MALAYALAM EBOOKS OF GRANDMA STORIES
പണ്ടുപണ്ട്, സിൽബാരിപുരംദേശം കാടുപിടിച്ചു കിടന്നിരുന്ന സമയം. അക്കാലത്ത്, അനേകം പക്ഷിമൃഗാദികൾ അവിടത്തെ മനുഷ്യരുമായി ചങ്ങാത്തത്തിലായിരുന്നു.
ഒരു ദിവസം- രാവിലെ നാണിയമ്മ വരാന്തയിലിരുന്ന് ഉമിക്കരി കൊണ്ട് ആകെയുണ്ടായിരുന്ന പത്തിരുപത് പല്ലുകൾ മെല്ലെ തേച്ചുമിനുക്കുകയായിരുന്നു. അപ്പോൾ, വീട്ടുമുറ്റത്ത് ചെമ്പൻകുറുക്കനും പന്നിക്കുട്ടനും പ്രത്യക്ഷപ്പെട്ടു. നാണിയമ്മയെ മുഖം കാണിക്കുകയായിരുന്നു ലക്ഷ്യം.
"നാണിയമേ, ഞങ്ങൾ രണ്ടു പേരും ഇവിടത്തെ പണികൾ ചെയ്തു കഴിഞ്ഞോളാം. കൂലിയായി രണ്ടു നേരം ആഹാരം മാത്രം തന്നാൽ മതി"
അല്പം ആലോചിച്ചിട്ടു നാണിയമ്മ പറഞ്ഞു -"വീട്ടിലെ പണിയൊക്കെ ഞാൻ ഒറ്റയ്ക്കു ചെയ്തോളാം. നിങ്ങൾ എന്റെ പറമ്പിലെ പണിയൊക്കെ ചെയ്തോളൂ''
അവർ രണ്ടു പേരും കുട്ടയും തൂമ്പയുമൊക്കെ എടുത്ത് പണിക്കുപോയിത്തുടങ്ങി. എന്നും പണി കഴിഞ്ഞു വരുമ്പോൾ പന്നിക്കുട്ടന്റെ ദേഹമാസകലം ചെളിയായിരിക്കും. ചെമ്പൻ കുറുക്കൻ നല്ല വൃത്തിയായി വൈകുന്നേരത്തെ ഭക്ഷണത്തിനു മുന്നിലിരിക്കും. അതു നോക്കിയിട്ട് നാണിയമ്മ അധ്വാനിയായ പന്നിക്കുട്ടനു കൂടുതൽ ആഹാരം കൊടുക്കും. കുറുക്കന് അല്പം മാത്രവും. ക്രമേണ ചെമ്പൻ മെലിഞ്ഞുണങ്ങി. ചെമ്പൻ പറഞ്ഞു- "നാണിയമ്മേ, എനിക്കും പന്നിക്കുട്ടനു കൊടുക്കുന്ന പോലെ തീറ്റി തരണം. ഞാൻ നന്നായി അധ്വാനിക്കുന്നവനാണ് "
ഇതു കേട്ട്, നാണിയമ്മ കുലുങ്ങിച്ചിരിച്ചു - "എടാ, സൂത്രശാലിയായ കുറുക്കാ.... നിന്റെ വേല എന്റടുത്ത് വേണ്ടാട്ടോ"
കുറുക്കനും ചിരി വന്നു! ചെമ്പനും പന്നിക്കുട്ടനും പണിസ്ഥലത്തേക്കു പോകുന്ന വഴിയിലെ മരത്തിലായിരുന്നു ചിന്നൻകാക്കയുടെ കൂടുണ്ടായിരുന്നത്. ചിന്നൻകാക്ക ഇവർ പോകുന്നതു കൂട്ടിലിരുന്നു നോക്കും. സൂത്രശാലിയെന്ന് പേരെടുത്ത കുറുക്കൻ ദിനംതോറും മെലിഞ്ഞു വരുന്നതു കണ്ട് കാക്കയ്ക്ക് കൗതുകമായി.
"ഹേയ്, കള്ളക്കുറുക്കാ, നീയെന്താടാ മെലിഞ്ഞത് ?"
കാക്കയുടെ ചോദ്യത്തിനും ചെമ്പൻ മറുപടിയായി ഒന്നു ചിരിച്ചു. ചിന്നൻകാക്കയ്ക്ക് സംശയമായി. അവൻ ഇവരുടെ പണിസ്ഥലത്ത് ചെന്നു നോക്കി. ചെമ്പൻ എല്ലുമുറിയെ പണിയെടുക്കുന്നു! പന്നിക്കുട്ടൻ മരച്ചുവട്ടിൽ കിടന്നുറങ്ങുന്നു!
വൈകുന്നേരമായപ്പോൾ, പന്നിക്കുട്ടൻ ചെളിയിൽ ഒന്നുരുണ്ടു. അപ്പോൾ ചെമ്പൻ മേലാകെ കഴുകി വൃത്തിയായി!
ചിന്നൻകാക്ക ഈ ഞെട്ടിക്കുന്ന വിവരം നാണിയമ്മയെ അറിയിച്ചു. പതിവുപോലെ കഴിക്കാൻ ഇരുന്നപ്പോൾ -
"എടാ, കള്ളപ്പന്നീ..''
പന്നിക്കുട്ടനെ നാണിയമ്മ അടിച്ചോടിച്ചു! അതോടെ, ചെമ്പൻകുറുക്കൻ നാണിയമ്മയുടെ ഉറ്റ ചങ്ങാതിയായി.
ആശയം -നാം സത്യമറിയാതെ മറ്റുള്ളവരെ വെറുതെ നാവു വളച്ച് വിധിക്കുന്നു. ഒരു പാരമ്പര്യത്തിലെ എല്ലാ കണ്ണികളും ഒരുപോലെയെന്നും കരുതാൻ പാടില്ല. സാഹചര്യവും സന്ദര്‍ഭവും ഒട്ടും ബാധിക്കാത്ത അവസരങ്ങളും ഉണ്ട്. ചെളിക്കുണ്ടിൽ പോലും തലയുയർത്തി താമര നിൽക്കുന്നത് കാണുക.
Comments