How to be a good parent?

Now, you can read 4 stories of good and effective parenting tips and tricks. This stories are taken from my Malayalam eBooks for easy online reading.


1. പണ്ടുകാലത്തെ, ഗുരു-ശിഷ്യ ബന്ധത്തിന്റെ തീവ്രത വെളിപ്പെടുന്ന ഒരു കഥ:

വിഭാണ്ഡക മുനിയുടെ ഗുരുകുലത്തിലെ ശിഷ്യനായിരുന്നു ഉപമന്യു. ഒരിക്കല്‍, ഉപമന്യുവിനെ വിളിച്ച് ഗുരു അന്‍പത് പശുക്കളെ ഏൽപ്പിച്ചു-

"പശുക്കളുമായി നീ കാട്ടിൽ പോകണം. എന്നിട്ട് നൂറു പശുക്കളായി ഇരട്ടിക്കുമ്പോള്‍ തിരികെ വരണം”

ഏകദേശം മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ ഉപമന്യു തിരികെ വന്നു. പശുക്കളെ എണ്ണി തൃപ്തിപ്പെട്ട ഗുരു അവനെ നോക്കിയപ്പോള്‍ ക്ഷീണമൊന്നുമില്ല. ഉപമന്യുവിനോട് കാര്യം തിരക്കി-

“പശുവിൻപാൽ കുടിക്കാറുണ്ട്. അതിനാലാണ് ക്ഷീണമുണ്ടാകാത്തത്"

വിഭാണ്ഡക മുനി: "പാൽ കുടിക്കാൻ അനുവാദമില്ല. അത് മനുഷ്യ ഭക്ഷണമല്ല"

കോപത്തോടെ പറഞ്ഞ് ഗുരു വീണ്ടും അന്‍പത് എണ്ണത്തെ ഏൽപ്പിച്ചു നൂറു തികച്ച് മടങ്ങി വരാൻ കൽപ്പിച്ചു. മൂന്നുവർഷം കഴിഞ്ഞ് വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തി. അപ്പോഴും ഗുരുവിന് മനസ്സിലായി ശിഷ്യന് ഒട്ടും ക്ഷീണമില്ല!

"നീ എന്താ ഇപ്പോൾ കഴിക്കുന്നത്?"

“ഞാന്‍ പശുക്കളെ മേയാൻ വിട്ടിട്ട് ഗ്രാമത്തിൽ പോയി ഭിക്ഷയെടുക്കും. അത് കഴിക്കും"

മുനി: "ഓഹോ നിന്നോട് ഭിക്ഷയെടുക്കാൻ ആരു പറഞ്ഞു? ഭിക്ഷയെടുത്താൽ ഗുരുവിനെ ഏൽപ്പിക്കണം. അതിന്റെ പങ്ക് ഗുരു കൊടുക്കും. അതിനേ ശിഷ്യന് അവകാശമുള്ളൂ"

അടുത്ത അന്‍പത് പശുക്കളുമായി പോയി നൂറുമായി മടങ്ങിയെത്തിയപ്പോഴും ഉപമന്യുവിന് ക്ഷീണമില്ല.

"നീ ഇപ്പോൾ എന്തു കഴിക്കുന്നു?"

"പശുക്കിടാങ്ങൾ ധാരാളം പാൽ കുടിക്കുന്നതിനാൽ അതിന്റെ കവിളിൽ നിന്ന് ഒലിച്ചിറങ്ങുന്ന നുരയും പതയും കഴിക്കുന്നു”

മുനി: "പാൽ കുടിക്കുന്നത് തന്നെ ആപത്ത് എന്നിരിക്കെ മറ്റൊരു ജന്തുവിന്റെ ഉച്ഛിഷ്ടം തിന്നാന്‍ പാടില്ല"

വീണ്ടും അന്‍പത് പശുക്കളെ കൊടുത്ത് യാത്രയാക്കി.

മടങ്ങി വരേണ്ട സമയമായിട്ടും വരാതിരുന്ന ശിഷ്യനെ അന്വേഷിച്ച് ഗുരു കാട്ടിലെത്തി. ഉപമന്യുവിനെ ഉറക്കെ പേരു വിളിച്ച് ഗുരു തിരക്കിത്തുടങ്ങി.

