Simple I.Q. Test series

This is an I.Q test series in Malayalam from E-books mainly for children.
Some questions are simple but moderate and very tough questions are there. You can read as digital online for free!


1. ഒരിടത്ത്, ഒരു ബുദ്ധിമാനായ രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാജ്യത്തിലെ നല്ലൊരു ഭാഗവും കൊടും കാടാണ്. അതിൽ നിറയെ വന്യമൃഗങ്ങളും. പൊതുവെ, എല്ലാ രാജാക്കന്മാരിലും കണ്ടു വന്നിരുന്ന വിനോദമായ മൃഗവേട്ടയ്ക്കു രാജാവും മന്ത്രിയും പോകുക പതിവായിരുന്നു.

ഒരു ദിവസം -

രാവിലെ നായാട്ടിനു പുറപ്പെടാൻ നേരം കൊട്ടാരത്തിലെ കാവൽഭടൻ ഓടി വന്നു -

"അങ്ങുന്നേ.. അടിയനൊരു കാര്യം ബോധിപ്പിക്കാനുണ്ട്.."

"എന്താണ്? നീ പറഞ്ഞുകൊള്ളുക"

"ഇന്നത്തെ നായാട്ടിന് അങ്ങ് പോകരുത്. ഒരു കടുവ ആക്രമിക്കുന്നതായി ഞാൻ സ്വപ്നം കണ്ടു! ഹോ.. ഭയങ്കരം.. ഞാൻ തൂണിൽ ചാരി തളർന്നിരുന്നുപോയി!"

"ശരി.. നീ സത്യസന്ധനാണെന്ന് എനിക്കറിയാം. അതിനാൽ ഞാനൊരു പരീക്ഷണത്തിനില്ല"

അങ്ങനെ, രാജാവ് നായാട്ടിൽനിന്നും ഒഴിവായി. മന്ത്രിയും രണ്ടു ഭടന്മാരും യാത്രയായി. അവരെ കടുവ ആക്രമിച്ചു കൊല്ലുകയും ചെയ്തു.

വിവരമറിഞ്ഞ് ഉടൻതന്നെ കാവൽഭടനെ വിളിച്ചു വരുത്തിയ രാജാവ് അവനെ കെട്ടിപ്പുണർന്നു.

"നീയെന്റെ ജീവൻ രക്ഷിച്ചവനാണ്. നിനക്ക് നാം ആയിരം സ്വർണനാണയങ്ങളുടെ കിഴി ഇതാ സമ്മാനിക്കുന്നു. പക്ഷേ, ഇന്നു നേരം ഇരുട്ടുന്നതിനു മുൻപു തന്നെ നീയും കുടുംബവും ഈ രാജ്യം വിടണം. ഒരിക്കലും നീ തിരികെ വരികയും ചെയ്യരുത്!"

രാജാവിന്റെ കൽപന കേട്ട് ഭടൻ അന്ധാളിച്ചെങ്കിലും അന്യരാജ്യത്തു പോയാലും ഈ സ്വർണംകൊണ്ട് സുഖമായി ജീവിക്കാമെന്ന് അവൻ സന്തോഷിച്ചു.

പക്ഷേ, എത്ര ആലോചിച്ചിട്ടും അന്യരാജ്യത്തിലേക്ക് പോകാൻ രാജാവു പറഞ്ഞതിന്റെ പൊരുൾ അയാൾക്കു പിടികിട്ടിയില്ല. വീട്ടിൽ ചെന്നയുടൻ, ഭാര്യയും കുട്ടികളുമായി അതിർത്തി ലാക്കാക്കി അവർ വേഗം നടന്നു. ഇതിനിടയിൽ സംഭവങ്ങൾ ഭാര്യയോടു വിവരിച്ചുകൊണ്ടിരുന്നു.

അന്നേരം, അയാൾ അവളോടു ചോദിച്ചു -

"എടീ..എന്തിനാണ് നമ്മളെ രാജാവ് നാടുകടത്തിയത്?"

ബുദ്ധിമതിയായ അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് അതിന്റെ ഉത്തരം പറഞ്ഞതു കേട്ട് അയാളും തല കുലുക്കി പൊട്ടിച്ചിരിച്ചു!

കൂട്ടുകാരെ, എന്താണു കാര്യം?

