പലതരം മനുഷ്യഭാവങ്ങൾ

ജീവിതം ഒരു നാടകശാല!

മനുഷ്യഗണത്തിന്റെ ജീവിതകാലത്തെ സ്വഭാവമനുസരിച്ച് പല വിഭാഗങ്ങളായി തിരിക്കാം. അതില്‍ അല്പം, നര്‍മഭാവനയും മേമ്പൊടി ചേര്‍ത്ത് പറഞ്ഞാല്‍ ഇങ്ങനെ-

ഒരു മനുഷ്യജന്മത്തിന്റെ ബാല്യവും കൗമാരവും ചേര്‍ന്ന കാലത്തെ ഒരു കുട്ടിക്കുരങ്ങിന്റെ ചാപല്യത്തോട് ഉപമിക്കാം- അക്കാലത്ത്, നാം കുത്തി മറിഞ്ഞ് കളിക്കുകയും, അപകടം നോക്കാതെ വലിയ മരവും കേറി വെള്ളത്തിലും ചാടി നടക്കുന്ന പ്രകൃതം. സൈക്കിളും ബൈക്കുകളും കിട്ടിയാല്‍ അടങ്ങാത്ത ആവേശമാണ്! ആരെയും അനുസരിക്കാന്‍ മടിക്കുന്ന പ്രായം. ആലോചനയും വീണ്ടു വിചാരവും ഇല്ലാതെ എന്തിലും എടുത്തുചാടും.

പിന്നെ, മുപ്പതു വയസ്സുവരെ കടിഞ്ഞാണില്ലാത്ത കുതിരയുടെ ശക്തിയില്‍ കുതിച്ചുപായും. തങ്ങള്‍ ഏറെ കരുത്തരാകുന്നുവെന്നു ലോകത്തെ കാണിക്കാന്‍ വെപ്രാളം കൊള്ളുന്ന കാലം. ശമ്പളം കിട്ടിയാല്‍ കൂട്ടുകാരുമൊത്ത് കറങ്ങാന്‍ പോകും.

ഇനി, അടുത്തത് അറുപതു വയസ്സുവരെ നീളുന്ന കാലഘട്ടമാകുന്നു. അപ്പോള്‍, വിവാഹത്തോടു കൂടി കുതിരയ്ക്ക് കടിഞ്ഞാണ്‍ വരണമാല്യമായി വന്നു ചേരും. പിന്നെ, കൂട്ടുകെട്ടുകള്‍ കുറയുന്നു. കുടുംബത്തിനു തുണിത്തരങ്ങള്‍ വാങ്ങുക, ആശുപത്രിയില്‍ കൊണ്ടുപോകുക, വീട്ടുസാധനങ്ങള്‍ വാങ്ങുക, ബന്ധുക്കളുടെ ചടങ്ങുകള്‍ക്കു പോകണം...എന്നിങ്ങനെ നൂറുകൂട്ടം കാര്യങ്ങള്‍. ഇതിനെല്ലാം പണത്തിനായി അക്കാലത്ത് ഓവര്‍ടൈം ഡ്യൂട്ടിയും ചെയ്യും. അങ്ങനെ കുതിരയുടെ രൂപം മാറി ഭാരം ചുമക്കുന്ന കഴുതയായി മാറും!

അറുപതുമുതല്‍ എണ്‍പതു വരെ ഒരു കാവല്‍നായയുടെ റോളാണ്! കൊച്ചുമക്കളെ സ്കൂള്‍ ബസ് കയറ്റിവിടുക, എല്ലാവരും വിനോദയാത്ര, കല്യാണം തുടങ്ങിയ യാത്ര പോകുമ്പോള്‍ വീട്ടില്‍ കള്ളന്‍ കയറാതെ നോക്കണ്ടേ? രാത്രിയിലെ ഉറക്കക്കുറവും ചുമകളും കാരണം കള്ളന്മാര്‍ രാത്രിയിലും വരില്ല! ബില്ലടയ്ക്കുക, പ്രാര്‍ത്ഥന, മരിച്ചടക്കം പോലുള്ളതിനു കുടുംബത്തിന്റെ പ്രതിനിധിയായി പോകുകയും വേണം!

ഒരിക്കല്‍, പ്രായമായ അപ്പന്‍ മാത്രം കഴിയുന്ന വീട്ടിലേക്ക് വിദേശത്തുള്ള മക്കള്‍ അവധിക്കാലത്ത് വന്നപ്പോള്‍ പറഞ്ഞു-

“അപ്പന് അവിടത്തെ കാലാവസ്ഥ പിടിക്കില്ല. അതുകൊണ്ടാണ് അങ്ങോട്ടു കൊണ്ടുപോകാത്തത്"

പലരോടും മകന്‍ ഇതു പറയുന്നതു കേട്ട് അപ്പന്‍ പറഞ്ഞു- “എന്നെ അവിടെ കൊണ്ടുപോകാതെ എങ്ങനെയാണു കാലാവസ്ഥ എനിക്കു പിടിക്കുമോന്നു ഇവന്‍ തീരുമാനിക്കുന്നത്?”

