5 good online Malayalam moral stories!

5 good moral stories from my Malayalam eBooks is now available for online reading.
1. കള്ളന്റെ സത്യം
സില്‍ബാരിപുരംദേശത്തിലെ വീരമണിഗുരുജിയുടെ ആശ്രമത്തിലേക്ക് കിട്ടുണ്ണി നടന്നടുത്തു. സ്വന്തം തൊഴിലും സ്വഭാവരീതികളും മൂലം, മാനസികസമ്മര്‍ദം നേരിടുന്നതിനാല്‍ ഒരു പരിഹാരമെന്ന നിലയ്ക്ക് ഗുരുജിയെ സമീപിച്ചു. തന്നെ ശിഷ്യനായി സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. പക്ഷേ, തൊഴില്‍ തിരക്കിയപ്പോള്‍ ഗുരുജി ഞെട്ടി!
മോഷണം!

മാത്രമോ? മദ്യപിച്ചു വഴക്ക്, അസൂയ, കള്ളം, ദുര്‍ന്നടപ്പ്, അമിതാഹാരം...എന്നിങ്ങനെ അനേകം ദുശ്ശീലങ്ങളും പേറുന്നവന്‍!
ഗുരുജി അല്‍പനേരം ആലോചിച്ചു. അപ്പോള്‍, അദ്ദേഹത്തിന് ഓര്‍മ വന്നത് കാശിയിലെ ഗംഗാസ്നാനത്തേപ്പറ്റിയായിരുന്നു. സാധാരണയായി അവിടെ കുളിച്ചു കഴിയുമ്പോള്‍ ഏതെങ്കിലും ഒരു ദുശ്ശീലം ഉപേക്ഷിക്കാന്‍ പറയാറുണ്ട്. മനുഷ്യന്‍ ദുര്‍ബലന്‍ ആകയാല്‍ സൂത്രത്തില്‍ ലളിതമായത് കളയുകയാണ് പതിവ്. വിലകൂടിയ വസ്ത്രം വേണ്ട, മുട്ട കഴിക്കില്ല, മുഖം ക്ഷൗരം ചെയ്യില്ല, മുടി വെട്ടില്ല, ശത്രുവിനോടു മിണ്ടുക, നഖം വെട്ടില്ല...അങ്ങനെ എന്തെങ്കിലുമൊക്കെ.

അപ്പോള്‍ ഗുരുജി പറഞ്ഞു:
“ശരി, ഞാന്‍ നിന്നെ ശിഷ്യനായി സമ്മതിച്ചിരിക്കുന്നു. പക്ഷേ, ഒരു വ്യവസ്ഥയുണ്ട്- നിന്റെ ദുശീലങ്ങളില്‍ ഞാന്‍ പറയുന്ന ഒന്ന് കളയണം. അതായത്, ഇനിമേലില്‍ കള്ളം പറയാന്‍ പാടില്ല"
“എനിക്കു സന്തോഷമായി ഗുരുജീ...ഇന്നു മുതല്‍ കള്ളം പറയുന്ന ദുശ്ശീലം ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. ഞാന്‍ മാസത്തില്‍ ഒരിക്കല്‍ അങ്ങയെ വന്നു കണ്ടുകൊള്ളാം"

ആ നാട്ടിലെ കുഗ്രാമത്തില്‍ കിട്ടുണ്ണി ഒളിച്ചു കഴിഞ്ഞു. ഒരു ദിവസം, കിട്ടുണ്ണിക്ക് കൊട്ടാരത്തിലെ ഖജനാവ് കൊള്ളയടിച്ചു നാടുവിടാന്‍ അത്യാഗ്രഹമായി! അന്നു രാത്രി അവിടേയ്ക്കു നടന്നു.
പാതിരാത്രിയായിട്ടും മീനമാസത്തിലെ അസഹ്യമായ ചൂടു കാരണം ഉറക്കം വരാഞ്ഞതിനാല്‍ രാജവേഷങ്ങളെല്ലാം മാറ്റി അല്പവസ്ത്രധാരിയായ രാജാവ് കൊട്ടാരത്തിന്റെ മുകള്‍നിലയില്‍ ഉലാത്തുകയായിരുന്നു. താഴേയ്ക്ക് നോക്കിയപ്പോള്‍ കിട്ടുണ്ണി കൊട്ടാരത്തില്‍ വലിഞ്ഞുകയറി ഖജനാവ് ലക്ഷ്യമാക്കി നീങ്ങുന്നത് രാജാവ് കണ്ടു. കള്ളനെ ഒന്നു പറ്റിച്ചുകളയാമെന്നു രാജാവ്‌ തീരുമാനിച്ചു.

