ബാലസാഹിത്യം
Malayalam E-books of children's literature
മന്ത്രിയുടെ നിയമനം
ഉണ്ണിക്കുട്ടന്‍ സ്കൂളില്‍ പോയിക്കഴിഞ്ഞപ്പോള്‍ നാണിയമ്മ അവന്റെ മുറിയില്‍ കയറി പുസ്തകങ്ങള്‍ അടുക്കി വച്ചപ്പോള്‍, പെന്‍സില്‍ ബോക്സ് കൊണ്ടുപോയില്ലെന്നു മനസ്സിലായി. വൈകുന്നേരം, തിരികെ വന്നപ്പോള്‍ ടീച്ചര്‍ വഴക്കും പറഞ്ഞെന്നു പിടികിട്ടി. അതിനു പറ്റിയ കഥ കിടക്കാന്‍ നേരം നാണിയമ്മ പറഞ്ഞുതുടങ്ങി:
സിൽബാരിപുരംരാജ്യം വീരവർമ്മരാജാവിന്റെ കാലത്ത് നാൾക്കുനാൾ അഭിവൃദ്ധി പ്രാപിച്ചു വന്നു. തന്റെ മന്ത്രിസഭയിൽ പുതിയ വകുപ്പുകൾ വികസിപ്പിച്ച് ചുമതലയേൽപ്പിക്കാൻ ഒരു മന്ത്രിയും കൂടി വേണമെന്ന് രാജാവ് തീരുമാനിച്ചു.
മന്ത്രിയെ തെരഞ്ഞെടുക്കാനുള്ള രാജ വിളംബരം ഉടൻ കല്പനയായി. സവിശേഷ പദവിയായതിനാൽ അനേകം മിടുക്കർ മൽസരിക്കാനെത്തി. തെരഞ്ഞെടുപ്പിനുള്ള പല മൽസര ഘട്ടങ്ങൾ ഓരോന്നായി കഴിഞ്ഞു കൊണ്ടിരുന്നു.
അങ്ങനെ, ഒടുവിൽ മിടുക്കരായ രണ്ടു പേർ ഒരുപോലെ അവശേഷിച്ചു.
രാജാവ് കുഴങ്ങി. പരമ്പരാഗത മൽസരയിനങ്ങൾ ഇനിയൊന്നും ബാക്കിയില്ല. ഉടൻ രാജാവ് ഒരു ഉപായം കണ്ടുപിടിച്ചു -
"നിങ്ങൾ രണ്ടു പേരും കൊട്ടാരത്തിന്റെ കിഴക്കുമുറിയിൽ പ്രവേശിക്കണം. എന്നിട്ട്, അവിടെ കാണുന്ന മേശമേൽ വച്ചിരിക്കുന്ന കുട്ടയിലെ ഏതെങ്കിലും രണ്ട് ഓറഞ്ച് മാത്രം ഇരുവരും എടുത്തു കൊണ്ടുവരിക"
മന്ത്രിയുദ്യോഗാർഥികൾ രണ്ടും ആ മുറിയിൽ പ്രവേശിച്ചു. അവർ കുട്ടയിലെ മുഴുവൻ ഓറഞ്ചുകളും തിരിച്ചും മറിച്ചും നോക്കി. അതിൽ അടയാളങ്ങളൊന്നും കണ്ടില്ല. വലുതും കേടില്ലാത്തതുമായ ഓറഞ്ചുകൾ രണ്ടുവീതം തളികയിൽ വച്ച് അവർ രാജാവിനെ കാണിച്ചു.
ഓറഞ്ചിന്റെ മൊത്തം എണ്ണവും കേടുള്ളതിന്റെ കണക്കും സവിശേഷതയുമൊക്കെ അവർ ഓർമ്മയിൽ സൂക്ഷിച്ചിരുന്നു. പക്ഷേ, രാജാവ് ചോദിച്ചത് മറ്റൊരു ചോദ്യമായിരുന്നു -
"നിങ്ങൾ പോയ മുറിയുടെ ഭിത്തിയിൽ ഉണ്ടായിരുന്ന ചുമർചിത്രം ആരുടെയാണ്?"
ഒന്നാമന്റെ മനസ്സിൽ ഓറഞ്ചുകളുടെ നിറവും കേടും എണ്ണവും നിറഞ്ഞു നിൽക്കയാണ്!
അവന് ഉത്തരം മുട്ടി.
രാജാവ് ഇതേ ചോദ്യം രണ്ടാമനോട് ആവർത്തിച്ചു -
"അങ്ങുന്നേ, ആ ചുമർചിത്രം അമ്പതു വർഷം മുൻപ് രാജ്യം ഭരിച്ചിരുന്ന കേശു വർമ്മരാജന്റെയാണ് "
രാജാവിന് സന്തോഷമായി. അദ്ദേഹം കല്പിച്ചു -
"എന്റെ സംശയം തീർന്നിരിക്കുന്നു. ഒരു മന്ത്രിക്ക് മികച്ച നിരീക്ഷണ പാടവവും ജാഗ്രതയും ആവശ്യമാണ്. ആയതിനാൽ ഇയാളെ നാം പുതിയ മന്ത്രിയായി നിയമിച്ചിരിക്കുന്നു"
രാജാവിന്റെ തീരുമാനം എല്ലാവർക്കും സ്വീകാര്യമായി.
ആശയം- moral of the story
പഠനം മാത്രമല്ല, ഓരോ കർമ്മവും സാഹചര്യങ്ങളും നിരന്തര ജാഗ്രതയോടെയും നിരീക്ഷണ വിമർശനബുദ്ധിയോടെയും നേരിടുന്നവർ ജീവിതവിജയം കൈവരിക്കും.
Comments