മലയാളം പഴങ്കഥകൾ

ശുപ്പുണ്ണിയുടെ പേടി (MALAYALAM EBOOKS) 

പണ്ടുപണ്ട്, സിൽബാരിപുരംദേശത്ത് നല്ലൊരു വിദ്യാലയമുണ്ടായിരുന്നു. അവിടെ, ഒട്ടേറെ മിടുക്കരായ കുട്ടികള്‍ക്കിടയില്‍ പഠിച്ചിരുന്ന ഒരു സാധുവായിരുന്നു ശുപ്പുണ്ണി.

ഒരിക്കൽ, ആ നാട്ടില്‍ ഒരു കാട്ടുപോത്ത് ഇറങ്ങി വിലസാൻ തുടങ്ങി. വൈകുന്നേരം, വിദ്യാലയത്തിൽ നിന്നും വീട്ടിലേക്കു മടങ്ങുന്നതിനിടയിലാണ് അതു സംഭവിച്ചത്! ശുപ്പുണ്ണിയുടെ മുന്നിൽ കാട്ടുപോത്ത് പ്രത്യക്ഷപ്പെട്ടു! അത് മുക്രയിട്ടു !

"മ്രാ..”

അതിനു മറുപടിയെന്നോണം-

"പ്ധും"

പാവം- ശുപ്പുണ്ണി ബോധംകെട്ട് വെട്ടിയിട്ട വാഴത്തട കണക്കെ താഴെ വീണു.

പക്ഷേ, കാട്ടുപോത്ത് അവനെ ഒന്നു നോക്കുക പോലും ചെയ്യാതെ തിരികെ കാട്ടിലേക്കു പോയി. ഒന്നു രണ്ടു മണിക്കൂർ പിന്നിട്ടപ്പോൾ ശുപ്പുണ്ണിക്ക് ബോധം വീണു. എന്നാൽ, ആ സംഭവത്തോടെ അവനെ പേടി വിട്ടുപോയില്ല. വിദ്യാലയത്തിൽ പേടിത്തൊണ്ടൻശുപ്പുണ്ണിയെന്ന് സഹപാഠികൾ വിളിക്കാൻ തുടങ്ങി. 

കുട്ടികളെയും പേടിയായതിനാൽ ചെറുക്കാനുള്ള ശേഷിയില്ലാത്തതുകൊണ്ട് കൂട്ടുകാരുടെ ശല്യവും കൂടിക്കൂടി വന്നു. അങ്ങനെ, ശുപ്പുണ്ണി പഠനം ഉപേക്ഷിച്ച് കൂലിപ്പണിക്കു പോയിത്തുടങ്ങി. കല്യാണം കഴിക്കാൻ നോക്കിയെങ്കിലും പേടിത്തൊണ്ടൻ എന്ന കുപ്രസിദ്ധിയുള്ളവനെ ഒരു പെണ്ണിനും വേണ്ടായിരുന്നു. 

ലോകത്തിലെ ഏറ്റവും വലിയ പേടിത്തൊണ്ടൻ താൻ തന്നെയെന്ന് ശുപ്പുണ്ണി സ്വയം അംഗീകരിച്ചു. ഒരു ദിവസം - ശുപ്പുണ്ണിയുടെ അടുത്ത വീട്ടിൽ കള്ളന്മാർ കയറി വിലയുള്ളതെല്ലാം എടുത്തു കൊണ്ടുപോയി. അത് ശുപ്പുണ്ണിയെ കൂടുതൽ വിഷമത്തിലാക്കി. അമ്മ മരിച്ചതിൽപ്പിന്നെ വീട്ടിൽ ഒറ്റയ്ക്കാണു താമസം. അതിനാൽ, രാത്രി സമയം അവൻ കാലിത്തൊഴുത്തിൽ ഒളിച്ചിരിക്കാൻ തുടങ്ങി. 

അപ്പോൾ, ശുപ്പുണ്ണി വിചാരിച്ചു- തൊഴുത്തിൽ കള്ളന്മാർ നോക്കിയാൽ എന്നെ കണ്ടു പിടിക്കാൻ എളുപ്പമാണ്. അതുകൊണ്ട് ചാക്കിൽ കയറിയിരിക്കാം. പക്ഷേ, ചാക്കിനുള്ളിൽ രാത്രി മുഴുവൻ ഇരിക്കാൻ പറ്റില്ല. കാരണം, കനത്ത ചൂടാണ്. അങ്ങനെ, രാത്രിയിൽ കാലിത്തൊഴുത്തിൽ ചാക്കു വിരിച്ച് അതിൽ കിടന്നുറങ്ങി. കള്ളന്മാർ വരുമ്പോൾ അതിനുള്ളിൽ കയറിയിരുന്നാൽ മതിയല്ലോ. കള്ളന്മാർ നാലു പേരുള്ള ഒരു സംഘമായിരുന്നു. കോസലപുരംദേശത്തെ ആളുകളുടെ ഉറക്കം കെടുത്തുന്ന കളളന്മായിരുന്നു ഇവർ. ഇവിടെ വന്നിട്ടും അവർക്കു നല്ല കൊയ്ത്തായിരുന്നു. പല ദിവസങ്ങളായി ഈ ദേശത്തു നിന്നും കിട്ടിയ മോഷണമുതൽ ഒരു ചാക്കിൽ കെട്ടിയായിരുന്നു ഇവരുടെ രാത്രിയാത്ര. അന്നു രാത്രിയില്‍ ശുപ്പുണ്ണിയുടെ വീടിനു ചുറ്റും കള്ളന്മാർ ചുറ്റിനടന്നു. ശുപ്പുണ്ണി ഉടൻ ചാക്കിനുള്ളിൽ കയറി പേടിച്ചു വിറച്ചു. 

