Why should I believe in GOD?

Malayalam eBooks of God fearing, faith in God, Believers. Read 5 spiritual stories.

1. വഴിത്തിരിവ് (How to have faith in God?)


പണ്ടുപണ്ട്, ക്ഷാമകാലം വരുമ്പോള്‍ ചങ്ങാടത്തിൽ കയറി അന്യരാജ്യങ്ങളിലേക്കു കുടിയേറുക പതിവായിരുന്നു.

ഒരിക്കൽ, ഗോമസ് എന്നു പേരുള്ള ആൾ കയറിയ ചങ്ങാടത്തിൽ അൻപതോളം യാത്രക്കാരുണ്ടായിരുന്നു. മുപ്പതോളം പേര്‍ക്കു കയറാന്‍ പറ്റുന്ന ചങ്ങാടത്തില്‍ മറ്റുള്ളവര്‍ തള്ളിക്കയറിയെന്നു പറയുന്നതാവും വാസ്തവം. ബ്രസീലിൽ നിന്ന് ഇക്വഡോറിലേക്കു പോകുകയായിരുന്നു ലക്ഷ്യം.

യാത്രയ്ക്കിടയില്‍, അവരുടെ ചങ്ങാടം എങ്ങനെയോ അപകടത്തിൽപ്പെട്ടു!

ഭൂരിഭാഗം ആളുകളും മരണപ്പെട്ടു. ഗോമസ് ദൈവ വിശ്വാസിയായിരുന്നു. അയാൾ ദൈവത്തെ വിളിച്ച് അലറിക്കരഞ്ഞു!

ഭാഗ്യത്തിന്, പാചകത്തിനായി ചങ്ങാടത്തിലുണ്ടായിരുന്ന പ്ലാസ്റ്റിക് മണ്ണെണ്ണവീപ്പയിൽ പിടിത്തം കിട്ടിയിരുന്നു. അയാൾ അതിൽ അള്ളിപ്പിടിച്ച് കിടന്നു. അത് അയാളെയും കൊണ്ട് വിജനമായ ദ്വീപിൽ ചെന്നടിഞ്ഞു. പഴങ്ങളും കായ്കളും ഇല്ലെന്നു മാത്രമല്ല, തിന്നാന്‍ പറ്റുന്ന യാതൊന്നും ആ ദ്വീപില്‍ ഉണ്ടായിരുന്നില്ല. വിശന്നുവലഞ്ഞപ്പോൾ ചെറുമീനുകളെ പിടിച്ചു. ചുള്ളിക്കമ്പുകള്‍ കൂട്ടി അടുപ്പ് ഉണ്ടാക്കിയ ശേഷം, അതിലേക്ക് വീപ്പയിലെ കുറച്ചു മണ്ണെണ്ണ ഒഴിച്ചു. കയ്യിലെ സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് അടുപ്പു കത്തിക്കാനും കഴിഞ്ഞു.

എന്നാൽ, മീൻ ചുട്ടെടുത്തു കൊണ്ടിരുന്ന സമയത്ത് എങ്ങനെയോ, പ്ലാസ്റ്റിക് വീപ്പ മറിഞ്ഞു വീണ് തീ പടർന്നു പിടിച്ചു കാടു കത്താൻ തുടങ്ങി. ആകെയുണ്ടായിരുന്ന ഇന്ധനം പോയതിൽ അയാൾ ദൈവത്തെ പ്‌രാകിക്കൊണ്ടിരുന്നു. ദൈവം വീപ്പ തന്ന് സഹായിച്ചത് അയാൾ മറന്നു പോയി! ആ തീ പടർന്നുപിടിച്ച് വലിയ തീപ്പന്തം പോലെ നിന്നു കത്തി. ഇതേസമയം, ചിലിയിലേക്ക് കൽക്കരിയുമായി പോകുകയായിരുന്ന ബോട്ടിന്റെ ക്യാപ്റ്റൻ ദ്വീപിൽ പുക ഉയരുന്നതു കണ്ടു. സാധാരണയായി ദ്വീപിലും മറ്റും ഒറ്റപ്പെടുന്ന ആളുകൾ രക്ഷപ്പെടാൻ വേണ്ടി തീയുണ്ടാക്കാറുണ്ട്. അയാൾ അങ്ങനെ ധരിച്ച് ദ്വീപിന്റെ സമീപത്തേക്ക് ബോട്ട് അടുപ്പിച്ചു. ഗോമസിനെ രക്ഷിക്കുകയും ചെയ്തു.

ദൈവം തീയുണ്ടാക്കി തന്നെ ആപത്തിൽ വീണ്ടും സഹായിക്കുകയായിരുന്നുവെന്ന് അയാൾ മനസ്സിലാക്കി.

ഗോമസ് പശ്ചാത്താപത്തോടെ കരഞ്ഞു!

ആശയം -നമ്മിൽ പലരിലും പ്രതികൂല കാലാവസ്ഥയില്‍ ദൈവവിശ്വാസത്തിന്റെ പ്രഭാവം മങ്ങാറില്ലേ? ഓര്‍ക്കുക- ദൈവത്തിന്റെ പദ്ധതികൾ നിഗൂഢങ്ങളാണ്. പ്രത്യക്ഷത്തിൽ ദുരിതമെന്നു തോന്നുന്നവയിൽ ദൈവത്തിന്റെ സഹായഹസ്തമുണ്ടായി അതിലും നല്ലതിനാകും. സ്വയം നവീകരിക്കാനും വഴിതിരിഞ്ഞു പോകാനാണെന്നും ചിന്തിക്കാമല്ലോ.

2. ശിഷ്ട കർമ്മം (God loving karmas)

സിൽബാരിപുരംരാജ്യവും കോസലപുരംരാജ്യവും ശത്രുതയിൽ കഴിഞ്ഞിരുന്ന കാലത്തെ ഒരു കഥയാവട്ടെ അടുത്തത്:

സിൽബാരിപുരത്തെ പ്രശസ്തമായ അമ്പലത്തിൽ രാജകുമാരിയും തോഴിമാരും പ്രാർഥിക്കാൻ എന്നും രാവിലെ വരാറുണ്ട്. അവർ തിരികെ മടങ്ങുംവഴി പാതയോരത്ത് ഇരിക്കുന്ന പിച്ചക്കാരൻ ദയനീയമായി വിളിക്കും-

"...ന്റെ കുട്ടികളേ.... എനിക്കു വല്ലോം തരണേ"

അവർ പിച്ചക്കാരന് ഒന്നും കൊടുക്കാറില്ലെന്നു മാത്രമല്ല, കുരങ്ങനെന്നും വിരൂപനെന്നും മറ്റും കളിയാക്കുക കൂടി ചെയ്യും.

