മഹാകവി ഉള്ളൂർ / ശ്രീനാരായണഗുരു

മഹാകവി ഉള്ളൂർ സാഹിത്യ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിനില്‍ക്കുന്ന സമയം- ശ്രീനാരായണഗുരു ആത്മീയതയിലും. ഒരിക്കല്‍, അദ്ദേഹം  ഗുരുവിനെ കാണാന്‍ ആശ്രമത്തിലെത്തി.

ഉള്ളൂര്‍ തന്റെ കാർ ശിവഗിരികുന്നിനു താഴെയുള്ള വഴിയിൽ നിർത്തി. ഒരു നിമിഷത്തെ ആലോചനക്കു ശേഷം ഉള്ളൂർ തലപ്പാവും കസവു നേരിയതും എടുത്തു കാറിന്റെ സീറ്റിൽ വെച്ചു. ചെരുപ്പ് ഊരിയിട്ടു. ഔദ്യോഗിക പദവിയുടെ ചന്ദസും അലങ്കാരങ്ങളും ഉപേക്ഷിച്ചു. അദ്ദേഹം കുന്നിന്റെ പടവുകൾ കയറി.

കുന്നിനു മുകളിൽ ശ്രീനാരായണ ഗുരു ഉള്ളൂരിനെ സ്വീകരിക്കാൻ കാത്തു നിന്നിരുന്നു. രണ്ടുപേരും ആശ്രമത്തിലേക്ക് നടന്നു. ഏറെ നേരം വർത്തമാനം പറഞ്ഞു. ആ തമിഴ് ബ്രാഹ്മണപ്രതിഭയെ അങ്ങേയറ്റം ആദരിച്ചുകൊണ്ടാണ് ഗുരു സംഭാഷണം നടത്തിയത്.

പിന്നീട്, ഗുരു ഉള്ളൂരിനെ ഉച്ചയൂണിന് ക്ഷണിച്ചു. അവർ ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിൽ എത്തി. അവിടെ ഒന്നുരണ്ട് സന്യാസി ശിഷ്യന്മാരും കുറെ ഹരിജൻകുട്ടികളും ഊണ് കഴിക്കാൻ ഉണ്ടായിരുന്നു. വേഷം കൊണ്ടും രൂപം കൊണ്ടും അത്ര യോഗ്യരല്ലാത്ത ഹരിജൻകുട്ടികളെ കണ്ട് ഉള്ളൂർ ചെറുതായൊന്നു പകച്ചതുപോലെ ഗുരുവിനു തോന്നി.

വേടക്കിടാത്തനിൽ ആധ്യാത്മിക വെളിച്ചം കണ്ട കവിയാണ് ഉള്ളൂർ. നീലപ്പുലക്കള്ളിയെപ്പറ്റി പാട്ടിൽ പറഞ്ഞ കവിയാണ് ഉള്ളൂർ. വ്യക്തിജീവിതത്തിൽ തന്നെ മറ്റു പലരെയുംകാൾ മുൻപേ മാനസിക പുരോഗതിയുടെ പടികൾ കയറിയ വലിയ മനുഷ്യനാണ് മഹാകവി ഉള്ളൂർ. എന്നിട്ടും പെട്ടന്നുള്ള യാഥാർത്ഥ്യത്തിനു മുന്നിൽ കവി ഒന്ന് പതറിയതുപോലെ ഗുരുവിനു തോന്നി.

അപ്പോഴും ഗുരു അടുത്ത് നിന്ന ഹരിജൻകുട്ടികളുടെ ശിരസിൽ തഴുകുന്നുണ്ടായിരുന്നു. എല്ലാവരും ഉണ്ണാനിരുന്നു. ഗുരുവിന്റെ വലത്തുവശത്തു തന്നെയായിരുന്നു ഉള്ളൂരിന്റെ സ്ഥാനം.

ഇലയിട്ടു ചോറ് വിളമ്പി. പരിപ്പുകറി ഒഴിച്ചു. പിന്നീട് പപ്പടം വന്നു. അപ്പോൾ ഗുരു പറഞ്ഞു:

"പപ്പടം നമുക്ക് ഒന്നിച്ചു പൊട്ടിക്കണം"

ഒരു നിമിഷത്തിന് ശേഷം പപ്പടങ്ങൾ പട പട പൊടിയുന്ന ശബ്ദം കേട്ടു.

അത് കഴിഞ്ഞു ഗുരു ഉള്ളൂരിനോട് ചോദിച്ചു-

 "പൊടിഞ്ഞോ...?"

അതിന്റെ സൂചന "താങ്കളുടെ ജാതിചിന്ത പൊടിഞ്ഞോ?" എന്നാണെന്ന്  ഉള്ളൂരിന്  അപ്പോഴേ പിടികിട്ടി.

ഉള്ളൂരിന്റെ മുഖത്ത് ഒരു ചിരി പടര്‍ന്നു. ഗുരുവിന്റെ ചിന്തകള്‍ എത്ര ശ്രേഷ്ഠം!

Comments

MOST POPULAR POSTS

Best 10 Malayalam Motivational stories

പഞ്ചതന്ത്രം കഥകള്‍ -1

അറബിക്കഥകള്‍ -1

Opposite words in Malayalam

ചെറുകഥകള്‍

ഹോജ-മുല്ലാ-കഥകള്‍ -1

മലയാളം വാക്യത്തിൽ പ്രയോഗം

(533) പുല്ലിംഗം, സ്ത്രീലിംഗം