സിൽബാരിപുരം കഥകൾ

സിൽബാരിപുരംകഥകൾ (Nadodikkadhakal)

ആ രാജ്യം രുദ്രൻമഹാരാജാവ് വാണിരുന്ന കാലം. അദ്ദേഹത്തിന്റെ കാലത്ത്, ഖജനാവ് നിറയെ സ്വർണവും വെള്ളിയും അപൂർവ രത്നക്കല്ലുകളും ഉണ്ടായിരുന്നു. ഒരിക്കൽ, രാജാവും മന്ത്രിമാരും കൂടി അയൽ രാജ്യമായ കോസലപുരത്തിലെ മലയിടുക്കിലുള്ള പുണ്യപുരാതന ക്ഷേത്രം സന്ദർശിക്കാൻ യാത്ര തിരിച്ചു.

മുഖ്യ സൈന്യാധിപനെ താൽക്കാലിക ഭരണമേൽപിച്ചാണ് രാജാവും മന്ത്രിമാരും യാത്രയായത്. എന്നാൽ, അവരുടെ മടക്കയാത്രയിൽ മലയിടിച്ചിൽ ഉണ്ടായി. രാജാവിന്റെ കൂടെയുണ്ടായിരുന്ന എല്ലാവരും മരിച്ചു. രാജാവിന്റെ ഒരു കയ്യ് നഷ്ടപ്പെട്ടെങ്കിലും ജീവൻ തിരിച്ചു കിട്ടി. ഏകദേശം, ഒരു വർഷം കഴിഞ്ഞ് പരുക്കിന്റെ പിടിയിൽ നിന്ന് ആശ്വാസമായി. പിന്നീട്, കാട്ടിലൂടെ അലഞ്ഞു തിരിഞ്ഞ് രാജാവ് എല്ലും തോലുമായി. ആർക്കും തിരിച്ചറിയാൻപോലും പറ്റുമായിരുന്നില്ല. ഒടുവിൽ മുടന്തി വലിഞ്ഞ് കൊട്ടാരത്തിലെത്തി.

അവിത്തെ കാഴ്ച കണ്ട് രാജാവ് ഞെട്ടി. പുതിയ രാജാവായി സൈന്യാധിപൻ ഭരണമേറ്റിരിക്കുന്നു!

ഇതു കണ്ട്, രാജാവ് അലറിയെങ്കിലും ഭടന്മാർ രാജാവിനെ വളഞ്ഞു. പുതിയ രാജാവ് അട്ടഹാസത്തോടെ രുദ്രന്റെ അടുക്കൽ വന്നു പറഞ്ഞു - "ഹും. നിനക്കു ജീവനിൽ കൊതിയുണ്ടെങ്കിൽ ഇന്നു തന്നെ ഈ രാജ്യം വിട്ടു കൊള്ളുക "

രുദ്ര രാജാവ് ഇതു കേട്ട് കോപംകൊണ്ട് വിറച്ചു - "എന്ത്? എനിക്കൊരു അപകടം സംഭവിച്ചെന്നു കരുതി ഞാൻ രാജാവു തന്നെയാണ് "

സൈന്യാധിപൻ അട്ടഹസിച്ചു - "നിനക്ക് ഒന്നിനും ശേഷിയില്ലാത്തതു കൊണ്ട് നിന്നെ വെറുതെ വിടുന്നു. കാരണം, ഇന്ന് നീ എനിക്കു മുന്നിൽ ഒരു കൃമികീടം മാത്രമാണ് "

രുദ്ര രാജാവ് തന്റെ ബലഹീനതയെക്കുറിച്ച് ഒരു നിമിഷം ബോധവാനായി. അയാൾ ഒന്നും പറയാതെ കൊട്ടാരം വിട്ടിറങ്ങി. ഒരിക്കൽ കൂടി തന്റെ പ്രിയപ്പെട്ട രാജ്യം കാണാൻ വേണ്ടി അവിടത്തെ ഉയർന്ന പ്രദേശത്തിൽ പ്രയാസപ്പെട്ട് കയറി നിന്ന് താഴേക്കു നോക്കി. പഴയ കാല പടയോട്ടങ്ങളും ജയപരാജയങ്ങളും അയാളുടെ മനസ്സിൽ തിങ്ങിനിറഞ്ഞു.