ഉരുകുന്ന മനസ്സുമായി കാട്ടിലലഞ്ഞ ഗുരുവിന്റെ അടുത്തേക്ക് പശുക്കൾ ഓരോന്നായി എത്തി. പക്ഷേ ഉപമന്യു മാത്രം എത്തിയില്ല.

ഗുരു അന്വേഷണം തുടർന്നു. ഒടുവിൽ ഒരു നേരിയ നിലവിളി കേട്ട് ഗുരു അവിടേക്കെത്തി. ഒരു പൊട്ടക്കുഴിയിൽ വീണു കിടക്കുന്ന ഉപമന്യുവിനെ കണ്ടു.

"നിനക്കെന്തു പറ്റി"

"വിശപ്പു മാറ്റാൻ ഇലകൾ പറിച്ചുതിന്നു. അതിനിടയിൽ എരിക്ക് വർഗ്ഗത്തിൽപ്പെട്ട ഏതോ ഒരിലയുണ്ടായിരുന്നു. അത് തിന്നതോടെ കണ്ണിന്റെ കാഴ്ച പോയി"

മുനി ഉടനെ ദേവ വൈദ്യന്മാരായ അശ്വനിദേവതകളെ ഉപാസിക്കാനുള്ള മന്ത്രം പറഞ്ഞു കൊടുത്തു. ശിഷ്യൻ അതനുസരിച്ചു. അവർ പ്രത്യക്ഷപ്പെട്ടു. ഉപമന്യുവിന് ചെറിയൊരപ്പം കൊടുത്തു. അത് കഴിച്ചാൽ കാഴ്ച കിട്ടുമെന്ന് പറഞ്ഞു. പക്ഷേ അത് കഴിക്കാൻ ഉപമന്യു തയ്യാറായില്ല.

“എന്തു കിട്ടിയാലും അത് ഗുരുവിന് കൊടുക്കാതെ താൻ കഴിക്കില്ല”

ദേവതകള്‍ പറഞ്ഞു:

"വിഭാണ്ഡകൻ ഒരിക്കൽ ഇങ്ങനെ കിടന്നപ്പോൾ തങ്ങൾ ഇതുപോലെ അപ്പം കൊടുത്തപ്പോള്‍ കഴിച്ചിട്ടുണ്ട്"

പക്ഷേ, അവന്‍ നിരസിച്ചു. ഒടുവില്‍, ഗുരുവിന്റെ അനുവാദം വാങ്ങി ഉപമന്യു അപ്പം കഴിച്ചു. അതോടെ കാഴ്ച കിട്ടി അസാമാന്യ തേജസ്വിയായി.

മുകളിലെത്തിയ ശിഷ്യനെ കെട്ടിപ്പിടിച്ചു ഗുരു തനിക്കുള്ളതെല്ലാം ശിഷ്യന് കൊടുത്തു!

ആശയം -

ഈ കഥ അല്പം കൂടിപ്പോയെന്നു തോന്നിയോ? പണ്ടത്തെ ഗുരുകുല സമ്പ്രദായത്തില്‍ പലതരം പഠനവും തൊഴിലും ദുര്‍ഘട സാഹചര്യങ്ങളെ തരണം ചെയ്യുന്ന വിധങ്ങളും മറ്റും പഠിപ്പിച്ചിരുന്നു. ഗുരുശിഷ്യ ബന്ധം ശക്തമായിരുന്ന അക്കാലത്ത് ആത്മഹത്യകള്‍ കുറവായിരുന്നു. ഇക്കാലത്ത്, പരസ്പരം പതിയിരുന്ന്‍ ആക്രമിക്കുന്ന പത്രവാര്‍ത്തകള്‍ പെരുകുന്നു. 'മാതാ-പിതാ-ഗുരു-ദൈവം' എന്നുള്ള മഹനീയമായ സങ്കല്‍പം അധ്യാപകരും മാതാപിതാക്കളും കുട്ടികളും മനസ്സില്‍ കുടിയിരുത്തി അതിന് യോജിക്കും വിധം പെരുമാറുമല്ലോ.