അതു കേൾക്കുമ്പോൾ പിച്ചക്കാരൻ സങ്കടം കൊണ്ട് കുറച്ചു നേരം കരയും.

ഒരു ദിവസം ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്നപ്പോൾ അമ്പലത്തിൽ വന്ന വൃദ്ധനായ സന്യാസി ഇതു കണ്ടു -

"നീയെന്തിനാണ് കരയുന്നത് ?"

"എന്നെ കൊട്ടാരത്തിലെ കുട്ടികൾ വെറുതെ കളിയാക്കിയിട്ടു പോകുന്നു. എനിക്കീ ജീവിതം മടുത്തു. ഞാനങ്ങ് ചത്തുപോയാ മതിയാരുന്നു. ഭഗവാനെന്തിനാ എന്നെ വിരൂപനും വയ്യാത്തവനുമായി സൃഷ്ടിച്ചിരിക്കുന്നത്?"

സന്ന്യാസി അല്പനേരം പിച്ചക്കാരന്റെ മുഖത്തേക്കു നോക്കി. എന്നിട്ട് ഇങ്ങനെ പറഞ്ഞു - "നിനക്കൊരു ശിഷ്ട കർമ്മം ബാക്കിയുണ്ട്! അതു കഴിഞ്ഞേ മരണം വരികയുള്ളൂ!"

"എന്നു വച്ചാലെന്താ അങ്ങുന്നേ?"

"ഈ രാജ്യത്തോളം വരുന്ന ഒന്നാണത്!"

അപ്പോഴും പിച്ചക്കാരൻ മനസ്സിലാകാതെ കണ്ണു മിഴിച്ചു.

സന്ന്യാസി കൂടുതലൊന്നും പറയാതെ നടന്നു നീങ്ങി. എന്നാൽ, അതൊന്നും പിച്ചക്കാരനു സന്തോഷം നൽകിയില്ല. വൈകാതെ പിച്ചക്കാരൻ ഏതോ രോഗം നിമിത്തം അവശതയിലായി.

ഇതേസമയം, കോസലപുരം രാജാവ് ഈ കൊട്ടാരത്തിലെ രാജകുമാരിയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടു. അതിനുവേണ്ടി തന്റെ സേനയിലെ ഏറ്റവും മികച്ച ചാരനെ സിൽബാരിപുരത്തേക്ക് അയച്ചു. ഒന്നുകില്‍ തട്ടിയെടുക്കുക; അല്ലെങ്കില്‍ വധിക്കുക എന്നു കല്പന കൊടുക്കയും ചെയ്തു.

പതിവുപോലെ പ്രഭാതത്തിൽ രാജകുമാരിയും തോഴിമാരും അമ്പലത്തിൽ തൊഴാനെത്തി.

ആ നേരത്ത് ആയുധധാരിയായ ചാരൻ അമ്പലപ്പറമ്പിലെ ആൽമരത്തിന്റെ ചുവട്ടിൽ മറഞ്ഞിരുന്നു. പക്ഷേ, അയാൾക്ക് രാജകുമാരി ഏതെന്ന് ഉറപ്പിക്കാനായില്ല. കാരണം, രാജകുമാരിയും തോഴിമാരും ഒരുപോലെ സുന്ദരികളായിരുന്നു.

ആക്രമണം നാളെയാവട്ടെയെന്ന് ചാരൻ തീരുമാനിച്ചു. അതിനുമുൻപ്, രാജകുമാരി ഏതെന്ന് ഉറപ്പാക്കണം. രഹസ്യമായി വിവരം അറിയുന്നതിനു വേണ്ടി പിച്ചക്കാരനെ സമീപിച്ചു.

ഒരു കിഴി കൊടുത്തിട്ടു പറഞ്ഞു -" ഇതിൽ നൂറ് സ്വർണനാണയങ്ങളുണ്ട്. നീ നാളെ രാവിലെ അമ്പലത്തിൽ വരുന്ന പെണ്ണുങ്ങളിൽ രാജകുമാരി ഏതാണെന്ന് എന്നെ കാണിച്ചു തന്നാൽ മാത്രം മതി. ഒരു വിശിഷ്ട രത്ന മോതിരം കുമാരിക്കു സമ്മാനമായി വിരലിൽ അണിയിക്കാനാണ്"

കിഴി തുറന്നു നോക്കിയ പിച്ചക്കാരൻ ഉടൻ പറഞ്ഞു-"തീർച്ചയായും അങ്ങുന്നിനെ സഹായിക്കാം. പക്ഷേ, നൂറ് നാണയം ഉണ്ടോന്ന് ഞാനൊന്ന് എണ്ണി നോക്കട്ടെ"

"ഉം....ശരി...ആയിക്കോളൂ...."

പിച്ചക്കാരൻ എണ്ണുന്നതിനിടയിൽ ചിന്തിച്ചു -

സന്യാസി പറഞ്ഞ കർമ്മം ഇതായിരിക്കാം. പക്ഷേ, രാജ്യത്തോളം വലുതാകുന്നതെങ്ങനെയാണ്? ഇതിലും സ്വർണം അനേകം പ്രഭുക്കന്മാർക്കുണ്ടല്ലോ. മാത്രമല്ല, സന്ന്യാസിമാര് നല്ല കാര്യങ്ങളല്ലേ ചെയ്യാൻ പറയാറുള്ളൂ?

ഇവന്റെ സംസാരം കേട്ടിട്ട് പരദേശിയാണ്. കുമാരിയെ ഉപദ്രവിക്കാനാണോ? ഒന്നു ചോദിച്ചു കളയാം.

"അങ്ങുന്നേ, ഇത് നൂറെണ്ണമുണ്ട്. പക്ഷേ, എനിക്കൊരു സംശയം. കുമാരിയെ കണ്ടിട്ടു പോലുമില്ലാത്ത ആൾ എന്തിനാണ് മോതിരം ഇടാൻ പോകുന്നത്?"

