ആത്മഹത്യ തടയാനുള്ള വഴികൾ

How to avoid suicide tendency? 

A simple story from my digital Malayalam E books that can help you from such situations.


സിൽബാരിപുരംദേശത്ത് ക്ഷേത്രത്തില്‍ ഉൽസവം നടക്കുകയാണ്. അതിൽ പങ്കെടുക്കാൻ പത്തു പേർ അടങ്ങുന്ന ഒരു സംഘം കോസലപുരംദേശത്തുനിന്നും യാത്ര തിരിച്ചു.

അവർക്കെല്ലാം പൊതുവായി ഒരു പ്രശ്നമുണ്ടായിരുന്നു-ശാരീരിക വൈകല്യങ്ങൾ!

എല്ലാവർക്കും ഏതെങ്കിലും തരത്തിൽ കുഴപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവർ തമ്മിൽ യാതൊരു മത്സരവും പിണക്കവുമില്ലാതെ ഭക്തിയോടെ യാത്ര തുടങ്ങി.

ആ സമയത്ത്, കോസലപുരംദേശം വാണിരുന്ന നാട്ടുരാജാവായ പുലികേശന്‍ അന്ധവിശ്വാസിയും ക്രൂരനുമായിരുന്നു. രാജപാതയിലൂടെ അയാള്‍ യാത്ര ചെയ്യുമ്പോള്‍ അംഗവൈകല്യമുള്ളവരെ കണ്ടാല്‍ ദുശ്ശകുനമാണ് എന്നു വിധിച്ച് ചാട്ടവാറുകൊണ്ട് മതിവരുവോളം അടിക്കുമായിരുന്നു!

അതിനാല്‍, യാത്രാസംഘം കാട്ടുപ്രദേശത്തിലൂടെ ദൂരക്കുറവുള്ള എളുപ്പവഴി തെരഞ്ഞെടുത്തു. നടക്കുമ്പോള്‍ ക്ലേശമുള്ളതിനാല്‍ ഭക്ഷണപ്പൊതികള്‍ ലാഭിക്കാനായി രാത്രിയിലും നടക്കാമെന്നു കരുതി. അങ്ങനെ, പന്തം കത്തിച്ചു പിടിച്ച് നടന്നു പോകവേ, അത് കയ്യില്‍നിന്നും വഴുതി ചതുപ്പിലേക്ക് വീണ് തീയണഞ്ഞു. അവർ പേടിച്ചു വിറച്ചു!

അപ്പോൾ അന്ധനായ ഒരുവൻ പറഞ്ഞു-

"നിങ്ങളെല്ലാം എന്റെ പിറകെ പിടിച്ചു നടന്നുകൊള്ളുക. എനിക്ക് പകലും രാത്രിയും ഒരു പോലെയാണ്. എപ്പോഴും ഇരുട്ടാകയാൽ കഴിഞ്ഞ മുപ്പതു വർഷം വടി കുത്തി നോക്കി മുന്നോട്ടു നടന്ന് പരിചയമുണ്ട് "

അവർ കുറെ ദൂരം അങ്ങനെ മുന്നോട്ടു പോയി മലയടിവാരത്തിൽ വിശ്രമിച്ചു. നേരം വെളുത്ത് നടന്നു തുടങ്ങി. ഉച്ചയായപ്പോൾ ആ പ്രദേശത്ത് എങ്ങനെയോ കാട്ടുതീ പടർന്നു!

"നമുക്ക് ഓടി രക്ഷപ്പെടാം"

അപ്പോൾ മറ്റൊരുവൻ-

"നമ്മെ രക്ഷിച്ച കാഴ്ചയില്ലാത്ത സുഹൃത്ത് എന്തുചെയ്യും?"

"ഞാൻ അയാളെ എടുത്തു കൊള്ളാം''

അവർ കുറച്ചു ദൂരം ഒരു വിധം ഓടി രക്ഷപ്പെട്ടു. വെപ്രാളം പിടിച്ചുള്ള ഓട്ടത്തിനിടയിൽ അവർക്കു ദിശ തെറ്റി. മലദൈവത്തിന് നരബലി കൊടുക്കുന്ന ക്രൂരന്മായ കാട്ടുവാസികളുടെ മുന്നിൽ അവർ ചെന്നുപെട്ടു!

കാട്ടുമൂപ്പൻ പത്തുപേരെയും അടിമുടി നോക്കിയിട്ട് പറഞ്ഞു-

"വൈകല്യമുള്ളവരെ ബലി കൊടുത്താൽ മലദൈവം കോപിക്കും. ഇവരെ വിട്ടേക്ക്! "

മരണത്തിന്റെ വക്കിൽനിന്നും ഭാഗ്യത്തിനു രക്ഷപ്പെട്ട സംഘം ധൃതിയിൽ നടക്കുന്നതിനിടയിൽ പറഞ്ഞു -

"ഭഗവാന്റെ കൃപ! നമ്മളിൽ കുറവില്ലാതെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ കുന്തത്തിൽ കോര്‍ത്തു തിളച്ച എണ്ണയിൽ വറുത്തെടുത്തേനെ!"