അപ്പോൾ, മലഞ്ചെരുവിലൂടെ മൂടുപടം ധരിച്ച് അഞ്ചു പേർ നടന്നു പോകുന്നത് രാജാവിന്റെ ശ്രദ്ധയിൽ പെട്ടു -

അദ്ദേഹം വിളിച്ചുകൂവി - "നിങ്ങൾ എവിടെ പോകുന്നു? എന്തിനാണ് ശരീരം മൂടിയിരിക്കുന്നത്?"

"ഹയ്യോ..! ഞങ്ങൾ കാട്ടിലേക്കു രക്ഷപ്പെടുകയാണ്. വസൂരി പിടിച്ചിരിക്കുന്നു ''

അവരുടെ ദയനീയ മറുപടി കേട്ടപ്പോള്‍ രാജാവിന്റെ ബുദ്ധിയില്‍ ചിലത് കൊള്ളിയാന്‍ മിന്നി!

"രോഗം മാറാൻ ഒരു സൂത്രവഴിയുണ്ട്. നമ്മുടെ രാജാവിന് ചില അദ്ഭുത വൈദ്യ സിദ്ധികളുണ്ട്. ഇവിടത്തെ കുളത്തിൽ മുങ്ങിക്കുളിച്ച ശേഷം തിരികെ കൊട്ടാരത്തിലേക്കു പോകും വഴി അദ്ദേഹത്തെ കെട്ടിപ്പിടിച്ചാൽ നിങ്ങളുടെ രോഗം മാറും"

അടുത്ത പ്രഭാതം. അവർ അഞ്ചു പേരും പാത്തുപതുങ്ങി നിന്നു. രാജാവും രണ്ടു ഭടന്മാരും വന്ന വഴിയിലേക്ക് അവർ വളഞ്ഞു.

"അയ്യോ! രാജാവേ ഓടിക്കോ. ഇവന്മാർക്കു വസൂരിയാണ്!"

ഭടന്മാർ നിലവിളിച്ചു കൊണ്ട് മിന്നൽ വേഗത്തിൽ അപ്രത്യക്ഷരായി. കാര്യമെന്തെന്ന് മനസ്സിലാകും മുൻപു തന്നെ രോഗികൾ അഞ്ചു പേരും രാജാവിനെ കെട്ടിപ്പിടിച്ചു കഴിഞ്ഞിരുന്നു.

രോഗികൾ ഏതാനും ദിനങ്ങൾ കഴിഞ്ഞപ്പോൾ മരണമടഞ്ഞു. പുതിയ രാജാവിനെ വൈദ്യന്മാർ ചികിൽസിച്ചെങ്കിലും ഒരു മാസത്തിൽ കൂടുതൽ രാജാവും ജീവിച്ചില്ല. ഇതിനിടയിൽ കൊട്ടാരം മുഴുവൻ വസൂരി പടർന്നുപിടിച്ച് പ്രേതാലയമായി മാറി. വർദ്ധിച്ച സന്തോഷത്തോടെ രുദ്ര രാജാവ് കോസലപുരം രാജ്യത്തേക്കു ഏന്തി വലിഞ്ഞു നടന്നു പോയി.

ആശയം - (Nadodikathakal)

ബുദ്ധിശക്തി കൊണ്ട് അനേകം ആളുകൾ തങ്ങളുടെ വൈകല്യങ്ങളെ മറികടക്കുന്ന കാഴ്ച കാണാം. സ്വന്തം കഴിവുകേടുകളെ ദൈവം തന്നിരിക്കുന്ന മറ്റുള്ള സ്വന്തം കഴിവു കൊണ്ടു തന്നെ നേരിടാം. ഉപദ്രവകാരികളെ അടക്കിനിര്‍ത്താന്‍ കായബലം ഇല്ലാത്തവര്‍ ബുദ്ധിശക്തി പ്രയോജനപ്പെടുത്തുമല്ലോ.

Comments