പിച്ചക്കാരന്റെ സംശയദൃഷ്ടി കണ്ടപ്പോൾ ചാരൻ പറഞ്ഞു-

"നീ മിണ്ടിപ്പോകരുത്. ഞാൻ ഒരുപാടു പേരെ കൊന്ന് അറപ്പു തീർന്നവനാണ്. നിനക്ക് ഞാൻ കൂലി തന്നു കഴിഞ്ഞു. ആരോടെങ്കിലും പറഞ്ഞാൽ ഇന്നു രാത്രി നിന്നെയും കഥ കഴിക്കും. എനിക്ക് രഹസ്യമായി ഈ രാത്രി പാർക്കാനുള്ള ഇടം പറയൂ"

"അങ്ങുന്നേ, ഞാൻ ആരോടും പറയില്ല. ഇവിടുന്ന് കിഴക്കോട്ട് നടന്നാൽ കാടാണ്. ഒറ്റയടിപ്പാത തീരുന്നിടത്ത് ഒരു വലിയ ഗുഹ കാണാം. അവിടെ ഒളിച്ചോളൂ''

ചാരൻ സന്ധ്യ മയങ്ങിയപ്പോൾ കാട്ടിലൂടെ നടന്ന് ഗുഹയിൽ കയറി. അന്നാട്ടിൽ പേടിസ്വപ്നമായിരുന്ന പുലിമടയായിരുന്നു അത്! അടുത്ത ദിനം രാവിലെ ആ വീരശൂരപരാക്രമിയുടെ കുറെ എല്ലുകൾ മാത്രം അവശേഷിച്ചു!

കോസലപുരം രാജാവിന് കനത്ത തിരിച്ചടിയായി ഇത്. തങ്ങളുടെ പ്രധാന ചാരനെ കൊന്നുകളഞ്ഞ സിൽബാരി രാജാവിനെ പേടിച്ച് പിന്നീട് യാതൊന്നിനും പോയില്ല. അങ്ങനെ, രാജ്യത്തോളം വരുന്ന ശിഷ്ടകർമ്മം നിർവഹിച്ച് പിച്ചക്കാരൻ അഭിമാനത്തോടെ കണ്ണടച്ചു.

ആശയം- ഒരു ജീവിതകാലത്തിൽ എപ്പോൾ വേണമെങ്കിലും സ്വന്തം കർമം തീർക്കേണ്ട നിയോഗം ഓരോ വ്യക്തിക്കുമുണ്ട്. അത്, ദൈവഹിതം ആകയാല്‍ മനുഷ്യന്റെ സമയവും ആസ്തിയും സാഹചര്യവും പ്രതികൂല കാലാവസ്ഥയും അധികാരവും പദവിയും സൗന്ദര്യവുമൊന്നും ഒരു തടസ്സമേ അല്ല. ദൈവ നിയോഗങ്ങളും നിമിത്തങ്ങളും ചെറുതോ വലുതോ ഏതുമാകട്ടെ, സൽകർമ്മങ്ങളിലൂടെ നിറവേറ്റുക!

3. രാജാവിന്റെ പ്രാര്‍ത്ഥന (A prayer spiritual story)

ഒരിക്കല്‍ സില്‍ബാരിപുരംരാജ്യം വാണിരുന്നത് വീരമണി രാജാവായിരുന്നു. അദ്ദേഹം ഒരിക്കല്‍ നായാട്ടിനു പോയി. വൈകുന്നേരമായപ്പോള്‍ രാജാവിനു പ്രാര്‍ത്ഥിക്കാനുള്ള സമയം വന്നുചേര്‍ന്നു. തിരികെ പോരുംവഴി കാടിനോട്‌ അടുത്തുകിടക്കുന്ന ഗ്രാമത്തിലെത്തി. നാട്ടിലായാലും കാട്ടിലായാലും കൊട്ടാരത്തിലായാലും പ്രാര്‍ത്ഥനയ്ക്ക് കൃത്യസമയം എന്നും അദ്ദേഹം പാലിക്കാറുണ്ട്.

രാജാവ് പ്രാര്‍ത്ഥിക്കാനായി പാതയോരത്തെ മരച്ചുവട്ടില്‍ ഇരുന്നു കണ്ണടച്ചു. അതിനിടയില്‍, എവിടെ നിന്നോ ഒരു സ്ത്രീ അദ്ദേഹത്തിന്റെ നീണ്ടുകിടന്ന വസ്ത്രത്തില്‍ കാലു തട്ടിയിട്ട് ഓടുന്നത് കണ്ടു. രാജാവ് ഉടന്‍ കോപാകുലനായി. എങ്കിലും, പ്രാര്‍ത്ഥന ഒരു വിധം പൂര്‍ത്തിയാക്കി. കുറച്ചു കഴിഞ്ഞപ്പോള്‍ ആ സ്ത്രീ ഭര്‍ത്താവുമൊത്ത് തിരികെ നടന്നു വരുന്നത് രാജാവ് കണ്ടു-

“ഹേയ്, ധിക്കാരി, നീ ഈ രാജ്യത്തിലെ രാജാവിന്‍റെ വസ്ത്രം തട്ടി മറിച്ച് ഓടിയത് എന്തിനാണ്? ഇതിന്റെ ശിക്ഷ എന്തായിരിക്കും എന്നു നിനക്ക് അറിയാമോ?”

സ്ത്രീ പേടിച്ചു വിറച്ചുകൊണ്ട് പറഞ്ഞു:

“രാജാവേ, എന്നോടു ദയവായി ക്ഷമിച്ചാലും. ഞാന്‍ എന്റെ ഭര്‍ത്താവിനെ മാത്രം ഓര്‍ത്ത് ഓടിയപ്പോള്‍ മറ്റൊന്നും കണ്ടില്ല. കാരണം, ഭര്‍ത്താവ് പോയ വഴിയില്‍ കടുവ ഇറങ്ങിയെന്നു വാര്‍ത്ത കേട്ടു"

രാജാവ് പിന്നെയും കോപിച്ചു-

“ഞാന്‍ ഇവിടെ പ്രാര്‍ത്ഥന ഉരുവിടുകയായിരുന്നു"

അപ്പോള്‍, അവള്‍ ആശ്വാസത്തോടെ പറഞ്ഞു-

“ഞാന്‍ എന്റെ ഭര്‍ത്താവിനെ മാത്രം മനസ്സില്‍ ഓര്‍ത്ത് ഓടിയപ്പോള്‍ തട്ടിയത് അറിഞ്ഞില്ല. പക്ഷേ, അങ്ങ്, പ്രാര്‍ത്ഥനയില്‍ ദൈവത്തെ ഓര്‍ത്ത് ഇരുന്നപ്പോള്‍ ഞാന്‍ വസ്ത്രത്തില്‍ തട്ടിയത് അറിഞ്ഞു! കഷ്ടം! രാജാവിനു നന്നായി പ്രാര്‍ത്ഥിക്കാന്‍ അറിയില്ല"

അനന്തരം, രാജാവ് ലജ്ജിച്ചു തല താഴ്ത്തി.

