പെൻസിൽ പറഞ്ഞ കഥ

ഉണ്ണിക്കുട്ടന്റെ സ്റ്റഡി ടേബിളിൽ ഒരു പെൻഹോൾഡർ ഇരിപ്പുണ്ടായിരുന്നു. അതിനുള്ളിൽ ഒരു പെൻസിലും പേനയും ചങ്ങാതിമാരായിരുന്നു. അവർ തമ്മിൽ സംസാരിക്കുകയായിരുന്നു:

"എടോ, പെൻസിൽ... നീ കുറച്ചു ദിവസമായി പണിക്കൊന്നും പോകുന്നില്ലേ?"

"ഓ....എന്തു പറയാനാ, ഉണ്ണിക്കുട്ടന് നിന്നെ മതിയല്ലോ. ഗമയിൽ ഷർട്ടിന്റെ പോക്കറ്റിൽ കുത്തി നടക്കുന്നതു കാണാമല്ലോ ''

"എനിക്കു വലിയ ഇഷ്ടമുണ്ടായിട്ടില്ല. വെറുതെ എന്നെ ദുരുപയോഗം ചെയ്യുകയാണ്. അവൻ ക്ലാസിലിരിക്കുമ്പോൾ വെറുതെ എന്നെ കുത്തി വരച്ച് മഷി തീർത്തു കൊണ്ടിരിക്കും. മഷി തീർന്നാൽ റീഫിൽ മാറ്റിയിടാതെ പുതിയത് വാങ്ങും. പിന്നീട്, എന്റെ സ്ഥാനം ചവറ്റുകൊട്ടയിലായിരിക്കും''

പെൻസിൽ പറഞ്ഞു -

"നിന്റെ മഷിക്ക് തെളിഞ്ഞ നീലനിറമുള്ളതു കൊണ്ട് എന്റെ കറുപ്പു മഷിയെ ഭയങ്കര അവഗണനയാണ് "

മിസ്റ്റർപേന: "എടാ, അങ്ങനൊന്നും വിചാരിക്കേണ്ട. ഒരു ചിത്രം വരയ്ക്കണമെങ്കിൽ നിന്റെ സഹായം വേണം. എന്റെ മഷി മായ്ക്കാൻ പറ്റില്ലല്ലോ"

മിസ്റ്റർപെൻസിൽ: "നീ പറഞ്ഞതു ശരിയാണ്. കഴിഞ്ഞ ആഴ്ച ഉണ്ണിക്കുട്ടൻ സ്കൂളിൽ എന്നെ ബോക്സിലാക്കി കൊണ്ടുപോയപ്പോൾ ചിലതു ഞാൻ ശ്രദ്ധിച്ചു. പല കുട്ടികളും പെൻസിൽ അലക്ഷ്യമായി എറിഞ്ഞു കളിക്കുന്നു. ചിലർ ഞങ്ങളുടെ  തൊലി മൂർച്ച കൂട്ടി പടം വരച്ച പോലെ മുറിച്ചിടുന്നു. പണ്ടത്തെ കുട്ടികൾ വിരലുകൊണ്ട് പിടിക്കാൻ പറ്റുന്നിടംവരെ പെൻസിൽ ഉപയോഗിക്കുമായിരുന്നു"

മിസ്റ്റർ പേന: " അതു ശരിയാണ്. ഇപ്പോഴത്തെ കുട്ടികൾക്ക് പട്ടിണിയും ദാരിദ്യവും അറിയില്ലല്ലോ. കുട്ടികൾ ഒരു പെൻസിലോ പേനയോ ചോദിച്ചാൽ ഒരു ബോക്സ് ഒന്നിച്ച് അവരുടെ മുന്നിലേക്ക് ഇടും. ഉണ്ണിക്കുട്ടൻ കളർ പെൻസിൽ വാങ്ങാറില്ല. പകരം ക്രയോൺ മേടിക്കുന്നുണ്ട്"

മിസ്റ്റർപെൻസിൽ: "എന്റെ മുനയുടെ മൂർച്ച കൂട്ടുമ്പോൾ ശരീരമാകെ ഒടിച്ചു നുറുക്കുന്ന വേദനയാണ് "

മിസ്റ്റർ പേന: "അതിനു പകരമായി നീ മൂലം ഉണ്ണിക്കുട്ടൻ ഒരു തെറ്റ് എഴുതിയാലും അവന് അതു തിരുത്താൻ പറ്റുമല്ലോ. മനുഷ്യർക്ക് അവരുടെ തെറ്റുകൾ മായ്ച്ചു കളഞ്ഞ് പുതിയത് എഴുതിച്ചേർക്കാൻ പറ്റുമെന്ന മഹത്തായ സന്ദേശമാണ് നീ നൽകുന്നത് "

മിസ്റ്റർപെൻസിൽ: "പക്ഷേ, മായ്ച്ചാലും എന്റെ പാടുകൾ കടലാസിൽ അവശേഷിക്കുന്നുണ്ടല്ലോ"

മിസ്റ്റർ പേന: "അതിലും ഒരു സന്ദേശമുണ്ട്. മനുഷ്യരുടെ തെറ്റുകൾ മായ്ച്ച് പിന്നീട് തിരുത്തിയാലും സ്വന്തം മനസ്സാക്ഷിയിലും ഉപബോധമനസ്സിലും അതിന്റെ വടുക്കൾ അവശേഷിക്കുമെന്ന്!"