2. മികച്ച മാതാപിതാക്കൾ (Effective parenting)

കുട്ടികളുടെ നല്ല വളര്‍ച്ചയ്ക്ക് മാതാപിതാക്കള്‍ ഒട്ടേറെ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കണം. അത്തരം ചില കാര്യങ്ങളിലേക്ക്-

A) മാതാപിതാക്കളുടെ നഷ്ടസ്വപ്നങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കരുത്.

B) മറ്റുള്ളവരുടെ മുന്നില്‍ കുട്ടികളെ താഴ്ത്തി പറയരുത്. അവരുടെ ആത്മവിശ്വാസം പോകും.

C) അയലത്തെ കുട്ടികളുമായി താരതമ്യം വേണ്ട. സ്വന്തം സഹോദരങ്ങളെ വച്ചു ഇടിച്ചു താഴ്ത്തിയാലും അവരെ ഭാവിയില്‍ വെറുക്കാന്‍ ഇടയാകും.

D) അഴുക്കായ പേരുകള്‍ കുട്ടികളെ വിളിക്കരുത്- പന്നി, മരപ്പട്ടി, നായ, കഴുത, പോത്ത്‌, കന്നാലി, ഒച്ച്, ആമ, അനുസരണ ശീലമില്ലാത്തവന്‍, മന്ദബുദ്ധി, പിശാച്, നരകം, ശല്യം, നുണയന്‍, വൃത്തികെട്ടവന്‍, വിഡ്‌ഢി, കള്ളന്‍....

E) മാതാപിതാക്കളുടെ സ്‌നേഹത്തിന്‌ വില പറയുന്ന ഉപാധികള്‍ വേണ്ട. ഇപ്രകാരം സ്‌നേഹം ലഭിക്കാത്തവര്‍ മുതിര്‍ന്നാല്‍ കുടുംബവുമായുള്ള ബന്ധം കാണിക്കാറില്ല. കാരണം, കുടുബത്തില്‍ വെറുക്കപ്പെട്ടവരായിരുന്നു എന്ന കാര്യം ഉപബോധമനസ്സില്‍ കിടക്കും.

F) മാതാപിതാക്കള്‍ ജയിക്കാന്‍ വേണ്ടി കുട്ടികള്‍ക്ക്‌ തെറ്റായ വിവരങ്ങള്‍ പറഞ്ഞു കൊടുക്കരുത്. കുട്ടികളുടെ രഹസ്യങ്ങളും രോഗങ്ങളും പരാജയങ്ങളും ആരോടും പറയരുത്.

G) സാധിച്ചു കൊടുക്കാന്‍ പറ്റുന്ന ആഗ്രഹങ്ങള്‍ക്കു തടസ്സമാകരുത്.

H) വാഗ്ദാനം കൊടുത്താല്‍ സമയത്ത് നിറവേറ്റണം.

I) കൂടുതല്‍ പഠിക്കാന്‍ പേടിപ്പിക്കരുത്.

J) മാതാപിതാക്കളുടെ പാരമ്പര്യമായ കഴിവുകളുടെ അപ്പുറം വേണ്ടതായ കാര്യങ്ങള്‍ കിട്ടാന്‍ കുട്ടികളെ ശല്യം ചെയ്യരുത്.

K) ശാപ വാക്കുകള്‍ കുട്ടികളെ പറയരുത്.

L) നല്ല കാര്യങ്ങള്‍ക്ക് അഭിനന്ദിക്കുക. തെറ്റുകള്‍ തിരുത്തുക.

M) ചെറുപ്പത്തിലേ പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ ശീലിപ്പിക്കണം.

N) കുട്ടികളുടെ മുന്നില്‍ ധൂര്‍ത്തു കാട്ടരുത്. കുട്ടികളോടുള്ള സ്നേഹത്തിന്റെ കാര്യത്തില്‍ പിശുക്കും ധൂര്‍ത്തും ഒരേപോലെ കുഴപ്പമാകും. മിതമായി എന്നും നിലനിര്‍ത്തുക.