ചിന്തിക്കുക....

എപ്പോഴാണോ നമ്മുടെ വീട്ടില്‍ ഈശ്വര ചൈതന്യം കുടികൊള്ളുന്നത് അപ്പോള്‍ ആ വീടുതന്നെ ദേവാലയമായി മാറും!

നമ്മുടെ വിശപ്പില്‍ ഈശ്വര ചൈതന്യം കുടികൊള്ളുന്നത് ഉപവാസമായി മാറും!

ഭക്ഷണത്തില്‍ ഈശ്വര ചൈതന്യം കാണുവാന്‍ പറ്റുമെങ്കില്‍ അത് പ്രസാദമായി!

വെള്ളത്തില്‍ ഈശ്വര ചൈതന്യം ലയിച്ചു ചേര്‍ന്നാല്‍ അത് പുണ്യതീര്‍ഥമായി!

സംഗീതത്തില്‍ ഈശ്വര ചൈതന്യം കലരുമ്പോള്‍ അത് കീര്‍ത്തനമായിത്തീരും!

നമ്മുടെ വാക്കുകളില്‍ ഈശ്വര ചൈതന്യം കലര്‍ന്നാല്‍ അത് ദിവ്യ വചനമായി!

നമ്മുടെ നോട്ടത്തില്‍ ഈശ്വര ചൈതന്യം കലര്‍ന്നാല്‍ അത് ദിവ്യ കടാക്ഷമായി !

യാത്രകളില്‍ ഈശ്വര ചൈതന്യം കൂടെ വന്നാല്‍ അത് തീര്‍ഥാടനമായി!

നമ്മുടെ സമ്പാദ്യത്തില്‍ ഈശ്വര ചൈതന്യം നിക്ഷേപിച്ചാല്‍ സ്വര്‍ഗീയ നിക്ഷേപമായി!

നാം ചെയ്യുന്ന ജോലികളില്‍ ഈശ്വര ചൈതന്യം ദര്‍ശിച്ചാല്‍ അത് കര്‍മമായി!

നാം ചെയ്യുന്ന കര്‍മങ്ങളില്‍ ഈശ്വര ചൈതന്യം ദര്‍ശിച്ചാല്‍ അത് സേവനമായി!

നമ്മുടെ നേട്ടങ്ങളില്‍ ഈശ്വര ചൈതന്യം ഉണ്ടെങ്കില്‍ അത് ദൈവാനുഗ്രഹം!

ഏതു മതത്തിലും ഈശ്വര ചൈതന്യം കാണാന്‍ കഴിഞ്ഞാല്‍ നല്ലൊരു മനുഷ്യ സ്നേഹിയായി മാറും!

ഒരായുസ്സ് മുഴുവനും ഈശ്വര ചൈതന്യം ഉണ്ടെങ്കില്‍ അത് ജീവിതവിജയമായി!

നമ്മില്‍ ഈശ്വര ചൈതന്യം മറ്റുള്ളവര്‍ ദര്‍ശിച്ചാല്‍ നാം മറ്റു മൃഗങ്ങളില്‍നിന്നും വ്യത്യസ്തമായി ഒരു നല്ല മനുഷ്യനായി മാറും!

4. അന്വേഷി (Where is God?)

ഇരുപതു വർഷം മുൻപ്, സില്‍ബാരിപുരംപട്ടണത്തിലെ പ്രശസ്തമായ ആരാധനാലയത്തിൽ സ്ഥിരമായി വന്നുകൊണ്ടിരുന്ന ഒരു ഭക്തനുണ്ടായിരുന്നു. (പേര് വ്യക്തമായി അറിയില്ലാത്തതിനാൽ കുമാരൻ എന്നു തൽക്കാലം വിളിക്കാം)

സൽസ്വഭാവിയായ ഇദ്ദേഹം ഒരു ദേശസാൽകൃതബാങ്ക് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ജീവിതാഭിലാഷം ഇന്ത്യയിലെ പ്രധാന പുണ്യപുരാതന ക്ഷേത്രങ്ങളും തീർഥാടന കേന്ദ്രങ്ങളും സന്ദർശിക്കുകയെന്നതായിരുന്നു. അതിനായി സ്വന്തം കുടുംബം പോലും അറിയാതെ ശമ്പളത്തിൽ നിന്ന് ഒരു തുക മാസം തോറും മാറ്റിവയ്ക്കും. അതിനിടയിൽ രണ്ടു പെൺമക്കളുടെയും കല്യാണം കഴിഞ്ഞതോടെ തന്റെ കടമയെല്ലാം കഴിഞ്ഞെന്ന് അയാൾ വിശ്വസിച്ചു. ഭാര്യ ശുദ്ധപാവമായതിനാൽ എതിരായി അഭിപ്രായങ്ങൾ യാതൊന്നുമില്ലായിരുന്നു. അങ്ങനെ അഞ്ചു ലക്ഷം രൂപയുമായി ഒറ്റയ്ക്ക് അയാൾ യാത്ര തിരിച്ചു.

ദൈവത്തെ കൂടുതലായി അറിയണമെന്നും അനേകം സന്യാസിമാരുമായും സ്വാമികളുമായും യോഗികളെയും കണ്ട് പലവിധ സംശയങ്ങൾ തീർക്കണമെന്നും അയാൾ തീരുമാനിച്ചിരുന്നു. അതിനായി തുണിസഞ്ചിയിൽ ഒരു ഡയറിയും പേനയും സൂക്ഷിച്ചു. തെക്കേന്ത്യയിലെ പലയിടങ്ങളും സന്ദർശിച്ചു. പലരുമായും സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെട്ടു. പിന്നെ വടക്കേന്ത്യയിലേക്ക്.

