ്ടായിരുന്നു. കൽപ്പണികൾ ആ നാട്ടുകാരുടെ പ്രധാന തൊഴിലായിരുന്നു. അതിനാല്‍, അക്ഷരാഭ്യാസത്തിനു പുറമേ, അവരെ കല്ലു കീറാനും കൊത്താനുമൊക്കെ അദ്ദേഹം പഠിപ്പിച്ചു.
ഒരിക്കൽ, വസൂരിരോഗം ആ പ്രദേശത്ത് പടർന്നുപിടിച്ചപ്പോൾ ആശ്രമത്തിലെ അന്തേവാസികൾ ചിതറിയോടി. എല്ലാവരും ഒറ്റയ്ക്ക് വെവ്വേറെയാണ് ഓടിയത്. കാരണം, കൂടെയുള്ളവർക്ക് ഉള്ളിൽ വസൂരിയുടെ ആരംഭമുണ്ടെങ്കിലും അതുമതിയാകും പടർന്നുപിടിച്ച് കഥ കഴിയാൻ.
ഒന്നാമത്തെ ശിഷ്യൻ ഒരു ദേശത്ത് എത്തിച്ചേർന്ന് അവിടത്തെ ജലസേചനത്തിനുള്ള വെള്ളമെത്തിക്കാൻ ഒരു തുരങ്ക നിർമ്മാണത്തിൽ തുഛമായ കൂലിക്ക് ഏർപ്പെട്ടു.
രണ്ടാമനും മറ്റൊരു ദേശത്ത് തുരങ്കം ഉണ്ടാക്കിത്തുടങ്ങി. പകൽ മറ്റുള്ള പണിക്കു പോകുകയും രാത്രി തുരങ്കത്തിന്റെ പണികളും ചെയ്തുവന്നു.
വർഷങ്ങൾ പലതു കഴിഞ്ഞു. രണ്ടാമൻ ക്രമേണ ഒരു പ്രഭുവായി മാറി. ഒരിക്കൽ, ഗുരുജി അലഞ്ഞുതിരിഞ്ഞ്, യാദൃഛികമായി പ്രഭുവിന്റെ വീട്ടിലെ സൗജന്യ അന്നദാനത്തിനിടയിൽ, പരസ്പരം കണ്ടു തിരിച്ചറിഞ്ഞു. അയാൾ ഗുരുജിയോട് അവിടെ താമസിച്ചു കൊള്ളാൻ പറഞ്ഞു.
അപ്പോൾ ഗുരുജി രണ്ടാം ശിഷ്യനായ പ്രഭുവിനോടു ചോദിച്ചു-
"ഇത്രയും സമ്പന്നനാകാനുള്ള ഒരു വിദ്യയും നിന്നെ ഞാൻ പഠിപ്പിച്ചില്ലല്ലോ. പിന്നെങ്ങനെ നീ ലക്ഷപ്രഭുവായി?"
"ഗുരുജീ.. അങ്ങുതന്നെ എന്നെ പഠിപ്പിച്ച കൽപണി മൂലം ഞാനൊരു തുരങ്കമുണ്ടാക്കി. അതെന്നെ ഈ നിലയിൽ എത്തിച്ചു"
ഗുരുവിന് മനസ്സിലായില്ല. അപ്പോൾ അവൻ തുടർന്നുപറഞ്ഞു-
"ഞാൻ തുരങ്കമുണ്ടാക്കിയത് ആരാധനാലയത്തിന്റെ നിധിശേഖര നിലവറയിലേക്കായിരുന്നു. ഒരു ചാക്കു നിറയെ ആഭരണങ്ങളുമായി ഞാൻ ഈ ദേശത്ത് വന്ന് രത്നവ്യാപാരിയായി. ഈ സൗഭാഗ്യങ്ങളിൽ ഗുരുവിനും ഒരു പങ്കുണ്ട്. അങ്ങേക്ക് ഇവിടെ സുഖമായി കഴിയാം അല്ലെങ്കിൽ ഇഷ്ടമുള്ള ആഭരണങ്ങളുമായി സ്വദേശത്തേക്കു മടങ്ങാം"
അപ്പോൾ ഗുരുജി ഞെട്ടലോടെ പറഞ്ഞു-