3. Motivation speaker

ഒരിക്കല്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ ക്ലാസ് എടുക്കുകയായിരുന്നു. അദ്ദേഹം റിട്ടയേര്‍ഡ്‌ പ്രഫസ്സര്‍കൂടിയാണ്. അവിടെ ആശയം നന്നായി കുട്ടികളില്‍ എത്തിക്കാനായി അദ്ദേഹം പത്തുകുട്ടികളെ സ്റ്റേജിലേക്ക് ക്ഷണിച്ചു.

അവരെ കയ്യെത്തും ദൂരത്ത് ഒരേ അകലത്തില്‍ നിര്‍ത്തിയിട്ടു പറഞ്ഞു-

“നമ്മള്‍ ഇവിടെ ചെറിയൊരു മത്സരം നടത്തുകയാണ്. ഞാന്‍ ഇപ്പോള്‍ പത്തുപേര്‍ക്കും പ്ലേറ്റില്‍ ഓരോ ബോളും സ്റ്റിക്കും തരും. നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്- നില്ക്കുന്നിടത്തുനിന്നു മാറാതെ, ബോള്‍ തന്നതുപോലെ അല്പം പോലും കാറ്റുപോകാതെ, മൂന്ന് മിനിറ്റ് നേരം കയ്യില്‍നിന്നും താഴെ പോകാതെ സൂക്ഷിക്കുന്നവര്‍ വിജയിക്കും"

സ്റ്റീല്‍ പ്ലേറ്റില്‍, പ്ലാസ്ടിക് പന്തുകളും വടികളും ഓരോ ആളിനും കൊടുത്തു. മത്സരം ആരംഭിക്കാനുള്ള വിസില്‍ മുഴങ്ങി. സ്റ്റോപ്പ്‌ വാച്ചിലെ സമയം ഓടിത്തുടങ്ങി. എല്ലാവരും സ്വന്തം പന്ത് താഴെ പോകാതെ മാറ്റിപ്പിടിച്ചുകൊണ്ട് അടുത്തുള്ളവന്‍റെ പന്ത് താഴെയിടാനായി സ്റ്റിക്ക് വച്ചു കുത്താന്‍ തുടങ്ങി.

പക്ഷേ, ഏതാനും സെക്കന്റിനുള്ളില്‍ ആരുടേയും കയ്യില്‍ പന്ത് നിന്നില്ല. കാരണം, കൂടുതല്‍ ശ്രദ്ധ അടുത്തയാളിന്റെ പന്ത് കുത്തി താഴെയിടാനായിരുന്നു! അതിനോടകം, സ്വന്തം പന്ത് മറ്റുള്ളവന്‍ കുത്തി താഴെയിട്ടിരുന്നു!

മത്സരം വെറും അരമിനിട്ടിനുള്ളില്‍ അവസാനിച്ചു. അപ്പോള്‍, സ്പീക്കര്‍ പറഞ്ഞു-

“ആരും ജയിച്ചില്ല. അതുകൊണ്ട് സമ്മാനം എന്റെ കയ്യില്‍ ഇരുന്നോട്ടെ. ഇവിടെ എല്ലാവര്‍ക്കും ഒരേ വിജയ സാധ്യത ഉണ്ടായിരുന്നു. കാരണം, ഞാന്‍ പറഞ്ഞത് ഓരോ ആളുടെയും ബോള്‍ മൂന്നു മിനിറ്റ് താഴെ പോകാതെയും കാറ്റുപോകാതെയും സൂക്ഷിക്കണം എന്നായിരുന്നു. അടുത്തയാളിന്റെ പന്ത് ആക്രമിക്കണം അല്ലെങ്കില്‍ സ്റ്റിക്ക് ഉപയോഗിച്ച് എന്തെങ്കിലും ചെയ്യണം എന്നു പറഞ്ഞില്ല. ഒന്നില്‍ കൂടുതല്‍ വിജയികള്‍ ആകാന്‍ പാടില്ല എന്നും പറഞ്ഞില്ല. പിന്നെ, നിങ്ങള്‍ എന്തിനാണ് അടുത്തുള്ളവരെ തോല്‍പ്പിക്കാന്‍ പോയത്?”

വിദ്യാര്‍ത്ഥികള്‍ക്ക് അപ്പോള്‍ മാത്രമാണ് തങ്ങളുടെ അമളി മനസ്സിലായത്. മറ്റു കുട്ടികള്‍ കരഘോഷം മുഴക്കി.