ചിലർ പറഞ്ഞു- ദൈവസാന്നിധ്യം ഏറ്റവും കൂടുതൽ അനുഭവിക്കാൻ പറ്റുന്നത് ശ്രീകോവിൽ ദർശിക്കുമ്പോഴാണെന്ന്. മറ്റു ചിലർ പറഞ്ഞു- പുണ്യനദിയിൽ സ്നാനം ചെയ്താൽ ദൈവത്തിന്റെ അനുഗ്രഹം കിട്ടുമെന്ന് .

വേറെ ചിലർ അഭിപ്രായപ്പെട്ടത് - മഞ്ഞുമലകളിലെ രൂപങ്ങളിൽ ദൈവസാന്നിധ്യം ഉണ്ടെന്ന്. ചില പർവതങ്ങൾ ദൈവത്തിന്റെ ഇരിപ്പിടമെന്ന് വേറെ അഭിപ്രായങ്ങളും ഉയർന്നു. ചിലർ, പ്രശസ്തമായ വിഗ്രഹങ്ങളിൽ ദൈവ ചൈതന്യമുണ്ടെന്ന് അവകാശപ്പെട്ടു.

ചില മൃഗങ്ങളിൽ ദൈവസാന്നിദ്ധ്യം പറഞ്ഞവരും ഉണ്ടായിരുന്നു.

ആൽമരം പോലുള്ള മരങ്ങളിലും മറ്റു ചിലർ ദൈവ കടാക്ഷം ചൂണ്ടിക്കാട്ടി.

അങ്ങനെ, സ്വാമികൾക്കും സന്യാസികൾക്കും മതപുരോഹിതർക്കും പലതരം വിശ്വാസങ്ങളാണെന്ന് കുമാരനു മനസ്സിലായി. എന്നാൽ, ദൈവത്തിന്റെ സാന്നിധ്യം ഏറ്റവുമധികം ഈ ഭൂമിയിൽ എവിടെയായിരിക്കും? അയാളെ ഭക്തിയോഗം വല്ലാതെ കീഴ്പ്പെടുത്തിക്കളഞ്ഞിരുന്നു. ഭക്തിയോഗം ഇരച്ചുകയറി കർമ-ജ്ഞാന- രാജയോഗങ്ങളെ നിഷ്പ്രഭമാക്കി.

താൻ ജനിക്കേണ്ടിയിരുന്നത് ഉത്തരേന്ത്യയിലെ പ്രശസ്തമായ ക്ഷേത്രനഗരിയിലായിരുന്നുവെന്ന് അവിടെ കണ്ട ഒരു സന്യാസിയോടു പറഞ്ഞു. അപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു-

"കുമാരൻ, നിങ്ങളൊരു വിഢിയാണ്. ദൈവകൃപയാൽ പിറന്നു വീണ മണ്ണിൽ തന്നെയാണ് താങ്കളുടെ നിയോഗം. ഈ സ്ഥലത്ത് ഞങ്ങളൊക്കെയുണ്ടല്ലോ"

അതുകേട്ട്, അയാൾ നിരാശനായി.

തന്റെ ആഗ്രഹം ബാലിശമായിരുന്നെന്നു തോന്നി. എന്നാൽ, തിരികെ സ്വന്തം ദേശത്തേക്ക് പോരണമെന്ന് തോന്നിയില്ല. ഇനിയുള്ള ജന്മം പുണ്യഭൂമിയിൽ ജീവിച്ച് മരിക്കണമെന്ന് കുമാരൻ ആഗ്രഹിച്ചു.അടുത്തുള്ള ടെലിഫോൺ ബൂത്തിൽ നിന്ന് വീട്ടിലേക്ക് STD വിളിച്ചു ഭാര്യയോട് മൂന്നു മാസം കഴിഞ്ഞു വരാമെന്ന് അറിയിച്ചു.

എന്തായാലും താൻ ഇതുവരെ പോയതിൽ ഏറ്റവും അധികമായി ഭഗവാന്റെ സാന്നിധ്യമുള്ളത് ഈ പുണ്യനഗരിയിലെ വിഗ്രഹത്തിലാണെന്ന് കുമാരൻ ആശ്വസിച്ചു. അവിടെ ചുരുങ്ങിയ ചെലവിൽ അനേകം ഭക്തർക്ക് താമസിക്കാൻ ചെറിയ മുറികളുമുണ്ടായിരുന്നു.

ഒരു ദിവസം - കുമാരൻ അവിടെ മുറിയിലെ രാത്രിയുറക്കത്തിനിടയിൽ സ്വപ്നം കണ്ടു -

ഭഗവാൻ അയാളോടു പറഞ്ഞു -

"ഹേ...ഭക്താ...നീയെന്തിനാണ് ഇവിടെ താമസിക്കുന്നത്? എന്നെ അറിയണമെന്നുണ്ടെങ്കിൽ ഞാനിപ്പോൾ നിന്റെ നാട്ടിലാണ്. അവിടെ കിഴക്കേതിലെ വീട്ടിലുണ്ട്"

കുമാരൻ ഞെട്ടിയുണർന്നു. സഞ്ചിയിൽ പെട്ടെന്ന് സാധനങ്ങൾ എടുത്തു വച്ച് അപ്പോൾത്തന്നെ ഓടി സ്വന്തം നാട്ടിലേക്കുള്ള ട്രെയിൻ പിടിച്ചു. യാത്രക്കിടയിൽ അയാളുടെ ചിന്ത കിഴക്കേതിലെ വീടിനെപ്പറ്റിയായിരുന്നു.

ആ ഇടിഞ്ഞു വീഴാറായ പഴയ ഓടുമേഞ്ഞ വീട്ടിൽ ആരെങ്കിലും താമസക്കാരുണ്ടോ? അവിടെ ഒരു അമ്മയും മകനുമല്ലെ താമസിച്ചിരുന്നത്?

അവർ മലബാറിലെ മകന്റെ ജോലി സ്ഥലത്തേക്ക് രണ്ടു വർഷം മുൻപേ പോയതാണല്ലോ? ചിലപ്പോൾ തനിക്കു വെറുതെ തോന്നിയതാവാം. സ്വപ്നത്തിനു യുക്തിയൊന്നും ഇല്ലല്ലോ.

കുമാരൻ വീട്ടിലെത്തി തുണിസഞ്ചി വച്ചയുടൻ അടുത്തുള്ള തൊണ്ടിലൂടെ ആ വീട്ടിലേക്ക് ധൃതിയിൽ നടന്നു. അവിടെ ചെന്നപ്പോൾ വീടിന്റെ തിണ്ണയിൽ നാലഞ്ചു പേർ നിൽപുണ്ട്. എന്താ കാര്യം?