അവസാനം, എണ്‍പത് മുതല്‍ മറ്റൊരു ജന്തുവിനെയും കൂടി അനുകരിക്കേണ്ട വിധി മനുഷ്യനെ തേടിയെത്തും- മൂങ്ങയുടെ! അര്‍ദ്ധ-അബോധാവസ്ഥയുടെ സമയം. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ "ങ്ങൂം" എന്നൊരു മൂളലില്‍ എല്ലാ മറുപടികളും കഴിയും. അല്പം ഗൗരവത്തില്‍ ചിന്തിച്ചാല്‍, മനുഷ്യര്‍ പല വിധമുണ്ടെന്നു കാണാം-

1. ക്രൂരമായ ജന്മം. നശീകരണ മനസ്സാണ് മുഖമുദ്ര. എത്ര പേരെ വേണമെങ്കിലും തുടച്ചു മാറ്റാൻ യാതൊരു മടിയുമില്ല. ഉദാ- ഹിറ്റ്ലർ, മുസ്സോളിനി, ഈദി അമീൻ, വീരപ്പൻ, റിപ്പർ....

2. മറ്റുള്ളവരുടെ മുന്നിൽ മഹാൻ. പക്ഷേ, അധികാരവും സുഖവും പിടിച്ചടക്കാൻ നടക്കുന്നവർ. ഉദാ- അലക്സാണ്ടർചക്രവര്‍ത്തി, നെപ്പോളിയന്‍, അശോകചക്രവര്‍ത്തി..

3. സ്വന്തം സുഖം മാത്രം നോക്കി ജീവിക്കുന്നവർ. മറ്റുള്ളവരെ ഉപദ്രവിക്കില്ല, പക്ഷേ യാതൊരു പരോപകാരവും ചെയ്യില്ല. മുതലാളിമാരിൽ പലരും അങ്ങനെ.

4. സ്വന്തം സുഖവും സഹജീവികളുടെയും സുഖം ഒരുപോലെ നോക്കുന്നവർ. ഇതു രണ്ടും കൂടി ഒത്തു പോകാൻ വലിയ പാടാണ്. സാധാരണ ജീവിതം നയിക്കുന്ന ഇവര്‍ സ്വയം മറന്നു പ്രവര്‍ത്തിക്കുകയില്ല.

5. മറ്റുള്ളവർക്കു വേണ്ടി ജീവിച്ച് സ്വയം ജീവിക്കാൻ മറന്നു പോയവർ. ഉദാ- വീട്ടുകാർ ആദായം നോക്കി വിവാഹം ഉഴപ്പിയ നഴ്സുമാർ, പട്ടാള ഉദ്യോഗസ്ഥര്‍, ഗവേഷകര്‍...

6. യാതൊന്നും ചെയ്യാതെ ആത്മിക-ആത്മീയത്തിന്റെ പേരിൽ നിർഗുണ ജീവിതം നയിക്കുന്ന ചില സന്യാസികൾ ആശ്രമങ്ങളിൽ ജീവിക്കുന്നു. ചിലര്‍ ദൈവത്തെ വിറ്റ് ജീവിക്കുന്നു. മറ്റു ചില സന്യാസിമാര്‍ ഹിമാലയസാനുക്കളില്‍ തപസ്സു ചെയ്യുന്നു. അഗാധമായ അറിവ് സ്വയം നേടി അത് മറ്റാരും അറിയാതെ സമാധിയാകുന്നു.

7. സ്വന്തം സ്വത്തിനോ ജീവനോ വില കൽപിക്കാതെ ധർമ പ്രചാരണത്തിനും സേവനങ്ങൾക്കുമായി അലഞ്ഞു തിരിയുന്നവർ. ഉദാ- സാധു സുന്ദർസിങ്ങ്, മദര്‍ തെരേസ.

8. ജീവിതം മുഴുവനും കുറ്റബോധത്താല്‍ നീറുന്നവര്‍. മാപ്പു ചോദിക്കാനും പറ്റാത്തവര്‍. കുടുംബ ജീവിതത്തില്‍ അനേകം ദമ്പതികള്‍ ഇങ്ങനെ ജീവിക്കുന്നു.

9. ജീവിതം ഒട്ടാകെ ഉഴപ്പി നീങ്ങുന്നവര്‍. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കനത്ത ശമ്പളം വാങ്ങിയാലും ജോലിയില്‍ ഒച്ചിന്റെ വേഗമായിരിക്കും.

10. പകലും രാത്രിയിലും രണ്ടുതരം സ്വഭാവത്തോടെ ജീവിക്കുന്നവര്‍. പൊയ്മുഖം അണിഞ്ഞവര്‍.

11. അസാധാരണ നേതൃപാടവം ഉള്ളവര്‍. സമൂഹത്തിനു നല്ല മാറ്റം വരുത്താന്‍ അവര്‍ക്കു സാധിച്ചു. ഗാന്ധിജി, അംബേദ്‌കര്‍, ലിങ്കന്‍, മാര്‍ട്ടിന്‍ലൂഥര്‍, സ്വാമി വിവേകാനന്ദന്‍, ശ്രീബുദ്ധന്‍, ശ്രീനാരായണ ഗുരു..

ആശയം- ഇങ്ങനെ പലതരം മനുഷ്യഗണങ്ങള്‍ നമുക്കു കാണാം. ഓരോ ആളും ശ്രേഷ്ഠമായ ജീവിതശൈലി സ്വീകരിക്കട്ടെ. സ്വന്തം ശൈലി അറിഞ്ഞു തെറ്റുകള്‍ തിരുത്തി മുന്നേറാന്‍ നാം സ്വയം ആരെന്ന് അറിയണം. അതിന്, സൂര്യോദയത്തിനു മുന്‍പ്, പത്തു മിനിറ്റ് ധ്യാനിക്കുക.

Comments