നടന്നുനടന്ന്, സന്ധ്യ മയങ്ങിയപ്പോൾ അവർക്കു വല്ലാതെ ദാഹിച്ചു. താഴെയായി ഒരു ഗുഹ അവരുടെ കണ്ണിൽപ്പെട്ടു. ഈ തീർഥാടക സംഘത്തിന്റെ മുന്നിൽ നടന്നത് ശരീരം മുഴുവനും വെളുപ്പുദീനം വന്ന മനുഷ്യനായിരുന്നു. അവിടെങ്ങാനും വെള്ളമൊഴുകി വരുന്നുണ്ടോയെന്ന് നോക്കാനായി വിട്ടത് അവനെയായിരുന്നു.

അന്നേരം, ഗുഹയിൽ രണ്ടു കള്ളന്മാർ മോഷണമുതലുമായി ഒളിച്ചിരിക്കുകയായിരുന്നു. കള്ളന്മാർ അവനെ കണ്ടതും -

"അയ്യോ! പ്രേതം! ഓടിക്കോടാ...."

അമ്പലങ്ങളിലെ ഭണ്ഡാരം കവർച്ച ചെയ്യുന്ന കള്ളന്മാർ അകലെയുള്ള മല ഓടിക്കയറുന്നതു കണ്ടപ്പോൾ സംഘമാകെ പൊട്ടിച്ചിരിച്ചു.

അപ്പോൾ, വെള്ളപ്പാണ്ടുള്ള ആൾ പറഞ്ഞു -

"എനിക്ക് ഇങ്ങനെയും ഒരു ഗുണമുണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്"

പിന്നെയും കുറെ ദൂരം കഴിഞ്ഞപ്പോൾ അങ്ങകലെ സില്‍ബാരിപുരംനാടും ക്ഷേത്രവും കാണാനായി. പക്ഷേ, ഒരു നദിയുടെ അക്കരെ കടക്കണമായിരുന്നു. ശക്തമായ കാറ്റു വീശുന്ന പ്രദേശമാകയാൽ ഒരു പായ്-വഞ്ചി കടവിലുണ്ടായിരുന്നെങ്കിലും കടത്തുകാരനില്ല. അപ്പോഴും കാറ്റടിക്കുന്നതിനാല്‍ അവർ ആശങ്കയിലായി.

അപ്പോൾ മുടന്തനായ ഒരുവൻ പറഞ്ഞു -

"ഞാൻ പുണ്യനദീതീരത്തുള്ള അമ്പലങ്ങളിൽ ഭിക്ഷ യാചിക്കാനായിട്ട് ഇത്തരം പായ്-വഞ്ചിയിൽ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. അതുകൊണ്ട് എനിക്കിത് നിയന്ത്രിച്ചു മുന്നോട്ടു പോകാനാകും"

അവർ സുരക്ഷിതമായി അക്കരെയെത്തി. ക്ഷേത്ര ദർശനവും വഴിപാടുകളും കഴിഞ്ഞ് ആൽത്തറയിൽ സന്തോഷത്തോടെ ഇരിക്കുമ്പോൾ ഒരു മനുഷ്യൻ അവിടെ മുഖം കുനിച്ച് വിഷമിച്ചിരിക്കുന്നുണ്ടായിരുന്നു.

അവർ വിവരം തിരക്കിയപ്പോൾ -

"എന്റെ കച്ചവടത്തിൽ നഷ്ടം വന്ന് എല്ലാം പോയി! എനിക്കിനി നദിയില്‍ ചാടി ചത്താൽ മതി!"

അപ്പോൾ, എല്ലാവരും കൂടി ആർത്തു ചിരിച്ചു-

"ദേ...ഞങ്ങളെ നോക്ക്. അങ്ങനെയെങ്കിൽ ഞങ്ങളെല്ലാം പണ്ടേ ചാകേണ്ടവരായിരുന്നു. പിറന്നു വീണതേ എന്തെങ്കിലുമൊക്കെ കുഴപ്പവുമായിട്ടാണ്! ഈ ക്ഷേത്രത്തിൽ എത്തിപ്പെടാൻതന്നെ വല്ലാതെ വിഷമിച്ചു!