അയാൾ മുറിയിലേക്കു നോക്കി. അവിടത്തെ സ്ത്രീ മരിച്ചിരിക്കുന്നു!

മറ്റു വിവരങ്ങൾ അവിടെ നിന്നവരോടു തിരക്കി-

മകന്റെ ഭാര്യയുടെ നിർദേശപ്രകാരം ഇവർ രോഗിയായപ്പോൾ ഇവിടെ ഒറ്റയ്ക്കാക്കി പോയത്രെ. സർജറിക്ക് ഏതാണ്ട് രണ്ടു ലക്ഷം മുടക്കിയാൽ ഈ സ്ത്രീ രക്ഷപെടുമായിരുന്നു! നാട്ടുകാര് വല്ലപ്പോഴും കൊടുക്കുന്ന ആഹാരമായിരുന്നു കഴിഞ്ഞ ഒരു മാസമായി ഇവരെ പിടിച്ചു നിർത്തിയത്. ഇപ്പോൾ രോഗം കൂടി ജീവൻ പോയിരിക്കുന്നു.

കുമാരൻ തിരിഞ്ഞു നടന്നപ്പോൾ ചിന്തിച്ചു -

താൻ തീർഥാടനത്തിനായി മാറ്റി വച്ച അഞ്ചു ലക്ഷത്തിൽ കൃത്യം 2 ലക്ഷം രൂപ ചെലവായിരിക്കുന്നു! അതേ തുക ഇവിടെ ഞാൻ മുടക്കേണ്ടതായിരുന്നു. ഞാൻ ആ കടമ ചെയ്യാഞ്ഞിട്ടാവാം ഭഗവാൻ ഇങ്ങോട്ടു പോന്നത്. ഒടുവിൽ കുമാരൻ ഒരു നിഗമനത്തിൽ എത്തിച്ചേർന്നു- ദൈവത്തിന്റെ അംശം പേറുന്ന മനുഷ്യനിലാണ് ദൈവസാന്നിധ്യം ഏറ്റവും കൂടുതലായി ഉള്ളത്. എന്തായാലും അതു കഴിഞ്ഞേ കല്ലിലും ജലത്തിലും ആകാശത്തും മൃഗത്തിലും മരത്തിലുമൊക്കെ ഉണ്ടാകുകയുള്ളൂ. അന്നുതന്നെ, തീർഥാടനത്തിനായി ഒളിച്ചു സമ്പാദിച്ച 5 ലക്ഷം രൂപയുടെയും ചെലവായ രണ്ടു ലക്ഷത്തിന്റെയും കാര്യം ഭാര്യയോടു പറഞ്ഞു. ഭാര്യ അപ്പോഴും അയാളെ കുറ്റപ്പെടുത്തിയില്ല! ഉടൻ, അയാൾ ഭാര്യയുടെ കാൽ തൊട്ടു വണങ്ങി. പിന്നീടുള്ള കാലം ഏതു കാര്യവും ഭാര്യയുമായി ആലോചിച്ച് ഭാര്യയെ ബഹുമാനിച്ചു ജീവിച്ചു. പിന്നീട്, വലിയ ആരാധനാലയങ്ങളിലോ ദൂരെയുള്ള പുണ്യസ്ഥലങ്ങളിലും പോകേണ്ടതില്ലെന്ന് അയാൾ തീരുമാനമെടുത്തു. രണ്ടു പേരും ഒന്നിച്ച് ഏറ്റവും അടുത്തുള്ള ചെറിയ ആരാധനാലയത്തിൽ പോകാൻ തുടങ്ങി.

5. കപടഭക്തി (The need of faith in God)

ഒരു യുവ വൈദികന്‍ തന്റെ പ്രസംഗത്തിനിടയി‌ല്‍ വൈദിക പഠനകാലത്തെക്കുറിച്ചുള്ള ഓര്‍മ്മക‌‌ള്‍ പങ്കുവച്ചു:

“ഞങ്ങള്‍ വൈദിക പഠനത്തിനു പതിനാറു കുട്ടികളായിരുന്നു ചേര്‍ന്നത്. അതിന്റെ തുടക്കത്തില്‍ ഗുരുസ്ഥാനീയനായ വൈദികന്‍ പറഞ്ഞു- ‘നിങ്ങളെ ഇതുവരെ നോക്കാന്‍ സ്വന്തം മാതാവോ പിതാവോ ഉണ്ടായിരുന്നു. ഇനി അങ്ങനെയല്ല. ക്രിസ്തുവിന്റെ അമ്മയായ മറിയമായിരിക്കും ഇനി നിങ്ങളുടെ അമ്മ. ആ മാതാവ‌് നിങ്ങളെ ശ്രദ്ധിക്കുന്നു എന്ന ജാഗ്രതയോടെ മുന്നോട്ടു നീങ്ങുക’ എന്ന്. ഇപ്പോ‌‌ള്‍ വര്‍ഷങ്ങ‌‌ള്‍ ഒരുപാട് പിന്നിട്ടിരിക്കുന്നു. ഇപ്പോ‌‌ള്‍ ആ ബാച്ചി‌ല്‍ അവശേഷിക്കുന്നത് പതിനൊന്നു പേര്‍ മാത്രം”

ഈ പ്രസംഗം കഴിഞ്ഞ് വെളിയിലിറങ്ങിയ സമയത്ത് റോഷ‌‌ന്‍ എന്നയാ‌ള്‍ അവന്റെ ബന്ധുവായ ജോസിന്റെ കഥ പറഞ്ഞു:

“പ്രസംഗത്തില്‍ കൊച്ചച്ച‌ന്‍, പഠനം പൂര്‍ത്തിയാക്കാതെ പോയവരുടെ കാര്യം പറഞ്ഞല്ലോ. അതില്‍ എന്റെ കസിനും പെടും. എന്നെ ചേട്ടായി എന്നു വിളിച്ചുപോന്നിരുന്ന അവന്‍ ഈ പഠനത്തിനു ചേര്‍ന്നു കഴിഞ്ഞ് ഒരു തവണ വീട്ടി‌ല്‍ വന്നപ്പോ‌ള്‍ വിളിച്ചത് എന്റെ പേരാണ‌്. പ്രായം പത്തുപതിനഞ്ച് എനിക്കു കൂടുതലുണ്ടെന്ന് ഓ‌ര്‍ക്കണം. ഞാന്‍ അന്നവനെ തിരുത്താ‌ന്‍ ശ്രമിച്ചു. പക്ഷേ, കേട്ടില്ല. പിന്നെ ഒരിക്കല്‍, ഞാ‌‌ന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് വന്നിരുന്നു. എന്തിനെന്നോ? ജോലിയുടെ അളവും തൂക്കവും എടുക്കാ‌ന്‍. എളിമയുടെ അംശം ഒട്ടുമില്ലാത്തവന്‍ ആ പഠനത്തിന്റെ അവസാനമായപ്പോ‌ള്‍ പുറത്താക്കപ്പെട്ടു”