സാര്‍ വീണ്ടും തുടര്‍ന്നു-

“ഞാന്‍ ഇവിടെ ഈ ആശയം ഒന്നുകൂടി വ്യക്തമാക്കാം. വെറുതെ മറ്റുള്ളവരുമായി മത്സരിച്ചു നിങ്ങളുടെ വിലപ്പെട്ട സമയവും മനസ്സമാധാനവും കളയരുത്. മറ്റുള്ളവരെ വെറുക്കുന്ന മത്സരം അരുത്. ഒരു പരീക്ഷയില്‍ നിങ്ങളുടെ സ്വന്തം കഴിവിനോടും കഴിവുകേടിനോടും പൊരുതി ഏറ്റവും നല്ല മാര്‍ക്ക്‌ വാങ്ങാനായി ശ്രമിക്കണം. അപ്പോള്‍, വിജയം നിങ്ങളുടെ കൂടെ നില്‍ക്കും.

യഥാര്‍ഥത്തില്‍ നിങ്ങളുടെ മത്സരം നിങ്ങളോടു തന്നെ. അത്തരം, ആരോഗ്യകരമായ പഠിക്കാനുള്ള വീറും വാശിയും നല്ലതുതന്നെ.

എന്റെ അധ്യാപക ജീവിതത്തില്‍ വിദ്യാര്‍ത്ഥികളുടെ അനേകം തെറ്റായ പ്രവണതകള്‍ കാണാന്‍ സാധിച്ചിട്ടുണ്ട്- പരീക്ഷയുടെ ചോദ്യങ്ങള്‍ ചോര്‍ത്തുക, കോപ്പിയടിക്കുക, പഠിക്കുന്ന കുട്ടികളുടെ ബുക്കുകള്‍ പരീക്ഷക്കാലത്ത് നശിപ്പിക്കുക അല്ലെങ്കില്‍ മോഷ്ടിക്കുക, എതിരാളിയുടെ മനസ്സമാധാനം കളയാന്‍ വഴക്കും അപവാദവും ഉണ്ടാക്കുക, സംശയങ്ങള്‍ക്ക് ഉത്തരം പറഞ്ഞു കൊടുക്കാതിരിക്കുക, നല്ല റിസല്‍റ്റിനായി കൈക്കൂലിയും ശിപാര്‍ശയും നടത്തുക....

അങ്ങനെ, സഹപാഠികളെ ശത്രുക്കളായി കരുതുന്ന മത്സരബുദ്ധിയോടെ ആരും പെരുമാറരുത്. എല്ലാവര്‍ക്കും ജയിക്കാനുള്ള തുല്യ അവസരങ്ങളെ നിഷേധിക്കരുത്"

4. വേരുള്ള മരം 

മുപ്പതു വർഷത്തെ റെയിൽവേ ക്വാർട്ടേഴ്സിലെ തിരക്കുപിടിച്ച ജീവിതത്തിനു ശേഷം വൈശാഖനും കുടുംബവും നാട്ടിലേക്കു യാത്രയായി.

അതിനോടകംതന്നെ തറവാട്ടു വീതം കിട്ടിയ സ്ഥലത്ത് അറുപതു ലക്ഷം രൂപ ചെലവിട്ട് വീടും പൂർത്തിയാക്കി. മുറ്റമൊക്കെ പുതുമണ്ണിട്ട് ഉയർത്തുകയും ചെയ്തു. ചുറ്റുമുള്ള പഴയ മരങ്ങളൊക്കെ വീടിന്റെ നിർമാണ വേളയിൽ വെട്ടിക്കളഞ്ഞിരുന്നു.