ഉത്തരം അറിയാമോ?

അതോ, തോറ്റോ?

സുല്ലിട്ടോ?

കടം കുടിച്ചോ?

എങ്കിൽ, അടുത്ത പേജിലെ ഉത്തരം കാണുക.

2. ഉണ്ണിക്കുട്ടന്‍റെ തറവാട്ടില്‍ ഓണം അവധിക്ക് ബന്ധുമിത്രാദികള്‍ വന്നു ചേര്‍ന്നു. ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള കുലീന കുടുംബമായിരുന്നു അത്. തറവാട്ടിലെ എല്ലാവരും കൂടി അടുത്തുള്ള ക്ഷേത്രത്തില്‍ ഉത്സവം കൂടാന്‍ പോയി.

അന്നേരം, ഉണ്ണിക്കുട്ടന്റെ പോക്കറ്റില്‍ കുറച്ചു രൂപ ഉണ്ടായിരുന്നു.

അമ്പലപ്പറമ്പിലൂടെ നടന്നപ്പോള്‍ വല്യമ്മച്ചിയുടെ വകയായി കുറച്ചു രൂപ കിട്ടിയപ്പോള്‍ അവന്റെ പഴ്സിലെ തുക ഇരട്ടിച്ചു.

എങ്കിലും, ഒരു യാചകന്റെ അടുത്തെത്തിയപ്പോൾ നൂറു രൂപ നൽകി.

കുറച്ചു കഴിഞ്ഞപ്പോള്‍ അമ്മാവനും രൂപ കൊടുത്തപ്പോള്‍ വീണ്ടും പണം ഇരട്ടിച്ചു. മറ്റൊരു പിച്ചക്കാരന്റെ അടുത്തെത്തിയപ്പോൾ പോക്കറ്റിലുള്ളതില്‍ നിന്നും അയാള്‍ക്ക് നൂറു രൂപ നൽകി.

പിന്നെ, ആന്റിയും ഉണ്ണിക്കുട്ടനു പോക്കറ്റ്‌ മണി കൊടുത്തു. അപ്പോഴും പോക്കറ്റിലുള്ളത് ഇരട്ടിയായി.

അടുത്ത യാചകനും നൂറു രൂപ നൽകി.

കുറച്ചു കഴിഞ്ഞപ്പോള്‍, ചേച്ചി ഉണ്ണിക്കുട്ടനു രൂപ കൊടുത്തപ്പോള്‍ വീണ്ടും പണം ഇരട്ടിയായി. അതില്‍നിന്നും അടുത്ത പിച്ചക്കാരന് നൂറു രൂപ കൊടുത്തു.

അതോടെ, ഉണ്ണിക്കുട്ടന്റെ പഴ്സിലെ പണമെല്ലാം തീര്‍ന്നു!

കൂട്ടുകാരെ, അങ്ങനെയെങ്കില്‍- വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അവന്റെ കയ്യിൽ എത്ര രൂപയാണ് ഉണ്ടായിരുന്നത് ?

3. ഒരു ഹോസ്റ്റലിൽ പത്തു കുട്ടികൾ താമസിക്കുന്നുണ്ടായിരുന്നു. ഓരോ കുട്ടിയും അവധി ദിനത്തിൽ പലതരം പ്രവൃത്തികളിൽ ഏർപ്പെടുകയായിരുന്നു.

ഒന്നാമൻ - പടം വരയ്ക്കുന്നു

രണ്ടാമൻ - പാട്ടു പാടുന്നു

മൂന്നാമൻ - ചെസ് കളിക്കുന്നു.

നാലാമൻ - തുണി അലക്കുന്നു.

അഞ്ചാമൻ - തുണി വിരിക്കുന്നു.

ആറാമൻ - തുണി തേയ്ക്കുന്നു

ഏഴാമൻ - ?

എട്ടാമൻ - മുറി വൃത്തിയാക്കുന്നു

ഒൻപതാമൻ - ഭക്ഷണം പാകം ചെയ്യുന്നു

പത്താമൻ - ഭക്ഷണം കഴിക്കുന്നു

കൂട്ടുകാരേ, ഏഴാമൻ എന്താണു ചെയ്യുന്നത്?