മങ്ങിയ വെളിച്ചത്തില്‍, രാജാവ് മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മറ്റൊരു കള്ളനെന്നു കരുതി കിട്ടുണ്ണി ഞെട്ടിയില്ല. പകരം, ഒരു വ്യവസ്ഥ മുന്നോട്ടു വച്ചു-
“നമ്മള്‍ രണ്ടുപേരുടെയും ലക്‌ഷ്യം ഒന്നുതന്നെ. അതുകൊണ്ട്, കിട്ടുന്നതിന്റെ നേര്‍പാതി നിനക്ക്"
രാജാവ് ഖജനാവിന്റെ താക്കോല്‍ കിട്ടുണ്ണിയ്ക്കു കൊടുത്തു. അവര്‍ നിലവറ തുറന്നപ്പോള്‍ അതിനുള്ളില്‍ അഞ്ചു രത്നക്കല്ലുകള്‍ ഉണ്ടായിരുന്നു.
കിട്ടുണ്ണി പറഞ്ഞു:
“ദാ, രണ്ടെണ്ണം നിനക്ക്. ഞാനും രണ്ടെണ്ണം എടുത്തു. ഒരെണ്ണം മിച്ചമുണ്ട്. പക്ഷേ, അത് തുല്യമായി മുറിക്കാന്‍ പറ്റാത്തതിനാല്‍ ഇവിടെ വച്ചേക്കാം"

കൊട്ടാരത്തില്‍നിന്നും ചാടുന്നതിനു മുന്‍പ്, രാജാവ് കള്ളനോട് ചോദിച്ചു-
“നീ എവിടെയാണ് ഇത് വില്‍ക്കുന്നത്? എവിടെ ഒളിച്ചിരിക്കും?”
കിട്ടുണ്ണി ഒരു നിമിഷം ആലോചിച്ചു- കള്ളന്മാര്‍ ഒരിക്കലും സ്വന്തം സ്ഥലമോ വില്‍ക്കുന്ന ഇടമോ പറയാറില്ല. പക്ഷേ, താന്‍ ഗുരുജിക്കു കൊടുത്ത വാക്ക് തെറ്റിക്കാന്‍ പാടില്ല!

അവന്‍ സത്യം പറഞ്ഞു-
“ഞാന്‍ ഇതു വില്‍ക്കാനായി കോസലപുരത്തേക്ക് ഒരാഴ്ച കഴിഞ്ഞേ പോകൂ. കാരണം, നാളെ രാവിലെ മുതല്‍, കുറച്ചു ദിവസത്തേക്ക് ഭടന്മാര്‍ നാടാകെ അരിച്ചുപെറുക്കി യാത്ര പോകുന്നവരെ പരിശോധിക്കും. അതുവരെ വീരമണിഗുരുജിയുടെ ആശ്രമത്തില്‍ സുരക്ഷിതമായി താമസിക്കും"
അടുത്ത ദിവസം രാവിലെ, പതിവു പരിശോധന വേളയില്‍ നിലവറയിലെ രത്നങ്ങള്‍ മോഷണം പോയതു കണ്ട് മന്ത്രി ഞെട്ടി! പക്ഷേ, ഒരെണ്ണം അവിടെ ഇരിക്കുന്നതു കണ്ടപ്പോള്‍ പെട്ടെന്നു അതെടുത്ത് കീശയില്‍ തിരുകി!