"ഈ അന്നദാനത്തിന്റെ ഭാഗമായതിൽ ഞാൻ ലജ്ജിക്കുന്നു. നീ എനിക്കു മുന്നിൽ പ്രഭുവല്ല വെറുമൊരു കള്ളൻ മാത്രം! അറിവിനെ ദുരുപയോഗപ്പെടുത്തിയ കർമഫലം നീ അനുഭവിക്കേണ്ടി വരും"
ഇതുകേട്ട് ശിഷ്യൻ പൊട്ടിച്ചിരിച്ചു-
"അങ്ങനെയെങ്കിൽ, ഈ ദേശത്ത് അനേകം പ്രഭുക്കന്മാർ തലമുറകളായി വട്ടിപ്പലിശയ്ക്കു പണം കൊടുക്കുന്നവരും കൊള്ളക്കാരും ചതിവഴിയായി പണമുണ്ടാക്കുന്നവരും ആയുധം വിറ്റ് മുതലാളിയാകുന്നവരും ഒക്കെയുണ്ട്. അവരെല്ലാം സുഖമായി കഴിയുന്നു"
ഗുരുജി മറുപടി പറയാതെ അവിടം വിട്ട് മറ്റൊരു ദേശത്തൂടെ യാത്ര ചെയ്യുമ്പോൾ കാൽ മുഴുവൻ വ്രണമായി ഒരു പിച്ചക്കാരനെ കണ്ടു. ഒന്നാമത്തെ ശിഷ്യനായിരുന്നു അത്. അയാൾ തുരങ്കമുണ്ടാക്കുന്ന വേളയിൽ ഒരു കയ്യൊടിഞ്ഞ്, കാലിൽ കല്ലുകൊണ്ട് ഉണങ്ങാത്ത വ്രണമായി നരകിക്കുന്നു!
ഗുരുജി വേദനയോടെ ആകാശത്തേക്കു നോക്കി പറഞ്ഞു-
"ഭഗവാനേ.. ഒരേ അറിവുകൊണ്ട് ഒരേ തരം തുരങ്കമുണ്ടാക്കിയവർക്ക് രണ്ടു വിധിയാണല്ലോ. കർമഫലം ഈ ജന്മത്തിൽത്തന്നെ അങ്ങ് കൊടുക്കുമായിരുന്നെങ്കിൽ ഈ ലോകം എത്ര ഭേദപ്പെടുമായിരുന്നു"
പിന്നീട്, ഗുരുജി ആ ശിഷ്യനെയും കൂട്ടി വീടുകൾ കയറിയിറങ്ങി അക്ഷരങ്ങൾ പഠിപ്പിച്ചു കഷ്ടപ്പാടിൽ ജീവിതം കഴിച്ചു. മറുനാട്ടിൽ പ്രഭുവിന്റെ ആസ്തിയും പ്രശസ്തിയും കൂടിക്കൂടി വന്നു!
ചിന്തിക്കുക..ഒരേ അറിവ് നല്ല രീതിയിലും ദുഷിച്ച രീതിയിലും പ്രയോജനപ്പെടുത്താം. ഈശ്വരന്‍ ചിലപ്പോള്‍ ഇടപെടാം, ഇടപെടാതിരിക്കാം. ഈ ജന്മത്തില്‍ ചിലര്‍ കര്‍മഫലം അനുഭവിക്കുന്നു. എന്നാല്‍, ചിലയിടങ്ങളില്‍ അനീതിയുടെ അനേകം തലമുറകള്‍ സുഖമായി വാഴുന്നു!
പ്രപഞ്ചരഹസ്യങ്ങള്‍ ദുര്‍ഗ്രഹങ്ങളായി നിലകൊള്ളുന്നതിനാല്‍ മനുഷ്യനു നിര്‍വചിക്കാനാവുന്നില്ല. എങ്കിലും, പ്രപഞ്ചസ്രഷ്ടാവായ ദൈവവും പ്രകൃതിയും തിന്മകള്‍ കാണുന്നുണ്ടെന്നു കരുതി അവയെ ഒഴിവാക്കി ശ്രേഷ്ഠ ജീവിതം നയിക്കുമല്ലോ.
Comments