ഒരു ദിവസം -

വൈശാഖനും അയൽവാസിയായ ഗോപിയും കൂടി അവരുടെ സുഹൃത്തിന്റെ മകളുടെ കല്യാണത്തിനു പോയി. സുഹൃത്തിന്റെ വീടിന്റെ മുറ്റത്ത്‌ നല്ലൊരു തണല്‍മരം നില്‍പ്പുണ്ടായിരുന്നത് അവര്‍ ശ്രദ്ധിച്ചു. വലിയ ഇലകളും ധാരാളം ശിഖരങ്ങളുമായി അധികം ഉയരാതെ പടര്‍ന്നു പന്തലിച്ച മരം. അതിന്‍റെ ചുവട്ടില്‍ പ്ലാസ്റ്റിക് കസേരയില്‍ ഇരുന്നു വര്‍ത്തമാനം പറയുന്നതിനിടയില്‍ ആ മരത്തേക്കുറിച്ചായി പിന്നെ സംസാരം.

അടുത്തുള്ള അഗ്രിക്കള്‍ച്ചറല്‍ നഴ്സറിയില്‍നിന്ന് വാങ്ങിയ വിദേശയിനമാണത്രേ. തിരിച്ചുപോകും വഴി അവിടെ നിന്നും രണ്ടു തൈ അവര്‍ വാങ്ങുകയും ചെയ്തു. വൈശാഖന്, നഗരങ്ങളിലെ ജീവിതം കൊണ്ട് കൃഷിയൊക്കെ ഒന്നും അറിയാൻ വയ്യാത്ത നിലയിലായിരുന്നു. അയാൾ തുടർച്ചയായി വെള്ളവും വളവും കൊടുത്തപ്പോൾ മരം തഴച്ചു വളർന്നു. അതേസമയം, അപ്പുറത്തെ മുറ്റത്ത് വടക്കു വശത്ത് ഗോപിയുടെ മരത്തിനു തന്റേതിന്റെ പകുതി പൊക്കമേയുള്ളൂ.

അതു കണ്ടപ്പോൾ വൈശാഖൻ സ്വയം പറഞ്ഞു -

"മരമേതായാലും, വെള്ളവും വളവും ചെന്ന് നമ്മുടെ ശ്രദ്ധ കിട്ടിയാലേ വളരൂ..."

കുറച്ചു വർഷങ്ങള്‍ അങ്ങനെ പിന്നിട്ടു. ഒരു ഒക്ടോബർ മാസത്തിലെ രാത്രിയില്‍ പതിവില്ലാത്ത വിധം കനത്ത കാറ്റു വീശി. മഴയും ഒപ്പമുണ്ടായിരുന്നു. എന്തോ വീഴുന്ന ശബ്ദം കേട്ട് വൈശാഖൻ മുറ്റത്തേക്കു ടോർച്ചടിച്ചു -

താൻ താലോലിച്ചു വളർത്തിയ മരം കടപുഴകി വീണിരിക്കുന്നു!

ശക്തമായ ഇടിമിന്നലും ഉണ്ടായിരുന്നതിനാൽ വെളിയിലേക്ക് ഇറങ്ങി നോക്കാൻ ഭാര്യ സമ്മതിച്ചില്ല. പിറ്റേന്ന്, രാവിലെ വൈശാഖൻ എണീറ്റയുടനെ, മരത്തിന്റെ പതനം നോക്കി അതിനു ചുറ്റും നടന്നു. നല്ലൊരു തുക വളത്തിനും ചെലവാക്കിയതു മാത്രമല്ല, മഴക്കാലമൊഴികെ, ഏതു നേരവും വെള്ളവും കൊടുത്ത് ഏറെ സമയം കളഞ്ഞതാണല്ലോ.

അതേസമയം, അയാൾ ഗോപിയുടെ മുറ്റത്തേക്ക് എത്തി നോക്കി. ശക്തമായ കാറ്റിനു മുന്നിലും അവന്റെ മരത്തിന് യാതൊരു കുലുക്കവുമില്ല!

അപ്പോള്‍, ഗോപി അടുത്ത കടയിൽ നിന്ന് മിൽമ പാലും വാങ്ങി വരവേ, വൈശാഖനെ കണ്ടു.

"എന്നാലും, എന്റെ ഗോപീ... ഇത്രേം കരുത്തോടെ വളർന്ന മരം ഇങ്ങനെ ചതിക്കുമെന്ന് ഞാൻ സ്വപ്നത്തിൽപോലും വിചാരിച്ചില്ല. മുറ്റത്തൊരു തണലായ്ക്കോട്ടെ എന്നു കരുതി നല്ലപോലെ വളം ചെയ്തതാണ്!"