ഉടന്‍, മന്ത്രി വിളിച്ചുകൂവി-
“അയ്യോ! എല്ലാവരും ഓടി വരണേ...നമ്മുടെ രത്നങ്ങളെല്ലാം കള്ളന്മാര്‍ കൊണ്ടുപോയേ...”
രാജാവ് നിലവറയില്‍ നോക്കിയപ്പോള്‍ മിച്ചമുണ്ടായിരുന്ന ഒരു രത്നം കാണാനില്ല. മന്ത്രിയുടെ കയ്യില്‍ ഉണ്ടാവുമെന്ന് ഊഹിച്ചു. പക്ഷേ, അറിഞ്ഞതായി ഭാവിച്ചില്ല.

രാജാവ് കല്‍പ്പിച്ചു-
“ഇപ്പോള്‍ കൊട്ടാരത്തിലുള്ള എല്ലാവരും രാജസദസ്സില്‍ കാത്തിരിക്കുക. ഉടന്‍ കള്ളനെ ഇവിടെ എത്തിക്കുന്നതായിരിക്കും"
രാജാവ്, ഉടന്‍തന്നെ വീരമണിയുടെ ആശ്രമത്തിലേക്ക് ഭടന്മാരെ അയച്ചു. കിട്ടുണ്ണിയെ രണ്ടു രത്നങ്ങള്‍ സഹിതം പിടികൂടി.

അപ്പോള്‍, കിട്ടുണ്ണി ദയനീയമായി ഗുരുജിയുടെ നേര്‍ക്ക് നോക്കി-
“ഗുരുജീ, അങ്ങ്, കള്ളം പറയരുതെന്ന് പറഞ്ഞതിനാല്‍ മറ്റൊരു കള്ളനോടു ഞാന്‍ ആദ്യമായി സത്യം പറഞ്ഞു. അതിന്റെ ശിക്ഷയാണിത്"
ഗുരുജി ഒന്നു പുഞ്ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.
രാജസദസ്സിനു മുന്‍പാകെ കിട്ടുണ്ണിയെ ഹാജരാക്കി.
അവന്‍ കുറ്റം സമ്മതിച്ചുകൊണ്ട് നിലവിളിച്ചു-
“അങ്ങുന്നെ, അടിയന്‍ അഞ്ചു രത്നങ്ങളില്‍ രണ്ട്‌ എടുത്തു. രണ്ടെണ്ണം വേറൊരു കള്ളനുമായി പങ്കിട്ടു. ഒരെണ്ണം അവിടെ കാണും"

അപ്പോള്‍ രാജാവ് രാത്രിയില്‍ നടന്ന സംഭവങ്ങള്‍ സദസ്യരോട് വെളിപ്പെടുത്തി:
"രണ്ട്‌ രത്നങ്ങള്‍ എനിക്കു കിട്ടിയിട്ടുണ്ട്. നിന്റെ കൈവശമുള്ള രണ്ടെണ്ണം കൂടി കിട്ടി. എങ്കിലും ഒരെണ്ണം എവിടെ? മന്ത്രിയെ പരിശോധിക്കുക!”
മന്ത്രിയുടെ കീശയില്‍ നിന്നും ഒരെണ്ണം കിട്ടിയപ്പോള്‍ സദസ്സാകെ അമ്പരന്നു!