ദൈവം നയിക്കുന്നു എന്നു കരുതുന്നവ‌ര്‍ പ്രതിസന്ധികളെ നന്നായി നേരിടും, കാരണം അവര്‍ തനിച്ചാണെന്നു വിശ്വസിക്കുന്നില്ല. ഇന്ന്, ലോകത്തി‌‌ല്‍ ഏറ്റവും കൂടുത‌ല്‍ അനുയായിക‌‌ള്‍ ഉള്ള മതമാണു ക്രിസ്തുമതം. ക്രിസ്തു ദൈവകല്പനക‌‌ള്‍ രണ്ടു പ്രധാന കല്പനകളായി സംഗ്രഹിച്ചു. ദൈവത്തെ സ്നേഹിക്കുക, സ്വയം സ്നേഹിക്കുന്നതുപോലെതന്നെ മറ്റുള്ളവരെയും സ്നേഹിക്കുക. ഇതാണോ ഇത്ര വലിയ കാര്യം എന്ന് നിങ്ങള്‍ക്കു തോന്നിയേക്കാം. പക്ഷേ, നടപ്പില്‍ വരുത്താ‌ന്‍ വളരെ ബുദ്ധിമുട്ടുള്ള ഒന്നാണിത്.

ഇന്ന്, ദൈവ വിശ്വാസികളെന്ന് ഊറ്റം കൊള്ളുന്ന പല രാജ്യങ്ങളും വളരെയധികം യുദ്ധ സാമഗ്രിക‌‌ള്‍ ഉണ്ടാക്കുകയും കയറ്റുമതി ചെയ്യുകയും അതവരുടെ മുഖ്യ വരുമാനം എന്ന നിലയിലേക്ക് അധപതിക്കുകയും ചെയ‌്‌തിരിക്കുന്നു. ലളിതമായി പറഞ്ഞാ‌‌ല്‍, കാര്യങ്ങളുടെ കിടപ്പിങ്ങനെ:

കുട്ടപ്പനും തങ്കനും ബദ്ധവൈരിക‌ളായിരുന്നു. വൈരാഗ്യം കൂടിക്കൂടി വന്നപ്പോ‌‌ള്‍ കുട്ടപ്പന്‍ തങ്കനെ ആക്രമിക്കുമെന്ന നിലയിലായി. അതിനുവേണ്ടി ഒരു കത്തി ഉണ്ടാക്കാ‌ന്‍ ഉറ്റ ചങ്ങാതിയായ ബൈജുവിന്റെ ആലയി‌ല്‍ പറഞ്ഞു. അതുണ്ടാക്കുന്ന വേളയിലാണ‌ു തങ്കന്‍ ആ വഴി പോകുന്നത് കണ്ടത്. ബൈജുവിന്റെ കുബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അവനെയും മൂപ്പുകയറ്റി തങ്കന്റെ കത്തിയുടെ പണിയും കിട്ടി. മറ്റൊരു സൂത്രവും ബൈജു പ്രയോഗിച്ചു- അവരുടെ ബന്ധുക്കളും മറ്റും ഇതില്‍ ഇടപെടാനുള്ള സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കാന്‍വേണ്ടി ഒത്തിരി ആയുധങ്ങള്‍ വേണമെന്ന്. അങ്ങനെ ഇരുകൂട്ടര്‍ക്കും ആയുധങ്ങള്‍ മത്സരിച്ചുണ്ടാകാ‌ന്‍ തുടങ്ങി. ‘പണി’ക്കാരന്‍ സമ്പന്നനായി.

മറ്റവന്മാരുടെ കുടുംബങ്ങള്‍ പട്ടിണി. മാത്രമോ, വീടു മുഴുവനും ആയുധം നിറച്ചുവച്ചിരിക്കുന്നു. എങ്ങനെ സമാധാനം കിട്ടാനാണ‌്? ബൈജു ഒരു ദൈവ വിശാസിയെന്നാണ‌് വയ‌്പ‌്. ആണെങ്കില്‍ ആദ്യംതന്നെ അവരെ അതില്‍നിന്നു പിന്തിരിപ്പിക്കാമായിരുന്നു. ഇന്ന് പല രാജ്യങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടാക്കി അവരെ ആയുധങ്ങ‌ള്‍ അണിയിക്കുന്ന ഒരു സ(മ്പദായം നിലവിലുണ്ട്. മുട്ടനാടുകളെ തമ്മിലടിപ്പിച്ചിട്ട് ഇടയി‌‌ല്‍ വീഴുന്ന ചോര കുടിക്കുന്ന കുറുക്കന്മാരെപ്പോലെ ചില രാജ്യങ്ങ‌ള്‍!

പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിന്റെ അടിസ്ഥാന സ്വഭാവം സ്നേഹമാണ‌്. അതില്‍നിന്നു വിരിയുന്ന പുഷ്പങ്ങളാകട്ടെ- അനുകമ്പ, ഇഷ്ടം, പ്രണയം, കരുത‌‌ല്‍, ഭക്തി, ദാനം, കടപ്പാട് എന്നിവയൊക്കെ. മനസ്സിനുള്ളി‌‌ല്‍ സ്നേഹം വച്ചുപുലര്‍ത്തുന്ന വ്യക്തിക‌‌ള്‍ ദൈവത്തിന്റെ സ്വഭാവംതന്നെയാണു കാണിക്കുന്നത്. ദൈവികാംശം പേറുന്ന അവരെ കാത്തിരിക്കുന്നത് മഹത്തരമായ ജീവിതമായിരിക്കുമെന്ന് ഉറപ്പിക്കാം.