അപ്പോൾ ഗോപി ചെറിയൊരു ചിരിയോടെ പറഞ്ഞു:

"വൈശാഖാ, താൻ അമിതമായി വളവും വെള്ളവും കൊടുത്തതുതന്നെയാണ് പ്രശ്നമായത്. കാര്യമെന്താ? സ്വാഭാവികമായി അതിന്റെ വേര് വെള്ളവും വളവും തപ്പി ആഴത്തിലേക്കു പോയില്ല. അതുകൊണ്ട് മണ്ണില്‍ പിടുത്തമില്ലാതെ വന്നതിനാല്‍ കാറ്റിനെ തടുക്കാനും പറ്റിയില്ല”

ആശയത്തിലേക്ക്..

കഥയിൽ സൂചിപ്പിച്ചപോലെ മനുഷ്യജീവിതത്തിൽ നേരിടേണ്ട പ്രതിസന്ധി ഘട്ടങ്ങളിൽ പതറാതെ മുന്നോട്ടുപോകണമെങ്കിൽ അനുഭവങ്ങളുടെയും തിരിച്ചടികളുടെയും പ്രതികൂല കാലാവസ്ഥയിലൂടെ ഒരാൾ പോകുകയോ, അല്ലെങ്കിൽ അത്തരം ആനുകാലിക സംഭവങ്ങൾ അറിഞ്ഞിരിക്കുകയോ വേണം.

അത് പലപ്പോഴായി കുട്ടിക്കാലത്തുതന്നെ ആര്‍ജ്ജിച്ചു തുടങ്ങുന്ന അതിജീവനകലയാകുന്നു! എന്നാൽ, ഇപ്പോഴത്തെ ചില കുട്ടികളെ മാതാപിതാക്കൾ വളർത്തുന്നത് എങ്ങനെയെന്ന് നോക്കുക.

കുട്ടികൾ എന്തു കാര്യം ആവശ്യപ്പെട്ടാലും അന്നു തന്നെ വാങ്ങിക്കൊടുത്ത് പണത്തിന്റെ മൂല്യമോ അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടുകളോ കുട്ടികളെ അറിയിക്കാറുമില്ല.

ഇങ്ങനെ, പഠനം മാത്രം മതിയെന്നും ക്ലാസിലെ റാങ്ക് മാത്രം ലക്ഷ്യമാക്കി ചില വീടുകളില്‍ പാഠപുസ്തകങ്ങള്‍ മാത്രമല്ലാതെ പത്രംപോലും വായിക്കാന്‍ സമ്മതിക്കാറില്ല. ഇങ്ങനെ, കുട്ടികളെ പഠിപ്പിക്കുമ്പോൾ ചെറിയൊരു തിരിച്ചടി പോലും താങ്ങാതെ പതറും. അത്, പലതരം ശാരീരിക മാനസിക വൈകല്യങ്ങളിലേക്കും ദുശ്ശീലങ്ങളിലേക്കും ലഹരികളിലേക്കും അവരെ നയിച്ചേക്കാനും ഇടയുണ്ട്.

വിഷാദരോഗവും പഠന വൈകല്യവും വന്നേക്കാം. നിസാര പരാജയങ്ങൾക്കും തിരിച്ചടികള്‍ക്കും മോഹഭംഗങ്ങള്‍ക്കും മറ്റും ആത്മഹത്യ ചെയ്യുന്ന കുട്ടികളും അനേകമാണ്. ആയതിനാൽ, കുട്ടികളുടെ വിദ്യാഭ്യാസ കാലത്ത്, പരാജയങ്ങളുടെയും ചതികളുടെയും നന്ദികേടിന്റെയും തിരിച്ചടികളുടെയും ഇല്ലായ്മകളുടെയും ചുറ്റുപാടുകളും കഥകളും അറിയുന്നതുവഴിയായി അവർ ആഴത്തിൽ വേരോടി ഏതു കൊടുങ്കാറ്റിലും പിടിച്ചുനില്‍ക്കട്ടെ.

So, there is no short cut method for the solution- 'How to be a good parent?' 

Comments