എന്നാൽ, കള്ളന്മാർ ആദ്യം കയറിയത് തൊഴുത്തിലേക്കായിരുന്നു. അവിടെ മോഷണമുതൽ നിറച്ച ചാക്ക് വച്ചിട്ട് ശുപ്പുണ്ണിയുടെ വീട് മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും യാതൊന്നും കിട്ടിയില്ല. "നമ്മൾ ആദ്യമായിട്ടാണ് ഇത്രയും വലിയ ദരിദ്രവാസിയുടെ വീട്ടിൽ കയറുന്നത് !" സംഘത്തലവൻ കലിച്ചു. അവർ നേരിയ നിലാവെളിച്ചത്തിൽ തൊഴുത്തിലെത്തി ചാക്ക് വച്ച സ്ഥലം വ്യക്തമായി ഓർക്കാതെ ശുപ്പുണ്ണിയുടെ ചാക്ക് തോളിൽ വയ്ക്കാൻ നോക്കിയപ്പോൾ അതിനു വല്ലാത്ത ഭാരം!

അവർ ചാക്ക് തുറന്നതും -

ദേശം മുഴുവൻ കേൾക്കുന്ന ഇടിമുഴക്കം പോലെ ശുപ്പുണ്ണി പേടിച്ച് അലറി!അതിനൊപ്പിച്ച് കള്ളമാരും അലറി-

"അയ്യോ! പ്രേതം! ഓടിക്കോടാ.." എന്നാൽ, ദേശവാസികൾ ഇതിനോടകം ഉണർന്നിരുന്നു. അവർ കള്ളന്മാരെ വളഞ്ഞുപിടിച്ചു. കൊട്ടാരത്തിലെത്തിച്ച നിമിഷംതന്നെ വിചാരണയില്ലാതെ നാലിന്റെയും തല വെട്ടി!

പക്ഷേ, ഈ സംഭവം രക്ഷയായത് ശുപ്പുണ്ണിയ്ക്കാണ് - അതുവരെ ലോകത്തിലെ ഏറ്റവും വലിയ പേടിത്തൊണ്ടൻ താനാണെന്നു കരുതിയിരുന്ന ശുപ്പുണ്ണി മറ്റൊരു രീതിയിൽ സ്വയം പറഞ്ഞു -

"മല്ലന്മാരായ നാലു കള്ളന്മാർ എന്നെ പേടിച്ച് ഓടണമെങ്കിൽ ഞാനൊരു ധീരനാണ്. ചിലപ്പോൾ കാട്ടുപോത്തും ഇതേപോലെയാവാം കാട്ടിലേക്കു തിരികെപ്പോയത്!" കോസലപുരത്തെ കിടുകിടാ വിറപ്പിച്ച കളന്മാരെ പേടിപ്പിച്ച് ഓടിച്ചത് ശുപ്പുണ്ണിയാണെന്ന് കള്ളന്മാർ ഭടന്മാരോടു പറഞ്ഞെങ്കിലും തൊണ്ടിമുതലുള്ള ചാക്കിന്റെ കാര്യം മിണ്ടിയില്ല. ശിക്ഷ കഴിഞ്ഞ് തിരികെ വരുമ്പോൾ രഹസ്യമായി എടുക്കാമെന്ന് കരുതിക്കാണണം.

അങ്ങനെ, വിലപിടിച്ച മോഷണ വസ്തുക്കൾ പലപ്പോഴായി വിറ്റ് ശുപ്പുണ്ണി സമ്പന്നനായി. ലോകത്തെവിടെയും സംഭവിക്കുന്ന പോലെ മറ്റൊന്നുകൂടി ഇതിനിടയിൽ നടന്നു -

ദേശവാസികൾ പേടിത്തൊണ്ടൻശുപ്പുണ്ണി എന്ന പേരു മറന്നു മറ്റൊരു പേരു വിളിച്ചുതുടങ്ങി-

"ശുപ്പുണ്ണിമൊതലാളീ.."

ആശയം: Moral Value of the story

ദൈവ നിയോഗമനുസരിച്ച് നിമിത്തങ്ങൾ മാറിമറിയും. ഇന്നത്തെ ബുദ്ധിശാലികൾ നാളത്തെ പടുവിഢികളാകാം. അതേപോലെ മണ്ടന്മാർക്ക് എപ്പോഴാണ് അംഗീകാരം കിട്ടുകയെന്നും ആർക്കും പറയാനാകില്ല.

Comments