വ്രതം, നോമ്പ്, ഉപവാസം എന്നിവയൊക്കെ പലരും സ്വന്തം മന:സുഖത്തിനു വേണ്ടി ചെയ്യുന്നുണ്ട്. ഒരു തരത്തിലുള്ള ത്യാഗം അല്ലെങ്കില്‍ പ്രായശ്ചിത്തം ഇതിനുണ്ടെന്നു കാണാം. മൂക്കറ്റം തിന്നുന്ന ഒരുവന്‍ അവന്റെ കൊതിയെന്ന ദുരാശയെ കടിഞ്ഞാണിട്ട്‌ നിര്‍ത്തുന്ന പ്രക്രിയ നല്ലതാണല്ലോ. മറ്റു ദൗര്‍ബല്യങ്ങളെയും നേരിടാ‌ന്‍ ഇത്തരം പ്രവൃത്തിയിലൂടെ സാധിച്ചേക്കാം. നോമ്പുകാലത്ത് തെറ്റുകളും കുറയുന്നുണ്ട്.

പ്രാര്‍ത്ഥന എന്നത് മനുഷ്യനും ദൈവവും തമ്മിലുള്ള സംഭാഷണമോ ചര്‍ച്ചയോ ആയി കണക്കാക്കാം. ചിലരിലതു കൌണ്‍സലിങ്ങിന്റെ ഫലമാണ‌് ഉളവാക്കുന്നത്. നല്ല സുഹൃത്തിനോടു പലതും മനസ്സുതുറന്നു(തുരന്നല്ല) പറയുമ്പോ‌‌ള്‍ കിട്ടുന്ന ആശ്വാസമാണ‌് ഇവിടെയും സംജാതമാകുന്നത്.

നേര്‍ച്ച, വഴിപാടുക‌‌ള്‍ എന്നിവയൊക്കെ ഒരു വിശ്വാസിയുടെ സ്ഥിരം പരിപാടികളാണല്ലോ.

പൊള്ളയായ അന്ധവിശ്വാസത്തിലായിരിക്കും പലതിന്റെയും അടിത്തറ. ഒരു വലിയ അഴിമതി കാണിച്ചു പൊലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായപ്പോ‌ള്‍ ബിജു കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു നേര്‍ച്ച. അയാള്‍ക്കു കിട്ടിയ കള്ളമുതലിന്റെ പാതി(ഏകദേശം നാലുലക്ഷം രൂപ) അടുത്തുള്ള ആരാധനാലയത്തിലെ ദൈവത്തിനു കൊടുത്തേക്കാം; പക്ഷേ, കാര്യം ദൈവം ഒതുക്കിക്കൊടുക്കണം. ഏതായാലും അവന്‍ രക്ഷപെട്ടു.

രൂപ കൊടുക്കാന്‍ ചെന്നപ്പോഴാണ‌് അറിയുന്നത് അടുത്ത മാസം അവിടെ ഒരാഘോഷം ഏറ്റുനടത്താ‌‌ന്‍ ആളില്ലാതെ പണം പൊതുജനങ്ങളില്‍നിന്നു പിരിച്ചെടുക്കാ‌‌ന്‍ ആലോചന നടക്കുന്നുവെന്ന്. അവന്റെ മനസ്സില്‍ വീണ്ടും ലഡു പൊട്ടി. രൂപ അതിലേക്കിട്ടു. അങ്ങനെ പരിപാടി നോട്ടീസിന്റെ ആദ്യ പേജി‌ല്‍ പല്ലിളിച്ച സ്വന്തം ഫോട്ടോ കണ്ടു ബിജു സന്തോഷത്തി‌ല്‍ മുങ്ങിക്കുളിച്ചു.

ഇത്തരത്തിലുള്ള ഒരുപാട് അന്ധവിശ്വാസങ്ങളുണ്ട്‌. കള്ളനെ സഹായിച്ച് പെരുങ്കള്ളനാകാ‌‌ന്‍ ഒരു ദൈവത്തെയും കിട്ടില്ല. ഒരു ദൈവത്തിനും പണം, നിധി, ആഭരണം, ആയുധം എന്നിവ വേണ്ട, അതിന്റെ സൂക്ഷിപ്പുകാരനാവാനും നിന്നു കൊടുക്കില്ല എന്നുള്ളതാണ‌ു വാസ്തവം. പണമുണ്ടാക്കാ‌ന്‍ ഭക്തിയുടെ കള്ള നാണയങ്ങള്‍ ലോകത്തി‌ല്‍ ഒട്ടേറെയുണ്ട്. വിവേകപൂര്‍വ്വം ചിന്തിക്കുക, പെരുമാറുക.

മഹത്തായ വചനങ്ങള്‍:

“വിശ്വസ്തതയും ഭക്തിയും ഏറ്റവും ഉല്‍കൃഷ്ടമായ ഈശ്വര ആരാധനയാണ‌്” (സ്വാമി വിവേകാനന്ദന്‍)

“തന്റെ നിയമങ്ങ‌ള്‍ ലംഘിക്കുന്നവരുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കില്ല” (ഹോമര്‍)

“ദൈവത്തോടുള്ള സംഭാഷണമാണു‌ പ്രാര്‍ത്ഥന” (ക്ലമന്റ്)

“ഈശ്വരനോട് വിശ്വസ്തനല്ലാത്തവന്‍ മനുഷ്യനോടും വിശ്വസ്തനല്ല” (യൂങ്ങ്)

പ്രവര്‍ത്തിക്കാ‌‌ന്‍:

ദൈവവിശ്വാസം നമ്മി‌ല്‍ സന്തോഷത്തിനു കാരണമാകും. എല്ലാം ദൈവം നിരീക്ഷിക്കുന്നുവെന്നു വിചാരിച്ചു ജാഗ്രത പുലര്‍ത്തുക.

ഗുണമേന്മയുള്ള നമ്മുടെ ജീവിതം തന്നെയാണ‌ു ദൈവത്തിനു സമര്‍പ്പിക്കാവുന്ന ഏറ്റവും നല്ല നേര്‍ച്ചയും വഴിപാടും.

ദൈവത്തിന്റെ സ്വഭാവമായ സ്നേഹം, ലോകത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉള്ള ഒറ്റമൂലിയാണ‌്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ശീലിക്കുക.

Comments

Leena Binoy said…
നല്ല കാര്യങ്ങൾ കഥകളിലൂടെ ഭംഗിയായി പറഞ്ഞിരിക്കുന്നു, നല്ലത്
Binoy Thomas said…
Thank you so much!