മിസ്റ്റർ പെൻസിൽ: "ഹൊ! നീ അപാര പണ്ഡിതൻതന്നെ. സമ്മതിച്ചു. എങ്കിലും, രണ്ടാം ക്ലാസ് വരെ മാത്രമല്ലേ കുട്ടികൾ എഴുതാൻ പെൻസിൽ എടുക്കുന്നുള്ളൂ. വലിയവരുടെ തെറ്റുകൾ തിരുത്താൻ പറ്റില്ലല്ലോ"

മിസ്റ്റർ പേന: "ഏയ്, അങ്ങനെയല്ല. ഞാൻ നിന്നോട് ഒരു രഹസ്യം പറയാം. ഈ വർഷം മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ജയിച്ച് ഡോക്ടറാകാൻ പഠിക്കുന്ന ഉണ്ണിക്കുട്ടന്റെ ചേച്ചിയുടെ കൂടെ നമ്മൾ ഒരു പ്രാവശ്യം പോയത് ഓർമ്മിക്കുന്നുണ്ടോ?"

മിസ്റ്റർ പെൻസിൽ: "ഉവ്വ്, ഒരു ദിവസം രാവിലെ ഈ മുറിയിലേക്ക് വന്നിട്ട് നമ്മളെ അവൾ കൊണ്ടുപോയത് ഓർക്കുന്നുണ്ട്"

മിസ്റ്റർപേന: "അന്ന് മെഡിക്കൽ പ്രവേശന പരീക്ഷയായിരുന്നു. ആ പരീക്ഷക്കടലാസിന്റെ മുൻവശത്ത് ഞാൻ എഴുതി. എന്നാൽ, മറുവശത്ത് ശരിയുത്തരം കറുത്ത കുമിള പോലെ കറുപ്പിച്ചത് നീയായിരുന്നു! അതിനിടയില്‍ അവള്‍ പലതവണ നിന്റെ മഷി മായ്ച്ചു  ശരിയുത്തരം മാറ്റി കറുപ്പിച്ചു”

മിസ്റ്റർപെൻസിൽ: "അതിനെന്താ ഇത്ര പ്രത്യേകത?"

മിസ്റ്റർപേന: "എടാ മണ്ടാ, അവളുടെ തലയിൽ ഉദിച്ച ശരിയുത്തരങ്ങൾ കൈ വഴി ഇറങ്ങി വന്നത് നീയാണ് കടലാസിൽ രേഖപ്പെടുത്തിയത്! അങ്ങനെ പറഞ്ഞാൽ, അവളെ ഡോക്ടറാക്കാൻ നിന്റെ പങ്ക് വലുതാണ്! മാത്രമല്ല, ഇന്ത്യയിലെ ഡോക്ടര്‍മാരെല്ലാം നിന്റെ പെന്‍സില്‍കൂട്ടത്തിനോട് കടപ്പെട്ടിരിക്കുന്നു.

ഇപ്പോൾ, നിനക്ക് നിന്റെ പ്രാധാന്യം മനസ്സിലായോ?”

മിസ്റ്റർപെൻസിൽ: "മനസ്സിലായി. എന്നോടു ക്ഷമിക്കൂ സുഹൃത്തേ...”

ആശയം -

അപകര്‍ഷബോധം അഥവാ സ്വയം ചെറുതെന്നു തോന്നി നിരാശയില്‍ മുങ്ങി ജീവിതം പാഴാക്കുന്നവര്‍ അനേകമാണ്. പക്ഷിവര്‍ഗ്ഗത്തിലെ കാക്കകള്‍ എച്ചില്‍ തിന്നു വീടിന്റെ പിന്നാമ്പുറം വൃത്തിയാക്കുമ്പോള്‍ ഉപ്പന്‍ മണ്ണിലൂടെ നടന്ന് പ്രാണികളെയും കീടങ്ങളെയും തിന്നുന്നപോലെ മനുഷ്യവര്‍ഗ്ഗവും പലതരം കര്‍മ്മങ്ങള്‍ക്കായി ദൈവം രൂപകല്‍പന ചെയ്തിരിക്കുന്നു. എത്ര ചെറുതായാലും അതു നന്നായി ചെയ്യുന്നതിനു പ്രാധാന്യം കൊടുക്കുക. 

Comments