രാജാവ് തുടര്‍ന്നു-
“സാധാരണ കള്ളന്മാര്‍ തുല്യമായി കള്ളമുതല്‍ വീതം വയ്ക്കാറില്ല. എങ്ങനെയും രത്നങ്ങള്‍ അഞ്ചും കരസ്ഥമാക്കാന്‍ പരസ്പരം അപായപ്പെടുത്താന്‍ ശ്രമിക്കും. ഒളിസങ്കേതംവരെ സത്യസന്ധമായി പറഞ്ഞ ഈ കള്ളനു ആയിരം സ്വര്‍ണ നാണയങ്ങള്‍ കൊടുക്കാന്‍ നാം കല്‍പ്പിക്കുന്നു! അതേസമയം, കൊട്ടാരത്തിലെ ഉന്നത വിദ്യാഭ്യാസവും വരുമാനവുമുള്ള മന്ത്രി മോഷ്ടിച്ചത് ഗുരുതര തെറ്റാണ്. ആയതിനാല്‍ ആയിരം ദിവസങ്ങള്‍ അയാള്‍ തടവറയില്‍ കിടക്കട്ടെ!”

സന്തോഷത്തോടെ കള്ളന്‍കിട്ടുണ്ണി ആശ്രമത്തിലെത്തി ഗുരുജിയുടെ പാദങ്ങളില്‍ നമസ്കരിച്ചുകൊണ്ട് പറഞ്ഞു-
“അങ്ങയുടെ നിര്‍ദേശപ്രകാരം ഒരു തെറ്റ് ഉപേക്ഷിച്ചപ്പോള്‍ ഇത്രയും സൗഭാഗ്യം വന്നെങ്കില്‍ എന്റെ ദുശീലങ്ങള്‍ എല്ലാം ഉപേക്ഷിച്ചാല്‍ എന്തായിരിക്കും അവസ്ഥ?”
അയാള്‍ ഓരോ മാസവും ഗുരുജിയെ കണ്ട് ഓരോ തെറ്റ് വീതം കളഞ്ഞുതുടങ്ങി!

ആശയം -
മറ്റുള്ളവര്‍ക്ക് അറിയാന്‍ വയ്യാത്തതും സ്വയം അറിയാത്തതുമായ അനേകം ദുശ്ശീലങ്ങള്‍ പേറി മനുഷ്യര്‍ ജീവിക്കുന്നു. ആദ്യത്തെ മാസത്തില്‍ ഒരു ചെറിയ തെറ്റ്/ദുശ്ശീലം കളയുക. അടുത്ത മാസം വേറൊന്ന്! ഏവരുടെയും ജീവിതങ്ങള്‍ കൂടുതല്‍ ഉല്‍കൃഷ്ടമാകട്ടെ!

2. ലെഫ്റ്റും റൈറ്റും
പ്രകാശും ഭാര്യയും മോനും കൂടി പത്തനംതിട്ട ജില്ലയിലൂടെ കാറിൽ പോകുന്ന നേരം. ഒരു കല്യാണത്തിൽ പങ്കെടുക്കുകയാണ് ലക്ഷ്യം. അവർ ആ വഴിയെ പോകുന്നത് ആദ്യമാണ്. അവർ ഒരു ജംഗ്ഷനിൽ എത്തിയപ്പോൾ രണ്ടു മൂന്നു പേർ വർത്തമാനം പറഞ്ഞു കൊണ്ടു നിൽക്കുന്നതു കണ്ടു.

പ്രകാശ് കാർ സ്ലോ ചെയ്ത് പോകേണ്ട വഴി ചോദിച്ചു -
"ഇവിടുന്നു നേരേ ലെഫ്റ്റ് ..."
വീണ്ടും പ്രകാശ് ആക്സിലേറ്ററിൽ കാലമർത്തി. പ്രകാശ് ആ വഴിയിലൂടെ കുറെ ദൂരം പോയപ്പോൾ ഒരു സംശയം. വീണ്ടും ഒരാളോടു ചോദിച്ചു-
"നിങ്ങൾ പത്തു കിലോമീറ്ററെങ്കിലും മുന്നോട്ടു പോന്നിരിക്കുന്നു. അടുത്ത ടൗൺ കഴിഞ്ഞ് കുരിശുംതൊട്ടി കഴിഞ്ഞ് ഇടത്തോട്ടു തിരിയണം"
പ്രകാശ് കാർ തിരിച്ചു. അപ്പോഴാണ് ഓർത്തത് ആദ്യം വഴി പറഞ്ഞവൻ വഴി തെറ്റിച്ചു പറഞ്ഞതാണ് കുഴപ്പമായത് എന്ന്.

"എടീ, രമ്യേ, അവൻ വഴി തെറ്റിച്ചതാ പ്രശ്നമായത്. മലയാളിക്ക് മാത്രമേ ഈ സൂക്കേട് ഉള്ളൂ. കാറുള്ളവനെ കാണുമ്പോൾ വിഷമം കയറുന്നതാ"
അയാൾ സ്പീഡ് കൂട്ടി. നേരത്തേ വഴി പറഞ്ഞു തന്നവർ അവിടെ നിന്നു വർത്തമാനം പറയുന്നുണ്ടായിരുന്നു! പ്രകാശ് കാർ അവരുടെ അടുക്കലേക്ക് ചേർത്തു നിർത്തി-
" എടോ, താൻ ലെഫ്റ്റ് പറഞ്ഞ വഴിയിലൂടെ ഞങ്ങൾ കുറെ ദൂരം പോയി. വഴി തെറ്റിച്ചു പറഞ്ഞിട്ട് നിങ്ങൾക്കെന്തു കിട്ടാനാണ്? മേലിൽ ഇങ്ങനെ ആരെയും ഉപദ്രവിക്കരുത് "

അവർ അതു കേട്ട് പൊട്ടിച്ചിരിച്ചു!
"ഞാൻ കറക്റ്റ് വഴി തന്നെയാണ് പറഞ്ഞത്. ഇയാള് ധൃതി പിടിച്ച് മുഴുവൻ കേൾക്കാതെ കാലു കൊടുത്ത് പോയതിന് ഞങ്ങളെന്തു പിഴച്ചു.
ഞാൻ ഇവിടെ ലെഫ്റ്റ് എടുത്ത് അടുത്ത വളവിൽ റൈറ്റിലേക്കുള്ള വഴിയിൽ കയറണം എന്നാണു പറഞ്ഞത് "

ആശയം -
ആളുകൾ എങ്ങോട്ടൊക്കയോ ധൃതിയിൽ വെപ്രാളപ്പെട്ട് പരവേശത്തോടെ ഓടിക്കൊണ്ടിരിക്കുന്നു. ജീവിതത്തിലെ ശരിയായ മാർഗനിർദേശങ്ങൾ പാതി ഗ്രഹിച്ചിട്ട് സ്വന്തം മനസ്സമാധാനം കെടുത്താനും ഇതൊക്കെ കാരണമാകും.

3. മതില്‍ചാട്ടം
എന്നും വൈകുന്നേരം, മണിക്കുട്ടനു പത്താം ക്ലാസിന്റെ കണക്കു ട്യൂഷന് ഏകദേശം മൂന്നു കിലോമീറ്റർ ദൂരം അകലെയായി സൈക്കിളിൽ പോകേണ്ടതുണ്ട്. ഒരു ദിവസം - അല്പ ദൂരം കുറച്ചു കയറ്റമുള്ള ഒരിടം വന്നു. അവൻ സൈക്കിൾ ചവിട്ടി ക്ഷീണിച്ചതിനാൽ അതും ഉന്തി നടക്കുകയായിരുന്നു. തൊട്ടു പിറകിൽ അറുപതു വയസു തോന്നുന്ന ഒരാളും നടന്നു വരുന്നുണ്ട്.

പെട്ടെന്നാണ് ഒരു കറുത്ത കൂറ്റൻ നായ ബെൽറ്റും തുടലും കിലുക്കിക്കൊണ്ട് എതിർവശത്തു നിന്ന് പാഞ്ഞു വരുന്നു! മണിക്കുട്ടൻ അടുത്തുള്ളയാളിനെ വിറച്ചുകൊണ്ട് നോക്കി. അയാൾ യാതൊരു കുലുക്കവുമില്ലാതെ നടന്നുവരുന്നുണ്ട്!

പിന്നെ ഒട്ടും വൈകിയില്ല. അവൻ സൈക്കിൾ താഴെയിട്ട് റോഡരികിലെ കൊച്ചു മതിൽ ചാടി അടുത്ത പറമ്പിലേക്ക്! ചാടിയത് ഏതോ കല്ലിലാണ് ചെന്നു നിന്നത്. കാൽവിരലുകൾ മുറിഞ്ഞ് ചോരയും വന്നു. പക്ഷേ, സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്ന സൈക്കിളിന് എന്തു പറ്റിയെന്ന് അറിയാൻ മതിലിൽ വലിഞ്ഞുകയറി നോക്കി.

നായ കിലുക്കിക്കുത്തി ദൂരെ വഴിയിലൂടെ പോകുന്നതു കണ്ടു. ചാടിയിറങ്ങി നോക്കിയപ്പോൾ സൈക്കിളിന്റെ പെയിന്റ് പോയത് സ്വന്തം കാൽ മുറിഞ്ഞതിനേക്കാൾ അവനു വേദനിച്ചു. മുന്നോട്ടു നോക്കിയപ്പോൾ തന്റൊപ്പം നടന്നു വന്നിരുന്ന ആൾ കൂളായി നടന്നു പോകുന്നു!
ട്യൂഷനു ചെല്ലാൻ സമയം പോയതിൽ അവൻ സൈക്കിൾ നിന്നു ചവിട്ടാൻ തുടങ്ങി.

അയാളുടെ ഒപ്പമെത്തിയപ്പോൾ -
"ആ പട്ടി തൊടലും പൊട്ടിച്ച് വന്നിട്ടും ചേട്ടൻ എന്താ ഓടാഞ്ഞത്?"
"പുളിക്കലെ പട്ടിയാ അത്, കടിക്കുന്ന ശീലമില്ല. അവരുടെ ചായക്കട വരെ പോകും. പിന്നെ, ആ പട്ടി എന്തെങ്കിലും തിന്നിട്ട് തിരികെപ്പോരും"
" ചേട്ടൻ എന്നോട് ഈ പട്ടി കടിക്കത്തില്ലായെന്ന് ഒന്നു പറഞ്ഞിരുന്നെങ്കിൽ ഞാൻ മതിലു ചാടില്ലായിരുന്നു "
അയാൾ ഒന്നും മിണ്ടിയില്ല. അവൻ പിറുപിറുത്തു കൊണ്ട് സൈക്കിൾ ആഞ്ഞു ചവിട്ടി.

ആശയം
പറയേണ്ടത് വേണ്ട സമയത്ത് പറഞ്ഞാൽ പല കാര്യങ്ങളും തീരാവുന്നതേയുള്ളൂ. ജീവിതയാത്രയില്‍ നമ്മുടെ മുന്നിലും പിറകിലും അനേകം വഴിപോക്കരുണ്ട്. അവരുടെ മുന്നറിവുകള്‍ ചേതമില്ലാത്ത ഉപകാരങ്ങളായി മാറാം. എന്നാല്‍, സ്വാർഥതയുടെ അകമ്പടി സേവിക്കുന്നവര്‍ മൂടിവയ്പും മുഖംമൂടിയും മുഖമുദ്രകളാക്കുന്നു.

4. ജോണിവാക്കർ
പണ്ട്, ബിജേഷ് ഒരു പാരലൽ കോളജിൽ എം.എ. കോഴ്സ് പഠിച്ചു വന്നിരുന്ന സമയം. ഡിജിറ്റല്‍ക്യാമറകളും മൊബൈല്‍ഫോണുകളും അരങ്ങത്ത് എത്തിയിട്ടില്ലാത്ത കാലമാണ്. ഒരു ദിവസം രാവിലെ ക്ലാസിൽ ചെന്നപ്പോൾ ആകെ ബഹളമയം. 

രതീഷ് ഏതോ ഒരു ഫോട്ടോ കൊണ്ടുവന്നിട്ടുണ്ട്. അതിനു ചുറ്റും മിക്കവാറും പെൺകുട്ടികളും കുറച്ച് ആണുങ്ങളും പൊതിഞ്ഞു നിൽക്കുകയാണ്. എന്തൊക്കയോ അഭിപ്രായങ്ങൾ പറയുന്നത് അവരുടെ ചിരിക്കിടയിൽ വ്യക്തമല്ല.

പത്തു മിനിട്ടു കഴിഞ്ഞപ്പോൾ ഒരു സുഹൃത്ത് ആ ഫോട്ടോയുമായി ബിജേഷിന്റെ അടുക്കലെത്തി-
"എടാ, രതീഷിന്റെ മേശപ്പുറത്ത് ഇരിക്കുന്നത് എന്താണെന്നു നോക്കടാ"
"എന്താ?"
"എടാ, പൊട്ടാ, ഇതാണ് സാക്ഷാൽ ജോണിവാക്കർ ബ്ലാക്ക്‌ ലേബൽവിസ്കി''
"ഓഹോ...ഇരുപതു വയസ്സുള്ളവൻ ഇപ്പോഴേ മദ്യക്കുപ്പിയുടെ മുന്നിലിരിക്കുന്നതാണോ നിങ്ങളെല്ലാം പൊക്കിപ്പിടിച്ചു നടക്കുന്നത്?"
"ഹും... നിന്നെയൊക്കെ കാണിക്കാൻ വന്ന ഞാനാ മണ്ടൻ''

ബിജേഷ് അപ്പോൾ പറഞ്ഞു -
"രതീഷിന്റെ വീട്ടിൽ ഇതൊക്കെ ശ്രദ്ധിക്കാൻ ആരുമില്ലേ?"
ഇതു കേട്ടയുടൻ സുഹൃത്ത് ദേഷ്യപ്പെട്ട് ഈ വിവരം മറ്റുള്ള ഗേൾഫ്രണ്ട്സിനെ അറിയിച്ചു. രതീഷ് ഉയർന്ന സാമ്പത്തിക നിലയിൽ ജീവിക്കുന്നവൻ മാത്രമല്ല, കണ്ടാലും സുന്ദരൻ. അതും പോരാഞ്ഞ് പൗരുഷത്തിന്റെ 100 സി.സി. ബൈക്കും! അതിനാൽത്തന്നെ ആരാധികമാർ കുറെയെണ്ണം അവന്റെ പിന്നാലെയുണ്ട്! ആണ്‍സഹപാഠികള്‍ക്ക് അവന്‍ ചെലവു ചെയ്യുന്ന ശീലവുമുണ്ട്.

അതുകൊണ്ട്, ഏതാനും മിനിറ്റുകൾക്കുള്ളിൽ ബിജേഷിനെതിരെ വിമർശനങ്ങളും പരിഹാസങ്ങളും രൂപം കൊണ്ടു. ഈ ചെറിയ സംഭവത്തോടെ ബിജേഷിനെ പലരും സുഹൃദ കൂട്ടായ്മകളിൽ ഒഴിവാക്കിത്തുടങ്ങി.

ആശയം -
ഭൂരിഭാഗത്തിനൊപ്പം നിൽക്കുന്നവരെയാണ് നാം പലയിടത്തും കണ്ടു വരുന്നത്. ഒഴുക്കിനൊത്ത് നീന്തുക എന്നർഥം. കാരണം, സത്യത്തിന്റെയും നീതിയുടെയും വഴികൾ ദുർഘടങ്ങളാണ്. അതിനാൽ, പ്രതികരണ ശേഷിയുടെ സേഫ് സോണിൽ നിന്നു കൊണ്ടെങ്കിലും സത്യവും നീതിയും പ്രവർത്തിക്കാൻ ശ്രമിക്കുക.

5. ഉളിയും സർപ്പവും
സിൽബാരിപുരംദേശത്തെ ഏറ്റവും മിടുക്കനായ ആശാരിയായിരുന്നു നാണുവാശാൻ. അയാൾക്ക് സ്വന്തമായി വലിയൊരു പണിപ്പുരയുണ്ട്. അതിൽ അനേകം മരപ്പലകകൾ അടുക്കി വച്ചിരിക്കുന്നതു കാണാം. പണി പൂർത്തിയായതും അല്ലാത്തതുമായ നിരവധി കസേരകളും അലമാരകളും കട്ടിലുകളുമൊക്കെ തലങ്ങും വിലങ്ങും അവിടെ കിടപ്പുണ്ടായിരുന്നു. പണിയായുധങ്ങളും അവിടെ ഉണ്ടായിരുന്നതിനാൽ നാണുവാശാൻ പണിശാല പൂട്ടിയിട്ടാണ് എന്നും പോകുന്നത്.

ഒരു ദിവസം സന്ധ്യ മയങ്ങിയപ്പോൾ-
അടുത്ത പറമ്പിൽനിന്ന് കിട്ടൻപാമ്പ് ഇഴഞ്ഞിഴഞ്ഞ് ആ പണിശാലയിലേക്ക് നുഴഞ്ഞു കയറി. അവനൊരു കരിമൂർഖനായിരുന്നു. തടികൾക്കിടയിലൂടെ ഞെങ്ങി ഞെരുങ്ങി ഇഴഞ്ഞ് പോയപ്പോള്‍ മൂർച്ചയേറിയ ഉളിയുടെ അറ്റത്ത് വന്നു മുട്ടി. അതിന്റെ വാലറ്റം ചെറുതായി മുറിഞ്ഞു.

സർപ്പം വിചാരിച്ചത് ഏതോ ശത്രു അതിനെ ഉപദ്രവിച്ചതാണെന്ന്!
"ഹും... എന്റെ ഉഗ്രവിഷത്തോടു കളിക്കാൻ മാത്രം ധൈര്യമുള്ളവർ ഈ നാട്ടിലില്ല"
അങ്ങനെ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൻ പത്തി വിടർത്തി ഉളിയുടെ നേർക്ക് ആഞ്ഞു കൊത്തി!

ഉടൻ, കിട്ടന്റെ വായ മുറിഞ്ഞു വിഷപ്പല്ല് അടർന്നു പോയി!
എന്നാൽ, സർപ്പത്തിന്റെ കോപം കൂടുകയാണു ചെയ്തത്.
"നിന്നെ വരിഞ്ഞുമുറുക്കി കൊന്നിട്ടേ ഞാൻ അടങ്ങൂ..."
അത് ശത്രുവായ ഉള്ളിയെ വരിഞ്ഞു മുറുക്കാൻ തുടങ്ങി. അപ്പോൾ ചെറുതായി കിട്ടൻപാമ്പിനു വേദനിച്ചു തുടങ്ങി.

"ഹയ്യോ... വേദനിച്ചാലും നിന്നെ വിടില്ലെടാ ..."
അവൻ അലറിക്കൊണ്ട് കൂടുതൽ ദേഷ്യത്തോടെ ഉളിയെ ചുറ്റിപ്പിണഞ്ഞു. അപ്പോൾ, അതിന്റെ ശരീരം മൂർച്ചയേറിയ ഉളിയുടെ മുന്നിൽ മുറിഞ്ഞു പല കഷണങ്ങളായി ചത്തൊടുങ്ങി!
ആശയം -
കോപം മനുഷ്യനു നാശം വിതയ്ക്കുന്ന ഒന്നാണ്. ചെറിയ തിരിച്ചടികൾ കിട്ടിയാലും പിന്മാറാതെ വാശിയും ദേഷ്യവും കൂട്ടുന്നവർക്ക് സ്വന്തം ശരീരവും മനസ്സും ആത്മാവും നശിക്കാൻ ഇടയാകുമെന്ന് ശ്രദ്ധിക്കുമല്ലോ.

Comments

Post a Comment