ഉത്തരം കിട്ടാത്തവരും സംശയമുള്ളവരുമൊക്കെ അടുത്ത പേജിലെ ഉത്തരം നോക്കുക.

1. ഉത്തരം:

രാജാവ് ചിന്തിച്ചത് ഇപ്രകാരമായിരുന്നു -

തന്റെ ജീവൻ രക്ഷിച്ചതിനാൽ സമ്മാനം നൽകിയെന്നതു ശരിതന്നെ. എന്നാൽ,

കാവൽഭടൻ രാത്രികാവലിന്റെ സമയത്ത് ഉറങ്ങിയപ്പോഴാണല്ലോ സ്വപ്നം കണ്ടത്. യഥാർഥത്തിൽ, അവന്റെ കടമയിലെ ആ വീഴ്ച, ഗുരുതരമായ സുരക്ഷാ പിഴവു തന്നെയായിരുന്നു.

പക്ഷേ, ജോലിയിൽ നിന്നു പിരിച്ചുവിട്ടാലും കൊട്ടാരത്തിലെ കാവൽഭടനായി ജോലി ചെയ്തതിനാൽ ഈ രാജ്യത്തിൽ എവിടെ വേണമെങ്കിലും വീണ്ടും ജോലി കിട്ടാൻ വളരെ എളുപ്പം. അപ്പോൾ, വീണ്ടും തന്റെ രാജ്യത്ത് എവിടെങ്കിലും ഉറങ്ങി ഒരു രാത്രിപോലും സുരക്ഷാ വീഴ്ച വരുത്തിവയ്ക്കാൻ പാടില്ല. അതുകൊണ്ട് അന്നുതന്നെ രാജ്യം വിട്ടു പോകാൻ രാജാവ് കൽപ്പിച്ചു.

2. ഉത്തരം- ആദ്യം കയ്യില്‍ ഉണ്ടായിരുന്നത്- 93 രൂപ 75 പൈസ.

അതായത്- വല്യമ്മച്ചി കൊടുത്തപ്പോള്‍ ഇരട്ടിച്ച് 187 രൂപ 50 പൈസ. ഒന്നാമത്തെ യാചകന് നൂറു കൊടുത്തു കഴിഞ്ഞപ്പോള്‍ 87 രൂപ 50 പൈസ.

അമ്മാവന്‍ കൊടുത്തപ്പോള്‍ ഇരട്ടിച്ച് 175 രൂപ ആയത് രണ്ടാമത്തെ യാചകന് നൂറു കൊടുത്തപ്പോള്‍ 75 രൂപയായി.

ആന്റി കൊടുത്തപ്പോള്‍ 150 ആയത് മൂന്നാമത്തവന് കൊടുത്തപ്പോള്‍ മിച്ചം 50 രൂപ.

ചേച്ചി കൊടുത്ത് നൂറു രൂപയായപ്പോള്‍ നാലാമനു നൂറും കൊടുത്ത് ഉണ്ണിക്കുട്ടന്റെ കയ്യില്‍ ഒന്നുമില്ലാതായി!

ഈ ഉത്തരം കിട്ടാനുള്ള വിദ്യ ഞാൻ പറയാം- അവസാനം പൂജ്യം വന്നത് നൂറു കയ്യിൽ ഉണ്ടായിരുന്നതു കൊണ്ട്. അത് ഇരട്ടിച്ചതാണ്. അമ്പത് ഉണ്ടായിരുന്നു. അങ്ങനെ രൂപയുമായി കഥ പിറകിലേക്ക് പോകുക.

3. ഉത്തരം: -

ഏഴാമൻ മൂന്നാമന്റെ കൂടെ ചെസ് കളിക്കുന്നു. മറ്റുള്ളവരുടെ പ്രവൃത്തികൾ ഒറ്റയ്ക്കു ചെയ്യാവുന്നവയാണ്. സാധാരണയായി ചെസ് ദ്വന്ദയുദ്ധമാണല്ലോ. 

Comments

MOST VIEWED POSTS

മലയാളം വാക്യത്തിൽ പ്രയോഗം

Best 10 Malayalam Motivational stories

(533) പുല്ലിംഗം, സ്ത്രീലിംഗം

Opposite words in Malayalam

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

ചെറുകഥകള്‍

List of Antonyms in Malayalam