താങ്കൾക്ക് കച്ചവടം നഷ്ടം വരുന്നതുവരെയെങ്കിലും എല്ലാം ഉണ്ടായിരുന്നു! ഞങ്ങളുടെ കുറവുകള്‍ മരിക്കുന്നിടം വരെ കാണും! "

അവർ തങ്ങൾ യാത്രയിൽ അനുഭവിച്ച പ്രതിസന്ധികളും അവയെല്ലാം അതിജീവിച്ച ഭഗവാന്റെ അനുഗ്രഹങ്ങളും വിശദമായി കച്ചവടക്കാരനോടു പറഞ്ഞു. കച്ചവടക്കാരൻ തന്റെ മണ്ടത്തരമോർത്ത് ലജ്ജിച്ചു തലതാഴ്ത്തി പ്രത്യാശയുള്ള ജീവിതത്തിലേക്ക് നടന്നു നീങ്ങി.

ആശയം-

ഇന്ത്യയിൽ ഏറ്റവും അധികം ആത്മഹത്യ ചെയ്യുന്ന നാടായി നമ്മുടെ കൊച്ചു കേരളം മാറിയിരിക്കുന്നു!

എറ്റവും കൂടുതൽ മാനസിക രോഗങ്ങൾക്കുള്ള മരുന്നു കഴിക്കുന്ന സംസ്ഥാനവും കേരളം തന്നെ!

ഈ കഥയിൽ സൂചിപ്പിച്ച പോലെ, പെട്ടെന്നുള്ള തിരിച്ചടികള്‍ നേരിടാൻ കഴിയാതെ സ്വജീവൻ നശിപ്പിക്കാൻ ശ്രമിക്കുന്നവർ ചിന്തിക്കുക -

ഈ ഭൂഗോളത്തിൽ, ഒരു ജീവിതകാലം മുഴുവനും -

അടിമപ്പണി ചെയ്യുന്നവരുണ്ട്!

യുദ്ധക്കെടുതി അനുഭവിക്കുന്നവരുണ്ട്!

തളർന്നു കിടക്കുന്നവരുണ്ട് !

അനാഥമായ ജന്മങ്ങളുണ്ട്!

ചേരിയിൽ കിടക്കുന്നവരുണ്ട്!

പ്രകൃതിക്ഷോഭങ്ങൾക്ക് ഇരയാകുന്നവരുണ്ട്!

പീഢനം ഏൽക്കുന്നവരുണ്ട്!

സ്നേഹം കിട്ടാത്തവരുണ്ട്!

പട്ടിണി രാജ്യങ്ങളിൽ കഴിയുന്നവരുണ്ട്!

ഇങ്ങനെ നോക്കുമ്പോൾ ദൈവം എത്ര ഭംഗിയായി കരുതലോടെ താങ്കളെ ഇത്രയും വഴിനടത്തിയില്ലേ?

അന്ധയും ബധിരയും മൂകയുമായ ഹെലൻ കെല്ലർ ചെറുപ്പകാലത്ത് ആത്മഹത്യയേപ്പറ്റി ആലോചിച്ചിരുന്നു. പക്ഷേ, ദൈവ വിശ്വാസത്താൽ നിരാശ മറികടന്ന് ജീവിത വിജയം നേടി!

മോട്ടോർ ന്യൂറോൺ രോഗം പിടിപെട്ട സ്റ്റീഫൻ ഹോക്കിങ്ങ് ഒരിക്കൽ ആത്മഹത്യക്ക് തീരുമാനിച്ചെങ്കിലും അടങ്ങാത്ത ശാസ്ത്രകൗതുകം മൂലം മറികടന്നു !

സുഹൃത്തേ, ഹിമാലയപര്‍വതം പോലെ തോന്നുന്ന താങ്കളുടെ പ്രശ്നം ചെറുതും നിസ്സാരവും പരിഹാരമുള്ളതുമായ ഒന്നായിരിക്കും! വെറും മാങ്ങാത്തൊലി!

നിരാശപ്പെടാതെ, വഴിമാറിപ്പോകുക!

ചിലപ്പോള്‍, ജീവിതത്തില്‍ യു-ടേണ്‍ എടുക്കാനുള്ള നിമിത്തമോ ദൈവ നിയോഗമോ ആകാമല്ലോ!

ഒരു ഡാമില്‍ വെള്ളം കെട്ടി നിര്‍ത്തിയതുപോലെ മനസ്സിനുള്ളില്‍ ടെന്‍ഷന്‍ സംഭരിക്കാതെ അതിന്റെ ഷട്ടര്‍ ഉയര്‍ത്തുക. ആ പ്രളയത്തില്‍ എല്ലാം ഒലിച്ചുപോയി കടലില്‍ ചെന്നടിയട്ടെ!

Comments

MOST VIEWED POSTS

Best 10 Malayalam Motivational stories

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം

പഞ്ചതന്ത്രം കഥകള്‍ -1

Opposite words in Malayalam

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam